Image

സിനിമയില്‍നിന്ന് വിട്ടുനിന്നതിന് താരാധിപത്യവും കാരണം: ശ്രീകുമാരന്‍ തമ്പി

Published on 05 June, 2014
സിനിമയില്‍നിന്ന് വിട്ടുനിന്നതിന് താരാധിപത്യവും കാരണം: ശ്രീകുമാരന്‍ തമ്പി
തിരുവനന്തപുരം: താരങ്ങള്‍ സംവിധായകരെ സൃഷ്ടിക്കുന്ന പ്രവണത മലയാള സിനിമയെ അധപതനത്തിലേക്ക് നയിക്കുമെന്ന് ചലച്ചിത്ര സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി. 21 വര്‍ഷത്തിനുശേഷം താന്‍ സംവിധാനം ചെയ്യുന്ന ‘അമ്മത്തൊട്ടില്‍’ എന്ന സിനിമയുടെ ഔദ്യാഗിക പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. ചിത്രം ആഗസ്റ്റില്‍ തുടങ്ങി ഡിസംബറില്‍ പൂര്‍ത്തിയാക്കും. തിരുവനന്തപുരമാണ് പ്രധാന ലൊക്കേഷന്‍. ഇന്ദ്രന്‍സ്, മുംബൈയില്‍ നിന്നുള്ള താരാവര്‍മ, നിര്‍മാണ പങ്കാളി റോയ്ജോണ്‍ മാത്യു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
ദീര്‍ഘകാലം മലയാള സിനിമയില്‍നിന്ന് വിട്ടുനിന്നതിന് താരാധിപത്യവും കാരണമാണ്. മമ്മൂട്ടിയും മോഹന്‍ലാലും ഇല്ലാത്ത സിനിമകള്‍ വേണ്ടെന്ന് തിയറ്റര്‍ ഉടമകള്‍ വരെ തീരുമാനിച്ച 90കളിലാണ് താന്‍ സിനിമയില്‍നിന്ന് പിന്‍വാങ്ങിയത്.
വളരെ കാലത്തിനുശേഷം തിരിച്ചെത്തുമ്പോള്‍ സിനിമാരംഗത്ത് ഒരുപാട് മാറ്റങ്ങളുണ്ട്. വ്യത്യസ്തമായ പ്രമേയമാണ് അവതരിപ്പിക്കുന്നത്. പുതിയ തലമുറയുടെ ന്യൂജനറേഷന്‍ ചിന്തകളെ പഴയ തലമുറയിലൂടെ കാഴ്ചയാക്കുകയാണിവിടെ.
കൂടാതെ ഒരു കാലഘട്ടത്തിന്‍െറ താരജോടികളായിരുന്ന മധുവും ശാരദയും തിരിച്ചുവരികയാണ്.
സാഹചര്യങ്ങള്‍ കൊണ്ട് വിവാഹിതരാകാന്‍ കഴിയാതെപോയവരാണ് കവി ജോസഫ് പുഷ്പവനം എന്ന മധു അവതരിപ്പിക്കുന്ന കഥാപാത്രവും സുലക്ഷണ എന്ന ശാരദയുടെ കഥാപാത്രവും. വാര്‍ധക്യത്തില്‍ അവര്‍ വീണ്ടും കണ്ടുമുട്ടുന്നതാണ് കഥാതന്തു.
സുരാജ് വെഞ്ഞാറമൂടിനെ മഹാനടനായി ഉയര്‍ത്തുന്ന ചിത്രമായിരിക്കുമിതെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ചിലര്‍ മനസ്സില്‍ തങ്ങിനില്‍ക്കുമെന്നും അത്തരമൊരാളാണ് ശ്രീകുമാരന്‍ തമ്പിയെന്നും മധു പറഞ്ഞു. വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം തനിക്കിത് പുനര്‍ജന്മമാണെന്ന് ശാരദ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക