Image

അപര്‍ണയുടെ കഥ (നോവല്‍- ഭാഗം: 5 - ടോം മാത്യൂസ്,ന്യൂജേഴ്‌സി)

ടോം മാത്യൂസ്,ന്യൂജേഴ്‌സി Published on 04 June, 2014
അപര്‍ണയുടെ കഥ (നോവല്‍- ഭാഗം: 5 - ടോം മാത്യൂസ്,ന്യൂജേഴ്‌സി)
അദ്ധ്യായം 5
പുതിയ ചുറ്റുപാടുകള്‍; പുതിയ സൈക്കിള്‍

ഇതുവരെ ജീവിച്ച ചുറ്റുപാടില്‍നിന്ന് അകന്നതും പ്രിയപ്പെട്ട കൂട്ടുകാരിയായ ദീപാലിയെ പിരിയേണ്ടി വന്നതും അപര്‍ണയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. പുതിയ ജീവിതസാഹചര്യങ്ങളുമായി അവള്‍ക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. അവിടെ കണ്ടുമുട്ടിയ പുത്തന്‍ മുഖങ്ങളില്‍നിന്നും അവള്‍ ഒഴിഞ്ഞുമാറി. അപര്‍ണയുടെ തേങ്ങലുകള്‍ക്ക് ഒരു കടലോളം വലുപ്പമുണ്ടായിരുന്നു. മുത്തശ്ശനും മുത്തശ്ശിയും അവള്‍ക്കൊരു പഴയ സൈക്കിള്‍ വാങ്ങിക്കൊടുത്തു. വീടിന്റെ പരിസരങ്ങളില്‍ ചുറ്റിത്തിരിയുന്നതിനു ആ സൈക്കിള്‍ ഉപകരിച്ചു. അതിലൂടെ അപര്‍ണ പുതിയ ജീവിതാന്തരീക്ഷത്തോട് ഇണങ്ങിച്ചേരുമെന്ന് മുത്തശ്ശനും മുത്തശ്ശിയും കരുതി.
സൈക്കിളിലുള്ള സവാരി അവര്‍ പ്രോത്സാഹിപ്പിച്ചെങ്കിലും എവിടെപ്പോയാലും സന്ധ്‌യ്ക്കു മുമ്പേ വീട്ടിലെത്തണമെന്നും അവരുടെ കണ്‍വെട്ടത്തുനിന്ന് ഒത്തിരി അകലത്തേക്ക് പോകരുതെന്നും പ്രത്യേകം അപര്‍ണയോടു പറഞ്ഞിരുന്നു.

ക്രമേണ അവിടെയുള്ള ചില പെണ്‍കുട്ടികളെ അപര്‍ണയ്ക്കു കൂട്ടുകാരികളായി കിട്ടി. അവരുടെ ഇടയില്‍ സൈക്കിള്‍ ഉള്ള ഒരേയൊരാള്‍ അപര്‍ണയായിരുന്നു. അങ്ങനെ അപര്‍ണ പുതിയ സ്‌ക്കൂളുമായും അവിടുത്തെ അദ്ധ്യാപകരുമായും  പൊരുത്തപ്പെട്ടുതുടങ്ങി. അമ്മയുടെ സ്‌നേഹപരിചരണങ്ങളായിരുന്നു അവളുടെ ഏറ്റവും വലിയ സമ്പാദ്യം. ലക്ഷ്മി അത് ആവോളം അവള്‍ക്കു പകര്‍ന്നുകൊടുത്തു. ആരുമായി സംസാരിച്ചാലും അച്ഛനെക്കുറിച്ചുള്ള കാര്യങ്ങള്‍ പറയാതിരിക്കാന്‍ അവള്‍ ബോധപൂര്‍വ്വം ശ്രമിച്ചു.

ഒരു ബസ്റ്റോപ്പില്‍നിന്നും വരുന്ന റോഡിനടുത്തായിരുന്നു പുതിയ താമസസ്ഥലം. കൊളാബ, ഫ്‌ളോറഫൗണ്ടേഷന്‍ തുടങ്ങിയ വ്യവസായകേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഈ ബസ്സ്‌റ്റോപ്പില്‍ ഇറങ്ങി, ചേരിയിലേക്കു പോകുന്ന റോഡിലുടെതന്നെയാണ് അവരുടെ താമസസ്ഥലത്തേക്കും പോകുന്നത്. ചേരിയുടെ മുന്നിലെത്തുമ്പോള്‍ അവര്‍ ബാഗുകള്‍ നെഞ്ചിലോട്ടു ചേര്‍ത്തമര്‍ത്തിവയ്ക്കും. ചേരിയിലെ ആളുകളെ അവര്‍ ഭയക്കുകയും വെറുക്കുകയും ചെയ്തിരുന്നു.

ലക്ഷ്മിയും അപര്‍ണയും അന്ധേരി ഈസ്റ്റിലേക്ക് പോയതിനു ശേഷം ഗോപാല്‍ വല്ലപ്പോഴും മാത്രമേ ജോലിക്കു പോകുമായിരുന്നുള്ളൂ. അല്ലാത്ത ദിവസങ്ങളില്‍ അയാള്‍ മദ്യപിച്ച് വീട്ടില്‍ത്തന്നെയിരിക്കും. സഹോദരിയും ഭര്‍ത്താവും കുറച്ചു ദിവസങ്ങള്‍കൂടി അവിടെ തങ്ങി. അതിനു ശേഷം അവര്‍ സ്വന്തം താമസസ്ഥലമായ വിലേപാര്‍ലെയിലേക്കുതന്നെ മടങ്ങി. പിന്നീട് അവരുടെ വിവരങ്ങളൊന്നും അറിഞ്ഞിരുന്നില്ല. ഗോപാലിന്റെ സഹോദരിക്ക് ഗൂഢമായ ഒരു സന്തോഷമുണ്ടായിരുന്നു. ഗോപാലില്‍നിന്നും ലക്ഷ്മിയേയും അപര്‍ണയേയും അകറ്റാന്‍ സാധിച്ചല്ലോ. ആ ആനന്ദം അനുഭവിച്ചാണ് അവര്‍ മടങ്ങിയത്.

സാന്താക്രൂസ് ചേരിയിലെ ജീവിതങ്ങള്‍ക്ക് മാറ്റങ്ങളൊന്നും ഉണ്ടായില്ല. ചേരിയിലെ ദാദ യാതൊരു ദാക്ഷിണ്യവും കാണിക്കാതെ അയാളുടെ പ്രവൃത്തികള്‍ തുടര്‍ന്നുകൊണ്ടിരുന്നു. കള്ളച്ചാരായം ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുക, പണം കടംകൊടുക്കുക, വേശ്യാവൃത്തിയിലേര്‍പ്പെടുന്നവര്‍ക്കു സംരക്ഷണം നല്‍കുക എന്നതൊക്കെ ദാദയുടെ മേല്‍നോട്ടത്തിലാണ്. ഇതിനെല്ലാം അയാള്‍ക്ക് നിശ്ചിതമായ തുക കമ്മീഷനും പലിശയുമൊക്കെയായി ലഭിക്കും. ഗോപാലിനു പറ്റിയ ജീവിതപ്രശ്‌നങ്ങള്‍ ദാദ ഫാല്‍ക്കേ അറിഞ്ഞു. ഫാല്‍ക്കേയുടെ കസ്റ്റഡിയിലുള്ള വേശ്യാവൃത്തി നടത്തുന്ന ഒരു സ്ത്രീയെ അയാള്‍ ഗോപാലിനുവേണ്ടി ക്രമീകരിച്ചുകൊടുത്തു. ഒടുവില്‍ അവള്‍ ഗോപാലിന്റെ വെപ്പാട്ടിയായി മാറി. സാന്താക്രൂസ് എയര്‍പോര്‍ട്ടിലെ പോര്‍ട്ടര്‍ ജോലി ചെയ്ത് ലഭിക്കുന്ന  പണം  മുഴുവനും ദാദാ ഫാല്‍ക്കേയുടെ  ചെലവിലേക്ക് ഗോപാലിനു കൊടുക്കേണ്ടിവന്നു.


അപര്‍ണയുടെ കഥ (നോവല്‍- ഭാഗം: 5 - ടോം മാത്യൂസ്,ന്യൂജേഴ്‌സി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക