Image

ഉറക്കം (ശ്രീപാര്‍വതി)

Published on 25 May, 2014
ഉറക്കം (ശ്രീപാര്‍വതി)
ഒരു ബെല്ലടിക്കുന്നു. കണ്ണുകളില്‍ ആഴങ്ങളില്‍ അജ്ഞത വന്നു കുടിയിരിക്കുന്നു. മരണത്തിന്റെ ഇടനാഴികളിലൂടെ നാമോരുത്തരും എത്ര വട്ടം യാത്ര ചെയ്തുവെന്ന് അറിയുന്നുണ്ടോ? ഉറക്കത്തെ കുറിച്ച് ശാസ്ത്രം എഴുതിയതിനുമപ്പുറം പ്രകൃതിയുടെ നിഗൂഡതകളിലേയ്ക്ക്, അതിന്റെ ഉറക്കത്തിലേയ്ക്ക് ആരു ചൂഴ്ന്നിറങ്ങി?

എത്ര മനോഹരമായി ഒരു കുഞ്ഞുറങ്ങുന്നു? ഇടയ്ക്കിടയ്ക്ക് ചിരിച്ചു കൊണ്ട്, ചിലപ്പോഴൊക്കെ ചിണുങ്ങിക്കൊണ്ട്. ബോധത്തിന്റേയും അബോധത്തിന്റേയും താഴ്വരകള്‍ അവന്‍ എത്ര എളുപ്പത്തിലാണ്, നീന്തിക്കയറുന്നത്? അത്ര എളുപ്പത്തില്‍ ജീവിതത്തെ നീന്തിക്കടക്കുവാന്‍ സാധിക്കുമോ? എന്തുകൊണ്ടു സാധിക്കുന്നില്ല?
മരണത്തെ പോലും ഉറക്കത്തിന്റെ പല സന്ദര്‍ഭങ്ങളിലും ഒരു ചെറു ചിരിയോടെ കബളിപ്പിച്ച് ജീവിതത്തിലേയ്ക്ക് ഓടിക്കയറുമ്പോള്‍ അതിലൂടെ യാത്ര ചെയ്യാനാണ്, ബുദ്ധിമുട്ട്.

ഉറക്കം , മരണം , ധ്യാനം, രതി ഇവ നാലും മനുഷ്യ നിലനില്‍പ്പിന്റെ അടിസ്ഥാനപരമായ കാര്യങ്ങളാകുന്നത് ഇതു നാലിന്റേയും അനുഭവതലത്തിന്റെ ഏകതയിലാണ്. യോജിച്ചിരിക്കുന്നതെല്ലാം ഒന്നാകുന്ന അവസ്ഥ, അല്ലെങ്കില്‍ ഒന്നുമില്ലാത്ത അവസ്ഥ. ആ നിസ്സംഗതയില്‍ ബോധമനസ്സോടെ ഇരിക്കുക എളുപ്പമല്ല.
ശരിയാണ്, ഒരു തരം നിസ്സംഗത തന്നെയല്ലേ അത്. ശൂന്യമായ നിസ്സംഗത. യോഗിമാര്‍ വാഴ്ത്തിക്കൊണ്ടു നടക്കുന്ന നിസ്സംഗത. അത് അറിവുകളുടെ ഒക്കെ അപ്പുറം നില്‍ക്കുന്നു. ലോകത്തിലുള്ള സര്‍വ്വ അറിവും ആനന്ദവും അപ്പോള്‍ നമ്മില്‍ വന്നു ചേരുന്നു. പക്ഷേ ബോധമണ്ഡലം പ്രവര്‍ത്തന നിരതമല്ലാത്തതു കൊണ്ട് അതിനെ പ്രയോഗത്തിലാക്കാന്‍ കഴിയില്ലെന്നു മാത്രം.

എന്തും അധികമായാല്‍ ഊര്‍ജ്ജത്തെ കെടുത്തിക്കളയും. ഉറക്കത്തിന്റെ മരണതുല്യമായ നിസ്സഹയത വിട്ട് മിഴികള്‍ തുറക്കുമ്പോള്‍ നാം എത്തിപ്പെടുന്ന കാഴ്ച്ചകള്‍ പഴയതെങ്കിലും ആ ലോകം പുതിയതാണ്. ഇന്നലെ കണ്ട പ്രകൃതിയല്ല അത്. ഇന്നലെ കണ്ട കാറ്റുമല്ല, മഴയല്ല, പൂക്കളല്ല...
എല്ലാം പുതിയതാണ്. മരണശേഷമുള്ള ആ പുതുലോകത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ പോലെ ഓരോ ഉറക്കവും, ഉണരലും പിന്നെ കാഴ്ച്ചകളും.ജീവിതം ആ പുതുമകളില്‍ സമരസപ്പെടുത്തൂ. പിന്നെ നിങ്ങള്‍ സുഖമായുറങ്ങും. ഉറക്കത്തില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ച് ഇതുവരെ കണ്ടിട്ടില്ലാത്ത, അനുഭവിച്ചിട്ടില്ലാത്ത ആ പുതിയ ലോകത്തെ അറിയും.
ഉറക്കം (ശ്രീപാര്‍വതി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക