Image

മോഡിയിസത്തില്‍ വന്‍മരങ്ങള്‍ വീഴുമ്പോള്‍

Published on 16 May, 2014
മോഡിയിസത്തില്‍ വന്‍മരങ്ങള്‍ വീഴുമ്പോള്‍
ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ വന്‍ മരങ്ങള്‍ വീണതിന്റെയും പുതിയ ചക്രവര്‍ത്തി സൃഷ്ടിക്കപ്പെട്ടതിന്റെയും വിധിയാണ് കടന്നു വന്നത്. മോഡി ഒരു അശ്വമേധനം നടത്തി ചക്രവര്‍ത്തി പദം നേടിയപ്പോള്‍ വീണു പോയത് ആരൊക്കെയാണ്. സോണിയയുടെയും രാഹുലിന്റെയും വീഴ്ച രാജ്യം ഉറപ്പിച്ചിരുന്നത് തന്നെ. എന്നാല്‍ വെറും അമ്പതില്‍ താഴെ സീറ്റിലേക്ക്, ഒരു പ്രാദേശിക പാര്‍ട്ടിക്ക് കിട്ടുന്ന സീറ്റിന്റെ എണ്ണത്തിലേക്ക് കോണ്‍ഗ്രസ് വീണുപോകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ഇനിയും ഒരു ഉയിര്‍പ്പിന് കാലങ്ങള്‍ വേണ്ടി വരുമെന്ന പോലെ കോണ്‍ഗ്രസ് പതനം നേരിട്ടിരിക്കുന്നു. ഒപ്പം നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാരനായ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതവും തുലാസിലായിരിക്കുന്നു.

ചാനല്‍ ചര്‍ച്ചയില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞത് പോലെ ഇന്ദിരയുടെ മരുമകള്‍ എന്ന നിലയിലാണ് സോണിയാ ഗാന്ധി ഇന്ത്യയില്‍ വന്നതെങ്കില്‍ ഇപ്പോള്‍ റോബട്ട് വധേര എന്ന ജനവിരുദ്ധനായ മാടമ്പിയുടെ അമ്മായിഅമ്മ എന്ന ലേബലില്‍ തിരിച്ചുപോകേണ്ട അവസ്ഥയിലാണിപ്പോള്‍. അമ്പതിനും താഴേക്ക് പോയ കോണ്‍ഗ്രസ് സൂചിപ്പിക്കുന്നത് ഇറ്റലിക്ക് സോണിയ ഒരു ടിക്കറ്റെടുക്കുന്നതാവും നല്ലതെന്നാണ്.

എന്നാല്‍ ഏറ്റവും അധികം വിമര്‍ശിക്കപ്പെടേണ്ടത് രാഹുല്‍ ഗാന്ധി തന്നെ. പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ശ്രദ്ധ നേടുക, കാണുന്ന ചായക്കടയില്‍ എല്ലാം കയറി പഴംപൊരി തിന്ന് ചാനലില്‍ വാര്‍ത്തയാകുക, ആദിവാസി കുടലില്‍ ഉറങ്ങി പബ്ലിസിറ്റി നേടാന്‍ ശ്രമിക്കുക തുടങ്ങിയ തരംതാണ വേലകള്‍ കളിക്കുന്ന ഒരു സിനിമാ താരത്തിന്റെ നിലവാരമേ സത്യത്തില്‍ രാഹുല്‍ ഗാന്ധിക്കുള്ളു. എന്നാല്‍ നെഹ്‌റു കുടുംബത്തിനോടുള്ള അമിതാമായ ഭക്തി കാരണം രാഹുലിനെ ഇന്ത്യപോലെ ഒരു വലിയ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കാന്‍ ഇറങ്ങിപുറപ്പെട്ടവരെ മണ്ടന്‍മാര്‍ എന്നല്ലാതെ എന്താണ് വിളിക്കുക. നിസാരം ഒരു പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിന് പോലും വ്യക്തമായി മറുപടി പറയാന്‍ കഴിയാത്ത ഒരാള്‍ എങ്ങനെയാണ് രാജ്യത്തെ നയിക്കുക. അങ്ങനെയൊരാളെ പ്രധാനമന്ത്രിയാക്കാം എന്ന് മുറവിളി കൂട്ടിയവരെ ഒന്നാകെ ജനം തോല്‍പ്പിച്ചു എന്നത് തന്നെയാണ് ശരി.

തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഒരു ആം ആദ്മി പാര്‍ട്ടി നേതാവ് പറഞ്ഞതുപോലെ ശക്തമായ ഒരു ഹിന്ദു ചേരിതിരിവിലൂടെയല്ല ഇത്തവണ ബിജെപി അധികാരത്തില്‍ വന്നിരിക്കുന്നത് മറിച്ച് കോണ്‍ഗ്രസിന് ഒരു ബദല്‍ ആര് എന്ന ചിന്തയാണ് അവരെ അധികാരത്തില്‍ എത്തിച്ചത് എന്നത് തന്നെയാണ് ശരി. അതായത് കോണ്‍ഗ്രസിന്റെ വീഴ്ച കൂടിയാണ് ബിജെപിയെ വിജയിപ്പിച്ചത്.

ഇനിയിപ്പോള്‍ കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിയെ പിന്നോട്ട് മാറ്റി നിര്‍ത്താനുള്ള മുറവിളികളുടെ സമയമായിരിക്കും. ഡല്‍ഹിയില്‍ കോണ്‍ഗ്രസുകാര്‍ തന്നെ രാഹുലിനെതിരെ പ്രകടനവുമായി എത്തുകയും പ്രീയങ്കയെ കൊണ്ടുവരണമെന്ന് ബഹളം വയ്ക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും പ്രീയങ്കയെ ഇനി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഒരു പരീക്ഷണത്തിനായി പ്രതീക്ഷിക്കാം. എന്നാല്‍ രാഹുലിനേക്കാള്‍ ദയനീയമായിരിക്കും പ്രീയങ്ക എന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ദിരാ ഗാന്ധിയുടെ മുഖഛായ ഉള്ളതുകൊണ്ട് ആരും ഇന്ദിരാഗാന്ധി ആകാന്‍ പോകുന്നില്ല. പ്രീയങ്കയുടെ വരവോടെ ഇപ്പോള്‍ ഭരണമുള്ള സംസ്ഥാനങ്ങള്‍ കൂടി കോണ്‍ഗ്രസിന് പോയിക്കിട്ടും എന്നതാവും സംഭവിക്കുക.


തകര്‍ന്നു വീണ ഇടതുപക്ഷം

ഭൂമിയില്‍ ദിനോസറുകള്‍ അപ്രത്യക്ഷമായത് പോലെ ഇടതുപക്ഷം, പ്രത്യേകിച്ചും സിപിഎം ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ നിന്നും അപ്രത്യക്ഷമായന്നതാണ് മറ്റൊരു കാര്യം. പ്രകാശ് കാരട്ട് എന്ന ജെ.എന്‍.യു സന്തതി തൊഴിലാളി പ്രസ്ഥാനത്തെ തകര്‍ത്ത് കളയുന്നു എന്ന മുറവിളി ഉയരുമ്പോള്‍ ആദ്യം തെറിക്കാന്‍ പോകുന്ന കസേരകളിലൊന്ന് കാരട്ടിന്റേതാണ്.

ഒരുകാലത്ത് ആന്ധ്രയിലും ബീഹാറിലുമൊക്കെ കരുത്തുറ്റ പ്രസ്ഥാനമായിരുന്നു ഇടതുപക്ഷം. അവിടെയൊക്കെ അവര്‍ എപ്പോഴേ തീര്‍ന്നു പോയിരിക്കുന്നു. കോട്ടയായി നിന്നത് ബംഗാള്‍ മാത്രമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ബംഗാള്‍ പോയി. എന്നാല്‍ വീണ്ടുമൊരു തിരിച്ചുവരവോടെ ബംഗാള്‍ സിപിഎം വീണ്ടും ചുവപ്പിക്കും എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ബംഗാളില്‍ ഇനി ചുവക്കില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കഴിയാതെ ബംഗാളില്‍ സിപിഎം തകര്‍ന്നത്. അവരുടെ അനിഷേധ്യ നേതാക്കള്‍ പോലും ദയനീയമായി പരാജയപ്പെട്ടു. എന്നാല്‍ ്ശ്രദ്ധേയമായ മറ്റൊരു വസ്തുത ബംഗാളില്‍ ബിജെപിക്ക് കാര്യമായ മുന്നേറ്റമുണ്ടായിരിക്കുന്നു എന്നതാണ്. നാളെ സിപിഎം അവിടെ ഇല്ലാതെയായി ബിജെപി വളര്‍ന്നു വരുക തന്നെ ചെയ്യും എന്നാണ് കരുതേണ്ടത്. അടുത്ത അഞ്ചുവര്‍ഷത്തേക്ക് തീര്‍ച്ചയായും ബംഗാള്‍ സംഘപരിവാരത്തിന്റെ പരീക്ഷണശാലയായിരിക്കും.

നേതൃത്വത്തിലുള്ള ഉടച്ചുവാര്‍ക്കല്‍ മാത്രമേ ഇവിടെ സിപിഎമ്മിനെ സഹായിക്കു. ചാനല്‍ ചര്‍ച്ചകളും വാചക കസര്‍ത്തുകളും നടത്താന്‍ അറിയുന്ന ബുദ്ധിജീവികളെക്കൊണ്ട് ഇനി ഇടതുപക്ഷത്തിന് ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല. തൊഴിലാളി വര്‍ഗത്തിലേക്ക് തിര്ചു പോകുന്നതും പാര്‍ട്ടി വേരറ്റു പോകാതിരിക്കാന്‍ നല്ലത്.


ആം ആദ്മി എന്ന ചീട്ടുകൊട്ടാരം

ഒരു സ്‌റ്റേറ്റ് അത്‌ലറ്റിക്ക് മീറ്റില്‍ വിജയിച്ച അത്‌ലറ്റ് അതിന്റെ ആത്മവിശ്വാസത്തില്‍ യാതൊരു പരിശീലനത്തിനും നില്‍ക്കാതെ ഒളിംപിക്‌സിന് പോയാല്‍ എങ്ങനെയിരിക്കും. അത് തന്നെയാണ് ആം ആദ്മിപാര്‍ട്ടിക്കും സംഭവിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അത്ഭുതമായിരുന്നു സത്യത്തില്‍ ആം ആദ്മി പാര്‍ട്ടി. അഴിമതിയോടുള്ള എതിര്‍പ്പിനെ മുതലാക്കി ജനവികാരത്തില്‍ നിന്നും ആം ആ്ദമി എന്ന പാര്‍ട്ടി ഉയര്‍ന്നു വന്നത് അത്ഭുതത്തോടെയല്ലാതെ കാണാന്‍ കഴിയില്ല. ഡല്‍ഹിയില്‍ അവര്‍ ഭരണം നേടിയത് അതിനേക്കാള്‍ അത്ഭുതമായിരുന്നു. കേജരിവാള്‍ ഒരു കിംഗ് മേക്കറാകാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ലായിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ തുടങ്ങിയ പാര്‍ട്ടി ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ സംഘടനയായി ഉയര്‍ന്നു വരേണ്ടതിനു പകരം വെറുമൊരു ഉത്സവ പറമ്പിലെ ആള്‍ക്കൂട്ടമായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഒരു രാഷ്ട്രീയ സംഘടന എന്ന അച്ചടക്കവും ഘടനപരമായ വളര്‍ച്ചയും നേടാതെ ദേശിയ പാര്‍ട്ടിയായി മാറാന്‍ കൊതിച്ച ആം ആദ്മി പാര്‍ട്ടി വെറുമൊരു ആര്‍ത്തിപാര്‍ട്ടിയാവുന്ന കാഴ്ചയാണ് ഇ്‌പ്പോള്‍ കാണുന്നത്. അരവിന്ദ് കേജരിവാള്‍ എന്ന എടുത്തുചാട്ടക്കാരന്‍ അര്‍ഹിച്ച പതനം തന്നെയിത്. പജാബില്‍ അവര്‍ക്ക് കിട്ടയ നാലു സിറ്റുകള്‍ യാദൃശിചകം എന്നേ പറയേണ്ടതുള്ളു. ജന്മം കൊണ്ട ഡല്‍ഹിയില്‍ ബിജെപിക്ക് മുമ്പില്‍ ദയനീയമായി അവര്‍ തോറ്റു. മാത്രമല്ല കൊട്ടിഘോഷിച്ച് കേജരിവാള്‍ വാരണാസിയില്‍ മോദിയെ വെല്ലുവിളിക്കാന്‍ പോയിട്ട് അവിടെ കേജരിവാള്‍ ദയനീയമായി തോറ്റു. ആം ആദ്മി പാര്‍ട്ടി ഇനി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വെള്ളത്തില്‍ വരച്ച വര മാത്രമേ ആകുകയുള്ളു എന്നതിന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ ആവിശ്യമില്ല. കുറച്ചുപേര്‍ ചൂലും പിടിച്ച് കോമഡി ഷോ നടത്തുമെന്നതിനപ്പുറം ഇന്ത്യയില്‍ ആം ആ്ദ്മി തുടക്കത്തിലെ തകര്‍ന്നു വീണ തിരഞ്ഞെടുപ്പാണ് കഴിഞ്ഞു പോയത്.

ജാതി രാഷ്ട്രീയം പരാജയപ്പെട്ടു

ജാതി രാഷ്ട്രീയം തിരിച്ചടി നേരിട്ടു എന്നതിന് ഉത്തമ ഉദാഹരണമാണ് മായവതിക്കും മുലായത്തിനും ലല്ലുപ്രസാദിനും കാര്യമായിട്ടൊന്നും നേടാന്‍ കഴിഞ്ഞില്ല എന്നത്. മായാവതിയുടെ ബി.എസ്.പി ഒരു സിറ്റുപോലും നേടിയില്ല. മുലായം രണ്ടക്കം പോലും കണ്ടില്ല. അപ്പോള്‍ പരക്കെ ജാതി രാഷ്ട്രീയത്തെ ഹിന്ദിഭൂമിക പിന്തള്ളി എന്ന് മനസിലാക്കണം. പക്ഷെ ജാതി രാഷ്ട്രീയം മതരാഷ്ട്രീയത്തിന് വഴിമാറിയോ എന്നും ചിന്തിക്കേണ്ടതുണ്ട്. മുസാഫിര്‍പൂര്‍ കലാപത്തിനു ശേഷം യുപി പൂര്‍ണ്ണമായും ബിജെപിക്ക് വഴിമറിയത് ഇത്തരം ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നത് തന്നെ. എന്നാലും ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയെങ്കിലും എല്ലാ പാര്‍ട്ടികളെയും പരിഗണിച്ചു മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കു എന്ന് ബിജെപി പറയുമ്പോള്‍ ഒരു വര്‍ഗീയ അജണ്ടയുടെ കളിക്ക് അവര്‍ക്ക് താത്പര്യമില്ല എന്നു തന്നെ മനസിലാക്കണം. വികസന അജണ്ടയിലൂടെ നേടിയ വിജയം മുന്നോട്ടു കൊണ്ടുപോകാന്‍ തന്നെയാവും മോഡിയുടെ പരീക്ഷണ ശാലയില്‍ ശ്രമങ്ങള്‍ നടക്കുക.

ജയലളിതയും മമതയും ജയിച്ചിട്ടും തോറ്റു

ജയിച്ചിട്ടും തോറ്റവരാണ് ജയലളിതയും മമതയും. പാര്‍ലമെന്റില്‍ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയാവും ജയലളിതയുടെ അണ്ണാ ഡിഎംകെ. പക്ഷെ എന്തു ഫലം. എന്‍.ഡി.എ മുന്നണിയിലേക്ക്് എത്തി നോക്കാന്‍ പോലും അവര്‍ക്ക് കഴിയില്ല. ബിജെപിയുമായി സഖ്യം ചേര്‍ന്ന് ഒരു മൂന്ന് സിറ്റ് തമിഴ്‌നാട്ടില്‍ അവര്‍ക്ക് കൊടുത്തിരുന്നെങ്കില്‍ ഇന്ന് പാര്‍ലമെന്റില്‍ അവഗണിക്കാനാവാത്ത ശബ്ദമായി മാറാമായിരുന്നു ജയലളിതയ്ക്ക്. എന്നാല്‍ ഒറ്റക്ക് നേടാനുള്ള ആവേശം കാരണം ജയലളിത സഖ്യങ്ങള്‍ ഉപേക്ഷിച്ചു. ഫലമോ നേടിയെങ്കിലും കാര്യമില്ലെന്ന അവസ്ഥ. മാത്രമല്ല കേന്ദ്രത്തില്‍ ഒരു പിന്‍ബലവുമില്ലാതെ വരുമ്പോള്‍ ഇഷ്ടംപോലെ അഴിമതി കേസുകള്‍ ഇനിയും ബാക്കി കിടക്കുന്ന ജയലളിതയ്ക്ക്് സിബിഐയെ നന്നേ പേടിക്കണം. കേസുകള്‍ക്്ക പിന്നാലെ കേസുകളുമായി ജയലളിതയുടെ ശനിദശയായിരിക്കും ഇനി വരുക. കാരണം അവര്‍ നാക്ക് കൊണ്ട് അത്രത്തോളം മോഡിയെ പിണക്കി. ഇല്ലാത്ത മുന്നാം മുന്നണി മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നവുമായി മാറി.

മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം തന്നെയായിരുന്നു മായാവതിയുടെയും. മുന്നാംമുന്നണി വരുമെന്നും താന്‍ കിംഗ് മേക്കറാകുമെന്നും അവര്‍ സ്വപ്‌നം കണ്ടു. ഡെല്‍ഹിയില്‍ വന്നാല്‍ മോദിയെ ജയലിലാക്കുമെന്ന് വരെ പ്രസംഗിച്ചു. കഴിയുന്നിടത്തൊക്കെ മോദിയെ ചീത്ത പറഞ്ഞു. ഇനിയിപ്പോള്‍ എന്താണ് ഫലം എം.പിമാര്‍ 34 പേരുണ്ടെങ്കിലും മന്ത്രിസഭയിലേക്ക്് എത്തിനോക്കാന്‍ പോലും കഴിയില്ല. മാത്രമല്ല ചിട്ടിത്തട്ടിപ്പുകളുടെ പേരില്‍ കേന്ദ്രസര്‍ക്കാരിന്റെ വേട്ടയാടലും നേരിടേണ്ടി വന്നേക്കാം.

ഒട്ടും മോഡിയില്ലാത്ത കേരളം

താമര വിരിയാത്ത നാട് എന്ന നിലപാട് ഇത്തവണയും കേരളം ഉയര്‍ത്തിപ്പിടിച്ചു. ഒട്ടും മോഡിയില്ലാത്ത നാട് എന്നും പറയാം. ബിജെപിയെ അക്കൗണ്ട് തുറപ്പിച്ചില്ല എന്ന മതേതരത്വമൊക്കെ യുഡിഎഫിനും എല്‍ഡിഎഫിനും പറയാം. പക്ഷെ കഴിഞ്ഞ ഇലക്ഷന്‍ ഒരു കാര്യം വ്യക്തമാക്കുന്നു. കേരളത്തില്‍ വളരുന്ന ഒരേയൊരു പാര്‍ട്ടി ബിജെപിയാണ്. തിരുവന്തപുരത്ത് നാലു നിയമസഭാ മണ്ഡലത്തില്‍ രാജഗോപാലിന് വ്യക്തമായ ലീഡുണ്ടായിരുന്നു. അതുപോലെ കാസര്‍ഗോഡും പാലക്കാടുമെല്ലാം അവരുടെ വോട്ട് ശതമാനം വലുതായി വര്‍ദ്ധിച്ചിരിക്കുന്നു. അടുത്ത നിമയസഭയില്‍ ബിജെപി നല്ലൊരു സാധ്യത തന്നെ മുമ്പില്‍ കാണുന്നുണ്ട്. എന്നാല്‍ അതിനൊപ്പിച്ച് കേരളത്തില്‍ തകരുന്ന പാര്‍ട്ടിയായി സിപിഎം മാറുമ്പോള്‍ നാളെയൊരുനാള്‍ ബിജെപിയുടെ താമര കേരളത്തിലും വിരിയുമെന്ന് തീര്‍ച്ച.

മോഡിയിസത്തില്‍ വന്‍മരങ്ങള്‍ വീഴുമ്പോള്‍
Join WhatsApp News
George Parnel 2014-05-17 13:14:14
Very good analysis except for the one name error: Mamata was probably meant, but used Mayawati in one place. Mamata is the one who wanted to be king maker not Mayawati. Well, all four ladies- Mamata, Mayawati, Jayalalitha and Sonia were dreaming big.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക