Image

സുധീര്‍ പണിക്കവീട്ടിലിന്റെ വിധി (അഷ്‌ടമൂര്‍ത്തി)

Published on 11 June, 2014
സുധീര്‍ പണിക്കവീട്ടിലിന്റെ വിധി (അഷ്‌ടമൂര്‍ത്തി)
ബാങ്ക്‌ മാനേജരുടെ കാബിന്‍. തുറന്നു കിടക്കുന്ന കബോഡില്‍നിന്ന്‌ തലേക്കെട്ടും പാളത്താറും ധരിച്ച ഒരു ഗ്രാമീണന്‍ നോട്ടുകെട്ടുകള്‍ കയ്യെത്തിച്ച്‌ എടുക്കുകയാണ്‌. അയാളെ തടയാന്‍ ശ്രമിച്ചുകൊണ്ട്‌ മാനേജര്‍ ഉറക്കെ വിളിച്ചു പറയുന്നു:`ഒന്നു നില്‍ക്കൂ. നിങ്ങള്‍ ചില കടലാസ്സുകള്‍ ഒപ്പിട്ടു തരേണ്ടതുണ്ട്‌!' പതിവു പോലെ എല്ലാത്തിനും സാക്ഷിയായി `കോമണ്‍ മാന്‍' അരികെ നില്‍ക്കുന്നുണ്ട്‌.

രണ്ടു പതിറ്റാണ്ടു മുമ്പ്‌ ആര്‍. കെ. ലക്ഷ്‌മണന്റെ `യൂ സെഡ്‌ ഇറ്റ്‌' എന്ന പോക്കറ്റ്‌ കാര്‍ട്ടൂണ്‍ പരമ്പരയിലെ ഒരു ലക്കമാണ്‌ മേല്‍ വിവരിച്ചത്‌. ബാങ്കില്‍ നിന്ന്‌ കാര്‍ഷികവായ്‌പ എടുക്കുന്നതിന്റെ നടപടികള്‍ എളുപ്പമാ ക്കാന്‍ കേമ്പ്രസര്‍ക്കാര്‍ ഒരു പദ്ധതി പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ്‌ ഈ കാര്‍ട്ടൂണ്‍ വന്നത്‌. അക്കാലത്ത്‌ രാജ്യത്തെമ്പാടും നിരവധി വായ്‌പാമേളകള്‍ നടന്നിരുന്നു. അത്‌ പ്രധാനമായും കൃഷിക്കാരെ ഉദ്ദേശിച്ചുള്ളതുമായിരുന്നു.

ഇപ്പോള്‍ ഈ കാര്‍ട്ടൂണ്‍ ഓര്‍ത്തുപോവാനുള്ള കാരണം ആഭ്യന്തരമന്ത്രി നടത്തി വരുന്ന`കുബേരശസ്‌ത്രക്രിയ'യും അതിനേത്തുടര്‍ന്ന്‌ മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ ബാങ്കുമേധാവികളുടെസമ്മേളനവുമാണ്‌. ബ്ലേഡുകാരുടെ വായില്‍നിന്ന്‌ പാവങ്ങളെ രക്ഷിച്ച്‌ എങ്ങനെ ബാങ്കുകാരുടെഅടുത്ത്‌ എത്തിയ്‌ക്കാം എന്നായിരുന്നു അന്വേഷണം. വായ്‌പയ്‌ക്കുള്ള നടപടിക്രമങ്ങള്‍ ലളിതവല്‍ക്കരിയ്‌ക്കാന്‍ നിര്‍ദ്ദേശിച്ചതിനു പുറമേ പലിശ നിരക്ക്‌ കുറയ്‌ക്കാനും ഉമ്മന്‍ ചാണ്ടി ബാങ്കുകാരോട്‌ ആവശ്യപ്പെട്ടു.

പൊതുമേഖലാ ബാങ്കുകളുടെ പ്രഖ്യാപിതലക്ഷ്യങ്ങളില്‍ ഒന്ന്‌ ഗ്രാമീണരെ സഹായിയ്‌ക്കുക എന്നതു തന്നെയാണ്‌. 1969-ല്‍ 14 ബാങ്കുകള്‍ ദേശസാല്‍ക്കരിയ്‌ക്കപ്പെട്ടതിനു ശേഷം ഗ്രാമീണമേഖലയില്‍ നിരവധി ശാഖകള്‍ തുറുന്നത്‌ അതിന്റ ഫലമായിട്ടായിരുന്നു. കൃഷിക്കാര്‍ക്കുവായ്‌പ കൊടുക്കാന്‍ ബൃഹദ്‌ പദ്ധതികള്‍ ആവിഷ്‌കരിയ്‌ക്കപ്പെട്ടു. അനുവദിച്ചു കിട്ടാന്‍പൊതുവെ എളുപ്പമാണെന്നതിനു പുറമേ പലിശ നിരക്കും അതിനു കുറവായിരുന്നു. വീടുപണിയ്‌ക്കുള്ള വായ്‌പകള്‍ക്ക്‌ മുന്‍ഗണന നല്‍കി. വിദ്യാഭ്യാസത്തിനുമുള്ള വായ്‌പകള്‍ ഉദാരമാക്കി. എല്ലാം താഴേക്കിടക്കാരുടെ ക്ഷേമം ഉദ്ദേശിച്ചുള്ള നടപടികള്‍.

പക്ഷേ ഇതെല്ലാം താഴേക്കിടക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റിയോ? ഒരളവു വരെ എന്ന്‌ഒരൊഴുക്കന്‍ മട്ടില്‍ പറയാം. അതിനു കാരണമുണ്ട്‌. കൃഷിയ്‌ക്കും വീടുപണിയ്‌ക്കും വിദ്യാഭ്യാസത്തിനും മാത്രമല്ലല്ലോ പണത്തിന്റെ ആവശ്യം വരുന്നത്‌. അനുജത്തിയെ കെട്ടിച്ചയയ്‌ക്കാന്‍,അച്ഛനെ ആശുപത്രിയിലാക്കാന്‍, അനുജന്‌ ഒരു ജോലി ശരിയാക്കാന്‍, അമ്മയുടെ മരണാനന്തരച്ചടങ്ങുകള്‍ നടത്താന്‍, അങ്ങനെ എന്തെല്ലാം ആവശ്യങ്ങള്‍ വരുന്നുണ്ട്‌! അതൊന്നും ബാങ്കിന്റെ നയപരിധിയില്‍ ന്യായമായും വരില്ല.

തിരുവനന്തപുരത്തെ പേരൂര്‍ക്കടയിലെ അഞ്ചംഗകുടും ത്തിന്റെ ആത്മഹത്യയാണല്ലോ`കുബേരശസ്‌ത്രക്രിയ' തുടങ്ങാനുള്ള കാരണം. തുടര്‍ന്ന്‌ മലയാളത്തിലെ പ്രമുഖപത്രങ്ങളൊക്കെകേരളത്തിലെ പണമിടപാടുകളേക്കുറിച്ച്‌ ലേഖനപരമ്പരകള്‍ തുടങ്ങി. കൂട്ടത്തില്‍ ഏറ്റവും നന്നായത്‌മാധ്യമം പത്രത്തില്‍ ടി. ജുവിന്റെ`കടത്തിനു പിന്നിലെ കെണികള്‍' എന്ന പരമ്പരയാണ്‌.കടമെടുക്കുന്നത്‌ ഇന്ന്‌ ശ്രേഷ്‌ഠമായ എന്തോ കാര്യമായി മാറി എന്ന്‌ അതില്‍ ജുവിന്‍ നിരീക്ഷിയ്‌ക്കുന്നുണ്ട്‌. ഇരുപത്തഞ്ചു കൊല്ലം മുമ്പത്തെ ആവശ്യങ്ങളോ ജീവിതരീതിയോ അല്ലല്ലോഇന്ന്‌ നമുക്കുള്ളത്‌. വരുമാനത്തിനനുസരിച്ചു ചെലവു ചെയ്യുന്നത്‌ ഇന്ന്‌ പഴയ രീതിയാണ്‌.ഏറ്റവും താഴെത്തട്ടില്‍ നില്‍ക്കുന്നവര്‍ക്കു പോലും ചില മിനിമം നിലവാരം പുലര്‍ത്തേണ്ടതുണ്ട്‌.അതുകൊണ്ടു കൂടിയാണ്‌ അവര്‍ കടം വാങ്ങാന്‍ നിര്‍ബ്ബന്ധിതരാവുന്നത്‌. അതിനു പുറമേയാണ്‌അതിരൂക്ഷമായ വിലക്കയറ്റം. നിത്യച്ചെലവിനു തന്നെ കടം കിട്ടുമെങ്കില്‍ അതിനുമുണ്ടാവും ആവശ്യക്കാര്‍. പച്ചക്കറി വാങ്ങാനും ബസ്സു കൂലി കൊടുക്കാനും ഒക്കെ ഇപ്പോള്‍ വായ്‌പ വാങ്ങേണ്ട ഗതികേടിലായിട്ടുണ്ട്‌ നമ്മള്‍.

ഇനി അഥവാ ഇതിനൊക്കെ ബാങ്ക്‌ വായ്‌പ തരുമെന്നു തന്നെ കരുതുക. അച്ഛനെ ഐ സിയൂവില്‍ കിടത്തിയിട്ട്‌ ബാങ്കില്‍ വായ്‌പയ്‌ക്കുള്ള അപേക്ഷ കൊടുക്കാന്‍ പോയാല്‍ അച്ഛന്റെ മരണാനന്തരച്ചടങ്ങിനുള്ള പണമായിരിയ്‌ക്കും പാസ്സായിക്കിട്ടുക. വേഗം, വേഗം എന്ന്‌ ഉരുവിടുന്ന നിരവധി `ബാങ്കേഴ്‌സ്‌' നമുക്കുണ്ട്‌. സ്വര്‍ണ്ണവും കൊണ്ടു ചെന്നാല്‍ മൂന്നു മിനിട്ടിനുള്ളില്‍ പണം കടംകിട്ടുമെന്നാണ്‌ അവരുടെ പരസ്യവാക്യം. അതും വിശ്വസിച്ച്‌ അവിടെ കയറിച്ചെന്നാല്‍ വളരെവേഗത്തില്‍ത്തന്നെ വിവരമറിയും. പണം തിരിച്ചടയ്‌ക്കാന്‍ വൈകിയാലാവട്ടെ, ആകെയുള്ളസ്വര്‍ണ്ണത്തരി കയ്യില്‍നിന്ന്‌ പൊയ്‌പ്പോവുകയും ചെയ്യും.
1993-ല്‍ അധികാരത്തിലേറിയ നരസിംഹറാവുവിന്റെ കാലത്താണ്‌ ഇന്ത്യയുടെ സാമ്പത്തികനയത്തില്‍ കാര്യമായ മാറ്റങ്ങള്‍ വന്നത്‌. ആ വര്‍ഷം തന്നെയാണ്‌ ഇന്ത്യയില്‍ പുതുതലമുറ
ബാങ്കുകള്‍ക്ക്‌ ലൈസന്‍സ്‌ കൊടുത്തതും. അവരുടെ മുന്‍ഗണനകള്‍ ദേശസാല്‍കൃത ാങ്കുകളില്‍ നിന്ന്‌വ്യത്യസ്‌തമായിരുന്നു. മേലേക്കിടയില്‍പ്പെട്ടവരെയാണ്‌ ഉപഭോക്താക്കളായി അവര്‍ലക്ഷ്യം വെച്ചത്‌. വാഹനവായ്‌പകള്‍ക്ക്‌ അവര്‍ മുന്‍ഗണന നല്‍കിയത്‌ അതിന്റെ ഭാഗമാണ്‌.വാഹനം വാങ്ങണം എന്ന്‌ മനസ്സില്‍ ഒന്നു മന്ത്രിയ്‌ക്കുകയേ വേണ്ടൂ, വാഹനവില്‍പ്പനക്കാര്‍ തന്നെഫോം കൊണ്ടുവന്ന്‌ പൂരിപ്പിച്ചു കൊടുത്ത്‌ വായ്‌പ ശരിയാക്കി വാഹനം മുറ്റത്തു കൊണ്ടുവന്ന്‌തളയ്‌ക്കും.

പുതുതലമുറ ബാങ്കുകളുടെ ഇടപാടുകള്‍ പൊതുമേഖലാ ബാങ്കുകളേപ്പോലെ അത്രസുതാര്യമല്ല. പല പേരിലുമായി 20% മുതല്‍ 25% വരെ പലിശ ഈടാക്കുന്നുണ്ട്‌. പണം തിരിച്ചടയ്‌ക്കാന്‍ അമാന്തിച്ചാല്‍ അതു പിടിച്ചുപറ്റാന്‍ ഗുണ്ടാസംഘങ്ങളും അവര്‍ക്കുണ്ട്‌.പക്ഷേ അതൊന്നുമല്ല പ്രശ്‌നം. ബാങ്കില്‍നിന്നു കടം കിട്ടാന്‍ മതിയായ ഈടു വേണം.ബാങ്കേഴ്‌സില്‍ നിന്നു കടം കിട്ടാന്‍ വേണ്ടത്ര സ്വര്‍ണ്ണവും വേണം. കുടും വരുമാനം ഏറ്റവുംകൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ്‌ ഇപ്പോള്‍ കേരളം എന്ന്‌ ടി. ജുവിന്‍ തന്റെ ലേഖനപരമ്പരയില്‍പറയുന്നുണ്ട്‌. കൂലിപ്പണിക്കാര്‍ക്ക്‌ 800 ഉറുപ്പിക വരെ നിത്യവരുമാനമുണ്ട്‌. പക്ഷേ ഈടുനല്‍കാന്‍ അവരുടെ കയ്യില്‍ ഭൂമിയും സ്വര്‍ണ്ണവും ഒന്നുമുണ്ടാവില്ല. ഇതും ബാങ്കിലെ കാലതാമസവുമാണ്‌ ആവശ്യക്കാരെ ബാങ്കുകാരില്‍നിന്ന്‌ അകറ്റുന്നത്‌.

ഇവിടെയാണ്‌ കേരളത്തിലെ ബ്ലേഡ്‌ കമ്പനികള്‍ കയറിപ്പറ്റുന്നതും. കടത്തില്‍മുറിഞ്ഞുപോവും എന്ന്‌ അറിഞ്ഞുകൊണ്ടുതന്നെയാണ്‌ അവര്‍ക്ക്‌ ആളുകള്‍ കഴുത്തു നീട്ടിക്കൊടുക്കുന്നത്‌ എന്നര്‍ത്ഥം.

മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സമ്മേളനത്തില്‍ എന്തായിരുന്നു ബാങ്കുകാരുടെ പ്രതികരണംഎന്നു വ്യക്തമല്ല. നടപടിക്രമങ്ങള്‍ ലളിതവല്‍ക്കരിയ്‌ക്കാന്‍ പറഞ്ഞതു മനസ്സിലാക്കാം. അത്‌ആവശ്യമാണു താനും. പക്ഷേ ഉമ്മന്‍ ചാണ്ടി പറഞ്ഞതുകൊണ്ട്‌ പലിശനിരക്കു കുറയ്‌ക്കാന്‍ബാങ്കുകള്‍ തയ്യാറാവുമോ? പാവങ്ങളെ സഹായിയ്‌ക്കാന്‍ മാത്രമല്ലല്ലോ അവര്‍ കട തുറന്നിരിയ്‌ക്കുന്നത്‌?

അല്ലെങ്കില്‍ എത്രകണ്ട്‌ സൗഹാര്‍ദ്ദപരമാണ്‌ പൊതുമേഖലാബാങ്കുകള്‍? ദേശസാല്‍ക്കരിയ്‌ക്കുമ്പോള്‍ അത്‌ വലിയ ഒരു സമൂഹത്തിന്റെ അടുത്തേയ്‌ക്കാണ്‌ എത്തിച്ചേര്‍ന്നത്‌. ബാങ്കിങ്ങിനേക്കുറിച്ച്‌ താരതമ്യേന അറിയാത്ത ഒരു വിഭാഗത്തിന്റെ അടുത്തേയ്‌ക്ക്‌. സ്വാഭാവികമായും ഉദ്യോഗസ്ഥര്‍ക്ക്‌ കൂടുതല്‍ ക്ഷമ ആവശ്യമായിരുന്നു. അതെത്രയ്‌ക്കുണ്ടായിട്ടുണ്ട്‌? അവരെ വേണ്ടത്ര അടുപ്പിയ്‌ക്കാന്‍ ബാങ്കിനു കഴിഞ്ഞിട്ടുണ്ടോ? പെരുമാറ്റത്തില്‍, കാര്യക്ഷമതയില്‍, സമീപനത്തില്‍?
സംശയമാണ്‌. പെരുമാറ്റത്തില്‍ ഒരു സര്‍ക്കാര്‍ ആപ്പീസിന്റെ അലംഭാവം ചിലര്‍ക്കെങ്കിലുംഅനുഭവപ്പെട്ടിട്ടില്ലേ? കാര്യക്ഷമതയുടെ പോരായ്‌മ ഇതെഴുതുന്ന എനിയ്‌ക്കു തന്നെ നിരവധിതവണ അനുഭവപ്പെട്ടിട്ടുണ്ട്‌. സമീപനമോ? കടം വാങ്ങാന്‍ വരുന്നവരോടു പോട്ടെ, സാധാരണ ഇടപാടുകാരോടു പോലും എങ്ങനെയാണ്‌ അത്‌? എന്റെ ഒരു കൂട്ടുകാരനായ സുധീര്‍ പണിക്കവീട്ടിലിന്‌ ഈയിടെ ഉണ്ടായ ഒരനുഭവം പറയട്ടെ. കുറേ വര്‍ഷങ്ങളായി ന്യൂയോര്‍ക്കിലാണ്‌ സുധീര്‍താമസിയ്‌ക്കുന്നത്‌. ഈ വിദേശവാസിയായ ഭാരതീയന്‍ (വിവാഭാ) കഴിഞ്ഞ മാര്‍ച്ചില്‍ അദ്ദേഹത്തിന്റെ സഹോദരിയ്‌ക്ക്‌ ഒരു സംഖ്യ ഡോളര്‍ ചെക്ക്‌ വഴി അയച്ചുകൊടുത്തു. സഹോദരിയ്‌ക്ക്‌തൃശ്ശൂര്‍ ജില്ലയിലെ ഊരകം എന്ന സ്ഥലത്തെ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറില്‍ കഴിഞ്ഞ ഇരുപതുവര്‍ഷത്തോളമായി എക്കൗണ്ടുണ്ട്‌.

ഇനി സുധീറിന്റെ വാക്കുകള്‍: `ഞങ്ങള്‍ പ്രവാസികള്‍ നാട്ടില്‍ വന്നാല്‍ അനുഭവിയ്‌ക്കാറുള്ളബുദ്ധിമുട്ടുകളേക്കുറിച്ച്‌ ഒരു ധാരണയുണ്ടല്ലോ. കസ്റ്റംസ്‌ മുതല്‍ ടാക്‌സിക്കാര്‍ വരെ ആക്രമിയ്‌ക്കുന്നു. അത്‌ ചിരന്തനമായ ഒരാചാരമായിപ്പോയി. എന്നാല്‍ ഒരു ബാങ്കിലെ മാനേജര്‍സര്‍ക്കാര്‍ ജോലിക്കാരേപ്പോലെ നക്കാപ്പിച്ച കാശിനു വേണ്ടി ചെക്ക്‌ മാറിക്കൊടുക്കാതിരിയ്‌ക്കുകഎന്ന ലജ്ജാകരമായ സംഭവം ഉണ്ടായി. അദ്ദേഹത്തിന്റെ വാദം ചെക്കിന്റെ മുകളില്‍നിന്ന്‌ ഇത്തിരി(ഒരു പൊട്ടിനേക്കാള്‍ ചെറുത്‌) പൊട്ടിപ്പോയിട്ടുണ്ടെന്നാണ്‌. ചെക്ക്‌ പുസ്‌തകത്തില്‍നിന്നു വലിച്ചുകീറിയപ്പോള്‍ ഇത്തിരി പൊട്ടിപ്പോയി. അങ്ങനെ ഇതിനു മുമ്പും സംഭവിച്ചിട്ടുണ്ട്‌. എന്നാല്‍ ഇവിടെയോനാട്ടിലെ മറ്റു ബാങ്കുകളിലോ ഇതുവരെ ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല.'

സുധീര്‍ ചെക്കിന്റെ ഡ്യൂപ്ലിക്കേറ്റ്‌ കോപ്പി സ്‌കാന്‍ ചെയ്‌ത്‌ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറിന്റെഎം ഡിയ്‌ക്ക്‌ അയച്ചു. (വായനക്കാര്‍ക്കു വേണ്ടി അതിന്റെ ചിത്രം ഇവിടെയും അടക്കംചെയ്യുന്നു.) ബന്ധപ്പെട്ടവര്‍ക്ക്‌ അയച്ചിട്ടുണ്ട്‌, അവരില്‍നിന്നു കേട്ടില്ലെങ്കില്‍ വീണ്ടും ബന്ധപ്പെടുകഎന്ന നല്ല വാക്കില്‍ ഒരു വരി മറുപടി കിട്ടി അദ്ദേഹത്തിന്‌. അതു കഴിഞ്ഞിട്ട്‌ മൂന്നാഴ്‌ച കഴിഞ്ഞപ്പോള്‍ സുധീര്‍ വീണ്ടും എം ഡിയ്‌ക്കെഴുതി. ആ കത്തിനാവട്ടെ മറുപടി തന്നെ കിട്ടിയില്ല.സുധീര്‍ തുടര്‍ന്നെഴുതുന്നു: `നമ്മള്‍ വിശ്വാസമര്‍പ്പിയ്‌ക്കുന്നവരാണ്‌ ബാങ്കുകള്‍. അവര്‍തന്നെ ഇങ്ങനെ പെരുമാറാന്‍ തുടങ്ങിയാല്‍ എന്തു കഷ്ടം!'

അതെ. ഒരു വിവാഭായോട്‌ ഇങ്ങനെയാണ്‌ ബാങ്കുകള്‍ പെരുമാറുന്നതെങ്കില്‍ മറ്റുള്ളവരോട്‌എങ്ങനെയായിരിയ്‌ക്കും? അതും കടം ചോദിച്ച്‌ എത്തുന്നവരോട്‌?ബ്ലേഡുകള്‍ ഇവിടെ തളിര്‍ക്കുന്നതില്‍ എന്തത്ഭുതം?
സുധീര്‍ പണിക്കവീട്ടിലിന്റെ വിധി (അഷ്‌ടമൂര്‍ത്തി)
Join WhatsApp News
vayanakaran 2014-06-11 19:38:00
സി.എം.സി. എഴുതിയപോലെ ദിലീപ് വീണ്ടും
കല്യാണം കഴിക്കുമോ, സുധീറിനെ ബാങ്കുകാർ
അവഗണിച്ചു ഇതൊക്കെ എന്തിനു ഇ മലയാളി
പ്രസിദ്ധീകരിക്കുന്നു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക