Image

മോഡിയുടെ ചിറകിലേറി ഭാരതത്തില്‍ നവയുഗപ്പിറവി - രഞ്ജിത്ത് നായര്‍

രഞ്ജിത്ത് നായര്‍ Published on 26 May, 2014
മോഡിയുടെ ചിറകിലേറി ഭാരതത്തില്‍ നവയുഗപ്പിറവി - രഞ്ജിത്ത് നായര്‍
ഒരു ഇടിമിന്നല്‍ പോലെ ഭാരതത്തിന്റെ നഭോ മണ്ഡലത്തില്‍ ഉദയം ചെയ്ത്, ലോകത്തിനാകെ വെളിച്ചം വിതറിയ സ്വാമി വിവേകാനന്ദന്‍ എന്ന നരേന്ദ്രനു ശേഷം, ഭാരതാംബ നെഞ്ചേറ്റിയ മറ്റൊരു നരേന്ദ്രന്‍ ഇന്ന് ഭാരതം എന്ന പുണ്യ ഭൂമിയുടെ ഭാവി ഭാഗധേയം നിര്‍ണയിക്കാന്‍ റെയ്‌സിനാ ഹില്ലിലേക്ക് ചുവടു വയ്ക്കുന്നു .വിശാല വീക്ഷണത്തിന്റെയും, കഠിനാധ്വാനത്തിന്റെയും പിന്‍ബലത്തില്‍ പിഴക്കാത്ത ചുവടുകളോടെ രാഷ്ട്രീയ വിജയങ്ങളുടെ ഉയരങ്ങള്‍ കീഴടക്കി, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് അവരോധിക്കപ്പെടുന്ന നരേന്ദ്ര ഭായ് മോഡി ഇന്നത്തെ നമസ്‌തെയില്‍.

ഭാവി ഭാരതത്തിന്റെ പടനായകനെന്ന് ഭാരത ജനത സ്വപ്നം കാണുന്ന ഒരു സാധാരണ മനുഷ്യന്‍ അതാണ് ശ്രീ നരേന്ദ്ര മോഡി .ഗുജറാത്തില്‍ ഉള്‍പ്പെടുന്ന 'വേദ് നഗര്‍ ' എന്ന കൊച്ചു ഗ്രാമത്തില്‍ ഒരു സാധാരണ കുടുംബത്തില്‍ ശ്രീ ദാമോദര്‍ ദാസ് മൂള്‍ചന്ദ് മോഡി  ശ്രീമതി ഫീരാബെന്‍ മോഡി ദമ്പതികളുടെ ആറു മക്കളില്‍ മൂന്നാമനായി 1950 സെപ്‌റ്റെംബര്‍ 17 നു ശ്രീ നരേന്ദ്ര മോഡി ഭൂജാതനായി. ക്ലേശകരമായ ബാല്യം. ഉപജീവനത്തിനായി സഹോദരനുമൊത്ത് വീടിനു സമീപത്തുള്ള ബസ് സ്ടാണ്ടിനു മുന്നില്‍ ചായക്കട നടത്തി. എട്ടാം വയസില്‍ അദ്ദേഹം ആര്‍ എസ് എസിന്റെ ബാല ശാഖയില്‍ പോയി തുടങ്ങി. ആ കാലത്ത് നിലനിന്നിരുന്ന ഒരു സാമൂഹികാചാരപ്രകാരം1968ല്‍ തന്റെ പതിനേഴാം വയസ്സില്‍ യെശോദാ ബെനിനെ വിവാഹം കഴിച്ച മോദി, വിവാഹത്തിനു ശേഷം ചില മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഭാര്യയുമായി പിരിയുകയും ചെയ്തു.

പതിനേഴാം വയസില്‍ വീട് വിട്ടിറങ്ങി രണ്ടു വര്‍ഷത്തോളം ഹിമാലയത്തിലും , സ്വാമി വിവേകാനന്ദന്റെ ആരാധകന്‍ ആയിരുന്ന അദ്ദേഹം കല്‍ക്കട്ടയിലെയും അല്‍മോറയിലെയും രാമകൃഷ്ണാശ്രമത്തിലും ചിലവഴിച്ചു. തുടര്‍ന്ന് തിരിച്ചെത്തിയ അദ്ദേഹം അമ്മാവന്‍ നടത്തിയിരുന്ന ഗുജറാത്ത് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ കാന്റീനിലും ജോലി ചെയ്തിരുന്നു. യഥാര്‍ത്ഥത്തില്‍ പൂര്‍ണ്ണ ആര്‍.എസ്സ്.എസ്സ്. പ്രചാരകനായി അവിടെ നിന്നായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതഗതി മാറിമറിയുന്നതും. പിന്നീട് ഗുജറാത്ത് യുനിവെഴ്‌സിട്ടിയില്‍ ശ്രീ നരേന്ദ്ര മോഡി രാഷ്ട്രീയ മീമാംസയില്‍ ബിരുദവും കരസ്ഥമാക്കി. ഏതാണ്ട് ഈ കാലയളവില്‍ തന്നെ അദ്ദേഹം സംഘപരിവാറിന്റെ കീഴിലെ വിദ്യാര്‍ഥി സംഘടനയായ അഖില്‍ ഭാരതീയ വിദ്യാര്‍ഥി പരിഷത്തിന്റെ (അആഢജ) നേതൃ നിരയിലും പ്രവര്‍ത്തിച്ചു.

1998 ഓടു കൂടി ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഗുജറാത്തിന്റെ സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കുവാന്‍ അധികാരമുള്ള ദേശീയ സെക്രട്ടറിയായി ശ്രീ നരേന്ദ്ര മോഡി മാറി. എന്നും കലുഷിത രാഷ്ട്രീയത്തിന്റെ വിളനിലമായിരുന്ന ഗുജറാത്തില്‍ വിമത ശല്യവും അനാരോഗ്യം നിമിത്തവും മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ മന്ത്രിസഭ ഒരു തികഞ്ഞ പരാജയമായി ഭവിച്ചപ്പോള്‍ അന്നത്തെ ബി.ജെ.പി. ദേശീയ നേതൃത്വം 2001 ഒക്ടോബര്‍ 7 നു ശ്രീ നരേന്ദ്ര മോഡിയെ ഗുജറാത്ത് മുഖ്യമന്ത്രിയായി അവരോധിച്ചു. ഭരണ രംഗത്ത് ഇപ്പോഴുള്ള നിയന്ത്രണവും സ്വാധീനവും കാര്യമായി കൈവന്നിട്ടില്ലാത്ത കാലഘട്ടമായിരുന്നു ശ്രീ നരേന്ദ്ര മോഡിയെ സംബന്ധിച്ചിടത്തോളം 2002 കാലഘട്ടം. ഈയൊരു അവസ്ഥയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ എക്കാലത്തെയും കറുത്ത അദ്ധ്യായം എന്ന് വിശേഷിപ്പിക്കാവുന്ന ഗോദ്ര ദുരന്തവും തുടര്‍ന്നുണ്ടായ ഗുജറാത്ത് കലാപവും. തുടര്‍ന്ന് ഭരണ രംഗത്തും പാര്‍ടിയിലും വ്യക്തമായ മേധാവിത്വം ഉറപ്പിച്ചു, സാമ്പത്തിക വികസനത്തില്‍ ഊന്നല്‍ നല്‍കി ഗുജറാത്തിനെ പുതിയൊരു ദിശയിലേക്കു നയിച്ച് നരേന്ദ്ര മോഡി രാജ്യത്തിനാകെ ഒരു മാതൃക സമ്മാനിച്ചു . അതിനു ശേഷം നടന്ന മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ സര്‍ക്കാര്‍ മികച്ച ഭൂരി പക്ഷത്തോടെ അധികാരത്തില്‍ വരുകയും 2002ലും 2007ലും തുടര്‍ന്നു 2012ലും മോദി തന്നെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു.

മോദി വികസനത്തിന്റെ... 24 മണിക്കൂര്‍ വൈദ്യുതി, കുടിവെള്ളം, നല്ല റോഡുകള്‍ , തൊഴിലവസരം, സമ്പദ്വ്യവസ്ഥയുടെ പുനര്‍ജീവന്‍ എന്നിവ ആധാരമാക്കിയ ഗുജറാത്ത് മാതൃക അദ്ദേഹത്തിന്റെ വിശ്വസനീയത വളര്‍ത്തി.വിശ്വസനീയതയും അഴിമതിയുടെ കറപുരളാത്ത ഭരണവും മോദിക്ക് മോടി നല്‍കിയപ്പോള്‍ അദ്ദേഹം 2013 സെപ്ടംബറില്‍ ബി ജെ പി യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തപ്പെട്ടു.

പിന്നീടുണ്ടായതെല്ലാം ചരിത്രം .ബി ജെ പിയുടെ കണക്കനുസരിച്ച് മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ മൂന്നേ കാല്‍ ലക്ഷം കിലോ മീറ്റര്‍ , 440 മഹാ റാലികള്‍, 1400 ത്രീ ഡി റാലികള്‍, 4400 ചായ് പേ ചര്‍ച്ചകള്‍ ..സംഘ പരിവാര്‍ സംഘടനകളുടെ , മികച്ച ആസൂത്രണവും മികച്ച സംഘടനാ ശേഷിയുടെയും സഹായത്തോടെ അവിശ്രമം മോദി പ്രചാരണ കൊടും കാറ്റായി രാജ്യം ചുറ്റിയടിച്ചു. ഒരു പൊതുയോഗവും മോദിയെയും ബി ജെ പി യേയും നിരാശപ്പെടുത്തിയില്ല. മോദി വാര്‍ത്തകളിലില്ലാത്ത ദിവസങ്ങളില്ലായിരുന്നു പിന്നീട്... കേരളത്തില്‍ ശിവഗിരി മഠത്തിലും അമൃതാനന്ദമയീ മഠത്തിലും പുലയര്‍ മഹാസഭാ സമ്മേളനത്തിലും മോഡിയെത്തിയപ്പോള്‍ തടിച്ചുകൂടിയതു പതിനായിരങ്ങളായിരുന്നു. സോഷ്യല്‍ മീഡിയ സമര്‍ത്ഥമായി പ്രയോജനപ്പെടുത്തി അദ്ദേഹം കരുത്തു കൂട്ടി. 11 കോടിയോളം വരുന്ന നവ വോട്ടര്‍മാറുള്‍പ്പടെ, ആകെ ജനസന്ഖ്യയുടെ 65% വരുന്ന യുവ ജനതയില്‍ തരംഗമായി കത്തിപ്പടര്‍ന്നപ്പോള്‍ , മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ഭാരതം, നരേന്ദ്ര മോഡി എന്ന ശക്തനായ നേതാവിന്റെ ചിറകിലേറി ഏക കക്ഷി ഭരണത്തിനു സാക്ഷ്യം വഹിക്കാന്‍ തയാറാകുന്നു.

സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കഠിനാധ്വാനവും നിശ്ചയദാര്‍ഡ്യവും പ്രതി ബന്ധങ്ങളെ നേരിടാനുള്ള മനക്കരുത്തുമുണ്ടെങ്കില്‍ സാധിക്കും എന്ന് മാനവ രാശിയെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു കൊണ്ട് ,ഭാരതം എന്ന ദേശത്തിന്റെ ആത്മാവ് ഉള്‍ക്കൊണ്ടു ദാരിദ്യത്തിന്റെ ഭൂത കാലത്തില്‍ തുടങ്ങി ,ആത്മീയ വഴികളിലൂടെ രാജ്യ സേവനത്തിലേക്ക് എത്തിപ്പെട്ട നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്ന നരേന്ദ്ര മോദി ,അതേ മഹാരാജ്യത്തിന്റെ ഏറ്റവും ശക്തി കേന്ദ്രമായ സൌത്ത് ബ്ലോക്കിലെ അധികാര സോപാനത്തിലേക്ക് നടന്നടുക്കുമ്പോള്‍ ..... നൂറ്റി മുപ്പതു കോടി വരുന്ന ഇന്ത്യന്‍ ജനത പ്രാര്‍ത്ഥനയിലാണ് ....നൂറ്റാണ്ടുകളായി ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും തിരിച്ചടികള്‍ നേരിട്ട ഒരു പുണ്യ ഭൂമി.... ലോകത്തിന്റെ നിറുകയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു ശക്തിയായി എത്തിപ്പെടുന്ന നാളുകള്‍ക്കായി .....ഒരു പക്ഷെ അതിനായി അവതാരമെടുത്തു , പ്രധാനമന്ത്രി പദത്തില്‍ എത്തിയ നേതാവിന് ..........ആശംസകളുമായി ...........

മോഡിയുടെ ചിറകിലേറി ഭാരതത്തില്‍ നവയുഗപ്പിറവി - രഞ്ജിത്ത് നായര്‍
Join WhatsApp News
indian 2014-05-26 05:37:44
Nava yugam for whom? For some Hindus. For others, this may be the beginning of dark days.
RN 2014-05-26 07:32:54
why can't be a Navayugam. Let us have a change after 67 yrs.
Vnod Shankar 2014-05-26 11:56:29
"ഭാവി ഭാരതത്തിന്റെ പടനായകനെന്നു ഭാരത ജനത സ്വപ്നം കാണുന്ന ഒരു സാധാരണ മനുഷ്യൻ അതാണ്‌ ശ്രീ. നരേന്ദ്ര മോഡി..."

ബ്രിട്ടീഷു ഭരണം ഗാന്ധിയും നെഹ്രുവും ഏറ്റെടുക്കുമ്പോൾ ഇതിനേക്കാൾ വലിയ സ്വപ്നമായിരുന്നു അടിമത്തത്തിൽ കഴിഞ്ഞിരുന്ന ഭാരതീയർക്കു ണ്ടായിരുന്നത്. പിന്നീടു എന്തു പറ്റി?  ദൃക്സാക്ഷികളായി ഒത്തിരിപ്പേർ ഇപ്പോഴും  ജീവിച്ചിരിക്കുന്നു. "24-മണിക്കൂർ വൈദ്യുതി, കുടിവെള്ളം, നല്ല റോഡുകൾ" ഒക്കെ ഉണ്ടാക്കാൻ അധികം ബുദ്ധിമുട്ടില്ല. എല്ലാ സൌകര്യങ്ങളും പ്ലാനുകളും പദ്ധതികളും രൂപകല്പ്പന ചെയ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥർ, വകുപ്പ് മേധാവികൾ, മന്ത്രിമാർ അവരുടെ ജോലി ചെയ്യുകയെ വേണ്ടു. സാമ്പത്തികവും ഒട്ടും മോശമല്ല. വേണേൽ വേരിലും കായ്ക്കും ചക്ക. അതല്ലേ നമുക്കു ചുറ്റുമുള്ള കാഴ്ച? എന്നാൽ രാജ്യത്തിന്റെ സാമ്പത്തികത്തിന്റെ ഭൂരിഭാഗവും വിദേശ ബാങ്കുകളിൽ കുടിങ്ങി കിടക്കുന്നു, അങ്ങോട്ടുള്ള ചാലുകൾ തുറന്നു തന്നെ കിടക്കുന്നതും. അതു ശരിയാക്കുന്നതെങ്ങനെ? പഴയ കസേരകളി തന്നെയല്ലേ ഇനിയും തുടരുക? ദാ, പോക്കറ്റിൽ നിന്ന് ചോക്ലേറ്റു എടുത്തു കാണിച്ചുകൊണ്ട് സായിപ്പും മദാമ്മേം അതേ പുഞ്ചിരിയുമായി ദാ, ആ കോണിൽത്തന്നെ നില്ക്കുന്നു...
പ്രധാന മന്ത്രിയായി ഒപ്പിട്ടു കഴിഞ്ഞാൽ ഗുജറാത്തിലേക്ക് പോവുമോ ആദ്യം അതോ വാഷിംഗണിലേക്ക് പറക്കുമോ? കഴിഞ്ഞ തവണ വാജ്പേയ് അദ്ദേഹം ഒരാഴ്ച്ചക്കകം തന്നെ വാഷിംഗണിൽ വന്നു റിപ്പോർട്ട് ചെയ്തിരുന്നു...

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക