Image

വിളിച്ചു വരുത്തി ബിരിയാണി ഇല്ലെന്ന്‌ (വൈക്കം മധു)

Published on 27 May, 2014
വിളിച്ചു വരുത്തി ബിരിയാണി ഇല്ലെന്ന്‌ (വൈക്കം മധു)
ഇതു നല്ല കൂത്ത്‌. പട്ടാളത്തിന്റെ കണ്ണുവെട്ടിച്ച്‌, പ്രാണന്‍പിടിച്ച്‌ ഓടിച്ചാടി വിമാനംകേറി ഇവിടെയെത്തിയതാണ്‌. ഒന്നൊന്നര മണിക്കൂര്‍ ഒരേയിരിപ്പ്‌. ഓരാരുത്തരായി തുണ്ടുകടലാസും പിടിച്ചു വന്ന്‌ ഓരോന്നു പറഞ്ഞ്‌ പുസ്‌തകത്തില്‍ എന്തോ വരച്ച്‌ ഇറങ്ങിപ്പോകുന്നു.

ഇവര്‍ എന്തോ ഒക്കെ കടലാസ്‌ നോക്കിപ്പറയുന്നു, എന്തു ഭാഷയാണാവോ. അല്‌പസ്വല്‍പം ഉര്‍ദുവും ഇംഗ്‌ളീഷും അറിയുന്ന തനിക്ക്‌ ഒരു പിടിയും കിട്ടുന്നില്ല. എന്തൊരു ഹിന്ദി. മുമ്പു കേട്ടിട്ടില്ലാത്ത ഇംഗ്‌ളീഷ്‌. എല്ലാം ക്ഷമിച്ച്‌ ഡല്‍ഹിയിലെ ചൂടും സഹിച്ച്‌ ഒന്നൊന്നര മണിക്കൂര്‍ ഇരുന്നിട്ട്‌ വല്ലതും കഴിക്കാറായപ്പോള്‍ ഇങ്ങനെ. ഇതെന്നാ വെള്ളരിക്കാപ്പട്ടണമോ?

ഡിന്നര്‍ എന്നു കനത്ത ഭാഷയില്‍ പറയുന്ന അത്താഴ സമയത്ത്‌ എന്തൊക്കെയോ വിളമ്പി. കേരളത്തിലെ കൊഞ്ചുകറി, സ്റ്റൂ, ചെട്ടിനാട്ടിലെ, രാജസ്ഥാനിലെ, ഗുജറാത്തിലെ എന്നുവേണ്ട സര്‍വ പട്ടിക്കാട്ടു കറികളും വിളമ്പി.

എന്നിട്ടും, ഇപ്പൊ വരും, ഇപ്പൊ വരുമെന്ന്‌ കാത്തുകാത്തിരുന്ന ബിരിയാണി മാത്രം കണ്ടില്ല. കാണാതിരിക്കില്ല, തീര്‍ച്ച. ഇനി വിളമ്പാന്‍ മറന്നു പോയതാണോ. നീ കുശിനി വരെ പോയി നോക്കീട്ടു വാടേ.. - നവാസ്‌ ഷെറിഫ്‌ എന്ന പാക്‌ ഭീകരന്‍, ശില്‍ബന്തിയുടെ പള്ളയ്‌ക്കിട്ടൊരു നുള്ളു കൊടുത്തു. അകത്തുകേറാന്‍ ധൈര്യമില്ലാതെ കുശിനിക്കു ചുറ്റും മണ്ടിനടന്ന ശില്‍ബന്തി കുറേ നേരം അവിടവിടെ മണം പിടിച്ചു മടങ്ങിയെത്തി നവാസ്‌ജിയുടെ ചെവിയില്‍ പൊറുപൊറുത്തു. പറ്റിച്ചെന്നാ തോന്നുന്നത്‌, കാഫറുങ്ങള്‍. ഇല്ല. സംഗതി ഉള്ള ലക്ഷണമില്ല, ഹുസൂര്‍.

സമയോം കളഞ്ഞ്‌, വിയര്‍ത്തൊലിച്ച്‌ കഷ്‌ടപ്പെട്ടത്‌ വെറുതെ. ബിരിയാണി ഇല്ല പോലും. ഇതീ പഹയന്മാര്‍ക്ക്‌ നേരത്തേ പറഞ്ഞൂടാരുന്നോ. ഇങ്ങനെ ചിന്താവിഷ്‌ടനായി, മുഖം വാടി, ഉശിരുപോയി, അത്താഴപ്പട്ടിണിക്കാരനായി കട്ടിലിലേയ്‌ക്കു മടങ്ങേണ്ടിവന്നു വിശിഷ്‌ടാതിഥിക്ക്‌, മോദി പ്രധാനമന്ത്രിയായ ആദ്യദിവസംതന്നെ (പാകിസ്ഥാനിട്ടു) നല്ല പൂശു പൂശിയെന്നാണ്‌ ഇന്ദ്രപ്രസ്ഥാനത്തിലെ കുശുകുശുപ്പ്‌.

അതെന്തായാലും അത്താഴത്തിന്‌ പാക്‌ പധാനമന്ത്രിക്ക്‌ പണികൊടുത്തു എന്നതു കല്ലുവച്ച സത്യം.

മോദിയുടെ സത്യപ്രതിജ്ഞക്കെത്തിയവര്‍ക്ക്‌ ഭരണഘടന സത്യമാണെ, ബിരിയാണി വിളമ്പിപ്പോകരുതെന്ന്‌ രാഷ്‌ട്രപതിയുടെ കുശിനിക്കാര്‍ക്കു കാലേകൂട്ടി ഇണ്ടാസ്‌ പോയിരുന്നുവെന്നാണ്‌ പാക്‌ ചാരസംഘടനയായ ഐഎസ്‌ഐക്കു കിട്ടിയ വിവരം.

അതാണ്‌ കണ്ണില്‍ക്കണ്ട സര്‍വ വറുത്തതും പൊരിച്ചതും വച്ചതും വിളമ്പിയിട്ടും ലോകത്തിലേയ്‌ക്കും വിശിഷ്‌ടമായ ബിരിയാണി മാത്രം പാകിസ്ഥാന്‍ പ്രധാനമന്ത്രിഉള്‍പ്പെടെ ക്ഷണിക്കപ്പെട്ട സാര്‍ക്ക്‌ രാജ്യ നേതാക്കളുടെ പ്‌ളേറ്റിലെത്താതിരുന്നത്‌.

പടിയിറങ്ങിപ്പോയ സോണിയാ സര്‍ക്കാരിന്റെ നയങ്ങളെ, ബിരിയാണി നയതന്ത്രം എന്നു മോദി ഇടക്കിടെ കുറ്റപ്പെടുത്തിയിരുന്നതിന്റെ ഗുട്ടന്‍സ്‌ ഇപ്പോഴെങ്കിലും ഊഹിക്കാന്‍ പറ്റിയോ?

സത്യപ്രതിജ്ഞാച്ചടങ്ങിനുള്ള മോദിയുടെ ക്ഷണം നവാസ്‌ ഷെറിഫ്‌ സ്വീകരിക്കുകയാണെങ്കില്‍ അദ്ദേഹത്തിനു നല്‍കുന്ന സല്‍ക്കാരത്തിനു ബിരിയാണി വിളമ്പുമായിരിക്കുമല്ലോ എന്ന ലോകോത്തര `ബുദ്ധിശാലി` ശശി തരൂര്‍ മുനവച്ചു പറഞ്ഞതിന്റെ പൊരുള്‍ എന്തായിരുന്നു.

ഏതായാലും രാഷ്‌ട്രപതി വിശിഷ്‌ടാതിഥികള്‍ക്കു നല്‍കിയ വിരുന്നില്‍ ബിരിയാണി യെ മാത്രം വിളിച്ചിട്ടു വിളികേള്‍ക്കുന്നില്ല.

ഇന്ത്യന്‍ പട്ടാളക്കാരെ ഇന്ത്യാ-പാക്ക്‌ അതിര്‍ത്തിയില്‍ തലയറുത്തുകൊന്ന പാക്കിസ്ഥാന്റെ, മുന്‍പ്രധാനമന്ത്രി രാജ പര്‍വേസ്‌ അഷ്‌റഫിനെ, കഴിഞ്ഞ മാര്‍ച്ചില്‍ അദ്ദേഹം അജ്‌മീറില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയപ്പോള്‍, ഇന്ത്യ ബിരിയാണിയൂട്ടി സത്‌ക്കരിച്ചതിനെ മോദി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 2013 മേയ്‌ 13-ല്‍ അന്നു ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി, അമേരിക്കയിലെ 20 നഗരങ്ങളിലെ ഇന്ത്യന്‍ വംശജരോട്‌ വീഡിയോയിലൂടെ സംസാരിക്കുന്നതിനിടയിലാണ്‌ ഇങ്ങനെ കുറ്റപ്പെടുത്തിയത്‌.

ന്യൂയോര്‍ക്കില്‍ കഴിഞ്ഞവര്‍ഷം ഷെറിഫുമായി ബിരിയാണി കൂടിക്കാഴ്‌ച നടത്താനുള്ള തീരുമാനത്തില്‍നിന്നു പിന്‍മാറണമെന്ന്‌ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനോട്‌ മോദി ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

ഇത്തരം ബിരിയാണി കൂടിക്കാഴ്‌ചയെ ബാഗ്‌പെട്ടില്‍ ഈയാണ്ട്‌ ആദ്യം തെരഞ്ഞെടുപ്പു യോഗത്തില്‍ `ബിരിയാണി നയതന്ത്രം` എന്നു മോദി വീണ്ടും കളിയാക്കി.

ഡല്‍ഹിയിലെ ചില പത്രങ്ങള്‍ രാഷ്‌ട്രപതിഭവനിലെ കുശിനിക്കാരില്‍നിന്ന്‌ അത്താഴസദ്യവട്ടത്തിന്റെ വിഭവപ്പട്ടിക നേരത്തെ മനസിലാക്കിയിരുന്നു. അങ്ങനെയാണ്‌ പലതരം ചിക്കന്‍ വിഭവങ്ങള്‍ ഉണ്ടെന്നും എന്നാല്‍ ബിരിയാണി മാത്രമില്ലെന്നുമുള്ള ഞെട്ടിത്തെറിപ്പിക്കുന്ന വിവരങ്ങള്‍ അടിച്ചുമാറ്റപ്പെട്ടത്‌.

ബിരിയാണി ഒഴിവാക്കിയത്‌ മോദിയുടെ അനുചരന്മാരില്‍നിന്നുള്ള വ്യക്തമായ നിര്‍ദേശം മാനിച്ചാവാം. അതല്ലെങ്കില്‍, നയതന്ത്രപരമായ സദുദ്ദേശ്യം മുന്‍നിര്‍ത്തിയോ, അതുമല്ലെങ്കില്‍ രാഷ്‌ട്രപതി ഭവനിലെ ഉദ്യോഗസ്ഥരുടെ മനപൂര്‍വമല്ലാത്ത അഭിപ്രായപ്രകാരമോ ആണെന്നു വേണം അനുമാനിക്കാന്‍.

ഏതായാലും ബിരിയാണിയുടെ പിരിയാണിമുറുക്കത്തില്‍ നിന്ന്‌, അധികാരമേറ്റമേറ്റ ആദ്യദിവസം തന്നെ മോദി രക്ഷപ്പെട്ടു.

അമേരിക്കയുടെ പ്രസിഡന്റ്‌ റിച്ചര്‍ഡ്‌ നിക്‌സന്റെ ചൈനാ സന്ദര്‍ശത്തിനു വഴിവച്ച ചൈനയുടെ ആദ്യകാല പിങ്‌പിങ്‌ നയതന്ത്രത്തിനുശേഷം ഭൂഗോളം ഇപ്പോള്‍ ബിരിയാണി നയതന്ത്രംവരെ ചുറ്റിക്കറങ്ങി എത്തിയിരിക്കുന്നു. 1970-കളുടെ ആദ്യത്തില്‍ ടേബിള്‍ ടെന്നിസ്‌ ടീമുകളെ പരസ്‌പരം അയച്ചാണ്‌ ചൈന, ബദ്ധശത്രുവായ അമേരിക്കയുമായി നല്ല ബന്ധത്തിന്‌ നയതന്ത്രത്തിന്റെ വാതില്‍ മുട്ടിത്തുറന്നത്‌.

ബിരിയാണിക്കുശേഷം ഇനി തലപ്പന്ത്‌ നയതന്ത്രം ഇന്ത്യക്കു പരീക്ഷിക്കാം. സത്യപ്രതിജ്ഞ ബഹിഷ്‌ക്കരിച്ചു മോദിയെ മഹാകഷ്‌ടത്തിലാക്കിയ കുഞ്ഞുഞ്ഞിന്റെ പുതുപ്പള്ളിയില്‍ കിടിലന്‍ ടീമുകള്‍ കാണാതിരിക്കില്ല.

അതെന്തായാലും, വിളിച്ചുവരുത്തി ബിരിയാണി ഇല്ലെന്നു പറയുന്ന മഹത്തായ ഭാരതീയ പാരമ്പര്യം, നവാസ്‌ ഷെരിഫിന്‌ രുചിച്ചു രുചിച്ചു മതിയായി.
വിളിച്ചു വരുത്തി ബിരിയാണി ഇല്ലെന്ന്‌ (വൈക്കം മധു)വിളിച്ചു വരുത്തി ബിരിയാണി ഇല്ലെന്ന്‌ (വൈക്കം മധു)വിളിച്ചു വരുത്തി ബിരിയാണി ഇല്ലെന്ന്‌ (വൈക്കം മധു)വിളിച്ചു വരുത്തി ബിരിയാണി ഇല്ലെന്ന്‌ (വൈക്കം മധു)വിളിച്ചു വരുത്തി ബിരിയാണി ഇല്ലെന്ന്‌ (വൈക്കം മധു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക