Image

ദുള്‍ക്കര്‍ മമ്മൂട്ടി സജീവമാകുന്നു

Published on 22 November, 2011
ദുള്‍ക്കര്‍ മമ്മൂട്ടി സജീവമാകുന്നു
മലയാള സിനിമയിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുള്‍ക്കര്‍ സല്‍മാന്റെ രണ്ടാമത്‌ ചിത്രവും ഷൂട്ടിംഗ്‌ ആരംഭിക്കുന്നു. കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിക്കുന്ന ദുള്‍ക്കറിന്റെ ആദ്യ സിനിമ ചിത്രീകരണം പൂര്‍ത്തീയാകുമ്പോള്‍ തന്നെയാണ്‌ അടുത്ത സിനിമയുടെ അനൗണ്‍സ്‌മെന്റും എത്തിയിരിക്കുന്നു. ആദ്യ സിനിമയായ സെക്കന്റ്‌ ഷോയുടെ പിന്നണയില്‍ പുതുമുഖങ്ങളായിരുന്നുവെങ്കില്‍ ഇത്തവണ ഹിറ്റ്‌ മേക്കറായ അന്‍വര്‍ റഷീദാണ്‌ ദുള്‍ക്കറിനെ നായകനാക്കി ചിത്രം ഒരുക്കുന്നത്‌.

ചിത്രത്തിന്റെ പേര്‌ ഉസ്‌താദ്‌ ഹോട്ടല്‍. ഈ ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായിട്ടാണ്‌ ദുള്‍ക്കര്‍ സല്‍മാന്‍ എത്തുന്നത്‌. ഇതോടെ മലയാള സിനിമയില്‍ സ്വന്തമായി ഒരിടം തേടി തന്നെയാണ്‌ ദുള്‍ക്കര്‍ സല്‍മാന്‍ എത്തുന്നതെന്ന്‌ ഉറപ്പായി. 25 വയസുകാരനായ ദുള്‍ക്കര്‍ സല്‍മാന്‍ ഉപരിപഠനത്തിനു ശേഷം മുംബൈയിലെ ആക്‌ടിംഗ്‌ സ്‌കൂളില്‍ നിന്നും അഭിനയത്തില്‍ പരിശീലനവും കഴിഞ്ഞാണ്‌ മലയാള സിനിമയിലേക്ക്‌ എത്തുന്നത്‌. പഠന കാലയളവില്‍ ഡോക്യുമെന്ററികളിലും ഷോര്‍ട്ട്‌ഫിലിമുകളിലും അഭിനയിച്ച പരിചയവും ദുള്‍ക്കറിനുണ്ട്‌. ഒപ്പം തിരക്കഥാ രചനയിലും ദുള്‍ക്കറിന്‌ താത്‌പര്യമുണ്ട്‌.

ആദ്യ സിനിമയായ സെക്കന്റ്‌ ഷോ സംവിധാനം ചെയ്യുന്നത്‌ ദുള്‍ക്കറിന്റെ സുഹൃത്ത്‌ കൂടിയായ ശ്രീനാഥ്‌ രാജേന്ദ്രനാണ്‌. ശ്രീനാഥിന്റെയും ആദ്യ ചിത്രമാണ്‌ സെക്കന്റ്‌ ഷോ. ദുള്‍ക്കറിനെ നായകനാക്കാന്‍ ശ്രീനാഥ്‌ ആദ്യം സമീപിച്ചത്‌ മമ്മൂട്ടിയെയാണ്‌. എന്നാല്‍ താന്‍ ആദ്യം ഒഴിഞ്ഞു മാറുകയായിരുന്നുവെന്നാണ്‌ മമ്മൂട്ടി പറയുന്നത്‌. പക്ഷെ ശ്രീനാഥിന്റെ നിര്‍ബന്ധം കാരണമാണ്‌ ദുള്‍ക്കര്‍ അഭിനയത്തിലേക്ക്‌ കടന്നത്‌. മാത്രമല്ല മമ്മൂട്ടിയുടെ മകന്‍ നായകനാകുന്ന എന്ന തരത്തിലുള്ള വലിയ പബ്ലിസിറ്റികളും ചിത്രത്തിന്‌ വേണ്ടെന്ന്‌ വെച്ചു. പകരം വളരെ രഹസ്യമായ ചിത്രീകരണമായിരുന്നു കോഴിക്കോട്‌ ചിത്രത്തിനുണ്ടായിരുന്നത്‌. എന്തായാലും സെക്കന്റ്‌ ഷോ പൂര്‍ത്തിയായതോടെ ദുള്‍ക്കറിനെ തേടി വീണ്ടും അവസരങ്ങള്‍ എത്തുക തന്നെയാണ്‌.

മമ്മൂട്ടിയുടെ മകന്‍ നായകനാകുന്നു എന്ന കൗതുകത്തിനും അപ്പുറം ഒരു താരത്തിനു വേണ്ട എല്ലാ ഘടകങ്ങളും ദുള്‍ക്കറിനുണ്ട്‌ എന്ന്‌ പുതിയ ചിത്രത്തിന്റെ സംവിധായകന്‍ അന്‍വര്‍ റഷീദ്‌ പറയുന്നു. ഉസ്‌താദ്‌ ഹോട്ടലിലെ കഥാപാത്രത്തിന്‌ ഏറെ യോജിച്ചത്‌ ദുള്‍ക്കറിനെപ്പോലൊരാള്‍ തന്നെയായതിനാലാണ്‌ ദുള്‍ക്കര്‍ തന്റെ സിനിമയിലെത്തിയതെന്നതും അന്‍വര്‍ പറയുന്നു.

രാജമാണിക്യം എന്ന മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ്‌ ചിത്രം സംവിധാനം ചെയ്‌തുകൊണ്ടാണ്‌ അന്‍വര്‍ റഷീദ്‌ മലയാള സിനിമയിലെത്തിയത്‌. പിന്നീട്‌ മമ്മൂട്ടി ഇരട്ടവേഷത്തില്‍ അഭിനയിച്ച അണ്ണന്‍ തമ്പിയും സംവിധാനം ചെയ്‌തത്‌ അന്‍വര്‍ റഷീദ്‌ തന്നെയാണ്‌. ഇപ്പോള്‍ മമ്മൂട്ടിയുടെ മകന്റെ ചിത്രമൊരുക്കുന്നതും അന്‍വര്‍ റഷീദ്‌ തന്നെ.

മലയാളത്തിലെ തന്നെ പ്രശസ്‌ത തിരക്കഥാകൃത്തും സംവിധായികയുമായ അഞ്‌ജലി മേനോനാണ്‌ ഉസ്‌താദ്‌ ഹോട്ടലിന്റെ തിരക്കഥയൊരുക്കുന്നത്‌. മഞ്ചാടിക്കുരു എന്ന സമാന്തര ചിത്രം സംവിധാനം ചെയ്‌തുകൊണ്ടാണ്‌ അഞ്‌ജലി മേനോന്‍ മലയാള സിനിമയിലേക്ക്‌ എത്തുന്നത്‌. പിന്നീട്‌ കേരളാ കഫേയിലെ ഹാപ്പിജേര്‍ണി എന്ന ചിത്രം എഴുതി സംവിധാനം ചെയ്‌തതും അഞ്‌ജലി തന്നെ. ഒരു വനിതാ തിരക്കഥാകൃത്ത്‌ ഒരുക്കുന്ന മുഖ്യധാര കൊമേഴ്‌സ്യല്‍ സിനിമ എന്ന പ്രത്യേകതയും ഇതുകൊണ്ട്‌ ഉസ്‌താദ്‌ ഹോട്ടലിനുണ്ട്‌. മലയാളത്തില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കാഴ്‌ചയാണ്‌ ഒരു വനീതാ തിരക്കഥാകൃത്തിന്റെ കൊമേഴ്‌സ്യല്‍ സിനിമയിലെ സാന്നിധ്യം.

ട്രാഫിക്‌, ചാപ്പാകുരിശ്‌ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച ലിസ്റ്റിന്‍ സ്റ്റീഫനാണ്‌ ഈ ചിത്രം നിര്‍മ്മിക്കുന്നത്‌. പുതുമുഖങ്ങളാണ്‌ ചിത്രത്തില്‍ താരങ്ങളെങ്കിലും വന്‍ ബജറ്റ്‌ ചിത്രമായാണ്‌ ഉസ്‌താദ്‌ ഹോട്ടല്‍ ഡിസൈന്‍ ചെയ്‌തിരിക്കുന്നത്‌.

യുവത്വത്തിന്‌ പ്രധാന്യം നല്‍കുന്ന ഈ ചിത്രം ഹൃദ്യമായ ഒരു കുടുംബ കഥ കൂടി പറയുന്നു. ഒരു പ്രണയകഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ്‌ ഈ ചിത്രം. ആറോളം വ്യത്യസ്‌തമായ ലൊക്കേഷനുകളില്‍ ചിത്രീകരിക്കുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്‌.

ഫൈസി എന്നാണ്‌ ഈ ചിത്രത്തിലെ ദുല്‍ക്കര്‍ സല്‍മാന്റെ കഥാപാത്രത്തിന്റെ പേര്‌. സമ്പന്ന കുടുംബാഗമാണ്‌ ഫെസി. ജീവിതം ആസ്വദിക്കുകയാണിവന്റെ ലക്ഷ്യം. സംഗീതം ലഹരിയും ആവേശവും. അങ്ങനെയൊരു മ്യൂസിക്ക്‌ ട്രൂപ്പ്‌സംഘടിപ്പിക്കുന്നു. പിന്നെയൊരു ഹോട്ടലും. `ഹോട്ടല്‍ ഉസ്‌താദ്‌'. ഇതിനിടയില്‍ അവന്റെ ജീവിതത്തിലേക്ക്‌ കടന്നു വന്ന രണ്ടു പെണ്‍കുട്ടികള്‍. ഇവിടെ നിന്നും അപ്രതീക്ഷിതമായ വഴിത്തിരിവുകള്‍.

നിത്യാമേനോനാണ്‌ ഈ ചിത്രത്തിലെ ഒരു നായിക. ഭഗത്‌, ആര്യന്‍, തിലകന്‍, സിദ്ധിഖ്‌, മാമുക്കോയ തുടങ്ങിയവരും പ്രധാന താരങ്ങളാണ്‌. റഫീക്‌ അഹമ്മദ്‌, ഗോപി സുന്ദര്‍ ടീമിന്റെ നാലു ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ട്‌. ലോകനാഥന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

നവംബര്‍ 25 മുതല്‍ ഉസ്‌താദ്‌ ഹോട്ടലിന്റെ ചിത്രീകരണം ആരംഭിക്കും.

മുപ്പതില്‍ അധികം വര്‍ഷങ്ങളായി മലയാള സിനിമയുടെ സജീവ സാന്നിധ്യമായ മമ്മൂട്ടിയുടെ മകന്‍ സിനിമയിലേക്ക്‌ എത്തുന്നു എന്നത്‌ തീര്‍ച്ചയായും ജനശ്രദ്ധയാകര്‍ഷിക്കുന്ന കാര്യമാണ്‌. മുന്നൂറില്‍ അധികം സിനിമകളും നിരവധി വിജയ ചിത്രങ്ങളും പല ദേശിയ അന്തര്‍ദേശിയ പുരസ്‌കാരങ്ങളും നേടിയിട്ടുള്ള മമ്മൂട്ടിയുടെ മകന്‌ മമ്മൂട്ടിയെപ്പോലെയോ അതിനും മുകളിലോ മലയാള സിനിമയില്‍ ശോഭിക്കാന്‍ കഴിയണം എന്നു തന്നെയാവും പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്‌. ഈ പ്രതീക്ഷ സഫലമാകുമോ എന്നത്‌ ദുള്‍ക്കറിന്റെ ആദ്യ ചിത്രങ്ങള്‍ തെളിയിക്കും.

ആദ്യ സിനിമകളിലൂടെ സ്വന്തമായി ഒരു പേര്‌ നേടിയെടുക്കാന്‍ ദുള്‍ക്കറിന്‌ കഴിയുമെങ്കില്‍ മലയാള സിനിമയിലെ യുവനിരയില്‍ ഏറ്റവും ശ്രദ്ധേയനായി ദുള്‍ക്കര്‍ മാറും. മറ്റൊരു താരത്തിനും കിട്ടാത്ത പ്രശസ്‌തിയും ദുള്‍ക്കറിനെ തേടിയെത്തും. എന്തായാലും ജനുവരിയില്‍ ദുള്‍ക്കറിന്റെ ആദ്യ ചിത്രമായ സെക്കന്റ്‌ഷോ പ്രദര്‍ശനത്തിനെത്തുന്നതിനായി കാത്തിരിക്കാം.
ദുള്‍ക്കര്‍ മമ്മൂട്ടി സജീവമാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക