Image

പ്രവാസജീവിതത്തിന്റെ തുടര്‍ചിന്തകള്‍ (ജോണ്‍ മാത്യു)

Published on 25 May, 2014
പ്രവാസജീവിതത്തിന്റെ തുടര്‍ചിന്തകള്‍ (ജോണ്‍ മാത്യു)
എഴുതാനും ചിന്തിക്കാനും ധാരാളം വക നല്‍കി മലയാളികളുടെ പ്രവാസജീവിതവും അതിനോടുചേര്‍ന്ന സാഹിത്യവും. `കേരളം എന്ന സ്വപ്‌നം' അതായിരുന്നു മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനിന്നത്‌.

ഒരു നൂറ്റാണ്ട്‌ തികഞ്ഞിട്ടുണ്ടായിരിക്കണം തൊഴില്‍തേടി മലയാളി മറുനാടുകളിലേക്ക്‌ പോകാന്‍ തുടങ്ങിയിട്ട്‌. അക്കാലത്ത്‌ ആ യാത്രയൊന്നും പ്രവാസത്തിന്റെ ഗണത്തില്‍പ്പെടുത്തിയിരുന്നില്ല. കാരണമുണ്ട്‌, പ്രവാസജീവിതത്തിന്‌ കൃത്യമായി കൊടുത്തിരുന്ന നിര്‍വചനം ബൈബിളിലെ:

`ബാബേല്‍ നദികളുടെ തീരത്ത്‌ ഞങ്ങള്‍ ഇരുന്നു, സീയോനെ ഓര്‍ത്തപ്പോള്‍ ഞങ്ങള്‍ കരഞ്ഞു...' എന്നു തുടങ്ങുന്ന നൂറ്റിമുപ്പത്തിയേഴാം സങ്കീര്‍ത്തനമാണ്‌.

പ്രവാസജീവിതമെന്നാല്‍ തങ്ങള്‍ക്കും വരും തലമുറകള്‍ക്കും മടങ്ങിപ്പോകാന്‍ അതിയായ ആഗ്രഹം ഉണ്ടായിരിക്കയും `ബന്ധരാക്കിക്കൊണ്ടുപോയവര്‍' അത്‌ സാദ്ധ്യമല്ലാതാക്കുകയും ചെയ്‌ത അവസ്ഥയെന്നാണ്‌ മനസ്സിലാക്കിയിരുന്നത്‌.

സ്വമനസ്സിലെ ഉദ്യോഗാര്‍ത്ഥം കേരളത്തിനു പുറത്ത്‌ ഇന്ത്യയിലോ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലുമോ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നത്‌ പ്രവാസമല്ലല്ലോ.

എന്നാല്‍ പേര്‍ഷ്യന്‍ ഗള്‍ഫ്‌ മറ്റൊരു ലോകമാണ്‌ തുറന്നുകൊടുത്തത്‌. ബൈബിള്‍ പ്രവാസത്തിന്റെ പശ്ചാത്തലം മുഴുവന്‍, അതായത്‌ ബാബേല്‍ നിദയും മരുഭൂമിയുമെല്ലാം. ഇനിയും കടലിനിക്കരെ ശുഭപ്രതീക്ഷയുമായി തങ്ങള്‍ വിട്ടിട്ടുപോന്ന സസ്യശ്യാമളകോമളമായ കേരളം, അവിടെ സ്വന്തമെന്നു പറയാന്‍ ഒരുതുണ്ടുഭൂമിയും വീടും കുടുംബവും. മറ്റാര്‍ക്കോവേണ്ടി, കുടുംബത്തിനും രാജ്യത്തിനും വേണ്ടി, മരുഭൂമിയില്‍ അടിമപ്പണിയെടുക്കുന്നെന്ന മാനസികാവസ്ഥയും ഇതിനപ്പുറം മറ്റെന്തുവേണം ഒരു പ്രവാസ സങ്കല്‌പമുണ്ടാകാന്‍. കൂടാതെ തനിക്കൊരു ദുഃഖമുണ്ടെന്ന്‌ ബോധ്യപ്പെടുത്തുകയും വേണം.

സങ്കീര്‍ത്തനം തുടരുന്നു:

``അതിന്റെ നടുവിലെ അലരിവൃക്ഷങ്ങളിന്മേല്‍ ഞങ്ങള്‍ ഞങ്ങളുടെ കിന്നരങ്ങളെ തൂക്കിയിട്ടു...

... യെരുശലേമേ, നിന്നെ ഞാന്‍ മറക്കുന്നു എങ്കില്‍ എന്റെ വലങ്കൈ മറന്നു പോകട്ടെ...''

മറ്റൊരു ജനതക്കും ഇല്ലാത്തതുപോലെ, എന്നാല്‍ സങ്കീര്‍ത്തനത്തിലെ യെരുശലേമിനു സമാനമായി കേരളത്തെ പ്രതിഷ്‌ഠിച്ച്‌ മായാത്ത ചിത്രം കോറിയിടാന്‍ ഗള്‍ഫ്‌പ്രവാസ എഴുത്തുകാര്‍ക്ക്‌ കഴിഞ്ഞു. ഇത്‌ മലയാളസാഹിത്യത്തിലെ വലിയൊരു അദ്ധ്യായം തന്നെ. സാഹിത്യത്തിലെ ഒരു പാഠഭേദമായ ഈ പ്രവാസ എഴുത്തുകളേക്കാളുപരി അതിന്റെ സാമ്പത്തികവശമായിരിക്കും ഭാവിയില്‍ പഠനത്തിന്‌ വിഷയമാകുന്നത്‌.

പ്രവാസമനസ്സിന്‌, ചിന്തകള്‍ക്ക്‌, ശക്തി പകരാന്‍ നഷ്‌ടപ്പെട്ട സുഭിക്ഷകാലത്തിന്റെ ചിത്രങ്ങളും
നമുക്കുണ്ട്‌, ഏദന്‍തോട്ടവും മാവേലിഭരണവും. ഈ പുരാണകഥാസങ്കല്‌പങ്ങള്‍ക്കൊപ്പം ദൈവത്തിന്റെ സ്വന്തമായ കേരളവുംകൂടി കോര്‍ത്തിടാന്‍ മലയാളിക്കല്ലേ കഴിയൂ. അത്‌ യാഥാര്‍ത്ഥ്യമാക്കാന്‍, നേടിയ സമ്പത്തുമായി മടങ്ങുകയേ മാര്‍ഗ്ഗമുള്ളൂതാനും.

`കടലിനക്കരെ പോണോരെ കാണാപ്പൊന്നിനു പോണോരെ

പോയ്‌ വരുമ്പോള്‍ എന്തു കൊണ്ടുവരും, കൈ നിറയെ...'

കടലിനക്കരെ പോയവര്‍ വെറും കയ്യോടെ മടങ്ങുന്നത്‌, അവന്റെ ദുരിതം, അവനെ ചുറ്റിപ്പറ്റി മറ്റുള്ളവര്‍ കെട്ടിപ്പൊക്കിയ മനഃക്കോട്ടകള്‍ എല്ലാം നമ്മുടെ പുരോഗമന ജീവല്‍സാഹിത്യ പാരമ്പര്യത്തിന്റെ തുടര്‍ച്ചതന്നെയായിരുന്നു. ജീവല്‍സാഹിത്യത്തില്‍ `ജന്മിയും കുടിയാനും' ഉണ്ടായിരുന്നെങ്കില്‍ ഇവിടെ `കുടിയാന്‍' മാത്രമേയുള്ളൂവെന്ന്‌ ചുരുക്കം.

എന്നാല്‍ അമേരിക്കയിലെ മലയാളികളുടെ ജീവിതവും എഴുത്തുകളും പ്രവാസത്തിന്റെ ചട്ടക്കൂടില്‍ ഒതുങ്ങുന്നില്ല. എഴുപതുകളുടെ തുടക്കത്തില്‍ മുപ്പതില്‍ താഴെ മാത്രം പ്രായമുണ്ടായിരുന്ന മലയാളി വിയറ്റ്‌നാമിലെ കാടുകളില്‍പ്പോലും പോയി അമേരിക്കയ്‌ക്കുവേണ്ടി യുദ്ധംചെയ്യാന്‍ തയ്യാറാണെന്ന്‌ എഴുതിക്കൊടുത്തപ്പോള്‍ അവനറിയാമായിരുന്നു താന്‍ ഇവിടെ പ്രവാസിയല്ല കുടിയേറ്റക്കാരനാണെന്ന്‌. ആ തിരിച്ചറിവിന്റെ എഴുത്തുകള്‍ക്ക്‌ എത്രവേണമെങ്കിലും ഉദാഹരണങ്ങള്‍ നിരത്താനുണ്ട്‌. ഇതാ, എന്റെ മേശപ്പുറത്ത്‌ എണ്‍പത്തിരണ്ട്‌ സെപ്‌റ്റംബര്‍ മാസത്തെ `ഉപാസന' മാസികയുടെ കോപ്പിയുണ്ട്‌. അതില്‍ കുട്ടനാടന്റെ ഒരു ക്ലാസിക്ക്‌ കഥ: `ഇരിക്ക പെലകുളി'. അമേരിക്കയിലെ മലയാളി കുടിയേറ്റത്തിന്റെ സംഘര്‍ഷങ്ങള്‍ നിറഞ്ഞ ഒരു കഥ. ഇവിടെ ഒന്നോര്‍ക്കുക ഉത്തരേന്ത്യയില്‍ കുറേക്കാലം ജീവിച്ച്‌ ഏതോ ഒരു ഒഴുക്കിനൊപ്പം അമേരിക്കയിലെത്തിയ ആദ്യകാലമലയാളിക്കും അവന്റെ തുടര്‍തലമുറകള്‍ക്കും പ്രവാസി മനസ്സില്ല. അവര്‍ക്ക്‌ മതസ്ഥാപനങ്ങള്‍ വെറും കൂടിവരവുകള്‍ മാത്രമാണ്‌. ഇനിയും മലയാളിയുടെ വരുംതലമുറകള്‍ക്കുപോലും കേരളം സ്വപ്‌നമല്ല, പ്രവാസത്തിന്റെ പ്രതീക്ഷയുമല്ല, ഭാവിയില്‍ മടങ്ങിപ്പോകാവുന്ന `സീയോനു'മല്ല പകരം മറ്റൊരു `ടൂറിസ്റ്റ്‌' പ്രലോഭനം മാത്രം!

കഴിഞ്ഞ നാലുപതിറ്റാണ്ടുകളായി ഇവിടെ നടന്ന ചെറുതും വലതുമായ സാഹിത്യചര്‍ച്ചകളില്‍ പങ്കെടുത്തതിന്റെ അനുഭവത്തില്‍നിന്ന്‌ പറയട്ടെ അമേരിക്കയിലെ മലയാളം എഴുത്തുകള്‍ സാഹിത്യകാരന്മാര്‍ നേരിട്ട്‌ കണ്ടതായ ജീവിതത്തില്‍നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ടതുതന്നെയാണ്‌. ഈ `കുടിയേറ്റസാഹിത്യ'ത്തിന്റെ ആകെത്തുകയാണ്‌ ഭാവിയില്‍ നമ്മുടെ സമൂഹത്തെപ്പറ്റിയുള്ള പഠനത്തിനും ഗവേഷണത്തിനും വഴിയൊരുക്കുന്നത്‌.
പ്രവാസജീവിതത്തിന്റെ തുടര്‍ചിന്തകള്‍ (ജോണ്‍ മാത്യു)
Join WhatsApp News
vaayanakkaaran 2014-05-25 21:09:47
 ‘അമേരിക്കയിലെ മലയാളം എഴുത്തുകൾ സാഹിത്യകാരന്മാർ നേരിട്ട് കണ്ടതായ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടതുതന്നെയാണ്’ എന്ന് ജോൺ മാത്യു പറഞ്ഞതിനോട് യോജിക്കുന്നു. നിർഭാഗ്യമെന്നു പറയട്ടെ, മിക്ക കവികളും കഥാകൃത്തുകളും ഇപ്പോഴും അവർ അമേരിക്കയിലെത്തുന്നതുനു മുൻപുള്ള പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് എഴുതുന്നത്. 

സങ്കീർത്തന വാക്യങ്ങളും ‘ചെമ്മീനി’ലെ വരികളുമൊക്കെ കോർത്തിണക്കിയ നല്ല എഴുത്ത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക