Image

രഞ്ജിത്ത് ഫിലീം ഫെസ്റ്റിവല്‍ -ഒരു വിലയിരുത്തല്‍

ജോസ് പിന്റോ സ്റ്റീഫന്‍ Published on 20 November, 2011
രഞ്ജിത്ത് ഫിലീം ഫെസ്റ്റിവല്‍ -ഒരു വിലയിരുത്തല്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ഫ്‌ളോറല്‍പാര്‍ക്കിലെ ടൈസന്‍ സെന്റര്‍, റോക്ക്‌ലാന്‍ഡ് കൗണ്ടിയിലെ ക്‌നാനായ സെന്റര്‍ എന്നിവിടങ്ങളിലായി മലയാള സിനിമ ഡയറക്ടര്‍ രഞ്ജിത്തിന്റെ ത്രിദിന ഫിലിംഫെസ്റ്റിവല്‍ അരങ്ങേറി. 11, 12, 13 തീയതികളിലായി നടന്ന ഫിലിം ഫെസ്റ്റിവലില്‍ രഞ്ജിത്തിന്റെ നാല് സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.

മലയാളം പത്രവും കലാവേദി ഇന്റര്‍നാഷണലും സംയുക്തമായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. ഗാനരചയിതാവ് ഫാ തദേവൂസ് അരവിന്ദത്ത് ഉദ്ഘാടനം ചെയ്തു. അമേരിക്കന്‍ മലയാളി സിനിമ നിര്‍മാതാവും നടനുമായ തമ്പി ആന്റണി ആശംസാപ്രസംഗം നടത്തി. തുടര്‍ന്ന് രഞ്ജിത് സംവിധാനം ചെയ്ത "പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെയിന്റ്‌സ്" എന്ന ചിത്രത്തിന്റെ പ്രദര്‍ശനവും ആ ചിത്രത്തെക്കുറിച്ച് കാണികളും രഞ്ജിത്തും തമ്മിലുള്ള സംവാദവും നടത്തി.

രണ്ടാം ദിവസം രഞ്ജിത്തിന്റെ രണ്ടു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും അതിനെ തുടര്‍ന്ന് ആ ചിത്രങ്ങളെക്കുറിച്ചുള്ള ചോദ്യത്തരവേളയും ഉണ്ടായിരുന്നു. പാലേരിമാണിക്യവും കേരളാ കഫേയുമാണ് ആ ദിവസം പ്രദര്‍ശിപ്പിച്ചത്. മൂന്നാം ദിവസം "കൈയ്യൊപ്പ്" എന്ന ചിത്രമാണ് പ്രദര്‍ശിപ്പിച്ചത്.

മലയാളികളുടെ ഇഷ്ടസംവിധായകരിലൊരാളാണ് രഞ്ജിത്ത്. അദ്ദേഹത്തിന്റെ മിക്കവാറും ചിത്രങ്ങളും വന്‍ വിജയമായിരുന്നു. ഏറ്റവും അവസാനം പുറത്തിറങ്ങിയ ഇന്‍ഡ്യന്‍ റുപ്പിയും ഉന്നത നിലവാരം പുലര്‍ത്തുന്നു. എന്നിട്ടും പ്രതീക്ഷിച്ചത്ര അധികം കാണികളെ ആകര്‍ഷിക്കാന്‍ ഈ ഫെസ്റ്റിവലിന് കഴിഞ്ഞില്ല. എന്തായിരിക്കാം അതിന് കാരണം?. പല ഉത്തരങ്ങള്‍ നമുക്ക് ലഭിച്ചേക്കാം. എങ്കിലും ശരിയായ ഉത്തരം കണ്ടെത്തേണ്ടത് ആവശ്യമാണ്.

അമേരിക്കയെ പിടിച്ചുകുലുക്കിയ സാമ്പത്തിക പ്രതിസന്ധി, മലയാളി സംഘടനകളുടെ ബാഹുല്യം, വ്യക്തികളും സംഘടനകളും തമ്മിലുള്ള കിടമത്സരങ്ങള്‍ , സിനിമാ പൈറസി, പബ്ലിസിറ്റിയുടെ അപര്യാപ്തത അങ്ങനെ നിരവധി കാര്യങ്ങളാണ് ഓരോരുത്തരും പറയുന്നത്. ഈ ഫിലിം ഫെസ്റ്റിവലിനെ മാത്രം ഉദ്ദേശിച്ചല്ല ഞാനിത് പറയുന്നത്. നമ്മുടെ മൊത്തം പ്രവര്‍ത്തനങ്ങളെയും കണക്കിലെടുത്ത് മറ്റ് മലയാളികള്‍ പറഞ്ഞ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചു പറഞ്ഞു എന്നുമാത്രം.

എന്തായാലും ഈ അവസ്ഥ മാറണം. എങ്കില്‍ മാത്രമേ ഒരു കമ്മ്യൂണിറ്റി എന്ന നിലയില്‍ നമുക്ക് വളരാന്‍ സാധിക്കുകയുള്ളൂ. നാട്ടില്‍ നിന്നും വരുന്ന കലാകാരന്മാര്‍ നമ്മെ സംബന്ധച്ചിടത്തോളം അതിഥികളാണ്. അവരെ നന്നായി പരിപാലിക്കാനും ബഹുമാനിക്കാനും നമുക്ക് കഴിയണം. സാമ്പത്തികനേട്ടങ്ങളെക്കാള്‍ നമ്മള്‍ നല്‍കുന്ന പിന്തുണയും പ്രോത്സാഹനവുമാണ് അവര്‍ ആഗ്രഹിക്കുന്നത്.

സിനിമ എന്നത് ഒരു മായികലോകമാണ്. സിനിമ കാണാന്‍ ഇഷ്ടമില്ലാത്തവര്‍ വളരെ കുറവാണ്. അതുപോലെ തന്നെ സിനിമ നിര്‍മ്മിക്കാനോ, സംവിധാനം ചെയ്യാനോ, ചുരുങ്ങിയ പക്ഷം സിനിമയില്‍ ഒന്നു മുഖം കാണിക്കാന്‍ ആഗ്രഹിക്കാത്തവരുടെ എണ്ണം വളരെ കുറവാണ്. ഇക്കാരണങ്ങള്‍ കൊണ്ട് ഫിലിം ഫെസ്റ്റിവലുകള്‍ ഓരോ സിനിമാ പ്രേമികളെ സംബന്ധിച്ചും അവസരങ്ങളുടെ വന്‍ വാതിലുകളാണ് തുറന്നുതരുന്നത്.

വെള്ളിത്തിരയില്‍ മിന്നിതിളങ്ങുന്ന താരങ്ങള്‍, സിനിമാ നിര്‍മ്മാതാക്കള്‍ , സംവിധായകര്‍ , ഗായകര്‍ , സംഗീത സംവിധായകര്‍ , മറ്റ് സാങ്കേതിക വിദഗ്ദര്‍ എന്നിവരെയൊക്കെ അടുത്ത് കാണാനും ഇടപഴകാനും ഫിലിം ഫെസ്റ്റിവലുകള്‍ അവസരം നല്‍കും. അതുപോലെ മറ്റ് പ്രശസ്തരും പ്രഗത്ഭരും സിനിമാ ഫെസ്റ്റിവലുകളില്‍ അതിഥികളായി എത്താറുണ്ട്. സിനിമയെന്ന വലിയ കലോപഹാരത്തെക്കുറിച്ച് അറിവ് നല്‍കുന്ന പാനല്‍ ചര്‍ച്ചകള്‍, ഓരോ സിനിമയെക്കുറിച്ചും കാണികള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം, ആ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ തയ്യാറാകുന്ന നിര്‍മ്മാതാക്കള്‍ , സംവിധായകര്‍ , നടീനടന്മാര്‍ , മറ്റ് സാങ്കേതിക വിദഗ്ദ്ധര്‍ ഇവരെല്ലാം ഫിലീം ഫെസ്റ്റിവലുകള്‍ വിനോദപ്രദവും വിജ്ഞാനപ്രദവുമാക്കുന്നു.

ഇതൊക്കെ വന്‍കിട ഫിലിംഫെസ്റ്റിവലുകള്‍ നല്‍കുന്ന അവസരങ്ങളാണ് എന്നാല്‍ രഞ്ജിത്ത് ഫിലിം ഫെസ്റ്റിവല്‍ ഒരൊറ്റ സംവിധാകന്റെ ചിത്രങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന ഒരു ചെറുകിട ഫിലിം ഫെസ്റ്റിവലായിരുന്നു. എങ്കിലും വളരെ വിഞ്ജാനപ്രദമായ കാര്യങ്ങള്‍ സിനിമയുടെ വിവിധതലങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ ഈ ഫിലിം ഫെസ്റ്റിവല്‍ തന്നെ സഹായിച്ചുവെന്ന് കാണികളിലൊരാളായിരുന്ന അലക്‌സ് കോശി വിളനിലം അഭിപ്രായപ്പെട്ടു.

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നീ പ്രമുഖ ചുമതലകള്‍ സ്വയം നിര്‍വ്വഹിക്കുന്ന ജനപ്രിയ സംവിധായകനാണ് രഞ്ജിത്ത്. തന്റെ പഴയ ചിത്രങ്ങള്‍ക്ക് നല്‍കിയ പിന്തുണയും പ്രോല്‍സാഹനവും തന്റെ പുതിയ ചിത്രമായ ഇന്ത്യന്‍ റുപ്പിക്കും നല്‍കണമെന്ന് രഞ്ജിത്ത് കാണികളോടാവശ്യപ്പെട്ടു. ന്യൂയോര്‍ക്ക് പ്രദേശങ്ങളിലുള്ളവര്‍ക്ക് കാണാന്‍ സൗകര്യപ്രദമായി റോക്ക്‌ലാന്റ് കൗണ്ടിയിലെ പാലിസേഡ് മാളിലുള്ള തിയ്യറ്ററില്‍ ഈ ചിത്രം പ്രദര്‍ശനമാരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്
www.mavelimovies.com സന്ദര്‍ശിക്കുക.

ഭാഗ്യമെന്നോണം, ഒരു ഷൂട്ടിംഗിനായി ന്യൂയോര്‍ക്കില്‍ എത്തിയ ഒരു ചെറു സംഘം അമേരിക്കന്‍ മലയാളിതാരങ്ങള്‍ ഈ ഫിലിം ഫെസ്റ്റിവലിന് എത്തിയത് തികച്ചും യാദൃശ്ചികമായിട്ടായിരുന്നു. ജയന്‍ മുളങ്ങാട്(സംവിധായകന്‍ ), ജോയി ചെമ്മാച്ചേല്‍ (നടന്‍), ശിങ്കാരി മക്കോറാ(നടി, നര്‍ത്തകി, മോഡല്‍ ), സരോജ് പാഡിയ(സിനിമാട്ടോഗ്രാഫര്‍ ) എന്നവരായിരുന്നു ആ താരങ്ങള്‍ .

മലയാളം പത്രത്തിന്റെ റോയി ജേക്കബ്, ജോര്‍ജ് തുമ്പയില്‍ , റ്റാജ് മാത്യൂ എന്നിവരോടൊപ്പം കലാവേദി ഇന്റര്‍നാഷണലിന്റെ സിബി ഡേവിഡും സംഘവും ഫിലിം ഫെസ്റ്റിവലിന് നേതൃത്വം നല്‍കി. ഇത്തരം നല്ല സംരംഭങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കണമെന്ന് ഏവരോടും അഭ്യര്‍ത്ഥിക്കുന്നു.



രഞ്ജിത്ത് ഫിലീം ഫെസ്റ്റിവല്‍ -ഒരു വിലയിരുത്തല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക