Image

സ്വയം പ്രകാശിക്കുന്ന ശുംഭന്മാരുടെ ലോകം!

ബിനോയി സെബാസ്റ്റ്യന്‍ Published on 23 November, 2011
സ്വയം പ്രകാശിക്കുന്ന ശുംഭന്മാരുടെ ലോകം!
കേരളത്തില്‍ ഇതു സ്വയം പ്രകാശിക്കുന്ന ശുഭന്മാരായ ഹൈക്കോടതി ജഡ്‌ജിമാരുടെ കാലം! ഈ നവീനദര്‍ശനം മുന്നരക്കോടി ജനതയുടെ ഭാവനാത്‌മകമായ സാഹിത്യാഭിരുചിയില്‍ നിന്നുതിര്‍ന്നു വന്ന കേമന്‍ കാഴ്‌ചപ്പാടല്ല. കാര്യകാരണസഹിതം കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ കണ്ണൂര്‍ നേതാക്കളിലൊരളും പാര്‍ട്ടിയെ കരള്‍ കവിഞ്ഞൊഴുകുന്ന വികാരവായ്‌പോടെ സഹര്‍ഷം സ്‌നേഹിക്കുന്നവനുമായ സഖാവ്‌ എം.വി.ജയരാജന്റെ കണ്ടെത്തലാണ്‌. ഈ അസുലഭസുന്ദരമായ കണ്ടെത്തലിന്റെ ഭാഗമായി അദേഹത്തെ ഹൈക്കോടതി ജയിലിലടച്ചു. ആറു മാസത്തേക്ക്‌. ഹൈക്കോടതിയുടെ ഈ നിരുത്തരവാദപരമായ നടപടിയില്‍ പ്രതിഷേധിച്ച്‌ നാലു ജില്ലകളിലെ കമ്യൂണിസ്റ്റു വോളണ്ടിയര്‍മാര്‍ കൊച്ചിയില്‍ ഹൈക്കോടതി മുമ്പാടെ സംഘടിച്ചു. ജഡ്‌ജിമാര്‍ വിരട്ടിയാല്‍ തിരിച്ചും വിരട്ടണമല്ലോ? എന്തായാലും ഒടുവില്‍ ജയരാജനു ഉപാധികളോടെ സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഒരാഴ്‌ചത്തെ ജയില്‍ വാസത്തിനു ശേഷം ജയില്‍ വിമോചിതനായ അദേഹത്തെ രാഷ്‌ട്രീയപൂര്‍ണ്ണകൂഭത്തോടെ മാര്‍ക്‌സിസ്റ്റുകള്‍ സ്വീകരിച്ചു.

പൊതുജനങ്ങള്‍ക്കു ഉപദ്രവകരമായ രീതിയില്‍ തെരുവോരങ്ങളില്‍ പൊതുയോഗം സംഘടിപ്പിക്കുന്നതും യോഗം ചേരുന്നതും നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതിവിധിയെ വികാരപരമായി അപലപിച്ച ജയരാജന്‍ ജഡ്‌ജിമാരെ ശുംഭന്മാര്‍ എന്നു വിളിക്കുന്നു. അതു സംബന്ധിച്ചുണ്ടായ കേസില്‍ ജയരാജനും പിണറായി വിജയനും എന്തിന്‌ കമ്യൂണിസ്റ്റു പാട്ടിയുടെ കേന്ദ്രഘടകമായ പോളിറ്റ്‌ബ്യൂറോ വരെ ശുംഭന്റെ അര്‍ത്‌ഥവ്യാപ്‌തി തപ്പി ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്‌ദതാരാവലി മുതല്‍ അണ്ണാമല സര്‍വ്വകലാശാലയുടെ ചരിത്രശേഖരം വരെ അലഞ്ഞു. ഒടുവില്‍ അവര്‍ അതു കണ്ടെത്തി. ശുംഭന്‍ എന്നാല്‍ സ്വയം പ്രകാശിക്കുന്നവന്‍ എന്നാണത്രേ അര്‍ത്‌ഥമാക്കുന്നത്‌! ദാസ്‌ ക്യാപിറ്റലും ഡയലിറ്റിക്കല്‍ മെറ്റീരിലിയസവുമെല്ലാം കണ്ടെത്തിയ മാര്‍ക്‌സ്‌ എംഗല്‍സ്‌ പ്രഭൃതികളേക്കാള്‍ പ്രതിഭാശാലികള്‍ കണ്ണൂരുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ രോമാഞ്ചമണിയാതിരിക്കുന്നതെങ്ങിനെ? പാര്‍ട്ടിയുടെ താത്വീകാചാര്യനായിരുന്ന സാക്ഷാല്‍ എലംകുളം ശങ്കരന്‍ നമ്പൂതിരിപ്പാട്‌ ഇവരുടെ പ്രതിഭാസാന്നിദ്ധ്യത്തില്‍ വെറും തൃണം! എന്റെ ശങ്കരശാസ്‌താവേ.. കലികാലം!

ശുംഭവാക്യത്തിന്റെ അര്‍ത്‌ഥം നാലാം ക്ലാസിലെ ഭാഷാദ്ധ്യാപകന്റെ ചേലില്‍ പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയന്‍ വിസ്‌തരിച്ചത്‌ അതിലും ഭേഷ്‌! കഠിനമായ തപസു ചെയ്‌ത്‌ ശിവനെ പ്രസാദിപ്പിച്ച്‌ ദേവന്മാരേക്കാള്‍ ശക്തി നേടിയ ആളാണ്‌ അസുരനായ ശുംഭനെന്ന്‌ അദേഹം പറഞ്ഞു. അങ്ങനെ മലയാള ഭാഷയ്‌ക്കു വിവിധ തലങ്ങളിലെ പുരാവസ്‌തുശേഖരത്തില്‍ നിന്ന്‌ അത്‌ഭുതജന്യങ്ങളായ പല പുതിയ വ്യാഖ്യാനങ്ങളും കൈവന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുതല്‍ അലുമിനിയം പട്ടേല്‍ എന്ന വാക്കുപയോഗിച്ചു കോണ്‍ഗ്രസ്‌ നേതാവായ അഹമ്മദ്‌ പട്ടേലിനെ വിളിച്ചു രസിച്ച സാക്ഷാല്‍ കരുണാകരന്‍ മകന്‍ മുരളീധരന്‍ വരെയുള്ളവര്‍ ഇതു തിരിച്ചറിയണം. ഭരണ മുന്നണിയില്‍ ഇന്ന്‌ ഇതുപോലെ നല്ല നാലു വാക്കു പറയുവാന്‍ ആകെ ഒരു പി.സി.ജോര്‍ജ്‌ മാത്രമേയുള്ളു എന്ന കാര്യം ആരും മറന്നുപോകരുത്‌.

ജനോദ്ധാരണമോ ജനക്ഷേമമോ വര്‍ത്തമാനകാലത്തില്‍ രാഷ്‌ട്രീയപ്രസക്തമായ വസ്‌തുതയേയല്ല! അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ കൊടുക്കുന്നവനും കൊള്ളുന്നവനും മടുക്കും. അപ്പോള്‍ ഒരു തിരഞ്ഞെടുപ്പ്‌. പിന്നെ കൊള്ളുന്നവന്‍ അധികാരത്തില്‍. ഇതിങ്ങനെ തുടരുന്നു. യഥാര്‍ത്‌ഥത്തില്‍ സ്വയം പ്രകാശിക്കുവാനുള്ള പ്രാപ്‌തിയില്ലെങ്കിലും ജനങ്ങള്‍ നല്‍കുന്ന അധികാരത്തില്‍ വ്യാജമായി പ്രകാശിക്കുന്നവര്‍ ആരാണ്‌ എന്നതാണ്‌ പ്രധാന ചോദ്യം! പൊതുപ്രവര്‍ത്തകര്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സദാചാരപൂര്‍വ്വവും സംസ്‌ക്കാരാധിഷ്‌ഠിതവുമായിരിക്കണം എന്ന കാഴ്‌ചപ്പാടിനു യാതൊരു കഴമ്പുമില്ല ഈ സങ്കീര്‍ണ്ണസാങ്കേതികയുഗത്തില്‍ എന്നു ചിന്തിക്കണോ?

പരാതിക്കാരനായ ജയരാജനും അദേഹത്തിന്റെ പാര്‍ട്ടിക്കും ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിന്നും നീതി ലഭിച്ചിരിക്കുന്നു. പക്ഷെ വിധി വിപരീതമായാല്‍ അസുരവാക്കുകള്‍ ഉപയോഗിക്കുന്ന രീതി ശരിയോ എന്ന്‌ ജയരാജനുള്‍പ്പെടെയുള്ള സ്വയം പ്രകാശിക്കുന്ന ശുംഭന്മാര്‍ ചിന്തിക്കണം. ഇവരുടെയൊക്കെ ഈ ആകോശങ്ങള്‍ കൊണ്ടു എന്തു നന്മയാണ്‌ കേരള ജനതയ്‌ക്കുണ്ടാകുന്നതെന്ന്‌ സ്വയം പ്രകാശിക്കാന്‍ കഴിവില്ലാത്തവരായ ശുംഭന്മാരല്ലാത്തവര്‍ ചിന്തിക്കണം. അടുത്ത ഒരു സഹസ്രാബ്‌ദത്തിനിടയില്‍ അതിനു കഴിയണമെങ്കില്‍ പുരാണത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ ശുഭനിശുംഭന്മാരുടെ അക്രമം സഹിക്കാതെ ഒടുവില്‍ ദുര്‍ഗാദേവി രണ്ടിനേയും കാലപുരിക്ക്‌ അയച്ചതുപോലെ ഒരു അവതാരം ഉണ്ടാകണം. അതിനുള്ള ഒരു സാദ്ധ്യത ഇപ്പോള്‍ കാണുന്നില്ല. കാരണം ഇതു ജനാധിപത്യയുഗമാണ്‌! ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ നരകിക്കപ്പെടുന്ന ജനാധിപത്യയുഗം!

പെണ്ണെന്നു കേട്ടാല്‍ വികാരം കൊള്ളുന്നവരും വികാരം ശമിപ്പിച്ചവര്‍ക്കെതിരെ വികാരം കൊള്ളുന്ന വികല സാംസ്‌ക്കാരിക വികാരജീവികളും വ്യഭിചാരം എന്നു കേട്ടാല്‍ കുരിശുവരച്ചു സത്യത്തെ വിസ്‌മരിക്കുന്നവരുമൊക്കെ ജീവിക്കുന്ന നാട്ടില്‍ സോളമന്റെ ഭാഷയില്‍ സത്യം ഒരു മായയായി തന്നെ അങ്ങിനെ കിടക്കും. കേരളം എന്തേ ഇങ്ങനെ എന്നു ചോദിച്ചിട്ടു കാര്യമില്ല. ഇതൊക്കെ വളര്‍ച്ചയുടെ ഭാഗമാണ്‌. അധികാരത്തിന്റെ എല്ലാ കേന്ദ്രീകൃതമണ്‌ഡലങ്ങളിലും ഇതുണ്ടായിരുന്നു. പണ്ടതു ദിവന്‍ജിമാരുടെയും സര്‍വ്വാധികാര്യക്കാരുടെയും പ്രവര്‍ത്തിയാരുടെയും മറ്റും കീഴില്‍. ഇന്നത്‌ രാഷ്‌ട്രീയക്കാരുടെ കങ്കാണത്തില്‍. സഭാനേതാക്കളില്‍ ഞാന്‍ എറ്റവും അധികം ആദരിക്കുന്ന, ബഹുമാനിക്കുന്ന സുവര്‍ണ്ണ നാവുള്ള ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം തിരുമേനി ജീവിതസത്യങ്ങളിലൂടെ സുവിശേഷ പ്രസക്തി തിരിച്ചറിയുന്നു. അതുകൊണ്ട്‌ അദേഹത്തെ ഞാന്‍ ഇന്നിന്റെ ആത്‌മീയതമ്പുരാനായി ദര്‍ശിക്കുന്നു.

പിന്‍കുറിപ്പ്‌: ശുംഭന്മാര്‍ക്കും കഠിനതപസുകൊണ്ട്‌ ദേവന്മാരെ ഉപദ്രവിക്കുവാന്‍ ശിവശക്തി ലഭിക്കും. കേരളത്തില്‍ ശുംഭന്മാര്‍ക്ക്‌ സംഘടനകൊണ്ട്‌ ജനങ്ങളെ പീഢിപ്പിക്കുവാന്‍ രാഷ്‌ട്രീയശക്തി ലഭിക്കുന്നു. ജനം സമ്പൂര്‍ണ്ണ ശുംഭത്വത്തില്‍!
സ്വയം പ്രകാശിക്കുന്ന ശുംഭന്മാരുടെ ലോകം!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക