Image

ജയിച്ചാലും തോറ്റാലും സംഘടന തന്നെ മുഖ്യം: സ്ഥാനാര്‍ത്ഥികള്‍ ന്യു യോര്‍ക്കില്‍

Published on 16 June, 2014
ജയിച്ചാലും തോറ്റാലും സംഘടന തന്നെ മുഖ്യം: സ്ഥാനാര്‍ത്ഥികള്‍ ന്യു യോര്‍ക്കില്‍
ന്യൂയോര്‍ക്ക്‌: ജയപരാജയങ്ങള്‍ക്കപ്പുറത്ത്‌ സംഘടനയുടെ നന്മമാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുമെന്ന പ്രതിജ്ഞ പുതുക്കി ഫോമാ സ്ഥാനാര്‍ത്ഥികള്‍ കേരളാ സെന്ററില്‍ സംഘടിപ്പിച്ച പത്രസമ്മേളനവും യോഗവും ശ്രദ്ധേയമായി.

പ്രസിഡന്റു സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന ജയിംസ്‌ ഇല്ലിക്കല്‍, ട്രഷറര്‍ സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന സജി കരിമ്പന്നൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി തോമസ്‌ ടി. ഉമ്മന്‍, വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥികളായ വിന്‍സന്‍ പാലത്തിങ്കല്‍, വിന്‍സെന്റ്‌ ബോസ്‌ മാത്യു, ജോയിന്റ്‌ ട്രഷറര്‍ സ്ഥനാര്‍ത്ഥി ജോഫ്രിന്‍, അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍ സ്ഥാനാര്‍ത്ഥി സജി ഏബ്രഹാം, നാഷണല്‍ കമ്മിറ്റി സ്ഥനാര്‍ത്ഥികള്‍ തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.

പാനലിന്റെ കാലങ്ങളൊക്കെ കഴിഞ്ഞുവെന്നും സ്ഥാനാര്‍ത്ഥികള്‍ സ്വന്തം മികവ്‌ തെളിയിച്ചാലേ വിജയസാധ്യതയുള്ളൂ എന്ന ചിന്താഗതി പുലര്‍ത്തുന്നവരേയാണ്‌ സമ്മേളനത്തില്‍ കണ്ടത്‌. ജയിച്ചാലും തോറ്റാലും സംഘടനാ പ്രവര്‍ത്തനം തുടരുമെന്നും ഇലക്ഷനോടെ മത്സരത്തിന്റെ ഭിന്നത അവസാനിക്കുമെന്നും സ്ഥാനാര്‍ത്ഥികള്‍ വ്യക്തമാക്കിയത്‌ ശുഭോദര്‍ക്കമായി.

ഓസ്‌കാര്‍ അവാര്‍ഡ്‌ മോഡലില്‍ ബോളിവുഡ്‌ താരങ്ങളെ അണിനിരത്തി ടാമ്പയില്‍ നടത്തിയ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ 45,000 പേര്‍ പങ്കെടുത്തത്‌ ജയിംസ്‌ ഇല്ലിക്കല്‍ ചൂണ്ടിക്കാട്ടി. ആ വേദി തന്നെ ഫോമാ കണ്‍വന്‍ഷന്‌ ലഭ്യമാക്കാനാവും. പലരും ഓര്‍ലാന്റോയില്‍ കണ്‍വന്‍ഷന്‍ വേണമെന്ന താത്‌പര്യം പ്രകടിപ്പിക്കുകയുണ്ടായി. അത്‌ നാഷണല്‍ കമ്മിറ്റിയില്‍ പരിഗണിച്ച ശേഷമായിരിക്കും വിജയിച്ചാല്‍ അന്തിമ തീരുമാനമെടുക്കുക.

സംഘടനയ്‌ക്കു വേണ്ടി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുമെന്ന്‌ ജയിംസ്‌ ഉറപ്പുനല്‍കി. അതിന്‌ തനിക്ക്‌ സമയമുണ്ട്‌. സംഘടനാ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന ലാഭ നഷ്‌ടങ്ങള്‍ താന്‍ കണക്കിലെടുക്കില്ല.

പ്രത്യേക പാനലിന്റെ വക്താവൊന്നുമല്ല താന്‍. എല്ലാവരുമായും ഒത്തു പോകാന്‍ തനിക്കു കഴിയും.
സംഘടനയുടെയും സമൂഹത്തിന്റെയും നന്മയാണു പ്രധാനം. അതിനു പറ്റിയ നേതുത്വമാണു വരേണ്ടത്. അല്ലാതെ വേറുതെ ലോഹ്യം പറഞ്ഞു എന്നത് യോഗ്യതയാകുന്നില്ല.

അംഗസംഘടനകളാണ്‌ ഫോമയുടെ ശക്തി എന്ന്‌ തനിക്ക്‌ ബോധ്യമുണ്ട്‌. അവരുമായുള്ള ബന്ധം മെച്ചെപ്പെടുത്തുകയാണ്‌ പ്രധാന ലക്ഷ്യം. മെച്ചപ്പെട്ട ആശയ വിനിമയത്തിലൂടെയും പ്രത്യേക പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചും അംഗസംഘടനകളെ സജീവമാക്കും. സംഘടന ഇല്ലാത്ത സ്ഥലങ്ങളില്‍ കെട്ടിപ്പെടുക്കുകയാണ്‌ മറ്റൊരു ലക്ഷ്യം.

സംഘടനാ പ്രവര്‍ത്തനത്തിന്റെ ഒരു ഭാഗം മാത്രമായിരിക്കും കണ്‍വന്‍ഷന്‍. ഇന്നിപ്പോള്‍ നമ്മുടെ സമൂഹം പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിടുന്നുണ്ട്‌. അവയ്‌ക്ക്‌ ക്രിയാത്മകമായ മാര്‍ഗ്ഗനിര്‍ദേശം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ സംഘടനകൊണ്ട്‌ പ്രയോജനമില്ലാതാകും.

മലയാളികളുടെ പല പ്രശ്‌നങ്ങള്‍ക്കും മുന്നണിപ്പോരാളിയായി നില്‍ക്കുന്ന തോമസ്‌ ടി. ഉമ്മന്‍ സെക്രട്ടറിയായതുകൊണ്ട്‌ തങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ല. ഓരോരുത്തരും ഓരോ സ്ഥാനത്തിന്‌ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ്‌ നടത്തുക. അപ്പോള്‍ പിന്നെ ഉരസല്‍ എന്നത്‌ ഉദിക്കുന്നില്ല. അത്തരമൊരു പാരമ്പര്യം ഫോമയില്‍ ഇതേവരെ കണ്ടിട്ടുമില്ല- ജയിംസ്‌ പറഞ്ഞു.

നമ്മുടെ സമൂഹത്തിലെ പ്രശ്‌നങ്ങള്‍ മുഖ്യധാരയില്‍ നിന്നായാലും, എംബസി-കോണ്‍സുലേറ്റ്‌ അധികൃതരുടെ ഭാഗത്തുനിന്നായാലും അവയെ നേരിടാന്‍ എന്നും താന്‍ മുന്‍നിരയിലുണ്ടാവുമെന്ന്‌ തോമസ്‌ ടി. ഉമ്മന്‍ പറഞ്ഞു. ജയിച്ചാലും തോറ്റാലും അങ്ങനെതന്നെയായിരിക്കും. ഫോമയ്‌ക്ക്‌ വലിയ ദൗത്യങ്ങള്‍ നിര്‍വഹിക്കാനുണ്ടെന്നാണ്‌ താന്‍ കരുതുന്നത്‌. വരും വര്‍ഷങ്ങളില്‍ അത്‌ കൂടുകയല്ലാതെ കുറയുകയില്ല. കണ്‍വന്‍ഷനെ മാത്രം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനമല്ല ഫോമയ്‌ക്കുവേണ്ടത്‌. പ്രത്യേക കാഴ്‌ചപ്പാടും, പ്രവര്‍ത്തന പശ്ചാത്തലവുമുള്ളവരായിരിക്കണം നേതൃരംഗത്ത്‌ വരേണ്ടത്‌- തോമസ്‌ ടി. ഉമ്മന്‍ പറഞ്ഞു.

ഓരോ കണ്‍വന്‍ഷന്‍ കഴിയുമ്പോഴും ഒരു സംഖ്യ മിച്ചംവരാനും, അതു പുതിയ കമ്മിറ്റിക്ക്‌ പ്രവര്‍ത്തനത്തിനുള്ള അടിസ്ഥാനമാകാനും കഴിയുന്ന സ്ഥിതി വരണമെന്നു സജി കരിമ്പന്നൂര്‍ പറഞ്ഞു.

പാനലുണ്ടാക്കി ഛിദ്രിപ്പിക്കുന്ന പ്രവണതകളെ അറിയാനും അവയ്‌ക്ക്‌ തടയിടാനുമുള്ള പ്രാപ്‌തരാണ്‌ ഭാരവാഹികളെ തെരഞ്ഞെടുക്കുക. 280-ല്‍പ്പരം ഡെലിഗേറ്റുകളുണ്ടെന്ന്‌ സജി ഏബ്രഹാം പറഞ്ഞു. അതിനാല്‍ ഭിന്നതയ്‌ക്കോ, വ്യക്തിവൈരാഗ്യം ജനിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കോ പ്രസക്തിയില്ല.

ഫോമയ്‌ക്ക്‌ ഒരു ആക്ഷന്‍ പ്ലാനും കര്‍മ്മപരിപാടികളും സജീവമായി ഉണ്ടാകണമെന്ന്‌ വിന്‍സണ്‍ പാലത്തിങ്കല്‍ പറഞ്ഞു. പല കര്‍മ്മപരിപാടികളും തന്റെ മനസിലുണ്ട്‌. അവ പ്രായോഗികമാക്കാന്‍ നോക്കും.

താന്‍ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെപ്പറ്റി പറയാന്‍ താത്‌പര്യമില്ലെന്നു വിന്‍സെന്റ്‌ ബോസ്‌ മാത്യു പറഞ്ഞു. അതു പബ്ലിസിറ്റിക്കു വേണ്ടിയുള്ളതല്ല. ചെറിയ ജീവിതത്തില്‍ നമുക്ക്‌ ആവശ്യമുള്ളതിലേറെ ലഭിക്കുമ്പോള്‍ അത്‌ പങ്കുവെയ്‌ക്കണമെന്ന പക്ഷക്കാരനാണ്‌ താന്‍. സംഘടനയില്‍ എല്ലാവരുമായുള്ള നല്ല ബന്ധമാണ്‌ തന്റെ ശക്തി.

ഇന്ത്യാ പ്രസ്‌ക്ലബ്‌ നാഷണല്‍ പ്രസിഡന്റ്‌ ടാജ്‌ മാത്യു, ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജേക്കബ്‌ റോയി, ട്രഷറര്‍ ജെ. മാത്യൂസ്‌, നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌ ജോസ്‌ കാടാപുറം, സുനില്‍ ട്രൈസ്റ്റാര്‍, സോജി മാത്യു, ജോര്‍ജ്‌ ജോസഫ്‌ തുടങ്ങിയവര്‍ മാധ്യമങ്ങളെ പ്രതിനിധീകരിച്ചു.

പത്രസമ്മേളനത്തിനുശേഷം നടന്ന സമ്മേളനത്തില്‍ വിവിധ സംഘടനാ ഭാരവാഹികളെ ആദരിച്ചു. വിവിധ മത വിഭാഗങ്ങളെ പ്രതിനിധീകരിച്ച്‌ പാസ്റ്റര്‍ വില്‍സണ്‍ ജോസ്‌, ജയചന്ദ്രന്‍, യു.എ നസീര്‍ എന്നിവര്‍ നടത്തിയ പ്രാര്‍ത്ഥന പ്രത്യേകതയായി.

ഫോമാ വൈസ്‌ പ്രസിഡന്റ്‌ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌, സ്ഥാപക സെക്രട്ടറിയും കണ്‍വന്‍ഷന്‍ ചെയറുമായ അനിയന്‍ ജോര്‍ജ്‌ എന്നിവര്‍ വാലിഫോര്‍ജ്‌ കണ്‍വന്‍ഷന്‍ വിശേഷങ്ങള്‍ പങ്കുവെച്ചു. നടന്‍ മനോജ്‌ കെ. ജയന്‍ എത്തുന്നതാണ്‌ പുതിയ വിശേഷമെന്ന്‌ അനിയന്‍ പറഞ്ഞു. പലവിധ മത്സരങ്ങള്‍ നടക്കുന്നതാണ്‌ കണ്‍വന്‍ഷനെ ജനകീയമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ കണ്‍വന്‍ഷനില്‍ പങ്കെടുത്തില്ലെങ്കില്‍ അതൊരു നഷ്‌ടമായിരിക്കും.

പുതുതായി സ്ഥാനമേല്‍ക്കുന്ന ഭാരവാഹികള്‍ക്ക്‌ ഒട്ടൊക്കെ സുഗമമായ പാത വെട്ടിത്തുറക്കാന്‍ മുന്‍ നേതൃത്വങ്ങള്‍ക്കായി. അതിനാല്‍ അര്‍പ്പണബോധമുള്ള പ്രവര്‍ത്തനമാണ്‌ പുതിയ ഭാരവാഹികളില്‍ നിന്നും ജനം പ്രതീക്ഷിക്കുന്നതെന്നും അനിയന്‍ ജോര്‍ജ്‌ പറഞ്ഞു.

ഷീന ഏബ്രഹാം അമേരിക്കന്‍ ദേശീയ ഗാനവും ലാലി കളപ്പുരക്കല്‍ ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു.
ജയിംസ് ഇല്ലിക്കലിനെ ടി. ഉണ്ണിക്രുഷ്ണനും തോമസ് ടി. ഉമ്മനെ വര്‍ഗീസ് ചുങ്കത്തിലും സജി കരിമ്പന്നൂരിനെ സജി ഏബ്രഹാമും പരിചയപ്പെടൂത്തി.

കുര്യന്‍ ടി ഉമ്മന്‍ (ബിജു)  ആയിരുന്നു എം.സി. തോമസ്‌ ജോര്‍ജ്‌ (റെജി), എ.വി. വര്‍ഗീസ്‌, കോര സി. കോര, വര്‍ഗീസ്‌ ചുങ്കത്തില്‍, തമ്പി തലപ്പിള്ളില്‍, ലാലി കളപ്പുരയ്‌ക്കല്‍, ചാക്കോ കോയിക്കലേത്ത്‌ , ഫിലിപ്പ്   മഠത്തില്‍, ടോബിൻ  മഠത്തില്‍, ജോഫ്രി ഫിലിപ്പ്, ഇടിക്കുള ചാക്കോ, സാറാമ്മ ടി. ഉമ്മന്‍, ജോസ് കളപ്പുരക്കല്‍, തോമസ് എം. ജോര്‍ജ്, ജോര്‍ജ് തോമസ്, ബെഞ്ചമിന്‍ ജോര്‍ജ്, ബേബി ജോസ്, റെജി മര്‍ക്കോസ്, പ്രിന്‍സ് മര്‍ക്കോസ്, തോമസ് മാത്യു, സഞ്ജു കുറുപ്പ്, തോമസ് കെ. ജോര്‍ജ്, തോമസ് പി. മാത്യു, മോഹന്‍ മാവുങ്കല്‍, ബേബി കുര്ര്യാക്കോസ്, സാബു ലൂക്കോസ്, എബ്രഹാം ഫിലിപ്പ്, തമ്പി തലപ്പിള്ളില്‍, അഡ്വക്കറ്റ് സക്കറിയ കാരുവേലി, പ്രദീപ് നായര്‍, പൊന്നച്ചന്‍ ചാക്കോ, തോമസ് ഇടത്തിക്കുന്നേല്‍, റവ. ഇട്ടി ഏബ്രഹാം, ക്രുഷ്ണന്‍ നാരായണസ്വാമി, ബെറ്റി ഉമ്മന്‍, സുരേഷ് മുണ്ടക്കല്‍, ഷാജി മാത്യു, ഗോവിന്ദന്‍ ജനാര്‍ദ്ദനന്‍, വര്‍ഗീസ് കെ. രാജന്‍, രവീന്ദ്രന്‍ രാഘവന്‍, തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.
ജയിച്ചാലും തോറ്റാലും സംഘടന തന്നെ മുഖ്യം: സ്ഥാനാര്‍ത്ഥികള്‍ ന്യു യോര്‍ക്കില്‍
ജയിച്ചാലും തോറ്റാലും സംഘടന തന്നെ മുഖ്യം: സ്ഥാനാര്‍ത്ഥികള്‍ ന്യു യോര്‍ക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക