Image

അപര്‍ണയുടെ കഥ (നോവല്‍- ഭാഗം: 2 - ടോം മാത്യൂസ്,ന്യൂജേഴ്‌സി)

ടോം മാത്യൂസ്,ന്യൂജേഴ്‌സി Published on 14 May, 2014
അപര്‍ണയുടെ കഥ (നോവല്‍- ഭാഗം: 2 - ടോം മാത്യൂസ്,ന്യൂജേഴ്‌സി)
2. സ്‌കൂള്‍- യുവമനസുകളെ  രൂപപ്പെടുത്തുന്ന ആദ്യദേവാലയം

ചേരിയിലെ പ്രഭാതം ശബ്ദമുഖരിതമാണ്. മോപ്പഡുകളും സൈക്കിള്‍ റിക്ഷകളും തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കുന്നു. ചേരിപ്രദേശങ്ങളിലെ കൊച്ചു കുടിലുകള്‍ക്കു മുന്നില്‍ പശുക്കളെ നേരിട്ടുകൊണ്ടുവന്ന് പാല്‍ കറന്നുകൊടുക്കുന്ന ആളുകളുടെ ശബ്ദാരവങ്ങള്‍. പാത്രങ്ങളുടെ കിലുക്കങ്ങളും ഇളക്കങ്ങളും. ഇവിടുത്തെ പ്രഭാതം ഇങ്ങനെയാണ്. ഇന്നലെയും ഇന്നും നാളെയും ഇങ്ങനെ തന്നെയായിരിക്കും.

അപര്‍ണയും ദീപാലിയും ചേരിയിലെ മറ്റു കുട്ടികളോടൊപ്പം സ്‌കൂള്‍ യൂണിഫോമില്‍ മറാത്തി മീഡിയം സ്‌ക്കൂളിലേക്ക് യാത്രയായി. ആ കിങ്ങിണിക്കൂട്ടം സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും തൂവല്‍സ്പര്‍ശം ഏറ്റവരായിരുന്നു. അപര്‍ണയും ദീപാലിയും ഭാഗ്യവതികളായിരുന്നു. ആ ചേരിയിലെ ആണ്‍കുട്ടികള്‍ ഫാക്ടറികളില്‍ പണിയെടുക്കാന്‍ പോകുമ്പോള്‍ ചപ്പാത്തിയും ദാലും കൂട്ടി ഉച്ചഭക്ഷണം കഴിക്കാന്‍ അപര്‍ണയ്ക്കും ദീപാലിക്കും ഭാഗ്യമുണ്ടായിരുന്നു.

ഗാന്ധിജിയുടെ വേഷം ധരിച്ച അദ്ധ്യാപകനാണ് സ്‌ക്കൂളിന്റെ പ്രധാന ഗേറ്റില്‍ പതിവായി നില്‍ക്കുക. അദ്ദേഹത്തിന്‌റെ കൈയിലുള്ള ചൂരല്‍ അന്തരീക്ഷത്തില്‍ മിന്നല്‍പ്പിണറുകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും.

“സൂര്യകിരണങ്ങളേറ്റ് നിങ്ങള്‍ വാടിപ്പോകുന്നത് എനിക്ക് ഇഷ്ടമല്ല” എന്ന് അദ്ദേഹം ശബ്ദമുയര്‍ത്തി പറയും. അപര്‍ണയും ദീപാലിയും കൂട്ടുകാരും അതുകേട്ട് ക്ലാസ്സ്മുറിയിലേക്ക് ഓടിക്കയറും.
നെറ്റിയിലെ വിയര്‍പ്പുകണങ്ങള്‍ ഒപ്പിയെടുത്തുകൊണ്ട് ക്ലാസ്സിലേക്ക് വന്ന അദ്ധ്യാപകന്‍ ആദ്യംതന്നെ കൂജയിലുള്ള വെള്ളം എടുത്തു കുടിച്ചു. അതു കഴിഞ്ഞയുടന്‍ പരുക്കന്‍ ശബ്ദത്തില്‍ അദ്ദേഹം ചോദിച്ചു. “ഗൃഹപാഠം ചെയ്തവരൊക്കെ കൈപൊക്കി നില്‍ക്കുക.”

അപ്പോള്‍ അപര്‍ണയും മറ്റൊരു കുട്ടിയും ഒഴിച്ച് ബാക്കിയുള്ള കുട്ടികളൊക്കെ കൈ പൊക്കി എഴുന്നേറ്റ് നിന്നു.

അപര്‍ണയോട് അദ്ദേഹം ചോദിച്ചു. “ഗൃഹപാഠം ചെയ്യാതെ നീ രാത്രി മുഴവനും ഉറക്കമായിരുന്നോ? എന്തായാലും നീ നാളെ വരുമ്പോള്‍ അച്ഛന്റെ കൈയില്‍നിന്ന് ഒരു കത്ത് കൊണ്ടുവരണം.”

ദീപാലി അപര്‍ണയോടു ചോദിച്ചു, “നീ എന്താണ് എന്റെ ബുക്ക് നോക്കി എഴുതാതിരുന്നത്?”

അപര്‍ണ ദീപാലിയെ കണ്ണീരില്‍ കുതിര്‍ന്ന ഒരു നോട്ടം നോക്കി.

അപര്‍ണയ്ക്ക് ഒരു കാര്യം വ്യക്തമായി സ്‌ക്കൂളിലെ ഈ പ്രശ്‌നം വൈകാതെതന്നെ അച്ഛന്‍ അറിയും. അദ്ധ്യാപകന്‍ അയാളുടെ നിലപാടില്‍ അയവു വരുത്താനിടയില്ല. അപര്‍ണയുടെ അച്ഛന്‍ ഗോപാല്‍ അവളോടും അമ്മയോടും വളരെ കര്‍ക്കശമായ സ്വഭാവമായിരുന്നു കാണിച്ചിരുന്നത്. ഗോപാല്‍ സന്താക്രൂസ് എയര്‍പോര്‍ട്ടിലെ പോര്‍ട്ടറാണ്. ദിവസവും വളരെ വൈകിയാണ് അയാള്‍ വീട്ടിലെത്തുന്നത്. അപര്‍ണയുടെ സ്‌കൂള്‍ വിശേഷങ്ങള്‍ അറിയാനോ അവളുടെ പഠിത്തകാര്യങ്ങള്‍ ശ്രദ്ധിക്കാനോ അയാള്‍ക്ക് താല്പര്യമില്ലായിരുന്നു. ഗോപാലിന്റെ ശാസനകളും കല്പനകളും അക്ഷരംപ്രതി അമ്മയും മകളും അനുസരിക്കണം. അയാള്‍ ഇഷ്ടമില്ലാത്ത എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടായാല്‍ അപര്‍ണയേയും അമ്മയേയും ചൂരല്‍കൊണ്ട് തല്ലുന്നത് ഗോപാലിന്റെ ക്രൂരവിനോദമാണ്. കിടക്കുന്ന പായയുടെ അടിയില്‍ അയാള്‍ എപ്പോഴും തന്റെ ചൂരല്‍ സൂക്ഷിച്ചുവച്ചിരിക്കും. അമ്മ ലക്ഷ്മിയോട് അയാള്‍ ആക്രോശിക്കുന്നത് അപര്‍ണയെ ഞെട്ടിക്കാറുണ്ട്. “നീയൊരു മൂധേവിയാണ്. നിന്നെ ഞാന്‍ ഇവിടെനിന് ചവുട്ടിപുറത്താക്കും.”  എന്ന് അമ്മയോട് അയാള്‍ പലപ്പോഴും പറയും. അയാള്‍ പറയുന്നതെല്ലാം കേട്ട് നൊന്തുപൊള്ളുന്ന മനസ്സോടെ അപര്‍ണയുടെ അമ്മ കുടിലിന്റെ മൂലയില്‍ ഒരു പ്രതിമ കണക്കെ ഇരിക്കും.


അപര്‍ണയുടെ കഥ (നോവല്‍- ഭാഗം: 2 - ടോം മാത്യൂസ്,ന്യൂജേഴ്‌സി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക