Image

`മാന്ത്രികചെപ്പ്‌' നാടകം അരങ്ങത്ത്‌

ജോസ്‌ കാടാപുറം Published on 15 June, 2014
`മാന്ത്രികചെപ്പ്‌' നാടകം അരങ്ങത്ത്‌
ന്യൂയോര്‍ക്കിലെ ലോംഗ്‌ ഐലന്റ്‌ കേന്ദ്രമായ താളലയം ഗ്രൂപ്പിന്റെ ആദ്യ നാടകമായ മാന്ത്രികചെപ്പ്‌ ജൂണ്‍ 14-ന്‌ ക്യൂന്‍സിലുള്ള ഗ്ലെന്‍ഓക്‌സ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ ആദ്യമായി അരങ്ങേറി. ഫാ. ജോസ്‌ തറയ്‌ക്കല്‍ ദീപം തെളിയിച്ച്‌ ഉദ്‌ഘാടനം ചെയ്‌തു.

പ്രശസ്‌ത നാടകകൃത്ത്‌ വിമല്‍ മുരളി രചിച്ച്‌ തോമസ്‌ തയ്യില്‍ (ന്യൂയോര്‍ക്ക്‌) സംവിധാനം നിര്‍വഹിച്ച്‌, നിര്‍മ്മാണ നിയന്ത്രണം ഏബ്രഹാം പുല്ലാനപ്പള്ളിയും, രംഗപടം കലാനിര്‍വഹണം എന്നിവ ഷിനോ മറ്റവും, സംഗീതം അനൂപ്‌ മുകളേലും നിര്‍വഹിച്ച ഈ നാടകം പ്രേക്ഷകര്‍ ഹൃദയത്തില്‍ സ്വീകരിച്ചെന്ന്‌ മാത്രമല്ല രണ്ടര മണിക്കൂര്‍ ഉടനീളം കഥയുടെ നന്മയും, കഥാപാത്രങ്ങളുടെ അഭിനയ മികവും കൊണ്ട്‌ പ്രേക്ഷകരുടെ മനസ്‌ കീഴടക്കി. നല്ലൊരു നാടകം ലൈവായി അവതരിപ്പിച്ചത്‌ അനുഭവിച്ചറിയുകയായിരുന്നു പ്രക്ഷകര്‍. ദൃശ്യചാരുതയുടെ അവിസ്‌മരണീയമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി നാടകം മുന്നേറുന്നത്‌ വിസ്‌മയത്തോടെ പ്രക്ഷകര്‍ സ്വീകരിച്ചു.

ദുരന്തങ്ങളും വേദനകളും ദാരിദ്ര്യവും നിരന്തരം വേട്ടയാടുന്ന ഒരു റിട്ടയേര്‍ഡ്‌ അദ്ധ്യാപകന്റെ കുടുംബപശ്ചാത്തലത്തില്‍ കഥപറയുമ്പോള്‍ കഥാപാത്രങ്ങള്‍ ഓരോരുത്തരും അരങ്ങില്‍ ജീവിക്കുകയായിരുന്നു. സ്‌കൂള്‍ മാഷിന്റെ ജീവിതത്തിലുണ്ടാകുന്ന കഷ്‌ടപ്പാടുകള്‍ കണ്ട്‌ മനംനൊന്ത്‌ പ്രേക്ഷകര്‍ നാടകത്തിനിടയില്‍ വിതുമ്പുന്നത്‌ കാണാമായിരുന്നു. പ്രേക്ഷകരെ ജീവിതത്തിന്റെ പരുപരുത്ത വശങ്ങള്‍ തൊട്ടറിയിക്കാനും നാടകത്തിലുടനീളം മുള്‍മുനയില്‍ നിര്‍ത്താനും സംവിധായകന്‍ തോമസ്‌ തയ്യിലിന്‌ കഴിഞ്ഞു. മാഷായി അഭിനയിക്കുന്ന തോമസ്‌ തയ്യിലും, വനജയായി അഭിനയിക്കുന്ന ബെന്‍സി തേര്‍വാലകട്ടയിലും അഭിനയമികവില്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മികവു പുലര്‍ത്തി. ഏബ്രഹാം പുല്ലാനപ്പള്ളി, ദീപ്‌തി കാവുംപുറത്ത്‌, പ്രിന്‍സ്‌ തടത്തില്‍, ജെംസണ്‍ കുര്യാക്കോസ്‌, ജോയി നികര്‍ത്തില്‍, സജി ഒരപ്പാങ്കല്‍ എന്നിവര്‍ അവരവരുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കി. മികച്ച അഭിനയ മികവുകൊണ്ടുതന്നെ പ്രൊഫഷണല്‍ നാടകരംഗത്ത്‌ താളലയം ലോംഗ്‌ഐലന്റിന്റെ ശ്രദ്ധ നേടുമെന്നുറപ്പ്‌.

ഒന്നിനുപുറകെ ഒന്നായി വരുന്ന ദുരന്തങ്ങളും, വേദനകളും, വേര്‍പാടുകളും കൊണ്ട്‌ മനസു തളരുന്ന കുടുംബത്തെ പിടിച്ചുനിര്‍ത്താനായി കഷ്‌ടപ്പെടുന്ന മാഷുടേയും മക്കളുടേയും കഥപറയുന്ന ഈ നാടകം ഏതൊരു പ്രേക്ഷകനും മികച്ച ആസ്വാദനാനുഭവം പകരുമെന്നുറപ്പുണ്ട്‌. ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച ഓരോ കലാകാരനും താളലയത്തിന്റെ സംഘാടകര്‍ക്കും അഭിനന്ദനം അര്‍പ്പിക്കുന്നതിനൊപ്പം ഈ നാടകം മറ്റ്‌ സ്റ്റേജുകളില്‍ കണ്ട്‌ ആസ്വദിക്കാന്‍ ലഭിക്കുന്ന അവസരം ഉപയോഗപ്പെടുത്തണമെന്നും ഓര്‍മ്മിപ്പിക്കുന്നു.
`മാന്ത്രികചെപ്പ്‌' നാടകം അരങ്ങത്ത്‌`മാന്ത്രികചെപ്പ്‌' നാടകം അരങ്ങത്ത്‌`മാന്ത്രികചെപ്പ്‌' നാടകം അരങ്ങത്ത്‌`മാന്ത്രികചെപ്പ്‌' നാടകം അരങ്ങത്ത്‌`മാന്ത്രികചെപ്പ്‌' നാടകം അരങ്ങത്ത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക