Image

വന്യതയുടെ വാഗമണ്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി -22: ജോര്‍ജ്‌ തുമ്പയില്‍)

Published on 13 June, 2014
വന്യതയുടെ വാഗമണ്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി -22: ജോര്‍ജ്‌ തുമ്പയില്‍)
ഇതാ- വാഗമണ്‍ ! ലോകത്തിലെ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ നാഷണല്‍ ജ്യോഗ്രഫിക്‌ ട്രാവലര്‍ ഉള്‍പ്പെടുത്തിയ പത്ത്‌ വിനോദ കേന്ദ്രങ്ങളിലൊലൊന്ന്‌. അതിന്റെ ഒട്ടും അഹംഭാവമില്ലാതെ, ലാളിത്യത്തിന്റെ സിംഹഗോപുരം പോലെ തലയുയര്‍ത്തി നില്‍ക്കുകയാണ്‌, വാഗമണ്‍. ഇവിടേക്കുള്ള യാത്ര എന്റെ ഒരു സ്വപ്‌നമായിരുന്നുവെന്ന്‌ പറയുന്നതില്‍ തെറ്റില്ല. പലരും പറഞ്ഞു കേട്ടതല്ലാതെ ഞാന്‍ മുമ്പ്‌ ഒരിക്കലും ഇവിടെ പോയിട്ടില്ലായിരുന്നു. പാരാഗ്ലൈഡിങ്ങിന്‌ പേരു കേട്ട ഇവിടുത്തെക്കുറിച്ച്‌ ഒട്ടനവധി തവണ വായിച്ചും കേട്ടും അറിഞ്ഞിരുന്നുവെങ്കിലും പോകാന്‍ കഴിഞ്ഞിരുന്നില്ലെന്നതാണ്‌ യാഥാര്‍ത്ഥ്യം. ചിലത്‌ അങ്ങനെയാണ്‌. ആശിച്ചെത്ര ഇരുന്നാലും പോകാന്‍ കഴിയണമെന്നില്ല. അതിലും രസകരം, വാഗമണ്‍ എന്റെ താമസസ്ഥലമായ പാമ്പാടിയുടെ ക്യാച്‌മെന്റ്‌ ഏരിയയില്‍ പെട്ടിരുന്നുവെന്നതാണ്‌. ഇവിടെ നിന്നു നൂറു കിലോമീറ്ററില്‍ താഴെ മാത്രമേ വാഗമണ്ണിലേക്ക്‌ ഉണ്ടായിരുന്നുള്ളു. എന്നിട്ടും പോകാന്‍ പറ്റിയിട്ടില്ല. അതിനേക്കാള്‍ ആയിരമിരട്ടി കിലോമീറ്റര്‍ താണ്ടി എവിടെയൊക്കെ പോയിരിക്കുന്നു.. എന്നിട്ടും.... ശ്രീനിവാസന്‍ മോഹന്‍ലാലിനോടു പറയുന്നതു പോലെ, ഓരോന്നിനും ഓരോ സമയമുണ്ട്‌...

നാട്‌ വിട്ട്‌ ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ അമേരിക്കയിലെത്തിയതിനു ശേഷമാണ്‌ അവിടം സന്ദര്‍ശിക്കാന്‍ ഇടയായത്‌.

വാഗമണ്ണിലേക്ക്‌ വേണമെങ്കില്‍ കെ.കെ റോഡിലൂടെ (കോട്ടയം-കുമളി) കുട്ടിക്കാനത്ത്‌ എത്തി ഏലപ്പാറയില്‍ നിന്നും ഇടത്തേക്ക്‌ തിരിഞ്ഞ്‌ പെട്ടെന്ന്‌ എത്താം. എന്നാല്‍ പ്രകൃതി സൗന്ദര്യം നിറഞ്ഞ യാത്ര പോകുന്നെങ്കില്‍ ഇത്‌ ഈരാറ്റുപേട്ട തീക്കോയ്‌ വഴി പോകണം. മലമ്പാതയിലൂടെ സഞ്ചരിക്കുന്നതിന്റെ സാഹസികതയും, അവിടുത്തെ നിറമാര്‍ന്നതും വന്യത പൂണ്ടു നില്‍ക്കുന്നതുമായ മലനിരകളുടെ ഭംഗി ആവോളം ആസ്വദിക്കണമെങ്കില്‍ ഈ റൂട്ടിലേക്ക്‌ വണ്ടിയോടിക്കണം. എന്നാലേ വാഗമണ്ണിന്റെ ത്രില്ല്‌ അറിയാന്‍ പറ്റൂ. കൊക്കകളുടെ സംസ്ഥാനസമ്മേളനമാണോ എന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ വളഞ്ഞു പുളഞ്ഞും പോകുന്ന റോഡില്‍ നിന്നു പ്രകൃതിയെ നോക്കിയാല്‍ കേരളത്തിന്റെ വൈവിധ്യം കണ്ട്‌ ആരുമൊന്ന്‌ മിഴികള്‍ കൂപ്പി പോകും. അത്രയ്‌ക്ക്‌ മനോഹരമായ ദൃശ്യഭംഗിയാണ്‌ ഇവിടെ പ്രകൃതി ദേവി ഒരുക്കിവച്ചിരിക്കുന്നത്‌. അതിലുമേറെ ഈ മലമ്പാത വെട്ടിയൊരുക്കിയ മനുഷ്യന്റെ കര്‍മ്മശേഷിയെക്കുറിച്ച്‌ ഒരു നിമിഷം ഓര്‍ത്തി പോയി. ഹൈറേഞ്ചിലെ വഴികളെല്ലാം തന്നെ ഈ വിധത്തിലാണെങ്കിലും ഈരാറ്റുപേട്ട- വാഗമണ്‍ റോഡ്‌ ഒരു സംഗതിയല്ല, ഒരു സംഭവം തന്നെയാണെന്നു പറയാതെ വയ്യ !

ഏകദേശം ആറു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌. അവധിക്ക്‌ നാട്ടിലെത്തിയിട്ടുണ്ടെന്ന്‌ അറിഞ്ഞപ്പോള്‍ സുഹൃത്ത്‌ എന്‍.ജി ജറോം കൊച്ചിയില്‍ നിന്നും വിളിച്ചു. ജറോമിന്റെയും മരിയയുടെയും കൂടെ ഒരു ദിവസമെങ്കിലും കഴിയണമെന്ന ക്ഷണത്തിനു ശേഷം ജറോമിന്റെ സുഹൃത്ത്‌ വലയത്തില്‍പ്പെട്ട ഒരാള്‍ (പേരു മറന്നു) വാഗമണ്ണില്‍ പണിതുയര്‍ത്തുന്ന ടൈം ഷെയര്‍ വെക്കേഷന്‍ ഹോമിന്റെ ചില യൂണിറ്റുകള്‍ ആകര്‍ഷകമായ നിരക്കില്‍ ലഭ്യമാക്കാമെന്നും അതു കാണാനുള്ള സയമം കൂടി കണ്ടെത്തണമെന്നുമായിരുന്നു ജറോമിനു പറയുവാനുണ്ടായിരുന്നത്‌. രണ്ട്‌ കാര്യങ്ങളും ഞാന്‍ അംഗീകരിക്കുകയും ചെയ്‌തു.

അങ്ങനെയാണ്‌, ആദ്യമായി ഞാന്‍ വാഗമണ്ണിലേക്ക്‌ യാത്രയായത്‌. സുഹൃത്തും ഗായകനുമായ ബിനോയ്‌ ചാക്കോയുടെ ടെംബോ ട്രാവലറിലായിരുന്നു ഞങ്ങളുടെ യാത്ര. രണ്ടുദിവസ പരിപാടിയായിരുന്നു. ഞങ്ങള്‍ എന്നു പറയുമ്പോള്‍ ഞാനും ഭാര്യ ഇന്ദിരയും രണ്ട്‌ മക്കളും പിന്നെ ന്യൂജേഴ്‌സിയിലെ ഞങ്ങളുടെ സുഹൃത്‌ കുടുംബവും. കുരുവിള, ജോളി അവരുടെ മക്കള്‍ ജോര്‍ജ്‌, മാത്യു എന്നിവരും. വാസ്‌തവത്തില്‍ വാഗമണ്‍ സന്ദര്‍ശനത്തിന്‌ ശേഷം കുമളി, തേക്കടി എന്നിവ കറങ്ങി മുരിക്കടിയിലുള്ള കൊച്ചമ്മയുടെ വീട്ടില്‍ കിടന്ന്‌ പിറ്റേന്ന്‌ മൂന്നാര്‍, സൂര്യനെല്ലി വഴി തിരിച്ചെത്തുകയായിരുന്നു ഉദ്ദേശം. (മൂന്നാറും സൂര്യനെല്ലിയും പിന്നാലെ പരാമര്‍ശിക്കുന്നതു കൊണ്ടും തേക്കടി കഴിഞ്ഞതു കൊണ്ടും ആ ഭാഗം വിടുന്നു).

വാഗമണ്‍ പ്രദേശത്തേക്കുളള യാത്ര സുഖകരമാണ്‌. പാമ്പാടിയില്‍ നിന്നും കാഞ്ഞിരപ്പള്ളി പേട്ടയില്‍ നിന്നും ഇടത്തേക്ക്‌ തിരിഞ്ഞ്‌ ഈരാറ്റുപേട്ട വഴിയായിരുന്നു ഞങ്ങളുടെ യാത്ര. ഒരു വശത്ത്‌ അഗാധമായ കൊക്കയും, മറുവശത്ത്‌ കരിമ്പാറ അരിഞ്ഞിറങ്ങിയ, കോടമഞ്ഞു മൂടിയ മലനിരകളും. തീക്കോയിയില്‍ നിന്നും വാഗമണ്ണിലേക്കുള്ള യാത്രയില്‍ വളരെയേറെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്‌, ആറേഴ്‌ കിലോമീറ്റര്‍ ദൂരം കീഴുക്കാംതൂക്കായി കിടക്കുന്ന ഭീമന്‍ പാറകള്‍ അരിഞ്ഞിറങ്ങി റോഡ്‌ നിര്‍മ്മിച്ചിരിക്കുന്ന കാഴ്‌ച്ച !! ഈരാറ്റുപേട്ട-പീരുമേട്‌ ഹൈവേയില്‍ വെള്ളികുളം മുതല്‍ വഴിക്കടവ്‌ വരെ ആറുകിലോമീറ്റര്‍ ദൂരം പാറക്കെട്ടുകളില്‍ അരിഞ്ഞിറങ്ങിയ റോഡുകളിലൂടെ സഞ്ചരിച്ചാണ്‌ വാഗമണില്‍ എത്തുക. കീഴ്‌ക്കാം തൂക്കായ മലനിരകള്‍ വെട്ടിയരിഞ്ഞായിരുന്നു ഈരാറ്റുപേട്ടവാഗമണ്‍ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്‌. നദികള്‍ക്ക്‌ സമാന്തരമായി ഉണ്ടായിരുന്ന നടപ്പാതകള്‍ തെളിച്ചാണ്‌ ആദ്യം വഴിയൊരുക്കിയത്‌. 1939-ലാണ്‌ ആദ്യമായി ഈരാറ്റുപേട്ടയില്‍ നിന്നും തീക്കോയിലേക്ക്‌ റോഡു വെട്ടിയത്‌. ഇന്നിത്‌ സംസ്ഥാന ഹൈവേയായി രൂപാന്തരപ്പെട്ടിരിക്കുന്നു. എത്രയോ തൊഴിലാളികളുടെ എത്ര ദിവസത്തെ വിയര്‍പ്പിന്റെയും, അദ്ധ്വാനത്തിന്റെയും ഫലമായിരിക്കും അത്‌ !! മറുവശത്ത്‌ അഗാധമായ കൊക്കകള്‍, അങ്ങകലെ കോടമഞ്ഞില്‍ പുതച്ചു കിടക്കുന്ന മലനിരകളും. കൊക്കകളിലേക്ക്‌ റോഡ്‌ പണി കഴിഞ്ഞ്‌ മിച്ചം വന്ന പാറക്കല്ലുകള്‍ ഉപേക്ഷിച്ചു പോയിരിക്കുന്നതായും കാണാം.

ഏകദേശം പത്തു മണിയോടെ ഞങ്ങള്‍ വാഗമണ്ണിലെത്തി. ഒരു വശത്ത്‌ തേയില തോട്ടങ്ങള്‍. അവിടെ ഞങ്ങളെ കാത്ത്‌ നേരത്തെ പരാമര്‍ശിച്ച ടൈംഷെയര്‍ കമ്പനിയുടെ ഉടമയും അദ്ദേഹത്തിന്റെ ഒരു ജോലിക്കാരനും പറഞ്ഞ സ്ഥലത്തു തന്നെ കാത്തു നിന്നിരുന്നു. ഞങ്ങള്‍ നേരെ, അദ്ദേഹത്തിന്റെ പ്രോപ്പര്‍ട്ടിയിലേക്കു കടന്നു. മനോഹരമായ സ്ഥലം. ആരെയും മോഹിപ്പിക്കുന്ന വിധത്തില്‍ പ്രകൃതിയ്‌ക്ക്‌ തികച്ചും ഇണങ്ങുന്ന വിധത്തില്‍ തന്നെ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നു. പ്രഭാതഭക്ഷണം നന്നായി തന്നെ കഴിച്ചു. ജറോമിന്റെ സുഹൃത്തിനോടു യാത്ര ചോദിച്ച്‌ ഞങ്ങള്‍ നേരെ പ്രകൃതിയുടെ മടിത്തട്ടിലേക്ക്‌ ഇറങ്ങി.

സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 3000 ലേറെ അടിയില്‍ സ്ഥിതി ചെയ്യുന്ന വാഗമണ്‍ എന്ന വിനോദസഞ്ചാര കേന്ദ്രം കോട്ടയം ഇടുക്കി ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്നു. 20 ഡിഗ്രി സെല്‍ഷ്യസിനും താഴെയാണിവിടത്തെ താപനില. വന്യമായ ആകര്‍ഷകത്വമാണ്‌ വാഗമണ്‍ മലനിരകളുടെ ഭംഗി. പച്ചപ്പട്ടണിഞ്ഞ മൊട്ടക്കുന്നുകളും, മൊട്ടക്കുന്നുകള്‍ക്കിടയിലുള്ള ചെറിയ തടാകവും, വിദേശരാജ്യങ്ങളില്‍ കാണുന്നപോലുള്ള പൈന്‍ മരക്കാടുകളും, അഗാധമായ കൊക്കകളുടെ ഉറവിടമായുള്ള സൂയിസൈഡ്‌ പോയിന്റും, ഇന്‍ഡൊ സ്വിസ്‌ പ്രോജെക്‌റ്റിന്റെ ഭാഗമായ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രവും, തീര്‍ത്ഥാടന കേന്ദ്രങ്ങളായ കുരിശുമല, മുരുകന്‍മല, തങ്ങള്‍മല തുടങ്ങിയവയെല്ലാം സഞ്ചാരികള്‍ക്കുവേണ്ടി മനം കുളിര്‍പ്പിക്കുന്ന കാഴ്‌ചകളുമായി കാത്തിരിക്കുന്നു. ലോകത്തില്‍ സഞ്ചരിക്കേണ്ട 10 വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നായി വാഗമണ്ണിനെ, നാഷണല്‍ ജോഗ്രഫിക്ക്‌ ട്രാവല്ലര്‍ തിരഞ്ഞെടുത്തിരിക്കുന്നത്‌ തികച്ചും യോജിച്ചതാണെന്ന്‌ ഇവിടം സന്ദര്‍ശിക്കുമ്പോള്‍ തന്നെ മനസിലാകും.

തേയിലത്തോട്ടങ്ങള്‍, പുല്‍ത്തകിടികള്‍, മഞ്ഞ്‌, ഷോളമലകള്‍, എന്നിവ വാഗമണ്ണിന്റെ ചാരുതയ്‌ക്ക്‌ മാറ്റുകൂട്ടുന്നു. മൊട്ടക്കുന്നുകളും, അനന്തമായ പൈന്‍ മരക്കാടുകളും വാഗമണിന്റെ മറ്റ്‌ പ്രത്യേകതകളാണ്‌. കാഴ്‌ചയുടെ കുന്നുകളെ പുണരാന്‍ ഞങ്ങള്‍ ട്രാവലര്‍ ഒരു സൈഡിലേക്ക്‌ നിര്‍ത്തി ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്‌തു. അപ്പോഴേയ്‌ക്കു കോടയുമായി ഒരു മഞ്ഞ്‌ താഴ്‌വരയില്‍ നിന്നും അകമ്പടി പോലെ ഞങ്ങളുടെ അരികിലേക്ക്‌ വന്നു.

(തുടരും)
വന്യതയുടെ വാഗമണ്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി -22: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക