Image

പെരുച്ചാഴി അമേരിക്കന്‍ മണ്ണില്‍; ജഗന്നാഥനെ തളയ്ക്കാന്‍ കുഞ്ഞപ്പന് കഴിയുമോ?

അനില്‍ പെണ്ണുക്കര Published on 12 June, 2014
പെരുച്ചാഴി അമേരിക്കന്‍ മണ്ണില്‍; ജഗന്നാഥനെ തളയ്ക്കാന്‍ കുഞ്ഞപ്പന് കഴിയുമോ?
തൊട്ടതെല്ലാം പൊന്നാക്കിയ മലയാളിയുടെ സ്വന്തം നടന്‍ മോഹന്‍ലാല്‍. എടുത്ത സിനിമകളെല്ലാം ഹിറ്റാക്കിയ നിര്‍മ്മാതാക്കളായ വിജയ് ബാബുവും സാന്ദ്രാതോമസും, അരുണ്‍ വൈദ്യനാഥനെന്ന സംവിധായകന് മലയാളത്തില്‍ വേരുറപ്പിക്കാന്‍ ഇനി മറ്റൊന്നും വേണ്ട. രണ്ടരമണിക്കൂര്‍ തിയറ്ററില്‍ കുത്തിയിരുന്നു ചിരിക്കാനുള്ള വകയ്ക്കായി മോഹന്‍ലാലും സംഘവും അമേരിക്കയിലാണിപ്പോള്‍.

ലാലേട്ടനെ നമുക്ക് ജഗന്നാഥന്‍ എന്നു വിളിക്കാം. കേരളത്തിലെ ഒരു പൊളിറ്റിക്കല്‍ കിംഗ് മേക്കറാണ് ജഗന്നാഥന്‍. ഒപ്പം എപ്പോഴും രണ്ട് വാലുകളുമുണ്ട്. വയലാര്‍ വര്‍ക്കിയും, പോറ്റക്കുഴി ജബ്ബാറും.

യുവരാഷ്ട്രീയ നേതാവിന്റെ വളര്‍ച്ചയില്‍ എല്ലാവര്‍ക്കും തനതായ അയൂസ. ഈ അസൂയ സഹിക്കാന്‍ വയ്യാത്ത ഒരാളുണ്ട്. ഫ്രാന്‍സിസ് കുഞ്ഞപ്പന്‍. കേരളത്തിലെ ഒരു മന്ത്രി. ജഗന്നാഥനെ ഒതുക്കി കൊട്ടയിലാക്കില്ലങ്കില്‍ തന്റെ വളര്‍ച്ച വലിയ തടസ്സങ്ങളെ നേരിടേണ്ടിവരും എന്ന് വിചാരിച്ചിരിക്കുമ്പോള്‍ ജഗന്നാഥന് ഒരു പണി കൊടുക്കാനവസരം കിട്ടി. ജോണ്‍ ഹോറി എന്ന അമേരിക്കന്‍ ഗവര്‍ണ്ണറുടെ ഗ്രാഫ് തെരഞ്ഞെടുപ്പില്‍ താഴ്ന്നു നില്‍ക്കെ അദ്ദേഹത്തെ ജയിപ്പിക്കുന്നതിനായി പരിചയസമ്പന്നനായ ഒരു രാഷ്ട്രീയക്കാരനെ അമേരിക്കയ്ക്ക് വിടണം. അതിന് ഫ്രാന്‍സിസ് കുഞ്ഞപ്പന്‍ കണ്ടെത്തിയത് ജഗന്നാഥനെ ആയിരുന്നു. ശത്രുവിനെ ഒതുക്കാന്‍ കൂടിയായിരുന്നു കുഞ്ഞപ്പന്റെ പദ്ധതി. അങ്ങനെ ജഗന്നാഥനേയും, സഹായികളായ ജബ്ബാറിനേയും, വര്‍ക്കിയേയും അമേരിക്കയിലേക്ക് അയക്കുന്നു. ജഗന്നാഥനും സംഘവും അമേരിക്കയിലെത്തുന്നതോടെയുള്ള രസകരമായ സംഭവങ്ങളാണ് പെരുച്ചാഴിയുടെ കഥ.
പൂര്‍ണ്ണമായും കോമഡിത്രില്ലര്‍ എന്റെര്‍ടെയ്‌നര്‍ ആയി പെരുച്ചാഴിയില്‍ ജഗന്നാഥനായി മോഹന്‍ലാലും, ഫ്രാന്‍സിസ് കുഞ്ഞപ്പനായി മുകേഷും, ജഗന്നാഥന്റെ സന്തതസഹചാരികളായി ബാബുരാജും, അജു വര്‍ഗീസും എത്തുന്നതോടെ ചിരിയുടെ സുന്ദരമുഹൂര്‍ത്തങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നത്.

അറുപതോളം വിദേശതാരങ്ങളെ ഉള്‍പ്പെടുത്തി ചിത്രീകരിച്ച ഈ ചിത്രത്തിലെ ഒരു ഗാനം അമേരിക്കന്‍ സെറ്റ് ഇട്ട് കൊല്ലം റാവിസ് ഹോട്ടലില്‍ ചിത്രീകരിച്ചിരുന്നു. ചിത്രത്തിന്റെ കഥയുടെ ഒരു വഴിത്തിരിവും കൂടിയാണ് ഈ ഗാനം. അമേരിക്കയില്‍ വച്ച് നടക്കുന്ന ഒരു ഡാന്‍സ് പാര്‍ട്ടിയുടെ അനുബന്ധരംഗങ്ങളാണ് കൊല്ലത്ത് ചിത്രീകരിച്ചത്. 35 ലക്ഷം രൂപ ചിലവഴിച്ചാണ് ഈ ഗാനരംഗം അരുണ്‍ വൈദ്യനാഥന്‍ ക്യാമറയില്‍ പകര്‍ത്തിയത്.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ അഭിനേതാക്കള്‍കൂടി ആയ വിജയ്ബാബുവും സാന്ദ്രതോമസും നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഇരുവരും പ്രധാനപ്പെട്ട വേഷങ്ങളിലും അഭിനയിക്കുന്നുമുണ്ട്.

കമലഹാസന്റെ വിശ്വരൂപത്തിലെ നായിക കൂടി ആയിരുന്ന അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ നടി പൂജകുമാറാണ് ലാലിന്റെ നായിക. ഈ ചിത്രത്തോടെ പൂജ മലയാളത്തില്‍ സജീവസാന്നിദ്ധ്യമാകും.

കൊച്ചിയിലേയും, കൊല്ലത്തേയും ചിത്രീകരണത്തിനുശേഷം അമേരിക്കയില്‍ ലോസ്ആഞ്ചല്‍സില്‍ ഒരു മാസത്തെ ചിത്രീകരണം. വീണ്ടും കൊച്ചിയിലേക്ക് ഷിഫ്റ്റു ചെയ്യുന്നതോടെ പെരുച്ചാഴി പൂര്‍ത്തിയാകും.

നാളിതുവരെയുള്ള ഗെറ്റപ്പുകളില്‍ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ പെരുച്ചാഴിയില്‍ പ്രത്യക്ഷപ്പെടുന്നത്. ചമയമൊരുക്കുന്നതാകട്ടെ യുവകലാകാരനായ രാജീവ് അങ്കമാലിയും.

ഏറെക്കാലത്തിനുശേഷം മോഹന്‍ലാലിന്റെ ഒരു സമ്പൂര്‍ണ്ണ കോമഡി ചിത്രത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് ഒട്ടും വിരക്തി ഉണ്ടാകാതെയുള്ള അസുലഭ മുഹൂര്‍ത്തവുമായായിരിക്കും "പെരുച്ചാഴി" കേരളത്തിലെത്തുക.


പെരുച്ചാഴി അമേരിക്കന്‍ മണ്ണില്‍; ജഗന്നാഥനെ തളയ്ക്കാന്‍ കുഞ്ഞപ്പന് കഴിയുമോ?
പെരുച്ചാഴി അമേരിക്കന്‍ മണ്ണില്‍; ജഗന്നാഥനെ തളയ്ക്കാന്‍ കുഞ്ഞപ്പന് കഴിയുമോ?
പെരുച്ചാഴി അമേരിക്കന്‍ മണ്ണില്‍; ജഗന്നാഥനെ തളയ്ക്കാന്‍ കുഞ്ഞപ്പന് കഴിയുമോ?
പെരുച്ചാഴി അമേരിക്കന്‍ മണ്ണില്‍; ജഗന്നാഥനെ തളയ്ക്കാന്‍ കുഞ്ഞപ്പന് കഴിയുമോ?
പെരുച്ചാഴി അമേരിക്കന്‍ മണ്ണില്‍; ജഗന്നാഥനെ തളയ്ക്കാന്‍ കുഞ്ഞപ്പന് കഴിയുമോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക