Image

അച്ഛന്‍െറ ഓര്‍മയില്‍ വിതുമ്പി ആന്‍ അഗസ്റ്റിന്‍

Published on 15 May, 2014
അച്ഛന്‍െറ ഓര്‍മയില്‍ വിതുമ്പി ആന്‍ അഗസ്റ്റിന്‍
കോഴിക്കോട്: ജീവിതത്തിന്‍െറ തിരശ്ശീലക്ക് അപ്പുറത്തേക്ക് മറഞ്ഞ സുഹൃത്തിന്‍െറ മകള്‍ക്ക് കിട്ടിയ ബഹുമതി സ്വന്തം കുടുംബത്തിലേക്ക് വന്ന അംഗീകാരംപോലെയായിരുന്നു അവര്‍ക്ക്. അഭിനയത്തില്‍ മികവിന്‍െറ പട്ടം ചൂടിയ മകളെ അവര്‍ അഭിനന്ദനങ്ങള്‍കൊണ്ട് മൂടി. ഈ നേരം ഇതൊക്കെ കാണാന്‍ അച്ഛനില്ലാതെ പോയതിന്‍െറ വിങ്ങലില്‍ തിരക്കഥയില്ലാതെ അവള്‍ ഈറനണിഞ്ഞു.
അവള്‍ ആന്‍ അഗസ്റ്റിന്‍. ഒത്തിരിയൊത്തിരി സിനിമകളില്‍ അഭിനയിച്ചിട്ടും ഒന്നുമാകാതെ കടന്നുപോയ നടന്‍ അഗസ്റ്റിന്‍െറ മകള്‍. അന്ധനായ ചിത്രകാരന്‍െറ ജീവിതത്തിന്‍െറ മറുപാതിയായി അഭിനയത്തിന്‍െറ അപൂര്‍വ നിമിഷങ്ങള്‍ കാഴ്ചവെച്ച് സംസ്ഥാന അവാര്‍ഡ് നേടിയ ആനിന് അച്ഛന്‍െറ സുഹൃത്തുക്കളും കോഴിക്കോട്ടെ പൗരാവലിയും ചേര്‍ന്ന് ആദരമൊരുക്കി.
കെ.പി. കേശവമേനോന്‍ ഹാളില്‍ സംസ്ഥാന അവാര്‍ഡ് നേടിയ ‘ആര്‍ട്ടിസ്റ്റ്’ സിനിമയുടെ പ്രദര്‍ശനത്തിനുശേഷമായിരുന്നു ആദരിക്കല്‍ ചടങ്ങ് നടന്നത്. തൊട്ടുമുമ്പ് കണ്ട ചിത്രത്തിലെ അവിസ്മരണീയ പ്രകടനത്തെക്കുറിച്ച് വേദിയില്‍ എത്തിയവര്‍ വാചാലരായി. സ്വന്തം വീട്ടിലെ കുട്ടിക്ക് കിട്ടിയ അവാര്‍ഡുപോലെ വാക്കുകളാല്‍ അവര്‍ ഓമനിച്ചപ്പോള്‍ മറുവാക്കില്‍ പലപ്പോഴായി ആന്‍ വിതുമ്പിപ്പോയി.‘ഒരുപാട് സ്വപ്നങ്ങള്‍ ബാക്കിയാക്കിയാണ് അച്ഛന്‍ കടന്നുപോയത്.
ഈ വാര്‍ത്ത അച്ഛനെയാകുമായിരുന്നു ഏറെ സന്തോഷിപ്പിക്കുക. ആശുപത്രിക്കിടക്കയിലായിരിക്കെ ‘ആര്‍ട്ടിസ്റ്റി’ലെ അഭിനയത്തെക്കുറിച്ച് അച്ഛന്‍ അറിഞ്ഞിരുന്നു. പക്ഷേ, അവാര്‍ഡ് കിട്ടിയപ്പോള്‍ അത് കാണാന്‍ അച്ഛനില്ലാതെ പോയി...’ മറുപടി പ്രസംഗത്തില്‍ ആന്‍ അഗസ്റ്റിന്‍ പറഞ്ഞു.എം.കെ. രാഘവന്‍ എം.പിയും എ. പ്രദീപ്കുമാര്‍ എം.എല്‍.എയും ചേര്‍ന്ന് പൗരാവലിയുടെയും എം.പി. വീരേന്ദ്രകുമാര്‍ സൗഹൃദ കൂട്ടായ്മയുടെയും ഉപഹാരങ്ങള്‍ ആന്‍ അഗസ്റ്റിന് സമ്മാനിച്ചു. സ്ത്രീകള്‍ കേന്ദ്ര കഥാപാത്രമായ സിനിമകള്‍ മലയാളത്തില്‍ എണ്ണത്തില്‍ വളരെ കുറവാണെന്ന് എം.കെ. രാഘവന്‍ അഭിപ്രായപ്പെട്ടു.എ. പ്രദീപ് കുമാര്‍ എം.എല്‍.എ, പി.വി. ചന്ദ്രന്‍, ടി.പി. രാജീവന്‍, നടന്മാരായ അബുസലീം, സുധീഷ്, തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. പി.വി. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. സംവിധായകന്‍ രഞ്ജിത്ത് സ്വാഗതം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക