Image

`ഒക്യുപ്പൈ ആല്‍ബനി' പ്രകടനക്കാരെ അറസ്റ്റു ചെയ്‌തു

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 21 November, 2011
`ഒക്യുപ്പൈ ആല്‍ബനി' പ്രകടനക്കാരെ അറസ്റ്റു ചെയ്‌തു
ആല്‍ബനി (ന്യൂയോര്‍ക്ക്‌): `ഒക്യൂപ്പൈ ആല്‍ബനി' എന്ന മുദ്രാവാക്യവുമായി ഒക്ടോബര്‍ 21 മുതല്‍ തലസ്ഥാന നഗരിയില്‍ പ്രകടനം നടത്തിയവരെ ശനിയാഴ്‌ച രാത്രി 11:05ന്‌ അറസ്റ്റു ചെയ്‌തു നീക്കി.

`ഷെയിം ഷെയിം' എന്ന്‌ ആലപിച്ച്‌ സംസ്ഥാനത്തിന്റെ വക ലാഫയറ്റ്‌ പാര്‍ക്കില്‍ തമ്പടിച്ച പ്രകടക്കാരോട്‌ ഒഴിഞ്ഞുപോകാന്‍ സംസ്ഥാന പോലീസ്‌ ശാസന നല്‍കിയിരുന്നു. രാത്രി 11 മണി മുതല്‍ പാര്‍ക്കില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്‌ അറിഞ്ഞുകൊണ്ടുതന്നെ പ്രകടനക്കാര്‍ 10:30 മുതല്‍ അറസ്റ്റു വരിക്കാന്‍ തയ്യാറായി പാര്‍ക്കില്‍ നിലയുറപ്പിച്ചിരുന്നു. അതുവരെ പോലീസിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ലെങ്കിലും, 10:55 ആയപ്പോഴേക്കും സംസ്ഥാന പോലീസിന്റെ ഒരു വ്യൂഹം പാര്‍ക്കിനു ചുറ്റും വലയം സൃഷ്ടിക്കുകയും പ്രകടനക്കാരോട്‌ ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്‌തെങ്കിലും ആ നിര്‍ദ്ദേശം അവഗണിക്കുന്നതു കണ്ട്‌ വീണ്ടും 11:05ന്‌ അന്ത്യശാസനം നല്‍കുകയും ചെയ്‌തു. എന്നിട്ടും ഒഴിഞ്ഞുപോകുന്നില്ലെന്നു കണ്ടപ്പോള്‍ കൂടുതല്‍ പോലീസ്‌ സേനയെ വിന്യസിച്ച്‌ 11:20ന്‌ അറസ്റ്റു തുടങ്ങുകയായിരുന്നു.

അറസ്റ്റു വരിക്കുമ്പോഴും വോള്‍ സ്‌ട്രീറ്റിനെതിരെയും ഗവര്‍ണര്‍ക്കെതിരെയും പ്രകടനക്കാര്‍ മുദ്യാവാക്യം വിളിക്കുന്നുണ്ടായിരുന്നു. പൗരാവകാശ ലംഘനത്തിന്റെ ഉത്തമ ഉദാഹരണമാണ്‌ ഈ അറസ്റ്റെന്നും, യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍നിന്ന്‌ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണിതെന്നും പ്രകടനക്കാര്‍ ആരോപിച്ചു. ഈ ആഴ്‌ച അറസ്റ്റു വരിക്കുന്ന ആഴ്‌ചയാണെന്ന്‌ പ്രകടനക്കാരുടെ പത്രക്കുറിപ്പില്‍ പറയുന്നു.കോര്‍പ്പറേറ്റ്‌ മാഫിയകള്‍ക്കെതിരെയും, സാമ്പത്തിക അസമത്വത്തിനെതിരെയും പൊരുതി ലക്ഷ്യം നേടാനുള്ള പ്രകടനക്കാരുടെ ശ്രമത്തിനെതിരെയുള്ള ഈ അനീതിക്കെതിരെ പ്രതിഷേധിക്കാന്‍ സാമൂഹ്യപ്രതിബദ്ധതയുള്ള എല്ലാവരും മുമ്പോട്ടു വരണമെന്ന്‌ പ്രകടനക്കാര്‍ ആഹ്വാനം ചെയ്‌തു.

ഒക്ടോബര്‍ അവസാനവാരത്തെ ശക്തിയേറിയ മഞ്ഞുവീഴ്‌ചയെപ്പോലും സാഹസികമായി അതിജീവിച്ച്‌ അക്കാഡമി പാര്‍ക്കില്‍ പ്രകടനക്കാര്‍ രാവും പകലും സമരം ചെയ്‌തത്‌ ഗവര്‍ണറെയും സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ആല്‍ബനി മേയറോട്‌ രാത്രി 11 മണി മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചെങ്കിലും സമാധാനപരമായി പ്രകടനം നടത്തുന്നവര്‍ക്കെതിരെ അങ്ങനെയൊരു നീക്കത്തിന്‌ മേയര്‍ തയ്യാറായില്ല എന്നതാണ്‌ ഗവര്‍ണറെ ചൊടിപ്പിച്ചത്‌.

ആവശ്യത്തിന്‌ വെള്ളമോ വെളിച്ചമോ വിദ്യു ച്ഛക്തിയോ ഇല്ലാതെ പാര്‍ക്കില്‍ ഭക്ഷണം പാകം ചെയ്‌തും, അതിശൈത്യത്തില്‍നിന്ന്‌ രക്ഷപ്പെടാന്‍ കട്ടിയേറിയ കമ്പിളിപ്പുതപ്പുകളും മറ്റും ഉപയോഗിച്ചാണ്‌ പ്രകടനക്കാര്‍ കഴിഞ്ഞ 30 ദിവസങ്ങള്‍ അതിജീവിച്ചത്‌. ഇവര്‍ക്ക്‌ അനുഭാവം പ്രകടിപ്പിച്ച്‌ വിവിധ സംഘടനകളും വ്യക്തികളും ദിനംപ്രതി എത്തിച്ചേരുന്നതും ശ്രദ്ധേയമാണ്‌.

ഇപ്പോള്‍ അറസ്റ്റു ചെയ്‌ത്‌ നീക്കിയവര്‍ക്ക്‌ പകരമായി മറ്റൊരു സംഘം പകരക്കാരായി എത്തുമെന്ന്‌ പ്രകടനക്കാരുടെ ഔദ്യോഗിക വക്താവ്‌ അറിയിച്ചു. ചുരുക്കത്തില്‍ ഒരു കൂട്ടരെ ചവിട്ടിത്താഴ്‌ത്തിയാല്‍ മറ്റൊരു കൂട്ടര്‍ ഉയിര്‍ത്തെഴുന്നേല്‌ക്കുമെന്നര്‍ത്ഥം.
`ഒക്യുപ്പൈ ആല്‍ബനി' പ്രകടനക്കാരെ അറസ്റ്റു ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക