Image

മലങ്കര ആര്‍ച്ച്‌ ഡയോസിസിന്‌ ന്യൂയോര്‍ക്കില്‍ പുതിയ ദേവാലയം

ജോബി ജോര്‍ജ്‌ Published on 20 November, 2011
മലങ്കര ആര്‍ച്ച്‌ ഡയോസിസിന്‌ ന്യൂയോര്‍ക്കില്‍ പുതിയ ദേവാലയം
ലോംഗ്‌ഐലന്റ്‌: ന്യൂയോര്‍ക്ക്‌ മെട്രോ റീജിയനിലെ പത്താമത്‌ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിന്‌ ലോംഗ്‌ഐലന്റില്‍ ആരംഭം കുറിച്ചു. മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ അധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമനസ്സിന്റെ അനുമതി കല്‍പ്പനയോടെ രൂപീകൃതമായ ലോംഗ്‌ ഐലന്റ്‌ സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിന്റെ പ്രതിഷ്‌ഠാശുശ്രൂഷയും പ്രഥമ ദിവ്യബലിയര്‍പ്പണവും നവംബര്‍ 13-ന്‌ ഞായറാഴ്‌ച നടത്തപ്പെട്ടു. ആര്‍ച്ച്‌ ബിഷപ്പ്‌ മോര്‍ തീത്തോസ്‌ വിശുദ്ധ ശുശ്രൂഷകള്‍ക്ക്‌ മുഖ്യകാര്‍മികത്വം വഹിച്ചു.

വിശുദ്ധ ദൈവമാതാവിന്റെ നാമത്താല്‍ സ്ഥാപിതമായ ദേവാലയത്തിന്റെ പ്രഥമ വികാരിയായി റവ.ഫാ. ഗീവര്‍ഗീസ്‌ മാനിക്കാട്ടിനെ നിയമിച്ചുകൊണ്ട്‌ ആര്‍ച്ച്‌ ബിഷപ്പ്‌ കല്‍പ്പന പുറപ്പെടുവിച്ചു. പരിശുദ്ധ സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ വിശ്വാസ ആചാരാനുഷ്‌ഠാനങ്ങളും പാരമ്പര്യവും മുറുകെപ്പിടിക്കുവാനും ആത്മീയ പാതയില്‍ ഉന്നതമായ വളര്‍ച്ച കൈവരിക്കുന്നതോടൊപ്പം ക്രൈസ്‌തവ സാക്ഷ്യമുള്ള സമൂഹമായിത്തീരാന്‍ ഇടയാകട്ടെ എന്ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ ഉത്‌ബോധിപ്പിച്ചു. സെഖര്യാ പുരോഹിതനോടുള്ള അറിയിപ്പിന്റെ ഞായറാഴ്‌ച സമാരംഭിച്ച ദേവാലയത്തിന്‌ വിശുദ്ധ ദൈവമാതാവിന്റേയും യൂഹാനോന്‍ മംദാനയുടേയും കാവലും കോട്ടയും എക്കാലവും ഉണ്ടായിരിക്കട്ടെ എന്ന്‌ ആദ്ദേഹം ആശംസിച്ചു. ഇടവകയുടെ പ്രഥമ ദിവ്യബലിയര്‍പ്പണ മധ്യേ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്‌ത്‌ വചനശുശ്രൂഷ നിര്‍വ്വഹിക്കുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്പ്‌ മോര്‍ തീത്തോസ്‌.

മുന്‍ ഭദ്രാസന ജോയിന്റ്‌ സെക്രട്ടറിയും ലിന്‍ബ്രൂക്ക്‌ സെന്റ്‌ മേരീസ്‌ പള്ളി വികാരിയുമായ റവ.ഫാ. ഗീവര്‍ഗീസ്‌ ജേക്കബ്‌ ചാലിശ്ശേരി, റവ.ഫാ. വര്‍ഗീസ്‌ പോള്‍ (വികാരി, സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌, വൈറ്റ്‌പ്ലെയിന്‍സ്‌), റവ.ഫാ. ബിജോ മാത്യൂസ്‌ (വൈസ്‌ പ്രസിഡന്റ്‌, എം.ജി.എസ്‌.ഒ.സി.എസ്‌.എം), റവ. ഡീക്കന്‍ മാര്‍ട്ടിന്‍ ബാബു, സാജു പൗലോസ്‌ സി.പി.എ (ഭദ്രാസന ട്രഷറര്‍), പി.ഒ. ജേക്കബ്‌ (ഭദ്രാസന ഓഡിറ്റര്‍), ബിജു ചെറിയാന്‍ (ട്രഷറര്‍, സത്യവിശ്വാസ സംരക്ഷണ സമിതി- പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍), ആത്മീയ പ്രമുഖര്‍, ഭക്തസംഘടനാ ഭാരവാഹികള്‍, ട്രൈസ്റ്റേറ്റ്‌ ഏരിയയിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള ഒട്ടനവധി വിശ്വാസി സമൂഹം എന്നിവര്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളില്‍ പങ്കെടുത്തു. ജിനു ജോണ്‍ നേതൃത്വം കൊടുത്ത ഗായകസംഘം ഗാനശുശ്രൂഷ നിര്‍വഹിച്ചു.

ഇടവക വികാരി റവ.ഫാ. ഗീവര്‍ഗീസ്‌ മാനിക്കാട്ട്‌ കൃതജ്ഞതയര്‍പ്പിക്കുകയും ഇടവക രൂപീകരണ അനുമതി കല്‍പ്പന വായിക്കുകയും ചെയ്‌തു. കുര്യാക്കോസ്‌ മുണ്ടയ്‌ക്കല്‍ (സെക്രട്ടറി), ജോര്‍ജ്‌ മാറാച്ചേരില്‍ (ട്രഷറര്‍) എന്നീ എക്‌സിക്യൂട്ടീവ്‌ അംഗങ്ങള്‍ ഉള്‍പ്പെട്ട മാനേജിംഗ്‌ കമ്മിറ്റി നിലവില്‍ വന്നു. എല്ലാ ഞായറാഴ്‌ചയും -ല്‍ വെച്ച്‌ നടത്തപ്പെടുന്ന വിശുദ്ധ ആരാധനകളില്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ ഓഫീസ്‌, വികാരി, മാനേജിംഗ്‌ കമ്മിറ്റി എന്നിവരുമായി ബന്ധപ്പെടുക.

ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌) അറിയിച്ചതാണിത്‌.
മലങ്കര ആര്‍ച്ച്‌ ഡയോസിസിന്‌ ന്യൂയോര്‍ക്കില്‍ പുതിയ ദേവാലയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക