Image

ബാങ്ക്‌ പലിശ നിരക്ക്‌ 2012 മാര്‍ച്ച്‌മാസത്തോടെ കുറഞ്ഞേക്കും: ഡോ. വി.എ. ജോസഫ്‌

Published on 21 November, 2011
ബാങ്ക്‌ പലിശ നിരക്ക്‌ 2012 മാര്‍ച്ച്‌മാസത്തോടെ കുറഞ്ഞേക്കും: ഡോ. വി.എ. ജോസഫ്‌
ദുബായ്‌: ബാങ്ക്‌ പലിശ നിരക്കുകളിലെ വര്‍ധന 2012 മാര്‍ച്ച്‌ മാസത്തോടെ താഴേക്കു വരാന്‍ സാധ്യതയുണ്ടെന്നു സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ എംഡിയും സിഇഒയുമായ ഡോ. വി.എ. ജോസഫ്‌. മാര്‍ച്ചോടെ നാണ്യപ്പെരുപ്പം കുറയാനിടയുള്ളതിനാലാണ്‌ ഇതെന്ന്‌ അദ്ദേഹം `പറഞ്ഞു. സാമ്പത്തിക മാന്ദ്യം വീണ്ടും വരുമെന്ന ആശങ്കയ്‌ക്ക്‌ ഇന്ത്യന്‍ ബാങ്കിങ്‌ മേഖലയെ സംബന്ധിച്ച്‌ അടിസ്‌ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ ലോകം സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിച്ചത്‌ അപ്രതീക്ഷിതമായിരുന്നു. ഇപ്പോള്‍ മാന്ദ്യം വരുമ്പോള്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ച്‌ അവബോധമുണ്ട്‌. മാത്രമല്ല, ലോകത്തിലെ ഏറ്റവും ശക്‌തമായ ബാങ്കിങ്‌ വ്യവസ്‌ഥയാണ്‌ ഇന്ത്യയുടേത്‌.

ഇനി ഒരു സാമ്പത്തിക മാന്ദ്യം വന്നാല്‍ത്തന്നെ ഒരു പ്രശ്‌നവും ഇന്ത്യയ്‌ക്കുണ്ടാകില്ലെന്നു ഡോ. ജോസഫ്‌ പറഞ്ഞു. യൂറോപ്പിനെയും അമേരിക്കയെയും അപേക്ഷിച്ചു ഭദ്രവും യുക്‌തവുമായ തീരുമാനങ്ങളാണ്‌ ഇന്ത്യന്‍ ബാങ്കിങ്‌ മേഖലയിലുണ്ടായിരിക്കുന്നത്‌. റിസര്‍വ്‌ ബാങ്ക്‌ ആലോചിച്ചു നടപ്പാക്കുന്ന തീരുമാനങ്ങളാണു ശക്‌തിയാവുന്നത്‌. സാധാരണക്കാര്‍ക്കു ബാങ്ക്‌ വായ്‌പകള്‍ അപ്രാപ്യമാകുന്നുവെന്നു പറയുന്നതു ശരിയല്ല. ആവശ്യങ്ങള്‍ക്ക നുസരിച്ചുള്ള ഇടപാടുകള്‍ നടക്കുന്നുണ്ട്‌. പലിശ നിരക്കുകള്‍ കൂടുമ്പോഴാണു സ്‌ഥിരവരുമാനക്കാരായവര്‍ക്കു റിയല്‍ എസ്‌റ്റേറ്റ്‌ മേഖലയിലും മറ്റും ഇടപാടുകള്‍ നടത്താന്‍ പറ്റിയ സമയം. വായ്‌പാ നിരക്കുകള്‍ കൂടുമ്പോള്‍ റിയല്‍ എസ്‌റ്റേറ്റ്‌ നിരക്കുകളില്‍ ഇടിവും കുറവും വരും. ഇതുപയോഗപ്പെടുത്താവുന്നതാണ്‌. തിരിച്ചടയ്‌ക്കാന്‍ കഴിവുണ്ടെന്ന്‌ ഉറപ്പുള്ളവര്‍ മാത്രമേ വായ്‌പകളെ ആശ്രയിക്കാവൂവെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

പ്രവാസികള്‍ക്കു സുരക്ഷിതമായി ആശ്രയിക്കാവുന്നതു ഭൂമി, സ്വര്‍ണം, മികച്ച കമ്പനികളുടെ ഉറപ്പുള്ള ഓഹരികള്‍, ബാങ്ക്‌ നിക്ഷേപങ്ങള്‍ എന്നിവയാണ്‌. ഭൂമിക്കു വില കുറയുകയേ ഇല്ല. ജനസംഖ്യ കൂടുമ്പോഴും ഭൂമി കൂടുന്നില്ല എന്നതുതന്നെ കാരണം. സ്വര്‍ണവും സുരക്ഷിതമായ നിക്ഷേപമാണ്‌. വില കുറയുന്നതിന്‌ എത്രയായാലും ഒരു പരിധിയുണ്ടാകും. നല്ല കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്നതു പെട്ടെന്നു സമ്പത്തു നല്‍കില്ലെങ്കിലും ദീര്‍ഘകാലാടിസ്‌ഥാനത്തില്‍ ഗുണകരമാകും. ബാങ്ക്‌ നിക്ഷേപവും ഇതുപോലെയാണ്‌. ഇപ്പോള്‍ കൂടിയ നിരക്കില്‍ നിക്ഷേപിച്ചാല്‍ ഭാവിയില്‍ പലിശ നിരക്കുകള്‍ കുറഞ്ഞാലും അതേ നിരക്കുതന്നെ ലഭിക്കും.

പ്രവാസികള്‍ക്കായി `പ്രവാസി സ്വാഗത്‌ എന്ന പദ്ധതി സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ നടപ്പാക്കുന്നുണ്ട്‌. അഞ്ചു വര്‍ഷത്തോളം ബാങ്കുമായി ഇടപാടു നടത്തിയ വ്യക്‌തികള്‍ക്കു നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ വ്യവസ്‌ഥകള്‍ക്കു വിധേയമായി ബാങ്ക്‌ ധനസഹായം നല്‍കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ബാങ്ക്‌ സ്‌ഥിരമായി നേട്ടമുണ്ടാക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. 2005ല്‍ 13,000 കോടിയുടെ ഇടപാടുകളാണു ബാങ്ക്‌ നടത്തിയിരുന്നത്‌. തുടങ്ങി 76 വര്‍ഷത്തിനു ശേഷമായിരുന്നു ഇത്‌. 2008 ല്‍ ബിസിനസ്‌ 25,600 കോടിയായി. 2011ല്‍ അത്‌ 50,200 കോടി രൂപയായി വര്‍ധിച്ചു.

ജീവനക്കാരുടെ പ്രായപരിധിയില്‍ ഗണ്യമായ കുറവുണ്ട്‌. ശരാശരി 37 ആണു ജീവനക്കാരുടെ പ്രായം. സാങ്കേതിക വിദ്യയിലും ജീവനക്കാരുടെ യോഗ്യതയിലുമുണ്ടായ പുരോഗതി ബാങ്കിന്റെ പ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കുന്നു. ബാങ്കിലെ 5,600 ജീവനക്കാരില്‍ 2,400 പേരും 30 വയസില്‍ താഴെയുള്ളവരാണ്‌. നിലവില്‍ 645 ശാഖകളുള്ള ബാങ്ക്‌ വരും വര്‍ഷത്തില്‍ 55 ശാഖകള്‍ കൂടി തുറക്കാന്‍ ഉദ്ദേശിക്കുന്നു. 2012 മാര്‍ച്ചോടെ 700 ശാഖകളാകും. എടിഎമ്മുകള്‍ 600 ആകും. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്‌തി 0.99% മാത്രമാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
ബാങ്ക്‌ പലിശ നിരക്ക്‌ 2012 മാര്‍ച്ച്‌മാസത്തോടെ കുറഞ്ഞേക്കും: ഡോ. വി.എ. ജോസഫ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക