Image

നതാലി വുഡിന്റെ മരണം: വീണ്ടും അന്വേഷണം (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 19 November, 2011
നതാലി വുഡിന്റെ മരണം: വീണ്ടും അന്വേഷണം (അങ്കിള്‍സാം വിശേഷങ്ങള്‍)
ലോസ്‌ ഏയ്‌ഞ്ചല്‍സ്‌: ഓസ്‌കര്‍ അവാര്‍ഡിനു നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ള മുന്‍ ഹോളിവുഡ്‌ താരം നതാലി വുഡ്‌ (43), ദുരൂഹ സാഹചര്യത്തില്‍ 1981ല്‍ മരിച്ചതിനെക്കുറിച്ചു പുതിയ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്‌ഥാനത്തില്‍ അന്വേഷണം പുനരാരംഭിക്കുന്നു. എന്നാല്‍ പുതിയ വിവരങ്ങള്‍ എന്തെല്ലാമെന്നു പൊലീസ്‌ വെളിപ്പെടുത്തിയിട്ടില്ല. മുപ്പതു വര്‍ഷം മുന്‍പ്‌ കാറ്റലിന ദ്വീപില്‍ ഭര്‍ത്താവ്‌ ടിവി താരം റോബര്‍ട്ട്‌ വാഗ്‌നര്‍, സുഹൃത്തും നടനുമായ ക്രിസ്‌റ്റഫര്‍ വാക്കന്‍ എന്നിവരോടൊപ്പം ഉല്ലാസ നൗകയില്‍ പോയ നതാലിയെ പിറ്റേന്ന്‌ വെള്ളത്തില്‍ വീണു മരിച്ച നിലയില്‍ കണെ്‌ടത്തുകയായിരുന്നു.

ഇതേപ്പറ്റി നടന്ന അന്വേഷണത്തില്‍ അപകട മരണമാണെന്നു കണെ്‌ടത്തി കേസ്‌ അവസാനിപ്പിച്ചിരുന്നതാണ്‌. എന്നാല്‍ അന്നത്തെ ഉല്ലാസ നൗകയുടെ ക്യാപ്‌റ്റന്‍ 30 വര്‍ഷത്തിനുശേഷം ഇപ്പോള്‍ അറിയിച്ച കാര്യങ്ങളാണ്‌ പുതിയ അന്വേഷണത്തിനു വഴിവച്ചത്‌. നതാലിയുടെ കുടുംബാംഗങ്ങള്‍ അന്വേഷണത്തിനു പൂര്‍ണ പിന്തുണ വാഗ്‌ദാനം ചെയ്‌തിട്ടുണ്‌ട്‌.

വെള്ളിത്തിരയില്‍ ജോര്‍ജ്‌ ക്ലൂണി സ്റ്റീവ്‌ ജോബ്‌സാകും

ന്യൂയോര്‍ക്ക്‌: ആപ്പിള്‍ മുന്‍ മേധാവി സ്റ്റീവ്‌ ജോബ്‌സിന്റെ ജിവിതം വെള്ളിത്തരിയിലെത്തുമ്പോള്‍ ഇതിഹാസ കഥാപാത്രത്തെ ആര്‌ അവതരിപ്പിക്കുമെന്ന ആകാംക്ഷയ്‌ക്ക്‌ അവസാനമായതായി റിപ്പോര്‍ട്ട്‌. വിഖ്യാത നടന്‍ ജോര്‍ജ്‌ ക്ലൂണിയായിരിക്കും ജോബ്‌സിനെ വെള്ളിത്തരിയിലവതരിപ്പിക്കുക എന്നാണ്‌ സൂചന.

ഇആര്‍ ടെലിവിഷന്‍ പരമ്പരയില്‍ ക്ലൂണിയുടെ സഹതാരമായിരുന്ന നോവ വൈലിന്റെപേരും ജോബ്‌സിന്റെ റോലിലേക്ക്‌ നേരത്തെ പരിഗണിച്ചിരുന്നു. അടുത്തവര്‍ഷമാണ്‌ ജോബ്‌സിന്റെ ആത്മകഥയെ ആധാരമാക്കിയെടുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക. ക്ലൂണിയും നോവയും ചേര്‍ന്ന്‌ അവതിരിപ്പിച്ച ടെലിവിഷന്‍ പരമ്പരയായ ഇആര്‍ 23 പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്‌ട്‌.

ഏഷ്യന്‍ മേഖലയില്‍ ചൈനയേക്കാള്‍ പിന്തുണ യുഎസ്‌ നേതൃത്വത്തിന്‌

വാഷിംഗ്‌ടണ്‍: എഷ്യാ, എഷ്യാ-പസഫിക്‌ മേഖലയില്‍ ചൈനയുടെ നേതൃത്വത്തേക്കാള്‍ യുഎസ്‌ നേതൃത്വമാണ്‌ രാജ്യങ്ങള്‍ ആഗ്രഹിക്കുന്നതെന്ന്‌ ഗാലപ്‌ പോള്‍ സര്‍വെ. ആസിയാന്‍ രാജ്യങ്ങളിലെയും ഈസ്റ്റ്‌ ഏഷ്യാ രാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വെയാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. സര്‍വെയില്‍ പങ്കെടുത്ത 44 ശതമാനം പേരും മേഖലയില്‍ യുഎസ്‌ നേതൃത്വത്തെ പിന്തുണച്ചപ്പോള്‍ ചൈനയുടെ നേതൃത്വത്തെ 30 ശതമാനം പേര്‍ മാത്രമെ പിന്തുണച്ചുള്ളു.

കംബോഡിയ(68%), ഫിലിപ്പീന്‍സ്‌(63%), ദക്ഷിണ കൊറിയ(57%), ഓസ്‌ട്രേലിയ(56%) എന്നീ രാജ്യങ്ങളിലെ ജനങ്ങളാണ്‌ മേഖലയിലെ യുഎസ്‌ നേതൃത്വത്തെ ഏറ്റവും കൂടുതല്‍ അനുകൂലിച്ചത്‌. യുഎസ്‌ നേതൃത്വത്തിന്‌ പകരം ചൈനീസ്‌ നേതൃത്വത്തെ പിന്തുണച്ച ഏക രാജ്യം വിയറ്റ്‌നാമാണ്‌. വിയറ്റ്‌നാമിലെ 22 ശതമാനം പേരും ചൈനീസ്‌ നേതൃത്വത്തെ പിന്തചുണച്ചപ്പോള്‍ 21 ശതമാനം പേര്‍ യുഎസ്‌ നേതൃത്വത്തെ പിന്തുണച്ചു.

ഒബാമ സോഷ്യലിസ്റ്റാണെന്ന്‌ റിക്‌ പെറി

വാഷിംഗ്‌ടണ്‍: പ്രസിഡന്റ്‌ ബറാക്‌ ഒബാമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ടെക്‌സാസ്‌ ഗവര്‍ണറും അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മോഹിയുമായ റിക്‌ പെറി വീണ്‌ടും രംഗത്തെത്തി. പ്രസിഡന്റ്‌ ബറാക്‌ ഒബാമ ഒരു സോഷ്യലിസ്റ്റാണെന്നാണ്‌ പെറിയുടെ പുതിയ ആരോപണം. ഫോക്‌സ്‌ ന്യൂസിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഒബാമയെ പെറി സോഷ്യലിസ്റ്റ്‌ എന്നു വിശേഷിപ്പിച്ചത്‌.

തന്റെ പുതിയ തെരഞ്ഞെടുപ്പ്‌ പരസ്യത്തില്‍ അമേരിക്കക്കാര്‍ മടിയന്‍മാരാണെന്ന്‌ ഒബാമ പറഞ്ഞതായുള്ള പരാമര്‍ശം ഉള്‍പ്പെടുത്തിയതിനെയും പെറി അഭിമുഖത്തില്‍ ന്യായീകരിച്ചു. വിദേശ നിക്ഷേപകര്‍ രാജ്യത്ത്‌ മുതല്‍മുടക്കാന്‍ മടിക്കുന്നതിനെക്കുറിച്ച്‌ വിശദീകരിച്ചപ്പോഴായിരുന്നു `കഴിഞ്ഞ ദശകങ്ങളില്‍ നമ്മള്‍ കുറച്ച്‌ അലസ സമീപനം കൈക്കൊണ്‌ടുവെന്ന്‌' ഒബാമ പറഞ്ഞത്‌. അതാണ്‌ പെറി പരസ്യത്തില്‍ ആയുധമാക്കിയത്‌. അമേരിക്കക്കാര്‍ക്ക്‌ ഇത്‌ വിശ്വസിക്കാനാവില്ല. അമേരിക്കക്കാരെക്കുറിച്ച്‌ പ്രസിഡന്റ്‌ തെറ്റായി ധരിച്ചുവെച്ചിരിക്കുകയാണ്‌. വൈറ്റ്‌ ഹൗസ്‌ വൃത്തിയാക്കാന്‍ സമയമായിരിക്കുന്നു എന്നാണ്‌ പെറി പരസ്യത്തില്‍ പറയുന്നത്‌. എന്നാല്‍ ഇത്‌ ഒബാമയ്‌ക്ക്‌ അമേരിക്കക്കാരെക്കുറിച്ചുള്ള ധാരണയില്ലായ്‌മയാണ്‌ വ്യക്തമാക്കുന്നതെന്നാണ്‌ പെറിയുടെ വിശദീകരണം.

സ്‌താനാര്‍ബുദത്തിനുള്ള മരുന്നിന്റെ അംഗീകാരം യുഎസ്‌ പിന്‍വലിച്ചു

ന്യൂയോര്‍ക്ക്‌: സ്‌തനാര്‍ബുദത്തിനുള്ള മരുന്നായ അവാസ്റ്റിനുള്ള അംഗീകരം യുഎസ്‌ മരുന്ന്‌ ഉല്‍പ്പാദകര്‍ പിന്‍വലിച്ചു. മരുന്ന്‌ വേണ്‌ടത്ര ഫലപ്രദമല്ലെന്ന്‌ കാണിച്ചാണ്‌ അംഗീകാരം പിന്‍വലിച്ചത്‌. 2008 ലാണ്‌ സ്‌തനാര്‍ബുദത്തിനെതിരെ അവാസ്റ്റിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്‌. എന്നാല്‍ തുടര്‍ന്ന്‌ നടന്ന ഗവേഷണത്തില്‍ മരുന്ന്‌ രോഗപ്രതിരോധത്തിനോ രോഗികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനോ സഹായിക്കുന്നില്ലെന്ന്‌ കണ്‌ടെത്തി.

അവാസ്റ്റിന്‍ ഉപയോഗിക്കുമ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, രക്തസ്രാവം, ഹൃദയാഘാതം, ഹൃദയസ്‌തംഭനം എന്നീ പാര്‍ശ്വഫലങ്ങളും കണ്‌ടെത്തിയിട്ടുണ്‌ട്‌. അംഗീകാരം പിന്‍വലിച്ചതോടെ യുഎസ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളും അവാസ്റ്റിനെ തങ്ങളുടെ അംഗീകൃത മരുന്ന്‌ പട്ടികയില്‍ നിന്ന്‌ നീക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക