Image

അപര്‍ണയുടെ കഥ (നോവല്‍- ഭാഗം: 3 - ടോം മാത്യൂസ്,ന്യൂജേഴ്‌സി)

ടോം മാത്യൂസ്, ന്യൂജേഴ്‌സി Published on 21 May, 2014
അപര്‍ണയുടെ കഥ (നോവല്‍- ഭാഗം: 3 - ടോം മാത്യൂസ്,ന്യൂജേഴ്‌സി)
അദ്ധ്യായം 3
ബന്ധുക്കളും പ്രശ്‌നങ്ങളും
അപര്‍ണ സ്‌കൂളില്‍നിന്ന് വന്നപ്പോള്‍ അച്ഛന്റെ സഹോദരിയും ഭര്‍ത്താവും വീട്ടിലുണ്ട്. അവളുടെ സാന്നിദ്ധ്യം തിരിച്ചറിയാത്തവിധം അവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നു. ചപ്പാത്തിയും കറിയും ഉണ്ടാക്കിക്കൊടുത്തുകൊണ്ട് അമ്മയും അവരുടെ അരികിലുണ്ട്.

അടുത്ത കടയില്‍നിന്ന് അച്ഛന്‍ ചാരായം വാങ്ങിക്കൊണ്ടുവന്ന് അളിയനെ സന്തോഷിപ്പിക്കുന്നു. അവള്‍ ആകെ അസ്വസ്ഥയായി. അദ്ധ്യാപകന്റെ ശബ്ദം അവളുടെ കാതുകളില്‍ ഈച്ചയുടെ മുരളല്‍പോലെ ഉയര്‍ന്നുകൊണ്ടിരുന്നു. സ്‌ക്കൂളിലെ സംഭവം എങ്ങനെ അച്ഛനോടു പറയും? അപര്‍ണയ്ക്ക് വേവലാതിയായി. ബന്ധുക്കളുടെ തീറ്റിയും കുടിയും അവസാനിച്ചപ്പോള്‍ അപര്‍ണ അമ്മയുടെ അടുക്കലെത്തി സ്‌ക്കൂളിലെ സംഭവം പറഞ്ഞു.

കാര്യമറിഞ്ഞാല്‍ അപര്‍ണയെ അവളുടെ അച്ഛന്‍ കടിച്ചുകീറുമെന്ന് ലക്ഷ്മിക്കറിയാം. അവര്‍ അവളെ സമാധാനിപ്പിച്ചു. “പേടിക്കേണ്ട മോളേ, ഞാന്‍ നാളെ സ്‌ക്കൂളില്‍ വന്ന് സാറിനെ കാണാം.” ലക്ഷ്മിയുടെ മുമ്പില്‍ ആ ഒരു പോംവഴിയേ ഉണ്ടായിരുന്നുള്ളൂ.

മകള്‍ക്കുവേണ്ടി ഒരു കത്തെഴുതാനുള്ള അറിവൊന്നും ലക്ഷ്മിക്കില്ല.  അവരുടെ കൈകള്‍ക്ക് അക്ഷരങ്ങളുടെ വിശുദ്ധി അറിയില്ലായിരുന്നു. ആറാം ക്ലാസ്സില്‍വച്ച് പഠനം നിര്‍ത്തിയവളാണ് ലക്ഷ്മി. ബാന്ദ്രയിലെ താരരാജാക്കന്മാര്‍ താമസിക്കുന്ന കൂറ്റന്‍ മണിമാളികകളില്‍ വീട്ടുജോലിക്കാരിയായി വളരെ പെട്ടെന്ന് ലക്ഷ്മി മാറി. ഇളംപ്രായത്തില്‍തന്നെ അടിച്ചുതളിക്കാരിയുടെ വേഷം കെട്ടാനായിരുന്നു ലക്ഷ്മിയുടെ വിധി.

അമ്മയുടെ ആശ്വാസവാക്കുകള്‍ അപര്‍ണയെ സന്തോഷിപ്പിച്ചു. പഠനകാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കാമെന്നും ഇനി ഒരിക്കലും ഗൃഹപാഠം ചെയ്യാതെ സ്‌ക്കൂളില്‍ പോവില്ലെന്നും അവള്‍ അമ്മയ്ക്ക് വാക്കുകൊടുത്തു.

ചേരിയില്‍ വളരുന്ന പെണ്‍കുട്ടികള്‍ മാതാപിതാക്കള്‍ക്ക് ഒരു ഭാരമാണ്. കുട്ടികളെ പഠിപ്പിച്ച് വലിയവരാക്കണമെന്നൊന്നും അവര്‍ക്ക് ആഗ്രഹമില്ല. കഴിയുന്നതും വേഗത്തില്‍ പെണ്‍കുട്ടികളെ കല്യാണം കഴിപ്പിച്ച് വിടണമെന്നാണ് അവരുടെ ചിന്ത. അപര്‍ണയെക്കുറിച്ചും ഗോപാല്‍ അങ്ങനെയേ ചിന്തിച്ചിട്ടുള്ളൂ. ലക്ഷ്മിക്ക് അതറിയാം. അതുകൊണ്ടാണ് സ്‌ക്കൂളില്‍ ചെല്ലാമെന്ന് ലക്ഷ്മി മകളോടു പറഞ്ഞത്. മകള്‍ പഠിച്ചു മിടുക്കിയാകണമെന്ന് ലക്ഷ്മിക്ക് ആശയുണ്ട്. അതാണ് അവളുടെ ഒരേയൊരു പ്രാര്‍ത്ഥന.



അപര്‍ണയുടെ കഥ (നോവല്‍- ഭാഗം: 3 - ടോം മാത്യൂസ്,ന്യൂജേഴ്‌സി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക