Image

കാടന്‍ചിന്തയുടെ ചുടലതാളം (രചന: വേണുഗോപാലന്‍ കോക്കോടന്‍)

Published on 24 May, 2014
കാടന്‍ചിന്തയുടെ ചുടലതാളം (രചന: വേണുഗോപാലന്‍ കോക്കോടന്‍)
ഈ ഒരു കവിതയില്‍ എന്റെ ഭൂതകാലത്തിന്റെ ഒരുഏട്ടിലെ ചില അംശങ്ങളുണ്ട്‌. ഇപ്പറഞ്ഞ ചിന്തകള്‍ക്ക്‌ ഇന്നത്തെ എന്റെ വര്‍ത്തമാന ചിന്തകളുമായി ഒരുതരത്തിലും സാമ്യമില്ല. സാഹചര്യങ്ങളാണ്‌ ചിന്തകളെനയിക്കുന്നത്‌. ചിന്തകള്‍ അത്യാവശ്യവുമാണ്‌. ആരുടെസാഹചര്യങ്ങളും അവരവരുടെ ചിന്തകളെ കാട്‌ കേറാതിരിക്കാന്‍ സഹായിക്കട്ടെ.

ഈകവിതയില്‍ ഒരുആത്മസംഘര്‍ഷമാണ്‌ പ്രതിപാദിച്ചിരിക്കുന്നത്‌. എല്ലാ സംഘര്‍ഷത്തില്‍നിന്നും രക്ഷപ്പെടുവാന്‍ ആത്മഹത്യയാണ്‌ മാര്‍ഗമെന്ന്‌ ആത്മാവ്‌ ദേഹത്തോട്‌ പറയുന്നതും തദ്വാരാദേഹത്തില്‍ നിന്ന്‌ ആത്മാവ്‌ വിടപറയുന്നതുമായ ഒരുമുഹൂര്‍ത്തം സ്വന്തം കണ്മുന്നില്‍ കാണുന്നതാണ്‌ ഇവിടെ കാടന്‍ചിന്തയായി അവതരിപ്പിച്ചിരിക്കുന്നത്‌.

ഈകവിത ഞാന്‍ എന്റെ മാതാപിതാക്കള്‍ക്ക്‌ സമര്‍പ്പിക്കുന്നു.

ആളുന്നതീയില്‍ എരിഞ്ഞൊന്നടങ്ങുവാന്‍
തയ്യാറാവട്ടെദേഹം
പാളുന്നജീവിതതാളത്തിനിത്തിരി
ആശ്വാസമാവട്ടെനാളം
അന്ത്യംകുറിക്കട്ടെപാളം

ചിന്തകള്‍ കൊണ്ടുമെന്‍ കര്‍മങ്ങളെക്കൊണ്ടും
എന്തുഞാന്‍നേടിയെന്നോര്‍ക്കാം
പന്താടുന്ന തരത്തിലീ ജീവിതം
അന്തരാളത്തില്‍ ചുഴിഞ്ഞൂ
ആത്മാവിനെന്തുപിഴച്ചൂ

ഈലോകത്തിന്റെകോണില്‍ ഒരിക്കല്‍
ഞാന്‍ തന്നെഅറിയാതെവന്നൂ
വളരുന്നനാളില്‍ഞാന്‍ തന്നെഅറിയാതെ
ദീനത്തിലായിട്ടമര്‍ന്നൂ
ഗാത്രംകീറിമുറിച്ചൂ

അസ്ഥിതന്‍ മജ്ജയുംകരളിന്റെനീരും
മലമൂത്രരക്തവുംചികഞ്ഞിട്ടുനോക്കിയും
മരുന്നുകള്‍ കുത്തിയുംതൊലിപ്പുറംകീറിയും
ആര്‍ക്കുമേഒന്നുമേതിരിയാതെയായി
എല്ലാംഒരുതരംമരീചികയായി

ജീവിതാന്തങ്ങളെകൂട്ടിമുട്ടിക്കുവാന്‍
പാടുപെടുന്നോരുതാതന്റെ
ജീവിതഭാണ്ഡത്തിന്‍ ഭാരത്തിനപ്പുറം
കൂനിന്മേല്‍ കുരുവായി ഞാനും
വേവാത്ത ചോറായി ഞാനും

ആഗ്രഹസാഫല്യമെന്തെന്നറിയാതെ
മാളത്തിലായുള്ളബാല്യം
കൂട്ട്‌ചേരുന്നിടംകൂട്ടുവാന്‍ പറ്റാതെ
മൂലക്കിരുത്തിയബാല്യം
ശോഷിച്ചുപോയൊരുബാല്യം

ജനകന്റെഭാണ്ഡത്തിന്‍ കെട്ടുമുറുകുമ്പോള്‍
പഴിക്കാനായൊരുജീവന്‍
മാനസംലാളന തേടുന്ന നേരം
തലോടാന്‍ വന്നില്ലൊരാളും
ഗദ്‌ഗദം മാത്രമായ്‌ ബാക്കി

വീട്ടിലെതാളങ്ങള്‍ താളത്തിലാക്കുവാന്‍
പാടുപെടുന്നൊരുകാലം
നാട്ടിലെകാര്യങ്ങള്‍ കൂടിക്കുമിഞ്ഞോരു
ഗോളമായ്‌താതന്റെതാളം
കോലമായ്‌താതന്റെകായം

സമകാലീനസൗകാര്യാന്തരങ്ങളാല്‍
ആള്‍ക്കൂട്ടത്തില്‍ തനിച്ചിരുന്നു
വിദ്യകള്‍ പലതുംകൈവശമില്ലാതെ
കൂട്ടരാല്‍ ഞാനുംവലിഞ്ഞിരുന്നു
നീറ്റലാലെന്മനംവീണിരുന്നു

മുട്ടുകള്‍ക്കുള്ളിലുംവീട്ടിലെകര്‍മങ്ങള്‍
ചിട്ടയാംമട്ടില്‍ കടന്നുപോയീ
എന്നിരുന്നാലുംഇടയ്‌ക്കൊക്കെഅച്ഛന്റെ
സ്‌നേഹത്തിന്‍ തീവ്രതഞാനറിഞ്ഞു
കടമകള്‍ തന്‍കട്ടിഞാനറിഞ്ഞു

നിലവറക്കുള്ളിലെറാന്തല്‍വിളക്കു പോല്‍
കണ്ടില്ലഞാനാമാനസത്തെ
എനിക്കില്ലാത്തതുമതുമാത്രമായി
ആരാലുംകാണാത്തകക്കണ്ണ്‌
ഉണ്ടായിരിക്കേണ്ടദീര്‍ഘദൃഷ്ടി

വീട്ടിലെത്തുമ്പോള്‍ഭീതിവിളമ്പുന്ന
മൌനവിഷാദിയായ്‌താതന്‍
ചിന്തിച്ചുചിന്തിച്ചുവളരുന്നനേരം
കൌമാരമെത്തിയെന്‍മുന്നില്‍
വല്ലാത്ത ചിന്തകളായി എന്നില്‍

അമാന്തംകൂടാതെകൂസലുമില്ലാതെ
ധിക്കാരിയായിനടന്നു
കൂട്ടരെപ്പോലെവിക്രിയകാട്ടുവാന്‍
ധൃതികാട്ടിധൂളിയില്‍ഞാന്‍ നടന്നു
ദോളനംകേള്‍ക്കാതെഞാനകന്നു

അന്നത്തിനൊട്ടുമേബുദ്ധിമുട്ടില്ല
പിന്നെയുംചിന്തകള്‍കാട്ടിലായി
ഇത്തരംചിന്തകള്‍ക്കുള്ളിലുംനൂണിട്ടു
ദീനംകണ്ണ്‌മിഴിച്ചുനോക്കി
കാലന്റെകണ്ണ്‌തുറിച്ചുനോക്കി

അതെന്റെതാളം, കുടിലിന്റെതാളം
എല്ലാംഅവതാളമാക്കിമാറ്റി
ഞാനൊരുവേതാളമായിമാറി
തെക്കേചുടലയില്‍ താളമായി
മാവിന്‍ ചുവട്ടില്‍ ബഹളമായി

മറുതരക്ഷസ്സുകള്‍ പിറുപിറുത്തു
കാലന്‍ കോഴികരഞ്ഞു
പ്രേതപിശാചുക്കള്‍ഓടിയെത്തി
യക്ഷികള്‍ ചുടലയില്‍ ചടുലമാടി.

ഭസ്‌മക്കുളത്തില്‍കുളി കഴിഞ്ഞു
വെള്ളപ്പുതപ്പു പുതച്ചു
ചൂട്ടുകളത്തില്‍ കളം വരഞ്ഞു
ഞാന്‍ ആ കളത്തില്‍ കിടന്നു.

ജീവന്റെആത്മാവ്‌തുടുതുടുത്തു
പരമാത്മാവ്‌ചിരിച്ചു
ദേഹംദേഹിയെനോക്കിനിന്നു
ചുടലയില്‍ നാളംപടര്‍ന്നു

ദേഹിദേഹത്തെ വലം പിരിഞ്ഞു
പരിരംഭണത്തില്‍ അമര്‍ന്നു
ദേഹിതന്‍ കണ്ണുനിറഞ്ഞു
ദേഹത്തിനോടായ്‌ പറഞ്ഞു

ആളുന്നതീയില്‍ എരിഞ്ഞൊന്നടങ്ങുവാന്‍
തയ്യാറാവട്ടെദേഹം
പാളുന്നജീവിതതാളത്തിനിത്തിരി
ആശ്വാസമാവട്ടെനാളം.

*****

(രചന: വേണുഗോപാലന്‍ കോക്കോടന്‍ (നാരായം) enaaraayam@gmail.com)
Blog: http://e-naaraayam.blogspot.com/
കാടന്‍ചിന്തയുടെ ചുടലതാളം (രചന: വേണുഗോപാലന്‍ കോക്കോടന്‍)
Join WhatsApp News
vaayanakkaaran 2014-05-25 11:18:25
താളമുണ്ട്, വിചാരമുണ്ട്, വികാരമുണ്ട്, വായനാസുഖമുണ്ട്. ജീവിതം അവതാളത്തിലാവാഞ്ഞത് നന്നായി. അഭിനന്ദനങ്ങൾ.
Shenayi P. 2014-05-25 13:54:06
കവിത നന്നായിരിക്കുന്നു.  ചിന്തയെപ്പറ്റിപ്പറഞ്ഞാൽ,  കാടൻ ചിന്തയല്ലിത്. എന്തു ചെയ്താലും, ആഗ്രഹിച്ചാലും ഉദ്ദേശിക്കുന്ന തരത്തിൽ നിലനില്ക്കാനാവാതെ അണുവിൽനിന്നുതിർത്ത ദേഹികൾ അണുവിലേക്ക് തന്നെ ചെന്നു ചേരുന്ന ജീവിതത്തിന്റെ ഉടമകൾ മാത്രം. അതിന്റെ ക്രമങ്ങൾ, രീതി, ആവശ്യം, അവസാനം ഇതൊന്നും കൃത്യമായി അറിയാൻ വയ്യാത്ത അവസ്ഥയിൽ  തുടരുന്ന ജീവിതം എരിഞ്ഞോ അല്ലാതെയോ എങ്ങനെ, എന്നു അവസാനിക്കുമെന്നു പോലും നിശ്ചയിക്കാൻ കഴിയാതെ മരണവക്കിൽ എത്തിച്ചേരും വരെ മാത്രം നമുക്ക് കാണുവാനും  കൃത്യമായി അനുമാനിക്കാനും കഴിഞ്ഞിട്ടുള്ളൂ. അതിനെ പിന്നീട് തീ നാളത്തിൽ തീർക്കുന്നതായി നിങ്ങൾ സങ്കല്പ്പിക്കേണ്ടതില്ല. അതിലുപരിയായി ജീവൻ അല്ലെങ്കിൽ ആത്മാവ് മറ്റൊരു വിധത്തിൽ മാറിപ്പോവുകയോ മറ്റൊരവസ്ഥയിൽ നിലനില്ക്കുകയോ ചെയ്യുന്നുണ്ടാവാം. എങ്കിൽ കാടൻ ചിന്തയല്ലിത്, പാളിപ്പോയ ചിന്ത എന്നെ പറയാനാവൂ.
വേണുഗോപലൻ കോക്കോടൻ 2014-05-26 06:32:44
ഷേണായി അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്. അന്നത്തെ കാലത്തെ പാളിപ്പോയ ചിന്ത തന്നെയാണ്. എന്നാലും ഇരുളടഞ്ഞ ഒരു ചിന്തയായതു കൊണ്ട് അതിനെ കാടൻ ചിന്ത എന്നും വിളിക്കുന്നതിൽ തെറ്റില്ല എന്നാണു എന്റെ മതം. പിന്നെ കവിതയിൽ ഞാൻ എന്റെ ഭാവനക്കനുസരിച്ചാണ് ആത്മാവ് ദേഹത്തെ പിരിയുന്ന ആ സന്ദർഭം ഉണ്ടാക്കിയത്. ആത്മാവ് എവിടെ പോകുന്നു എന്ന് ആർക്കറിയാം. ആരും അനുഭവിച്ചറിഞ്ഞിട്ടില്ലെന്നു മാത്രം അറിയാം. 
വേണുഗോപാലൻ കോക്കോടൻ 2014-05-26 06:35:53
വായനക്കാരന് വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക