Image

മലയാളി എന്‍ജിനീയേഴ്‌സ്‌ അസോസിയേഷന്‍ (മീനാ) വാര്‍ഷികം ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 20 November, 2011
മലയാളി എന്‍ജിനീയേഴ്‌സ്‌ അസോസിയേഷന്‍ (മീനാ) വാര്‍ഷികം ആഘോഷിച്ചു
ഷിക്കാഗോ: മലയാളി എന്‍ജിനീയേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (MEANA) യുടെ വാര്‍ഷികാഘോഷം പ്രൗഢഗംഭീരമായി ആഘോഷിച്ചു. നവംബര്‍ 12-ന്‌ ശനിയാഴ്‌ച ഷിക്കാഗോയിലെ ഷെറോട്ടണ്‍ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വെച്ചാണ്‌ പരിപാടികള്‍ അരങ്ങേറിയത്‌. അമേരിക്കന്‍, ഇന്ത്യന്‍ ഗാനാലാപനത്തിനുശേഷം ജനറല്‍ സെക്രട്ടറി എന്‍. നാരായണന്‍ നായര്‍ സ്വാഗതപ്രസംഗം നടത്തി.

പ്രസിഡന്റ്‌ സ്റ്റെബി തോമസിന്റെ അധ്യക്ഷപ്രസംഗത്തില്‍ മീനായുടെ അഭിമാനകരമായ വളര്‍ച്ചയെപ്പറ്റിയും, ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ നിര്‍ദ്ധനരായ മുന്നൂറില്‍പ്പരം എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനസഹായം നല്‍കിയതിനെക്കുറിച്ചും, ഇ-വെയ്‌സ്റ്റ്‌ മുതലായ പ്രൊജക്‌ടുകളില്‍ കൂടി നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിച്ച്‌ സംസാരിച്ചു.

എന്‍ജിനീയര്‍ ഓഫ്‌ ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ട ഐ.ബി.എം വൈസ്‌ പ്രസിഡന്റ്‌ ജയശങ്കര്‍ മേനോനെ, ഡൊമിനിക്‌ ഡൊമിനിക്‌ സദസ്സിന്‌ പരിചയപ്പെടുത്തി. പ്രസിഡന്റ്‌ സ്റ്റെബി തോമസ്‌ ജയശങ്കര്‍ മേനോന്‌ മീനായുടെ അവാര്‍ഡ്‌ സമ്മാനിച്ചു. തന്റെ മറുപടി പ്രസംഗത്തില്‍ ശ്രീ മേനോന്‍ ഐ.ബി.എമ്മിന്റെ ക്രാന്തദര്‍ശികത്വത്തെപ്പറ്റി വിശദമായി സംസാരിച്ചു. നമ്മുടെ സാങ്കേതിക വിദഗ്‌ധര്‍ ഒരു മെന്ററെ (മാതൃകാ പുരുഷനെ) മനസില്‍ കണ്ട്‌ അനുകരിക്കണമെന്നും, പ്രതിസന്ധികളെ സമചിത്തതയോടെ നേരിടണമെന്നും എല്ലാറ്റിനേയും ജിജ്ഞാസയോടെ കണ്ട്‌ പുതിയ രീതികളേയും, ഉത്‌പന്നങ്ങളേയും കണ്ടെത്തണമെന്നും ഉത്‌ബോധിപ്പിച്ചു.

കെ.എം.എംഎല്ലിന്റേയും, ടി.ടി.പിയുടേയും മുന്‍ മാനേജിംഗ്‌ ഡയറക്‌ടറായിരുന്ന പി.എസ്‌. നായര്‍ ഇന്ത്യയുടെ അനുസ്യൂതമായ സാമ്പത്തിക വളര്‍ച്ചയ്‌ക്ക്‌ കാരണം നമുക്ക്‌ ഇവിടെയില്ലാത്ത ഹൗസ്‌ ഹോള്‍ഡ്‌ സേവിംഗ്‌ ആണെന്നും, നമ്മുടെ കുട്ടികളെ കുടുംബവുമായി ബന്ധിപ്പിക്കുന്ന കുടുംബ വ്യവസ്ഥിതിയാണ്‌ സമ്പാദ്യം വര്‍ധിപ്പിക്കുവാന്‍ കാരണമെന്നും, നമ്മുടെ കുടുംബ വ്യവസ്ഥിതി നിലനിര്‍ത്തേണ്ടത്‌ നമ്മുടെ ഗൃഹനായികമാരാണെന്നും, നല്ല മാനേജര്‍മാരായി നമ്മുടെ ഗൃഹനായികമാര്‍ അങ്ങനെ നമ്മുടെ വളര്‍ച്ചയ്‌ക്ക്‌ നല്ല പങ്കുവഹിക്കുന്നുവെന്നും പ്രസ്‌താവിച്ചു. വൈസ്‌ പ്രസിഡന്റ്‌ ജയിംസ്‌ മണിമല കൃതജ്ഞത പറഞ്ഞു. പബ്ലിസിറ്റി ചെയര്‍മാന്‍ ഷാജി എടാട്ട്‌ യോഗനടപടികള്‍ വളരെ ചിട്ടയോടെ നിര്‍വഹിച്ചു.

മീനാ കുടുംബത്തിലെ കുട്ടികള്‍ അവതരിപ്പിച്ച അവിസ്‌മരണീയമായ കലാപരിപാടികള്‍ പിന്നീട്‌ അരങ്ങേറി. പൗരസ്‌ത്യവും പാശ്ചാത്യവുമായ നൃത്തനൃത്യങ്ങള്‍, ചിട്ടയോടെ നികിത, അക്കിന, ഡയാന, ഫെലീഷ്യ, അല്‌ബിന്‍, പോള്‍, നീല്‍, ഫീല്‍ എന്നിവര്‍ ചര്‍ന്ന്‌ അവതരിപ്പിച്ചു. അജിത്‌ ചന്ദ്രന്‍, നാരായണന്‍ നായര്‍, അനുപമ നായര്‍, കുഞ്ചെറിയ, ലുലു സലീം എന്നിവരുടെ ഗാനങ്ങള്‍ പരിപാടിക്ക്‌ കൊഴുപ്പേകി. നാരായണന്‍ നായരുടെ കൊച്ചുമകള്‍ വൈശാലിയുടെ ഭരതനാട്യം ഏവരുടേയും മുക്തകണ്‌ഠമായ പ്രശംസയേറ്റുവാങ്ങി. പാസയുടെ മാജിക്‌ഷോയും എല്ലാവരും ആസ്വദിച്ചു. വിഭവസമൃദ്ധമായ ഡിന്നറോടുകൂടി വാര്‍ഷികാഘോഷം സമാപിച്ചു. പി.ആര്‍.ഒ സജി എടാട്ട്‌ ഒരു വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
മലയാളി എന്‍ജിനീയേഴ്‌സ്‌ അസോസിയേഷന്‍ (മീനാ) വാര്‍ഷികം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക