Image

ആദാമിന്റെ ഉത്തരങ്ങള്‍ (കഥ : മേരിക്കുട്ടി പൗലോസ് ന്യൂയോര്‍ക്ക്)

മേരിക്കുട്ടി പൗലോസ് ന്യൂയോര്‍ക്ക് Published on 27 May, 2014
ആദാമിന്റെ ഉത്തരങ്ങള്‍ (കഥ : മേരിക്കുട്ടി പൗലോസ് ന്യൂയോര്‍ക്ക്)
"ഹേയ് മിസ്റ്റര്‍, എത്ര നേരമായി ഞാന്‍ തന്നെ വിളിയ്ക്കുന്നു. ഫോണ്‍ എടുക്കാന്‍ എന്താ ഇത്ര താമസം?"
"അല്ല, ഇതാര് സുരേഷ്‌ഗോപിയോ?" അതെ, ഞാന്‍ തന്നെ, താങ്കള്‍ക്ക് കോടീശ്വരന്‍ പരിപാടിയില്‍ പങ്കെടുക്കുവാന്‍ അവസരം കിട്ടിയകാര്യം അറിയിച്ചിരുന്നുവല്ലോ. അതിന്റെ ദിവസവും സമയവും ഒന്നറിയിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ വിളിക്കുന്നു.
സോറി മിസ്റ്റര്‍ സുരേഷ്‌ഗോപി താങ്കള്‍ വിളിക്കുന്ന ഈ ഫോണ്‍ നമ്പറിന്റെ ഉടമസ്ഥന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അദ്ദേഹം രണ്ടു ദിവസം മുമ്പുണ്ടായ ഒരു കാറപകടത്തില്‍ മരിച്ചു. ഇപ്പോള്‍ എന്റെ അടുത്തു ഇരിപ്പുണ്ട്. സ്വര്‍ഗ്ഗത്തില്‍. ഫോണ്‍ മാത്രം നഷ്ടപ്പെടാതെ എന്റെ കൈയില്‍ കിട്ടി. താങ്കള്‍ എന്തൊക്കെയാണ് ഈ പറയുന്നത്. മരിച്ചയാള്‍ താങ്കളുടെ അടുത്ത ഇരിക്കുന്നെന്നോ? താങ്കള്‍ ആരാണ്.
ഞാന്‍ ആദം. മനുഷ്യകുലത്തിന്റെ ആദി പിതാവ്. അതുകൊണ്ടുതന്നെ ഭൂമിയില്‍ ഇന്നുവരെ നടന്നിട്ടുള്ളതും നടന്നുകൊണ്ടിരിക്കുന്നതുമായ എല്ലാ കാര്യങ്ങളെകുറിച്ചും എനിക്കറിയാം.
താങ്കളുടെ കോടീശ്വരന്‍ പരിപാടിയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ച വിവരം അറിഞ്ഞതിന്റെ സന്തോഷത്തില്‍ സ്വയം മറന്നു കാറോടിക്കുമ്പോള്‍ മണല്‍ കയറ്റി വന്ന ടിപ്പര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
പഞ്ചായത്തിന്റെ പാസ്സില്ലാത്ത  മണല്‍ വണ്ടിയായതുകൊണ്ട് ഡ്രൈവര്‍ വണ്ടി നിറുത്തിയില്ല. അപകടത്തില്‍പ്പെട്ട അയാളെ രക്ഷിക്കുവാന്‍ നാട്ടുകാരും ശ്രമിച്ചില്ല. ഏതാണ്ട് ഒരു മണിക്കൂറിനു ശേഷം പോലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേയ്ക്കും ആത്മാവ് സ്വര്‍ഗ്ഗത്തിലെത്തി.
എന്തായാലും ഡേവിഡ് നല്ലവനായിരുന്നു. അതുകൊണ്ടാണല്ലൊ സ്വര്‍ഗ്ഗത്തിലെത്തിയത്. കോടീശ്വരന്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഒരു കോടി അദ്ദേഹത്തിനു ലഭിക്കുമായിരുന്നു. എന്റെ അനുശോചനം അദ്ദേഹത്തെ അറിയിക്കണം. ഓ,കെ. ബൈ? സുരേഷ് ഗോപി ഫോണ്‍ കട്ട് ചെയ്തു.
ഇണ്ടു ദിവസങ്ങള്‍ക്ക്‌ശേഷം ഡേവിഡിസന്റെ 01191413122 എന്ന നമ്പറിലേക്ക് ഒരു ഫോണ്‍. സുരേഷ്‌ഗോപിയില്‍ നിന്നും ഈ വിവരങ്ങള്‍ മനസ്സിലാക്കിയ ഒരാള്‍ ആദം എന്ന തങ്ങളുടെ ആദി പിതാവില്‍നിന്നും തന്റെ സകല സംശയങ്ങള്‍ക്കും ഉത്തരം കിട്ടും എന്ന പ്രതീക്ഷയില്‍ വിളിച്ചതാണ്.
“മിസ്റ്റര്‍, രവി ശങ്കര്‍ അല്ലെ?” ഘനഗംഭീരമാര്‍ന്ന ആദത്തിന്റെ ശബ്ദം കേട്ടപ്പോള്‍ രവിശങ്കര്‍ ഞെട്ടിപ്പോയി.
“പേടിക്കേണ്ട, നിന്റെ സംശയങ്ങള്‍ എന്തായാലും തുറന്നു ചോദിച്ചോളും”. ഒരു പിതാവിന്റെ സ്‌നേഹവായ്‌പ്പോടു കൂടി ആദം അയാളെ ആശ്വസിപ്പിച്ചു.
ആദ്യമായി ഞാന്‍ ചോദിക്കുന്നതു സുരേഷ്‌ഗോപിയെകുറിച്ച് തന്നെയാണ്. എന്താണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഇമേജ്? ആരാധകര്‍ എങ്ങിനെ അദ്ദേഹത്തെ വിലയിരുത്തുന്നു?
കോടീശ്വരന്‍ പരിപാടി അവതരണത്തോടെ ഇമേജ് വര്‍ദ്ധിച്ചിട്ടുണ്ട്. ഇടക്കാലത്തു സംഭവിച്ച തകര്‍ച്ചയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു. ലാലിനോടും മമ്മൂട്ടിയോടും ഒപ്പം. ചോദ്യം കേട്ടതും ഇടിമുഴങ്ങുന്ന ശബ്ദത്തില്‍ ആദം പൊട്ടിച്ചിരിച്ചു. ആദം പറഞ്ഞുതുടങ്ങി.
“മലയാള സിനിമയില്‍ എന്നല്ല ലോകസിനിമയില്‍പ്പോലും അങ്ങനെയൊരാളില്ല. എല്ലാ നടന്മാര്‍ക്കും നടികള്‍ക്കും എല്ലായ്‌പ്പോഴും തങ്ങള്‍ക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ അഭിനയിച്ച് വിജയിപ്പിക്കാന്‍ സാധിക്കുന്നില്ല. മനുഷ്യന്റെ രൂപവും ഭാവവും വ്യത്യസ്തമായതുകൊണ്ട് വ്യത്യസ്ത റോളുകള്‍ അവര്‍ക്ക് ലഭിക്കുന്നു. ചിലത് വിജയിക്കുന്നു. ചിലത് പരാജയപ്പെടുന്നു.”
അവാര്‍ഡുകളെക്കുറിച്ച് പൊതുവെ ജനങ്ങള്‍ക്കുള്ള അഭിപ്രായം എന്താണെന്നു ഒന്നു പറയാമോ?
ആകാംഷയോടെയുള്ള അയാളുടെ ചോദ്യം കേട്ടപ്പോള്‍ ആദം  ഒന്നു ആഴത്തില്‍ ചിന്തിച്ചു. അല്പനേരത്തെ മൗനത്തിനുശേഷം അദ്ദേഹം ദീര്‍ഘമായി ഒന്നു നിശ്വസിച്ചു.
വളരെ കുഴയ്ക്കുന്ന ഒരു ചോദ്യമാണിത്. പല അവാര്‍ഡുകളും അര്‍ഹതപ്പെട്ടവര്‍ക്കല്ല ലഭിക്കുന്നത്. സ്വാധീനങ്ങളുടെയും വ്യക്തിബന്ധങ്ങളുടെയും മറ്റു വയത്തില്‍പ്പെട്ടു തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്ന കമ്മറ്റിയംഗങ്ങള്‍. ആശയകുഴപ്പങ്ങളും, സമൂഹത്തില്‍ കാണപ്പെടുന്ന ഇതര ചിന്താഗതികളും ശരിയായ തീരുമാനം എടുക്കുന്നതിനുള്ള കഴിവുകുറവും എല്ലാം ഇവര്‍ക്ക് ശരിയായ തീരുമാനം നടപ്പിലാക്കുന്നതിന് സഹായകമാകുന്നില്ല.
അവാര്‍ഡുകളെകുറിച്ചുള്ള ആദത്തിന്റെ അഭിപ്രായം കേട്ട രവിശങ്കര്‍ കുറെ സമയത്തേക്ക് ഒന്നും മിണ്ടിയില്ല. അയാളുടെ മൗനത്തിന്റെ അര്‍ത്ഥം ആദത്തിനു മനസ്സിലായി. കൂടുതല്‍ ചിന്തിക്കാന്‍ അവസരം നല്‍കിക്കൊണ്ട് അടുത്ത ചോദ്യത്തിനായ് ആദം കാത്തിരുന്നു.
സമൂഹത്തിലെ ഉയര്‍ന്ന വരുമാനക്കാരെ മാത്രം ലക്ഷ്യം വച്ചായിരുന്നു അടുത്ത ചോദ്യം.  അവര്‍ നടത്തുന്ന ഇന്‍കം ടാക്‌സ് വെട്ടിപ്പിനെകുറിച്ചുള്ള സംശയം കേട്ടപ്പോള്‍ ആദത്തിന് യാതൊരു അതിശയവും തോന്നിയില്ല.
ഈ ചോദ്യം വളരെ മുമ്പുതന്നെ ആദം പ്രതീക്ഷിച്ചിരുന്നതുപോലെ തോന്നി.
ആദം സംസാരിച്ചു തുടങ്ങി.
പണത്തോടുള്ള മനുഷ്യന്റെ ആര്‍ത്തി ലോകഭാരം മുതല്‍ ഉണ്ട്. അതു അനുദിനം വര്‍ദ്ധിച്ചു വരുന്നുവെന്നു മാത്രം. വെട്ടിപ്പും തട്ടിപ്പും നടത്തിയാണ് കൂടുതല്‍ ആളുകളും പണമുണ്ടാക്കുന്നത്. അദ്ധ്വാനിച്ചു പണം സമ്പാദിക്കുന്നവരും ഉണ്ട്.
ടാക്‌സ് വെട്ടിപ്പു നടത്താന്‍ വേണ്ടി തന്നെ ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ നടത്തുന്നവരുണ്ട്. അങ്ങനെയുള്ള പലരെയും എനിക്കറിയാം. കുടുംബാംഗങ്ങളുടെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ചു ഏക്കറ് കണക്കിലുള്ള വസ്തുക്കള്‍ ട്രസ്റ്റിന്റെ പേരിലാക്കി രജിസ്റ്റര്‍ ചെയ്യും.
ഈ വസ്തുവിലുള്ള പഴയ കെട്ടിടങ്ങളിലോ വീടുകളിലോ അനാഥാലയം നടത്തും. ഇവിടെ സ്ഥിരമായി നാലോ, അഞ്ചോ അന്തേവാസികളാകും ഉണ്ടായിരിക്കുക പലരും തോന്നുമ്പോള്‍ ഇറങ്ങിപ്പോകുകയും ചിലപ്പോള്‍ തിരികെ വരുകയും ചെയ്യും.
അന്തേവാസികളുടെ ക്ഷേമത്തിനെന്ന പേരില്‍ പ്രോജക്ടുകള്‍ തയ്യാറാക്കി അംഗീകാരം വാങ്ങും. ലക്ഷങ്ങള്‍ ഇതിനായി മാറ്റിവച്ചു ടാക്‌സ് തട്ടിപ്പുനടത്തും.
വളരെ നേരമായി ഫോണ്‍ വിളിയില്‍ മുഴുകിയിരിക്കുന്ന രവിശങ്കറിന്റെ അരികിലേയ്ക്ക് അയാളുടെ ഭാര്യയെത്തി. തന്റെ കൈയ്യിലിരുന്ന ചായ മേശപ്പുറത്തു വച്ചിട്ടു അടുത്തു കിടന്ന കസേരയില്‍ ഇരുന്നു. ആര്‍ക്കാണ് ഇത്രയും നേരം ഫോമ് ചെയ്യുന്നതു എന്നവള്‍ തിരക്കി. പിന്നെ പറയാം എന്നയാള്‍ മറുപടി പറഞ്ഞു.
അടുത്തചോദ്യം പെട്ടെന്നായിരുന്നു.
“ആരെങ്കിലും അനധികൃതമായി ആനക്കൊമ്പ് കൈവശം വച്ചാല്‍ എന്തായിരിക്കും അയാള്‍ക്കെതിരെയുള്ള നടപടി?”
ലോകചരിത്രത്തില്‍ ഇന്നുവരെ ഒരാനയും തന്റെ കൊമ്പു കൈവശം വച്ചുവെന്നു പറഞ്ഞു ആര്‍ക്കെതിരെയും പരാതി നല്‍കിയിട്ടില്ല. ഒരു പക്ഷെ അതു ഏതെങ്കിലും അപകടത്തില്‍ ചരിഞ്ഞ കൊമ്പനില്‍ നിന്നു കിട്ടിയതാകാം.
അതുമല്ലെങ്കില്‍ ആനയുടെ ഉടമസ്ഥനില്‍ നിന്നു വാങ്ങിയതാവാം.
ഈ സംസാരം കേട്ട രവിശങ്കറിന്റെ ഭാര്യ തമാശ രൂപേണ പറഞ്ഞു.
'കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി.'
തമാശ പറഞ്ഞു ചിരിച്ചതു രവിശങ്കറിന്റെ ഭാര്യ രമാദേവി ആണെന്നു ആദത്തിനു മനസ്സിലായി.
“എന്താ ദേവി, നിനക്ക് സുഖമല്ലേ?” ആദത്തിന്റെ ചോദ്യം കേട്ട് രമ അമ്പരന്നു. ദേവി എന്നു തന്നെ വിളിച്ചിരുന്നതു തന്റെ മുത്തശ്ശന്‍ മാത്രമാണ്. തന്നെ രമയെന്നാണ് മറ്റെല്ലാവരും വിളിയ്ക്കുന്നത്. മുത്തച്ഛന്‍ മരിച്ചിട്ടു പത്തു വര്‍ഷം കഴിഞ്ഞു. എങ്കിലും ആ സ്‌നേഹാന്വേഷണം രമയുടെ മനസ്സിനെ വല്ലാതെ കീഴ്‌പ്പെടുത്തി.
ആരാണ് സംസാരിക്കുന്നത്. മനസ്സിലായില്ലല്ലോ. അവള്‍ ഉത്കണ്ഠയോടെ ചോദിച്ചതിന്റെ മുത്തച്ഛനെപ്പോലൊരാള്‍. ആദം മറുപടി നല്‍കി.
രവിശങ്കര്‍ മിണ്ടരുതു എന്നും  രമയെ ആംഗ്യം കാണിച്ചു. കാര്യങ്ങള്‍ ഒന്നും പിടികിട്ടിയില്ല എങ്കിലും അവള്‍ പിന്നെ ഒന്നും ചോദിച്ചില്ല. മേശപ്പുറത്തു കിടന്ന വാരികയെടുത്തു അലക്ഷ്യമായി പേജുകള്‍ മറിച്ച് കൊണ്ടു അവള്‍ അവിടെ തന്നെയിരുന്നു.
ആദത്തോടുള്ള രവിശങ്കറിന്റെ അടുത്ത ചോദ്യം ഇതായിരുന്നു.
വിവാഹമോചനത്തെക്കുറിച്ച് എന്താണ് അങ്ങയുടെ അഭിപ്രായം?
ചോദ്യം കേട്ടതും രമാദേവി ഞെട്ടിപ്പോയി. അതുശരി, അപ്പോള്‍ നിങ്ങള്‍ ഇത്രയും സമയം സംസാരിച്ചുകൊണ്ടിരുന്നതു വക്കീലിനോടാണല്ലോ? ആനകൊമ്പിനെ കുറിച്ച് ചോദിച്ച് എന്റെ ശ്രദ്ധതിരിക്കാം എന്നു നിങ്ങള്‍ വിചാരിച്ചു.
വിവാഹമോചനം നടത്താന്‍ ആ വക്കീലിനെ നിങ്ങള്‍ കൂട്ടുപിടിക്കുകയാണെന്നു എനിക്ക് മനസ്സിലായി. കുറെനാളുകളായി നിങ്ങളെ ഞാന്‍ ശ്രദ്ധിക്കുന്നു. വല്ലാത്തൊരാലോചനയും ദേഷ്യം പ്രകടിപ്പിക്കലും. വീട്ടില്‍ വന്നാല്‍ മനുഷ്യനോടു വായ് തുറന്നു സംസാരിക്കില്ല. ഫോണിന്റെ മുമ്പിലുള്ള ഈ കുത്തിയിരിപ്പ് ഇന്നു അവസാനിപ്പിച്ചോളണം.
നിങ്ങള്‍ക്ക് ഈയിടെയായി സിനിമയിലുള്ള ആളുകളുമായി ഭയങ്കര അടുപ്പമാണ്. വിവാഹമോദനം നടത്തികിട്ടാന്‍ എന്തെങ്കിലും ഒരു കാരണം കണ്ടുപിടിക്കാന്‍ ഓടിനടക്കുന്ന ഒരു കൂട്ടം സിനിമാക്കാര്‍.
ഒന്നിച്ചഭിനയിച്ച്, വര്‍ഷങ്ങളോളം പരിചയം ഉള്ളവര്‍ തമ്മില്‍ കല്യാണം കഴിക്കുക. കുറെ കഴിയുമ്പോള്‍ സംസ്‌ക്കാരം ഇല്ല, വിവരം ഇല്ല എന്നൊക്കെ പറഞ്ഞു വിവാഹമോചനത്തിനു കേസ് കൊടുക്കുക ഇതൊക്കെയല്ലേ അവരുടെ സ്വഭാവം, ആര്‍ക്കും അംഗീകരിക്കാന്‍ പറ്റാത്ത ഇങ്ങനെയുള്ള കാരണങ്ങള്‍ കണ്ടുപിടിക്കുന്നവരെ വഞ്ചനാകുറ്റത്തിനു കേസെടുത്തു ജയിലിടക്കണം.
രമാദേവിയുടെ രോഷത്തോടു കൂടിയുള്ള സംസാരം കേട്ടപ്പോള്‍ രവിശങ്കര്‍ വായ്‌പൊത്തി ചിരിച്ചുപ്പോയി. അതുകൂടി കണ്ടപ്പോള്‍ രമയുടെ ദേഷ്യം ഇരട്ടിയായി.
നിങ്ങളെന്താ കളിയാക്കുകയാണോ. സ്‌ക്കൂളില്‍ പഠിക്കുന്ന രണ്ടുപെണ്‍കുട്ടികളുമായി ഞാനങ്ങു വീടുവിട്ടിറങ്ങുമെന്നു നിങ്ങള്‍ വിചാരിക്കേണ്ട. ചോദിക്കാനും പറയാനും എനിക്കുമുണ്ടു ആളുകള്‍. സംസാരം ഇത്രയും ആയപ്പോഴാണ് രമയുടെ തെറ്റിദ്ധാരണയ്ക്കുള്ള കാരണം അയാള്‍ക്ക് ബോദ്ധ്യമായത്.
സിനിമാ നിര്‍മ്മാണത്തിനു പണം ആവശ്യമായി വന്നപ്പോള്‍ വീട് ലോണ്‍ വച്ചു. അല്പം പൈസ എടുക്കുന്നകാര്യം രമയോടു സൂചിപ്പിച്ചിരുന്നു. ബാങ്കില്‍ ജോലി ചെയ്യുന്ന രമക്ക് ലോണ്‍ എടുത്താല്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെകുറിച്ച് വ്യക്തമായി അറിയാമായിരുന്നു.
അവള്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. രവി ശങ്കര്‍ ശബ്ദം ഉയര്‍ത്തി കുറച്ചു സമയമൊന്നു മിണ്ടാതിരിക്കാന്‍ അവളോടു ആവശ്യപ്പെട്ടു. ദുഃഖം അടക്കാനാവാതെ അവള്‍ വിങ്ങികരഞ്ഞുകൊണ്ടിരുന്നു.
കൂടുമ്പോള്‍ ഇമ്പമുണ്ടാകേണ്ട കുടുംബങ്ങളില്‍ ഉണ്ടാകുന്ന ഭൂകമ്പങ്ങളെക്കുറിച്ചു ആദം ചിന്തിച്ചു.
ആദം പറഞ്ഞു തുടങ്ങി. മിസ്റ്റര്‍ രവിശങ്കര്‍, ഏറ്റവും ഗൗരവമേറിയതും ആഴത്തില്‍ ചിന്തിക്കേണ്ടതുമായ ഒരു വിഷയത്തെക്കുറിച്ചുള്ള ഒരു ചോദ്യമാണിത്. ഇതിനുള്ള ഉത്തരം കാര്യകാരണസഹിതം പറയണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടിവരും.
ആദത്തിന്റെ മനസ്സു കോടാനുകോടി വര്‍ഷങ്ങള്‍ക്കപ്പുറത്തേയ്ക്കു സഞ്ചരിച്ചു.
ഏദന്‍തോട്ടത്തില്‍ തനിക്ക് ഇണയും തുണയും ആയി ദൈവം നല്‍കിയ ഹവ്വ. താന്‍ ജീവനുതുല്യം സ്‌നേഹിച്ച തന്റെ ജീവിതസഖി. സന്തോഷവും  സമാധാവും നിറഞ്ഞ തങ്ങളുടെ കുടുംബജീവിതം. അതിന്റെ സ്വസ്ഥത നശിപ്പിക്കുവാന്‍ സാത്താന്‍ എത്തിയ പ്രലോഭനത്തിന്റെ ശപിക്കപ്പെട്ട നിമിഷം.
ജീവിതസ്വപ്നങ്ങള്‍ എല്ലാം തകര്‍ന്നു, ദൈവതിരുമുമ്പില്‍ കുറ്റവാളിയായി ചോദ്യം ചെയ്യപ്പെട്ടു, നാണിച്ചു തലതാഴ്ത്തി നില്‍ക്കേണ്ടിവന്ന സമയം. എല്ലാ സൗഭാഗ്യങ്ങളും ഒറ്റനിമിഷം കൊണ്ട് നഷ്ടപ്പെട്ടിട്ടും കുറ്റപ്പെടുത്തുന്ന ഒരു വാക്ക് പോലും താന്‍ ഭാര്യയോടു പറഞ്ഞില്ല.
ഏദന്‍ തോട്ടത്തിന്റെ സുഖസൗകര്യങ്ങളില്‍ നിന്നും കഷ്ടപ്പാടിന്റെയും യാതനയുടേയും ലോകത്തിലേക്ക് അവളുടെ കൈയ്യും പിടിച്ചിറങ്ങി. സന്തോഷത്തിലും ദുഃഖത്തിലും താങ്ങും തണലുമായി ജീവിച്ചു. മരണത്തില്‍ മാത്രമേ തങ്ങളെ വേര്‍പിരിക്കാനായുള്ളൂ. അങ്ങനെ ജീവിതം നയിച്ച തനിക്ക് ഒരിക്കലും അംഗീകരിക്കാന്‍ പറ്റുന്നതല്ല വിവാഹമോചനം.
ചന്തയില്‍ നിന്നുര്‍ന്ന ആദം  ഇങ്ങനെ പറഞ്ഞു.
രവിശങ്കര്‍, താങ്കളുടെ ഈ ചോദ്യം എന്നെ വല്ലാതെ ദുഃഖത്തിലാഴ്ത്തുന്നു.
ഭാര്യയും ഭര്‍ത്താവും പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുവാന്‍ തയ്യാറാകണം.
കലത്തില്‍ കിടന്നു ചൂടുകൊണ്ട് വെന്തുപാകമാകുന്ന കഞ്ഞി ഒരിക്കലും അതിനു വേണ്ടി കത്തിജ്വലിച്ചു ചരമാകുന്ന വിറകിനെപ്പറ്റി ചിന്തിക്കാറില്ല. അതുപോലെയാകരുത് ഭാര്യഭര്‍തൃബന്ധം. ജീവിതപങ്കാളിയുടെ സഹനം മസ്സിലാക്കുന്നവരായി മാറണം. ആദത്തിന്റെ ഈ ഉത്തരം രവി ശങ്കറുടെ ഹൃദയത്തെ ആഴമായി സ്പര്‍ശിച്ചു.
കേരളത്തില്‍ നടന്ന സോളാര്‍ തട്ടിപ്പിനെകുറിച്ചായിരുന്നു അയാളുടെ അടുത്ത ചോദ്യം.
ഉത്തരം നല്‍കാനായി ആദം തുടങ്ങുമ്പോള്‍ ആകാശവിതാനത്തില്‍ കത്തിജ്വലിച്ചുകൊണ്ടിരുന്ന സൂര്യനെ പെട്ടെന്നു കാര്‍മേഘപടലം മറച്ചു.
ആരുടെയോ കൈതട്ടിയിട്ടെന്നപ്പോലെ ആദത്തിന്റെ കൈയ്യിലിരുന്ന ഫോണ്‍ താഴേക്ക് നിപതിച്ചു. 'ദേ' വന്ന് 'ദാ' പോയി.
അപ്പോഴും സുരേഷ്‌ഗോപിയുടെ കോടീശ്വരന്‍ പരിപാടിയില്‍ നിന്നുള്ള വിളിക്കായി പലരും കാതോര്‍ത്തു കാത്തിരിക്കുന്നുണ്ടായിരുന്നു….


ആദാമിന്റെ ഉത്തരങ്ങള്‍ (കഥ : മേരിക്കുട്ടി പൗലോസ് ന്യൂയോര്‍ക്ക്)
Join WhatsApp News
JOHNY KUTTY 2014-05-30 13:52:39
Interesting. But Adam is the one started divorce. I am sure the author never heard about Adam's divorce. It is not Adam but Lilith (Adam's first wife divorced Adam and left Edan, Eve is his second wife.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക