Image

ഫൊക്കാനാ കണ്‍വന്‍ഷനായി ഷിക്കാഗോ ഒരുങ്ങി

ജോയിച്ചന്‍ പുതുക്കുളം Published on 10 June, 2014
ഫൊക്കാനാ കണ്‍വന്‍ഷനായി ഷിക്കാഗോ ഒരുങ്ങി
ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ മാതൃസംഘടനയായ ഫൊക്കാനയുടെ പതിനാറാമത്‌ ദേശീയ കണ്‍വന്‍ഷന്‍ ചരിത്രം ഉറങ്ങുന്ന ഷിക്കാഗോയില്‍ അരങ്ങേറുന്നു. റോസ്‌മോണ്ടിയുള്ള ഹയാറ്റ്‌ റീജന്‍സി ഒഹയറില്‍ വെച്ച്‌ ജൂലൈ 4 മുതല്‍ 6 വരെ നടക്കുന്ന കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ്‌ മറിയാമ്മ പിള്ള, സെക്രട്ടറി ടെറന്‍സണ്‍ തോമസ്‌, ട്രഷറര്‍ വര്‍ഗീസ്‌ പാലമലയില്‍, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അഗസ്റ്റിന്‍ കരിംകുറ്റിയില്‍, കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ജോയി ചെമ്മാച്ചേല്‍ എന്നിവര്‍ അറിയിച്ചു.

നാലാം തീയതി വെള്ളിയാഴ്‌ച 5 മണിക്ക്‌ കേരളാ ശൈലിയില്‍ വസ്‌ത്രധാരണം ചെയ്‌ത്‌ താലപ്പൊലിയേന്തിയ നൂറു വനിതകളും, പ്രശസ്‌ത വാദ്യകലാകാരനായ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള 51 ചെണ്ടക്കാരുടേയും അകമ്പടിയോടെ വിശിഷ്‌ടാതിഥികളെ ഹയറ്റ്‌ റീജന്‍സില്‍ ഒരുക്കിയിരിക്കുന്ന കസ്‌തൂര്‍ബാ നഗറിലേക്ക്‌ ആനയിക്കും. 7 മണിക്ക്‌ കസ്‌തൂര്‍ബാ നഗറില്‍ തിരശീല ഉയരുമ്പോള്‍ കേരളാ സാസ്‌കാരിക വകുപ്പ്‌ മന്ത്രി കെ.സി ജോസഫ്‌ ഔദ്യോഗികമായി ആഘോഷ മാമാങ്കത്തിന്‌ തിരികൊളുത്തും. തദവസരത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റിലെ സാരഥികളായ പി.ജെ. കുര്യന്‍, ആന്റോ ആന്റണി, ജോസ്‌ കെ. മാണി, എന്‍.കെ. പ്രേമചന്ദ്രന്‍, മുന്‍ എം.എല്‍.എ എം. മുരളി, കേരളാ ഫിലിം ഡവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സാബു ചെറിയാന്‍ എന്നിവരും സന്നിഹിതരായിരിക്കും. കൂടാതെ കേരളത്തില്‍ നിന്നും സാംസ്‌കാരിക-സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ഉദ്‌ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുന്നതാണ്‌. 9 മണിക്ക്‌ അമേരിക്കയിലേയും കാനഡിയിലേയും കലാകാരന്മാരെ ഉള്‍പ്പെടുത്തിക്കൊണ്ട്‌ സിനിമാ സംവിധായകന്‍ ജയന്‍ മുളങ്ങാടും, ശ്രീധരന്‍ കര്‍ത്തായും ചേര്‍ന്നൊരുക്കുന്ന `അമേരിക്കന്‍ മലയാളികളുടെ കുടിയേറ്റ ഗാഥ ഒരു ഗംഗാ പ്രവാഹം പോലെ' കാണികളെ ഹരംപിടിപ്പിക്കും. രണ്ടര മണിക്കൂര്‍ നേരത്തെ ഒരു നോണ്‍സ്റ്റോപ്പ്‌ കലാപരിപാടിയായിരിക്കും ഇത്‌.

അമേരിക്കയിലെ കലാമൂല്യമുള്ള ഇളംതലമുറയെ പ്രോത്സാഹിപ്പിക്കാനായി ഫൊക്കാന സംഘടിപ്പിക്കുന്ന യുവജനോത്സവത്തോടുകൂടി രണ്ടാം ദിവസത്തെ പരിപാടികള്‍ക്ക്‌ തിരശീല ഉയരും. അഞ്ച്‌ വേദികളിലായി നടക്കുന്ന വിവിധ മത്സരങ്ങളും, തുടര്‍ന്നുള്ള സെമിനാറുകളും അക്ഷരാര്‍ത്ഥത്തില്‍ അമേരിക്കന്‍ മലയാളികള്‍ക്ക്‌ ദേശീയ ഉത്സവത്തിന്റെ പ്രതീതി ജനിപ്പിക്കും. സിനിമാലോകത്തെ പ്രശസ്‌തരായ അംബികാ സുകുമാരന്‍, ദിവ്യാ ഉണ്ണി, മന്യ, സുവര്‍ണ്ണ, മാതു, കാര്‍ത്തിക, തമ്പി ആന്റണി, ടോം ജോര്‍ജ്‌ എന്നിവര്‍ വിധികര്‍ത്തക്കളാകുന്ന മലയാളി മങ്ക, മിസ്‌ ഫൊക്കാന ബ്യൂട്ടി പേജന്റ്‌ മത്സരങ്ങള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്നു.

മൂന്നാം ദിവസം സാഹിത്യ സമ്മേളനം, സ്‌പെല്ലിംഗ്‌ ബീ ഫൈനല്‍ മത്സരം, ചിരിയരങ്ങ്‌, മതസൗഹാര്‍ദ്ദ സമ്മേളനം തുടങ്ങിയ സാംസ്‌കാരിക പരിപാടികള്‍ കണ്‍വന്‍ഷനോടനുബന്ധിച്ച്‌ നടത്തുന്നതായിരിക്കും. അന്നേദിവസം രണ്ടു മണിക്ക്‌ നടക്കുന്ന മത സൗഹാര്‍ദ്ദ സമ്മേളനത്തില്‍ മോസ്റ്റ്‌ റവ. ഡോ. ജോസഫ്‌ മാര്‍ത്തോമാ മെത്രാപ്പോലീത്ത പങ്കെടുക്കുന്നു എന്നുള്ളത്‌ അനുഗ്രഹപ്രദമാണ്‌. എല്ലാദിവസവും കേരളത്തനിമയിലുള്ള ഭക്ഷണം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്‌.

സമാപന സമ്മേളനത്തില്‍ ഇന്ത്യയിലേയും അമേരിക്കയിലേയും പ്രമുഖ രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക,ചലച്ചിത്ര രംഗത്തുനിന്നുമുള്ള പ്രമുഖര്‍ പങ്കെടുക്കുന്നതാണ്‌. അന്നേദിവസം അമേരിക്കന്‍ ശൈലിയിലുള്ള പരമ്പരാഗത ഫൊക്കാനാ ഡിന്നറും ഉണ്ടായിരിക്കും. തദവസരത്തില്‍ ഫൊക്കാനയുടെ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള സാരഥികളെ പരിചയപ്പെടുത്തുന്നതാണ്‌. തുടര്‍ന്ന്‌ വിജയ്‌ യേശുദാസ്‌, രമ്യാ നമ്പീശന്‍, ശ്വേതാ മേനോന്‍ എന്നിവരും സംഘവും ചേര്‍ന്നൊരുക്കുന്ന ലൈവ്‌ ഓക്കസ്‌ട്രയോടുകൂടിയ ഗാനമേളയും, മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും, വയലിന്‍ വിസ്‌മയം ബാലഭാസ്‌കറും ചേര്‍ന്നൊരുക്കുന്ന ഫ്യൂഷന്‍മ്യൂസിക്കും അരങ്ങേറും. റഷ്യയില്‍ നിന്നുള്ള മലയാളി നര്‍ത്തകി ലക്ഷ്‌മി രഘുനാഥ്‌ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയും അവതരിപ്പിക്കുന്നതാണ്‌. കേരളത്തിന്റെ കലയും സംസ്‌കാരവും അമേരിക്കന്‍ മണ്ണില്‍ ആസ്വദിക്കാനുള്ള അമൂല്യ അവസരമാണ്‌ നീണ്ട 12 വര്‍ഷത്തെ ഇടവളേയ്‌ക്കുശേഷം ഷിക്കാഗോയില്‍ നടക്കുന്ന ഈ കണ്‍വന്‍ഷന്‍. ഈ അസുലഭ നിമിഷത്തിന്‌ സാക്ഷികളാകാന്‍ നിങ്ങള്‍ ഏവരേയും കസ്‌തൂര്‍ബാ നഗറിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വര്‍ഗീസ്‌ പാലമലയില്‍ (ട്രഷറര്‍, ഫൊക്കാന) അറിയിച്ചതാണിത്‌.
ഫൊക്കാനാ കണ്‍വന്‍ഷനായി ഷിക്കാഗോ ഒരുങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക