Image

ഡാളസില്‍ ഡബ്ള്യുഎംസി പ്രൊവിന്‍സ് ഉദ്ഘാടനവും കോമഡി ഷോയും വന്‍വിജയമായി

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 19 November, 2011
ഡാളസില്‍ ഡബ്ള്യുഎംസി പ്രൊവിന്‍സ് ഉദ്ഘാടനവും കോമഡി ഷോയും വന്‍വിജയമായി
ഡാലസ്: ഗ്രേറ്റര്‍ ഡാലസ് ഡബ്ല്യുഎംസി പ്രൊവിന്‍സ് ഉദ്ഘാടനം ഡാലസില്‍ 12 ശനിയാഴ്ച നടന്നു. ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ ജോര്‍ജ് ജേക്കബ് ഭദ്രദീപത്തില്‍ കന്നിത്തിരി തെളിയിച്ചു. തുടര്‍ന്ന് ഡോ ശ്രീധര്‍ കാവില്‍, വര്‍ഗീസ് തെക്കേക്കര, ചാര്‍ലി അങ്ങാടിശേരില്‍, താര ജോണ്‍ എന്നിവരും തിരികള്‍ തെളിയിച്ചു. ഡാലസിലെ മലയാളി സമൂഹത്തിന്റെ പൊതുനന്മയ്ക്ക് ഒരു ആശാനാളമായി ഒരു പ്രകാശഗോപുരമായി ഈ പ്രസ്ഥാനം വളര്‍ന്നു പരിലസിക്കട്ടെ എന്ന് ഡോ. ശ്രീധര്‍ കാവില്‍ (ചെയര്‍മാന്‍, ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡ്) ആശംസിച്ചു.

ബെക്കി മാരേട്ടിന്റെ അമേരിക്കന്‍ ദേശീയഗാനാലാപനത്തോടെ ഉദ്ഘാടനചടങ്ങുകള്‍ ആരംഭിച്ചു. ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ജോണ്‍ ഷെറി വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി. പ്രൊവിന്‍സ് ചെയര്‍മാന്‍ ഏബ്രഹാം പടനിലം സ്വാഗതവും പ്രസിഡന്റ് ജോസ് തങ്കച്ചന്‍ നന്ദിയും പറഞ്ഞു. ജെയിന്‍ ചാണ്ടി ആയിരുന്നു മാസ്റ്റര്‍ ഓഫ് സെറിമണീസ്.

കോമഡി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് കലാപരിപാടികളായിരുന്നു തുടര്‍ന്ന് അരങ്ങേറിയത്. ഹാസ്യരംഗത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് നൃത്തവും സംഗീതവും സമ്മേളിപ്പിച്ച പരിപാടി സദസിന്റെ കൈയടി നേടി. ചിരിയടക്കാന്‍ കഴിയുന്നവര്‍ക്ക് സമ്മാനം മുന്‍കൂര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ആര്‍ക്കും അത് സ്വന്തമാക്കാന്‍ കഴിയാത്ത തരത്തിലുള്ള ഹാസ്യതരംഗങ്ങളായിരുന്നു ഡാലസ് കോമഡി കസിന്‍സും സിബി ആന്‍ഡ് മഞ്ചിത് ഗ്രൂപ്പും ഉയര്‍ത്തിവിട്ടത്.

പ്രശസ്ത പിന്നണി ഗായകന്‍ ഫ്രാങ്കോയുടെ നേതൃത്വത്തില്‍ നടന്ന സംഗീത വിരുന്ന് ആസ്വാദ്യകരമായിരുന്നു. ഫ്രാങ്കോയോടൊപ്പം ആനി തങ്കച്ചനും സുജ സുഭാഷും അണിചേര്‍ന്നു. സംഗീത ജോര്‍ജിന്റെ നേതൃത്വത്തില്‍ ചഞ്ചല്‍ ഡാന്‍സ് സ്റ്റുഡിയോവില്‍ നിന്നും എത്തിയ നൃത്തസംഘത്തിന്റെ പാദവിന്യാസങ്ങളുമുണ്ടായിരുന്നു.

അമേരിക്കയിലെ പ്രൊഫഷണല്‍ ഡാന്‍സ് ഗ്രൂപ്പ് ആയ ഡാലസ്
ബ്ളുഫ്ളെയിംസ് ജെനി ജോണ്‍ ഷെറിയുടെയും ബെക്കി മാരേട്ടിന്റെയും നേതൃത്വത്തില്‍ അവതരിപ്പിച്ച നൃത്തങ്ങളായിരുന്നു പരിപാടിയുടെ മറ്റൊരാകര്‍ഷണം.

ഡാലസിലെ ബിസിനസ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ടി എന്‍ നായരെ സദസില്‍ ആദരിച്ചു. അമേരിക്കന്‍ റീജിയണ്‍ ചെയര്‍മാന്‍ വര്‍ഗിസ് തെക്കേക്കര അഭിനന്ദന ഫലകം ടി എന്‍ നായര്‍ക്ക് സമര്‍പ്പിച്ചു. ഒന്‍പതോടെ ഇന്ത്യന്‍ ദേശീയ ഗാനാലാപനത്തോടെ സായാഹ്‌നത്തിന് തിരശീല വീണു.

ഡാളസില്‍ ഡബ്ള്യുഎംസി പ്രൊവിന്‍സ് ഉദ്ഘാടനവും കോമഡി ഷോയും വന്‍വിജയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക