Image

കടന്നു വന്ന വഴികളും ദൈവപരിപാലനയുടെ നന്മകളും മറക്കരുത്: മാര്‍ മാത്യു അറയ്ക്കല്‍

ഷൈജു ചാക്കോ Published on 06 June, 2011
കടന്നു വന്ന വഴികളും ദൈവപരിപാലനയുടെ നന്മകളും മറക്കരുത്: മാര്‍ മാത്യു അറയ്ക്കല്‍
ഓക്‌ലാന്‍ഡ്: നാടും വീടും വിട്ടകന്ന് പ്രവാസി ജീവിതകാലത്ത് ഭൗതികമായി വളരുന്നതിനോടൊപ്പം കടന്നുവന്നവഴികളും ദൈവമേകിയ ഒട്ടനവധി നന്മകളും ഒരിക്കലും മറക്കരുതെന്നും ദൈവപരിപാലനയ്ക്കു മുമ്പില്‍ സ്വയം സമര്‍പ്പിതരാകണമെന്നും സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ പ്രസ്താവിച്ചു. സീറോ മലബാര്‍ സഭ ആഗോള അല്മായ സന്ദര്‍ശനത്തോടനുബന്ധിച്ച് ഓക്‌ലാന്‍ഡ് കുത്ത്‌ബേര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടന്ന അല്മായ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍.

ജോലിക്കായി വിവിധ രാജ്യങ്ങളിലേയ്ക്കുള്ള കുടിയേറ്റങ്ങളുടെ അവസരങ്ങള്‍ വരും നാളുകളില്‍ വിരളമാണ്. പുതിയ തലങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. കാര്‍ഷികമേഖലകളിലുള്ള അന്തര്‍ദേശീയ കുടിയേറ്റമാണ് നമുക്ക് മുമ്പില്‍ ഇനിയുള്ളത്. ആഗോളതലത്തില് ഭക്ഷ്യസുരക്ഷ വന്‍ ഭീക്ഷണി നേരിടും. ജനസംഖ്യാ വളര്‍ച്ചയോടൊപ്പം കാര്‍ഷികരംഗത്തും വിപ്ലവകരമായ മാറ്റങ്ങള്‍ അനിര്‍വാര്യമാണ്. സംഘടിതവും ദീര്‍ഘവീക്ഷകണത്തോടുകൂടിയ ശ്രമങ്ങള്‍ ഇക്കാര്യത്തില്‍ വേണമെന്ന മാര്‍ അറയ്ക്കല്‍ സൂചിപ്പിച്ചു.

ഭൗതീകനേട്ടങ്ങളില്‍ മുന്നേറുമ്പോഴും കുടുംബങ്ങളില്‍ ദൈവിക ചൈതന്യം നിറഞ്ഞുനില്‍ക്കണം. പരസ്പരമുള്ള സ്‌നേഹബന്ധങ്ങള്‍ ഊഷ്മളമാകണം. മനുഷ്യമനസ്സുകളില്‍ നിന്ന് ദൈവത്തെ അകറ്റി നിര്‍ത്തുന്നത് നാശത്തിലേയ്ക്ക് നയിക്കും. പങ്കുവെയ്ക്കലിലൂടെയും കൂട്ടായ്മാ ജീവിതത്തിലൂടെയും വിശുദ്ധിയിലേയ്ക്കുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുവാന്‍ മാര്‍ അറയ്ക്കല്‍ അല്മായ സമൂഹത്തെ ആഹ്വാനം ചെയ്തു.

സീറോ മലബാര്‍ മിഷന്‍ ന്യൂസിലാന്‍ഡ് ചാപ്ലയിന്‍ ഫാ. ജോയി തോട്ടങ്കര അദ്ധ്യക്ഷത വഹിച്ചു. അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ.പീറ്റര്‍ ബ്രൗണ്‍ സംസാരിച്ചു.ന്യൂസ് ലന്‍ഡിലെ വിവിധ രൂപതകളില്‍ നിന്നും കേന്ദ്രങ്ങളില്‍ നിന്നുള്ള അല്മായ പ്രതിനിധികള്‍ സമ്മേളനത്തില് പങ്കുചേര്‍ന്നു. ജൂണ്‍ 1 ന് ആരംഭിച്ച അല്മായ സന്ദര്‍ശനവും സമ്മേളനവും ഇന്ന് സമാപിക്കും. ജൂണ്‍ 4, 5 തീയ്യതികളില്‍ നടന്ന നിത്യസഹായ മാതാവിന്റെ തിരുനാള്‍ ആഘോഷങ്ങളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്നു. മനീഷ് ജോസഫ് കണ്‍വീനറും ട്രസ്റ്റിമാരായ പോള്‍ ജോസഫ്, സാജന്‍ വെളിയത്ത് എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരുമായി വിപുലമായ കമ്മിറ്റികള്‍ തിരുനാളിനും അല്മായ സമ്മേളനത്തിനും നേതൃത്വം നല്‍കി.
കടന്നു വന്ന വഴികളും ദൈവപരിപാലനയുടെ നന്മകളും മറക്കരുത്: മാര്‍ മാത്യു അറയ്ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക