Image

അമേരിക്കന്‍ മാധ്യമ ചരിത്രത്തിലെ കൃഷ്‌ണസ്‌പര്‍ശം (കൃഷ്‌ണകിഷോറുമായി ഒരു കൂടിക്കാഴ്‌ച)

അനില്‍ പെണ്ണുക്കര Published on 18 May, 2014
അമേരിക്കന്‍ മാധ്യമ ചരിത്രത്തിലെ കൃഷ്‌ണസ്‌പര്‍ശം (കൃഷ്‌ണകിഷോറുമായി ഒരു കൂടിക്കാഴ്‌ച)
സാഹസികമായ മാധ്യമപ്രവര്‍ത്തന ജീവിതം ഒട്ടും പരിചിതമല്ലാത്ത ഒരു സാമൂഹിക പശ്ചാതത്തലത്തിലാണ്‌ ലോകമലയാളികളുടെ ജീവിതം.

വാര്‍ത്തകളുടെ തമസ്‌കരണം നടക്കുന്ന കാലത്ത്‌ `ക്രൈസിസ്‌ ജേര്‍ണലിസം' പൊടിപൊടിക്കുമ്പോള്‍ സത്യസന്ധമായി മാധ്യമപ്രവര്‍ത്തനം നടത്തുക എന്നത്‌ ബാലി കേറാമലയായി മാറിയിരിക്കുന്നു.
മാധ്യമപ്രവര്‍ത്തനത്തിന്റെ സത്യസന്ധതയെ ചോര്‍ത്തിക്കളയുന്ന മൂലധന താല്‌പര്യത്തിന്‌ മേല്‍ക്കൈ നല്‍കുന്ന വാര്‍ത്തകളുടെ ലോകത്ത്‌ മലയാളിയുടെയും ലോകത്തിന്റെയും വാര്‍ത്താകാഴ്‌ചകള്‍ ലോകമലയാളിക്കു മുമ്പില്‍ അവതരിപ്പിക്കുന്നു `കൃഷ്‌ണകിഷോര്‍'

മലയാളിയുടെ സ്വകാര്യ അഹങ്കാരമായ ഏഷ്യാനെറ്റ്‌ ആഴ്‌ചതോറും പ്രക്ഷേപണം ചെയ്യുന്ന യു.എസ്‌. വീക്ക്‌ലി റൗണ്ട്‌ അപ്‌ എന്ന വാര്‍ത്താധിഷ്‌ഠിത പരിപാടിയുടെ അവതാരകന്‍. 525 എപ്പിസോഡ്‌ പിന്നിടുന്ന യു.എസ്‌ വീക്ക്‌ലി റൗണ്ട്‌ അപ്‌ അമേരിക്കന്‍ മലയാളികളുടെ പരിഛേദമാകുന്നു. ഒപ്പം അമേരിക്കയുടെ സാംസ്‌കാരിക, സാമൂഹിക രാഷ്ട്രീയ വാര്‍ത്തകളുടെ ചുരുക്കെഴുത്തും.

വാര്‍ത്തയിലെ കൃഷ്‌ണസ്‌പര്‍ശം കൃഷ്‌ണകിഷോര്‍ Eമലയാളിയുടെ 'അവര്‍ ജീവിതം പറയുന്നു' എന്ന പംക്തിയില്‍ പങ്കുവയ്‌ക്കുന്നു.

* കോഴിക്കോട്‌ ആകാശവാണിയില്‍ ന്യൂസ്‌ റീഡറായിട്ടാണല്ലോ തുടക്കം. പ്രതിഭാധനരായ നിരവധി വ്യക്തികള്‍ കോഴിക്കോട്‌ ആകാശവാണിയുടെ സംഭാവനയാണല്ലോ . ആകാശവാണി ജീവിതത്തെ എങ്ങനെ വിലയിരുത്തുന്നു?

= ഒരു വാര്‍ത്താ അവതാരകന്‌, എഡിറ്റര്‍ക്ക്‌, ലേഖകന്‌ അങ്ങനെ മാധ്യമരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ വേണ്ടത്‌ പരപ്പാര്‍ന്ന വായനയാണ്‌. മലയാളിയുടെ കേള്‍വിയുടെ വാര്‍ത്തയില്‍ ആകാശവാണിയുടെ സംഭാവന ഞാന്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ? വായന എനിക്കൊരു ഹരമാണ്‌. കുട്ടിക്കാലം മുതല്‍ക്കേ കയ്യില്‍ കിട്ടുന്നതെന്തും വായിക്കും. പത്രങ്ങളിലെ വാര്‍ത്തകള്‍ ഉച്ചത്തില്‍ വായിക്കുക എന്നത്‌ എന്റെ ശീലമായിരുന്നു.

കോഴിക്കോട്‌ ആകാശവാണിയില്‍ ജോലി ചെയ്യാന്‍ സാധിച്ചത്‌ വലിയ ഭാഗ്യമായി കരുതുന്നു. തിക്കൊടിയന്‍, എന്‍.പി മുഹമ്മദ്‌ അങ്ങനെ എത്രയോ മഹാരഥന്‍മാരുടെ ശബ്ദം ആകാശവാണിയിലൂടെ നാം കേട്ടിരിക്കുന്നു. കോഴിക്കോട്‌ ആകാശവാണിയില്‍ നൂറിലധികം ബുള്ളറ്റിനുകള്‍ ചെയ്‌തു. ഇന്നത്തെപോലെ മാധ്യമരംഗത്ത്‌ ടെക്‌നോളജിയുടെ കടന്നുകയറ്റം കുറവായ കാലമായതിനാല്‍ ഏവര്‍ക്കും ഒരു അര്‍പ്പണബോധം ഉണ്ടായിരുന്നു. അത്‌ ഇപ്പോഴും ഞാന്‍ കാത്ത്‌ സൂക്ഷിക്കുന്നുണ്ട്‌.

* അവിടുത്തെ അവിസ്‌മരണീയമായ എന്തെങ്കിലും ഓര്‍മ്മകള്‍?

= മലയാളിയുടെ നിത്യഹരിതനായകന്‍ പ്രേംനസീര്‍ അന്തരിച്ച വിവരം മലയാളികള്‍ അറിയുന്നത്‌ എന്റെ ശബ്ദത്തിലൂടെയാണ്‌. അന്ന്‌ ടി.വി. ചാനലുകള്‍ ഒന്നുമില്ലാതിരുന്നതിനാല്‍ രാത്രിയില്‍ മരിച്ച പ്രേംനസീറിന്റെ മരണവിവരം ആകാശവാണിയുടെ പ്രഭാത വാര്‍ത്തയിലൂടെയാണ്‌ മലയാളികള്‍ അറിയുന്നത്‌. ആ ബുള്ളറ്റില്‍ ഞാനായിരുന്നു വായിച്ചത്‌. അത്‌ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന വേദനാജനകമായ ഒരു അനുഭവമാണ്‌. പല സംഭവങ്ങള്‍ ബുള്ളറ്റിനുകളില്‍ കൂടി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, നസീറിന്റെ മരണവാര്‍ത്താവതരണം തന്നെയാണ്‌ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്‌.

* മലയാളികള്‍ ആരാധിക്കുന്ന സുകുമാര്‍ അഴീക്കോട്‌ വിമര്‍ശിക്കാത്തവര്‍ വളരെ ചുരുക്കമാണ്‌. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കേരളത്തിന്റെ സാമൂഹ്യചുറ്റുപാട്‌ ഇപ്പോഴും കൊതിക്കുന്നുണ്ട്‌. അദ്ദേഹം നവമാധ്യമപ്രവര്‍ത്തകരോട്‌ കൃഷ്‌ണകിഷോറിനെ കണ്ടു പഠിക്കാന്‍ ഒരിക്കല്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്‌.?

= അത്‌ വലിയ ഒരു അംഗീകാരമായി ഞാന്‍ ഇന്നും കാണുന്നു. ഒരു പക്ഷേ അദ്ദേഹം അങ്ങനെ ഒരു വിലയിരുത്തല്‍ പിന്നീട്‌ ഒരു മാധ്യമപ്രവര്‍ത്തകരെക്കുറിച്ചും നടത്തിയിട്ടില്ലെന്ന്‌ തോന്നുന്നു. അദ്ദേഹം എവിടെയോ എഴുതുകയായിരുന്നു ഇങ്ങനെ :

`നമുടെ വാര്‍ത്താവായനക്കാര്‍ ഏഷ്യാനെറ്റില്‍ അമേരിക്കയില്‍ നിന്നും വാര്‍ത്തവായിക്കുന്ന കൃഷ്‌ണകിഷോറിനെ നോക്കി പഠിക്കട്ടെ . പലരെക്കാളും നല്ല മലയാളത്തിലാണ്‌ അമേരിക്കയില്‍ കഴിയുന്ന ആ യുവാവ്‌ വാര്‍ത്ത വായിക്കുന്നത്‌.'

ഇത്‌ മലയാള ഭാഷയ്‌ക്ക്‌ ലഭിച്ച ഒരു അംഗീകാരമായിത്തന്നെ കാണുന്നു. മലയാളത്തെ സ്‌നേഹിക്കുന്നതുകൊണ്ടാവണം സ്‌ഫുടതയും, ശുദ്ധം, വ്യക്തത എന്നീ മൂന്നു കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്ന്‌ ഞാന്‍ എന്റെ മനസ്സിനെത്തന്നെ ദിവസവും സ്‌ഫുടം ചെയ്യാറുണ്ട്‌. അല്ലെങ്കില്‍ പിന്നെന്ത്‌ മലയാളി.

* മൂലധനതാല്‌പര്യത്തില്‍ ജീവിക്കുന്ന അമേരിക്കന്‍ മലയാളികളുടെ വാര്‍ത്തകള്‍ ഉള്‍പ്പെടുത്തി അവതരിപ്പിക്കുന്ന ഏഷ്യാനെറ്റിലെ യു.എസ്‌ വീക്ക്‌ലി റൗണ്ട്‌ അപ്‌ 525 എപ്പിസോഡ്‌ പിന്നിടുമ്പോള്‍ എന്തു തോന്നുന്നു?

= അമേരിക്കയില്‍ നിന്ന്‌ വാര്‍ത്താവായന ആദ്യം ആരംഭിച്ചത്‌ ഏഷ്യാനെറ്റ്‌ ആണ്‌. യു.എസ്‌ വീക്ക്‌ലി റൗണ്ട്‌ അപ്‌ എന്ന ആഴ്‌ചയിലൊരിക്കല്‍ സംപ്രേഷണം ചെയ്യുന്ന വാര്‍ത്താധിഷ്‌ഠിത പരിപാടി ആയിരുന്നു അത്‌. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഒരു പൊക്കിള്‍ക്കൊടി ബന്ധമാണ്‌. അമേരിക്കന്‍ മലയാളികളുടെ വിശേഷങ്ങള്‍ നാട്ടിലിരുന്ന്‌ അവരുടെ കുടുംബങ്ങള്‍ കാണുമ്പോള്‍ രണ്ട്‌ സ്ഥലങ്ങളില്‍ ഉള്ള ബന്ധങ്ങള്‍ കുറേക്കൂടി ദൃഢമാകുന്നു എന്ന വസ്‌തുത തള്ളിക്കളയാനാവില്ല. ഈ ദൃഢതയായിരുന്നു ഇവിടെ വരെ എത്തിയതിന്റെ പ്രേരകശക്തി. പിന്നെ ഏഷ്യാനെറ്റ്‌ എന്ന വലിയ പ്ലാറ്റ്‌ ഫോം തുറന്നു തന്ന മാധ്യമസ്വാതന്ത്ര്യവും.

* പ്രവാസി പരിപാടികളില്‍ പല അവതാരകരും മറ്റും വന്നുപോയി. പക്ഷേ കൃഷ്‌ണകിഷോറിന്റെ സാന്നിദ്ധ്യം പുതിയ തലമുറയ്‌ക്ക്‌ ഒരു പ്രചോദനമാണെന്ന്‌ എനിക്ക്‌ തോന്നിയിട്ടുണ്ട്‌. കാരണം നിരവധി പത്രപ്രവര്‍ത്തകര്‍ എന്ന്‌ അവകാശപ്പെടുന്നവരുടെ ലോകമാണല്ലോ പ്രവാസി മാധ്യമപ്രവര്‍ത്തനം എന്നത്‌ പ്രത്യേകിച്ച്‌ അമേരിക്കയില്‍ ?

= ഇവിടെ അങ്ങനെയെ നടക്കൂ. അതില്‍ കഴിവുള്ളവരെ മലയാളികള്‍ തിരിച്ചറിയും. എങ്കിലും ജിവിതത്തിന്റെ വലിയ തിരക്കുകള്‍ക്കിടയിലാണ്‌ പലരുടെയും മാധ്യമപ്രവര്‍ത്തനം എന്ന്‌ ഓര്‍ക്കണം. അതിനെ അംഗീകരിച്ചേ മതിയാകൂ. മാധ്യമപ്രവര്‍ത്തനത്തില്‍ ഗിമ്മികുകള്‍ക്ക്‌ സ്ഥാനമില്ല. നല്ല വായനക്കാര്‍ അത്‌ പെട്ടെന്ന്‌ തിരിച്ചറിയും.

* അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ സമയം എങ്ങനെ വിലയിരുത്തുന്നു. ഇത്തരം വാര്‍ത്തകള്‍ ഏഷ്യാനെറ്റിനുവേണ്ടി ലോകത്തിനു മുമ്പില്‍ എത്തിച്ചത്‌ താങ്കളാണല്ലോ ?


= ഏഷ്യനെറ്റ്‌ ന്യൂസ്‌ ചാനലിന്റെ അമേരിക്കന്‍ പ്രതിനിധി എന്ന നിലയിലാണ്‌ അത്തരം റിപ്പോര്‍ട്ടിംഗുകള്‍ നടത്തുക. ഒബാമയുടെ തിരഞ്ഞെടുപ്പ്‌്‌ വിശേഷങ്ങളൊക്കെ വളരെ ആവേശത്തോടെയും ഒരു പാഠപുസ്‌തകത്തിന്റെ അവതരണം പോലെയാണ്‌ അവതരിപ്പിച്ചത്‌. ഇന്‍ഡോഅമേരിക്കന്‍ ആണവക്കരാര്‍, കത്രീന കൊടുങ്കാറ്റ്‌, മറ്റ്‌ പ്രകൃതിക്ഷോഭങ്ങള്‍, ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ അമേരിക്കന്‍ സന്ദര്‍ശനം തുടങ്ങി ഇരുനൂറിലധികം തല്‍സമയ ബ്രേക്കിംഗ്‌ ന്യൂസുകള്‍ അവതരിപ്പിച്ചിട്ടുണ്ട്‌. അമേരിക്കയിലെത്തുന്ന നിരവധി പ്രതിഭാധനന്മാരെ ഏഷ്യാനെറ്റിനുവേണ്ടി അഭിമുഖം നടത്തുവാനും സാധിച്ചിട്ടുണ്ട്‌.

*നിരവധി ചാനലുകള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നിവ അമേരിക്കയിലും കടന്നുവരുന്നു. ഗള്‍ഫിലെ ചാനലുകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളൊക്കെ വളര്‍ച്ചയുടെ പാതയിലാണ്‌. പക്ഷെ അമേരിക്കന്‍ മലയാളമാധ്യമങ്ങള്‍ പലതും ഇന്ന്‌ പ്രതിസന്ധിയുടെ വക്കിലാണ്‌. എന്തുതോന്നുന്നു ?

=ലോകം മാറിയപ്പോ മലയാളിയും മാറി. ഏതെങ്കിലുമൊരു ചാനലോ പത്രമോ ഓണ്‍ലൈന്‍ മീഡിയായോ നിലനില്‍ക്കണെന്ന്‌ ആരും ആഗ്രഹിക്കുന്നില്ല. അതാണ്‌ സത്യം. ഈ മാധ്യമങ്ങള്‍ ഇല്ലെങ്കിലും തങ്ങളുടെ വാര്‍ത്തകള്‍ മറ്റു പത്രങ്ങളിലും, ചാനലുകളിലുമൊക്കെ വന്നാല്‍മതി എന്ന കാഴ്‌ചപ്പാടുള്ള നിരവധി ആളുകള്‍ ഉണ്ട്‌. പക്ഷെ ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും വരുന്നതിനുമുമ്പ്‌ അമേരിക്കന്‍ മലയാളികളുടെ സാമൂഹ്യബോധത്തെയും, സാംസ്‌കാരിക തനിമയേയും അമേരിക്കന്‍ മലയാളി സമൂഹത്തിനു മുമ്പിലോ അവതരിപ്പിച്ചത്‌ ഇത്തരം പത്രമാധ്യമങ്ങളായിരുന്നു എന്ന വസ്‌തുത പലരും മറക്കുന്നു. എങ്കിലും വാര്‍ത്തകളിലെ സത്യസന്ധത തിരിച്ചറിയുന്നതില്‍ മറ്റുള്ളവരെക്കാള്‍ മുമ്പിലാണ്‌ അമേരിക്കന്‍ മലയാളികള്‍.

* സോഷ്യല്‍ മീഡിയയുടെ വരവ്‌ മാധ്യമരംഗത്തിന്‌ ഭീഷണിയല്ലേ ?

= അല്ല. കുറേക്കൂടി പത്രപ്രവര്‍ത്തകര്‍ ജാഗരൂകരായി. വാര്‍ത്ത്‌കള്‍ പടച്ചുവിടാന്‍ ഇപ്പോള്‍ പറ്റില്ല. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ക്വാളിറ്റി ഓരോ വ്യക്തിയിലേക്കും വന്നു. നമ്മുടെ വിരല്‍തുമ്പിലേക്ക്‌ ലോകം വരുന്നത്‌ നല്ലതല്ലേ. സിറ്റിസണ്‍ ജേര്‍ണലിസം, അതിന്റെ സാധ്യത ഒക്കെ വര്‍ദ്ധിച്ചു.

* ഒരു മികച്ച വാര്‍ത്താവതരാകന്‍ ആകാന്‍ എന്തു ചെയ്യണമെന്നാണ്‌ താങ്കളുടെ അനുഭവത്തില്‍ നിന്നും തോന്നുക?

= ആഴമേറിയ വായന പുസ്‌തകങ്ങള്‍, പത്രങ്ങള്‍ , സംഭവങ്ങള്‍ വിലയിരുത്തലുകള്‍ എല്ലാം വായനക്ക്‌ വിധേയമാക്കുന്നവര്‍ക്ക്‌ മികച്ച ഒരു വാര്‍ത്താവതാരകനാകാം. ലോകത്തിന്‌ മേലുള്ള അറിവ്‌ ഏതു വിഷയത്തേയും സരസമായി അവതരിപ്പിക്കുവാന്‍ കഴിയും.

വാര്‍ത്താവായനയുടെ ആരാധകനാണ്‌ കൃഷ്‌ണകിഷോറെങ്കിലും ഈ മാധ്യമ പ്രവര്‍ത്തനം ഒരു സേവനമാണ്‌ അദ്ദേഹത്തിന്‌ . അതുകൊണ്ടാകാം കളങ്കമില്ലാത്ത പുഞ്ചിരിയുമായി യു.എസ്‌ വീക്ക്‌ലി റൗണ്ട്‌ അപ്പില്‍ അദ്ദേഹം നിറഞ്ഞുനില്‍ക്കുന്നത്‌.

ലോകത്തിലെ ഏറ്റവും വലിയ കണ്‍സള്‍ട്ടിംഗ്‌ സ്ഥാപനമായ ഡിലോയിറ്റ്‌ ആന്റ്‌ ടൂഷിന്റെ ടെലികമ്യൂണിക്കേഷന്‍ ആന്റ്‌ റിസേര്‍ച്ച്‌ ആന്റ്‌ ഡെവലപ്പ്‌മെന്റ്‌ മേധാവിയും സീനിയര്‍ എക്‌സിക്യൂട്ടീവുമായ കൃഷ്‌ണകിഷോര്‍ ജോലിയുടെ ഭആഗമായി മിക്കപ്പോഴും ലോകയാത്രകളിലായിരിക്കും. എങ്കിലും ലഭിക്കുന്ന സമയങ്ങളിലെല്ലാം മലയാളികളുടെ വിശേഷങ്ങളിലേക്കായിരിക്കും ശ്രദ്ധ.
തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്‌കൂളിലെ വിദ്യാര്‍ത്ഥി ആയിരുന്ന കൃഷ്‌ണകിഷോര്‍ നേടിയ ചിട്ടയായ ജീവിതം തന്റെ മാധ്യമ സപര്യയിലും ജീവിതത്തിലും തുടരുന്നു. സതേണ്‍ ഇലിനോയിസ്‌ സര്‍വ്വകലാശാലയില്‍ നിന്ന്‌ ടെലികമ്യൂണിക്കേഷനില്‍ മാസ്റ്റര്‍ ഡിഗ്രിയും പെന്‍സില്‍വാനിയ സ്‌റ്റേറ്റ്‌ സര്‍വ്വകലാശാലയില്‍ നിന്ന്‌ പി.എച്ച്‌.ഡിയും നേടി. പെന്‍സില്‍വാനിയ സര്‍വ്വകാലാശാല സെനറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ട കൃഷ്‌ണകിഷോര്‍ അവിടെ അധ്യാപകനുമായിരുന്നു. ടെലികമ്യൂണിക്കേഷന്‍ രംഗത്ത്‌ ആഗോളതലത്തില്‍ അറയപ്പെടുന്ന കൃഷ്‌ണകിഷോറിനെ അമേരിക്കന്‍ സര്‍ക്കാര്‍ മികച്ച ഗവേഷകന്‍ എന്ന പദവി നല്‍കി അംഗീകരിച്ചിരുന്നു.

മലയാളത്തിലെ ഏറ്റവും പ്രശസ്‌തമായ ചാനലായ എഷ്യാനെറ്റിന്റെ അമേരിക്കയിലെ ഔദ്യോഗിക സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്‌ എന്ന നിലയില്‍ അമേരിക്കയില്‍ നിന്ന്‌ ഏഷ്യാനെറ്റിന്റെ എല്ലാവാര്‍ത്തകളുടെയും സമ്പൂര്‍ണ്ണ ചുമതല കൃഷ്‌ണകിഷോറിനാണ്‌. അതുകൊണ്ട്‌ അമേരിക്കയിലെ മുഖ്യധാരാ വാര്‍ത്തകള്‍ ലോകമെങ്ങുമുള്ള ഏഷ്യാനെറ്റ്‌ ന്യൂസ്‌ പ്രേക്ഷകരെ അറിയിക്കുന്ന വലിയ മാധ്യമ ധര്‍മ്മമാണ്‌ അദ്ദേഹത്തിനുള്ളത്‌.

2003 ല്‍ ആരംഭിച്ച യു.എസ്‌ വീക്ക്‌ലി റൗണ്ട്‌ അപ്പിന്‌ നിരവധി പുരസ്‌കാരങ്ങള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്‌. മികച്ച വാര്‍ത്താവതാരകനുള്ള പുരസ്‌കാരങ്ങളും ഡോ. കൃഷ്‌ണകിഷോറിനെതേടി എത്തിയിട്ടുണ്ട്‌. ഈ വിജയത്തിന്‌ പിന്‍ബലമായി ഭാര്യ വിദ്യ (ഹ്യൂമന്‍ റിസോഴ്‌സ്‌ സീനിയര്‍ ഡയറക്ടര്‍ ജോണ്‍സണ്‍ ആന്റ്‌ ജോണ്‍സണ്‍ കമ്പനി) മകള്‍ സംഗീത (വിദ്യാര്‍ത്ഥിനി)യും അദ്ദേഹത്തോടൊപ്പമുണ്ട്‌. ഈ കോഴിക്കോട്ടുകാരന്റെ മാധ്യമസപര്യയില്‍ ഉള്‍ക്കൊളളുന്ന ലാളിത്യം, സത്യസന്ധത, നീതിബോധം വരും തലമുറയ്‌ക്ക്‌ ഒരു വലിയ മാതൃകയാണ്‌ എന്നതില്‍ യാതൊരു സംശയവുമില്ല.
അമേരിക്കന്‍ മാധ്യമ ചരിത്രത്തിലെ കൃഷ്‌ണസ്‌പര്‍ശം (കൃഷ്‌ണകിഷോറുമായി ഒരു കൂടിക്കാഴ്‌ച)അമേരിക്കന്‍ മാധ്യമ ചരിത്രത്തിലെ കൃഷ്‌ണസ്‌പര്‍ശം (കൃഷ്‌ണകിഷോറുമായി ഒരു കൂടിക്കാഴ്‌ച)അമേരിക്കന്‍ മാധ്യമ ചരിത്രത്തിലെ കൃഷ്‌ണസ്‌പര്‍ശം (കൃഷ്‌ണകിഷോറുമായി ഒരു കൂടിക്കാഴ്‌ച)
Join WhatsApp News
Jyothish Bahrain 2014-05-19 02:45:35
Dear Kishor,


We all pravasees in the gulf are really proud of you Kishore... and being a Calicutan, especially.  All the best to your new venture......

One of your favourite classmates from the ZGC College.....
Jyothish Koyilandy from the Kingdom of Bahrain
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക