Image

തിരിച്ചു വരവില്‍ സൂപ്പര്‍താരമായി മഞ്‌ജുവാര്യര്‍

ജയമോഹനന്‍ എം Published on 18 May, 2014
തിരിച്ചു വരവില്‍ സൂപ്പര്‍താരമായി മഞ്‌ജുവാര്യര്‍
`ഒരു സൂപ്പര്‍ഹിറ്റില്‍ കൂടുതലൊന്നും മഞ്‌ജുവാര്യര്‍ പ്രതീക്ഷിച്ചിരുന്നില്ല. നമുക്കിത്‌ സൂപ്പര്‍ഹിറ്റാക്കണം എന്നു മാത്രമാണ്‌ മഞ്‌ജു പറഞ്ഞത്‌.'

ഹൗ ഓള്‍ഡ്‌ ആര്‍ യു എന്ന ചിത്രത്തിന്റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ വാക്കുകളാണിത്‌. ഈ വാക്കുകളില്‍ വ്യക്തമാകുന്നത്‌ ഒരു സൂപ്പര്‍ഹിറ്റ്‌ പ്രതീക്ഷിച്ചെത്തിയ നിശ്ചയദാര്‍ഡ്യമാണ്‌. അതെ മഞ്‌ജു ഉറപ്പിച്ച്‌ തന്നെയാണ്‌ 14 വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം പ്രേക്ഷകരിലേക്ക്‌ എത്തിയത്‌. അവരുടെ മനസിലെ ഉറപ്പ്‌ തിയറ്ററില്‍ കാണാം. ഒരു സൂപ്പര്‍ഹിറ്റ്‌ സിനിമ. ദൃശ്യം എന്ന സിനിമ സൃഷ്ടിച്ച തരംഗത്തിനു ശേഷം സ്‌ത്രീ പ്രേക്ഷകരാല്‍, കുടുംബ പ്രേക്ഷകരാല്‍ കേരളത്തിലെ തിയറ്ററുകള്‍ നിറഞ്ഞു കവിയുന്നത്‌ ഇപ്പോഴാണ്‌. റിലീസ്‌ ചെയ്‌ത ദിവസം തന്നെ ഹൗ ഓള്‍ഡ്‌ ആര്‍ യു കേരളത്തിലെ തിയറ്ററുകളില്‍ നിറഞ്ഞ പ്രദര്‍ശന വിജയമാണ്‌ നേടിയത്‌. മോഹന്‍ലാലിനോ, മമ്മൂട്ടിക്കോ ലഭിക്കുന്ന ഇന്‍ഷ്യല്‍ കളക്ഷന്‍ മഞ്‌ജു ചിത്രത്തിന്‌ ലഭിച്ചു. ആദ്യ ഷോ പൂര്‍ത്തിയായപ്പോള്‍ തന്നെ ഒരു മികച്ച സിനിമ എന്ന സന്ദേശം ഫേസ്‌ബുക്കുകളിലും മൊബൈല്‍ എസ്‌.എം.എസുകളിലും നിറഞ്ഞു. ആദ്യ ദിവസം പിന്നിട്ടപ്പോള്‍ തന്നെ ഹൗള്‍ ഓള്‍ഡ്‌ ആര്‍ യു സൂപ്പര്‍ഹിറ്റ്‌ ഉറപ്പിച്ചു. അതിനു മുകളില്‍ ഇനി എന്തൊക്കെ ചരിത്രമാണ്‌ ഹൗ ഓള്‍ഡ്‌ ആര്‍ യു സൃഷ്ടിക്കാന്‍ പോകുന്നത്‌ എന്നു മാത്രം നോക്കിയാല്‍ മതിയാകും.

മികച്ച തിരക്കഥയും സംവിധാനവും തന്നെയാണ്‌ ഹൗ ഓള്‍ഡ്‌ ആര്‍ യു എന്ന ചിത്രത്തിന്റെ പ്രധാന ഘടകങ്ങള്‍. ബോബി സഞ്‌ജയും, റോഷന്‍ ആന്‍ഡ്രൂസും ഇക്കാര്യത്തില്‍ വിജയമായ കൂട്ടുകെട്ട്‌ വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു. എന്നാല്‍ ഇവര്‍ക്കും മുകളില്‍ ഹൗ ഓള്‍ഡ്‌ ആര്‍ യു എന്ന ചിത്രത്തെ പ്രേക്ഷകരുടെ മുമ്പില്‍ ഒരു അത്ഭുതമാക്കി മാറ്റുന്നത്‌ മഞ്‌ജു വാര്യര്‍ എന്ന നടിയാണ്‌. തൊണ്ണുറുകളുടെ അവസാനത്തില്‍ ഒരു നാലുവര്‍ഷക്കാലും നമ്മള്‍ അത്ഭുതത്തോടെ കണ്ടിരുന്ന അതേ മഞ്‌ജുഭാവം. അത്‌ പത്തിരട്ടിയായി വീണ്ടും അവതരിച്ചിരിക്കുന്നു. ചുറുചുറുക്കും മുഖശ്രീയും അല്‌പവും കുറഞ്ഞിട്ടില്ല. എന്തുകൊണ്ടും മടങ്ങി വരവ്‌ അതിഗംഭീരമാക്കുന്ന അഭിനയ പ്രകടനം തന്നെ മഞ്‌ജുവിന്റേത്‌.

തികഞ്ഞ വീട്ടമ്മയാണ്‌ ഹൗ ഓള്‍ഡ്‌ ആര്‍ യു എന്ന ചിത്രത്തിലെ നിരുപമ രാജീവ്‌. മഞ്‌ജുവാര്യര്‍ അഭിനയിക്കുന്ന കഥാപാത്രം. അവളുടെ ഭര്‍ത്താവ്‌ രാജീവ്‌ (കുഞ്ചാക്കോ ബോബന്‍) ആകാശ വാണിയില്‍ ജോലി ചെയ്യുമ്പോള്‍ അവള്‍ കളക്ടേറ്റിലെ യുഡി ക്ലര്‍ക്കാണ്‌. അയര്‍ലന്റില്‍ പുതിയൊരു ജോലി സ്വപ്‌നം കാണുകയാണ്‌ രാജീവും മകളും. എന്നാല്‍ നിരൂപമയുടെ സ്വപ്‌നങ്ങളില്‍ ഒരു സാധാരണ വീട്ടമ്മയുടെ കാഴ്‌ചകള്‍ മാത്രമേയുള്ളു. അങ്ങനെയിരിക്കെ അപ്രതീക്ഷിതമായി നിരുപമയെ ഇന്ത്യന്‍ പ്രസിഡന്റ്‌ ക്ഷണിക്കുന്നിടത്താണ്‌ സിനിമയുടെ പുതിയൊരു തലം കൈവരിക്കുന്നത്‌. ഇന്ത്യന്‍ പ്രസിഡന്റ്‌ നിരുപമയെ കാണണമെന്ന്‌ പറഞ്ഞതിന്‌ മറ്റൊരു കാരണമുണ്ട്‌. പക്ഷെ കൂടികാഴ്‌ച പൂര്‍ത്തിയാക്കാന്‍ കഴിയാത്ത നിരുപമയെ തേടി കാത്തിരുന്നത്‌ പിന്നെയും ചില വെല്ലുവിളികളായിരുന്നു. പലപ്പോഴും സ്വന്തം സ്വപ്‌നങ്ങളെ ബലികഴിച്ചത്‌ സ്വന്തം വ്യക്തിത്വത്തെ തന്നെ നശിപ്പിക്കുന്നതായി നിരൂപമക്ക്‌ തോന്നുന്നു. ഭര്‍ത്താവിനൊപ്പം അയര്‍ലന്റിലേക്ക്‌ പോകാന്‍ ഒരു ജോബ്‌ വിസ പോലും നേടാന്‍ നിരുപമക്ക്‌ സാധിക്കുന്നില്ല. ഒരു 36 വയസുകാരിക്ക്‌ ഓടിയെത്താന്‍ കഴിയാത്ത ദൂരമാണ്‌ അവളുടെ മുമ്പിലുള്ളത്‌. ഇതിനിടയില്‍ ഭര്‍ത്താവും മകളും വിസ ലഭിക്കുമ്പോള്‍ അവളെ മറികടന്ന്‌ വിദേശത്തേക്ക്‌ പോകുന്നു. അതോടെ നാട്ടില്‍ നിരുപമ മാത്രമാകുന്നു. സ്വപ്‌നങ്ങളെ അടക്കി വെക്കുന്ന ഒരുവളാകാന്‍ പിന്നെ നിരുപമ നില്‍ക്കുന്നില്ല. എവിടെയോ മുറിഞ്ഞു പോയ തന്റെ സ്വപ്‌നങ്ങളെ തുന്നിച്ചേര്‍ക്കാന്‍ നിരൂപമ നടത്തുന്ന ശ്രമങ്ങളും അവസാനം ഇന്ത്യന്‍ പ്രസിഡന്റിന്റെ അതിഥിയായി ഡ്‌ല്‍ഹിയില്‍ അവളെത്തുന്നതും വരെയാണ്‌ ഹൗ ഓള്‍ഡ്‌ ആര്‍ യു എന്ന സിനിമ നിരൂപമയിലൂടെ കടന്നു പോകുന്നത്‌.

നിരൂപമയുടെ കഥയിത്രയും പറഞ്ഞു കഴിയുമ്പോള്‍ രണ്ടു കാര്യങ്ങളാണ്‌ സിനിമ പ്രേക്ഷകനെ ബോധ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നത്‌. പ്രായം ഒന്നിനും ഒരു തടസമാകുന്നില്ല, പ്രത്യേകിച്ചും നമ്മുടെ സ്വപ്‌നങ്ങളിലേക്ക്‌ സഞ്ചരിക്കുന്നതിന്‌. അതുപോലെ തന്നെ സ്വപ്‌നം എന്നത്‌ പുരുഷന്‌ മാത്രമുള്ളതല്ല. മറിച്ച്‌ സ്‌ത്രീയുടേതും കൂടിയാണ്‌. പുരുഷനും കുടുംബത്തിനും വേണ്ടി തൃജിക്കുവാനുള്ളതല്ല സ്‌ത്രീയുടെ സ്വപ്‌നങ്ങള്‍. സ്വപ്‌നങ്ങള്‍ നേടിയെടുക്കുന്നിടത്താണ്‌ ഒരോ വ്യക്തിയും പൂര്‍ണ്ണത നേടുന്നത്‌, അത്‌ പുരുഷനായാലും സ്‌ത്രീയായാലും.

ഹൗ ഓഡ്‌ ആര്‍ യുവിന്റെ പ്രമേയം കേള്‍ക്കുമ്പോള്‍ ഈക്കഥയ്‌ക്ക്‌ മലയാളി ഊഹിച്ചെടുത്തിരിക്കുന്ന മറ്റൊരാളുടെ കഥയുമായി സാമ്യം ആദ്യം തോന്നും. മറ്റാരുടേതുമല്ല, ചിത്രത്തില്‍ നായികയായി എത്തുന്ന മഞ്‌ജു വാര്യരുടെ കഥയുമായി തന്നെ. കുടുംബത്തിനുള്ള പൂട്ടിവെക്കാനുള്ളതല്ല തന്റെ അഭിനയ പ്രതിഭ എന്ന്‌ തുറന്നു പറഞ്ഞുകൊണ്ടാണ്‌ മഞ്‌ജുവും ദാമ്പത്യ ജീവിതത്തിന്റെ ചട്ടക്കൂടില്‍ നിന്ന്‌ പുറത്തുവന്നത്‌. 14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന്റെ ചട്ടക്കൂടില്‍ നിന്നാണ്‌ സിനിമയിലേക്ക്‌ മഞ്‌ജു ഒരു രണ്ടാം വരവ്‌ വരുന്നത്‌. ഈ വര്‍ഷത്തിന്റെ കണക്ക്‌ പോലും കൃത്യമായി ഉപയോഗിച്ചിട്ടുണ്ട്‌ സിനിമയില്‍. അത്രത്തോളം മഞ്‌ജുവിന്റെ ജീവിതവുമായി ചേര്‍ത്തെടുത്താണ്‌ ബോബി സഞ്‌ജയ്‌ ടീമും റോഷന്‍ ആന്‍ഡ്രൂസും ഈ സിനിമ ഒരുക്കിയിരിക്കുന്നത്‌. ഹൗ ഓള്‍ഡ്‌ ആര്‍ യു കാണാനെത്തുന്ന പ്രേക്ഷകനെ അമ്പരപ്പിക്കുന്നതും കഥക്കും കഥയിലെ നായികയുടെ കഥക്കും തമ്മിലുള്ള ഈ യൗദൃശ്ചികത തന്നെയാവും.
ഒരു പക്ഷെ ഈ യാദൃശ്ചികത സ്വാഭാവികമായി സംഭവിച്ചതാവില്ല. ഇങ്ങനെയൊരു സിനിമയിലൂടെ തന്നെയാവണം തന്റെ മടങ്ങി വരവെന്ന്‌ മഞ്‌ജുവും തീരുമാനിച്ചിരുന്നിരിക്കാം. ദാമ്പത്യ ജീവിതത്തില്‍ നിന്ന്‌ തിരിച്ചിറങ്ങിയ മഞ്‌ജുവിന്‌ അതിന്റെ കാരണങ്ങള്‍ വിശദീകരിക്കാതെ മറുപടി നല്‍കാന്‍ കഴിയുന്നു ഈ സിനിമയിലൂടെ. സിനിമയിലെ നിരൂപമ ആരാണോ അത്‌ തന്നെയാണ്‌ താന്‍ എന്ന്‌ മഞ്‌ജുവും തുറന്നു വ്യക്തമാക്കുന്നു. സ്വപ്‌നങ്ങളെ തിരികെ പിടിക്കാനാണ്‌ താന്‍ കലാരംഗത്തേക്ക്‌ തിരിച്ചു വന്നതെന്ന്‌ മഞ്‌ജു ഉറപ്പിച്ചു പറയുന്നു. ഒപ്പം സ്വപ്‌നങ്ങള്‍ തന്റെ ജീവിതത്തിലും പ്രധാന്യം തന്നെയെന്നും.

അവസാനം സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസിലും ഒരു ചോദ്യം ഉത്തരമില്ലാതെ കിടക്കുന്നുണ്ടാവും. ചിത്രത്തില്‍ നിരുപമയുടെ സ്വപ്‌നങ്ങള്‍ തിരിച്ചറിഞ്ഞ്‌ രാജീവ്‌ അവസാനം അവളുടെ കൈ ചേര്‍ത്ത്‌ പിടിക്കുന്നത്‌ പോലെ മഞ്‌ജുവിന്റെ ജീവിതവും ശുഭപര്യവസാനിയാകുമോ. സിനിമയല്ല ജീവിതം എന്ന്‌ യഥാര്‍ഥ്യം തന്നെയാണ്‌. എങ്കിലും ജീവിതം ചിലപ്പോള്‍ സിനിമയേക്കാള്‍ ട്വിസ്റ്റുകള്‍ നിറഞ്ഞതായി മാറുന്ന സന്ദര്‍ഭങ്ങളുമുണ്ട്‌. അതുകൊണ്ട്‌ മഞ്‌ജുവിന്റെ നല്ല വാര്‍ത്തകള്‍ക്ക്‌ വേണ്ടി പ്രേക്ഷകര്‍ക്ക്‌ കാത്തിരിക്കാം, സിനിമയിലും ജീവിതത്തിലും.
തിരിച്ചു വരവില്‍ സൂപ്പര്‍താരമായി മഞ്‌ജുവാര്യര്‍തിരിച്ചു വരവില്‍ സൂപ്പര്‍താരമായി മഞ്‌ജുവാര്യര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക