Image

‘വിടപറയും മുമ്പേ’ (ഡി.ബാബുപോള്‍)

Published on 14 May, 2014
‘വിടപറയും മുമ്പേ’ (ഡി.ബാബുപോള്‍)
അങ്ങനെ തെരഞ്ഞെടുപ്പ് കഴിഞ്ഞു. യു.പി.എസ്.സി പോലെതന്നെ ഇന്നും വിശ്വാസ്യത നഷ്ടപ്പെടാത്ത ഒരു ഭരണഘടനാ സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമീഷന്‍ എന്ന് വീണ്ടും തെളിഞ്ഞു. 80 കോടി വോട്ടര്‍മാര്‍ക്ക് സജ്ജീകരണം ഒരുക്കിയ നമ്മുടെ ജില്ലാ ഭരണകൂടങ്ങള്‍ ഭാരതീയ പുരോഗതിയുടെ ആണിക്കല്ലാണെന്ന് വീണ്ടും തെളിയിച്ചു. 1951-52ലെ ആദ്യതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തയാള്‍ മുടങ്ങാതെ ഇത്തവണയും വോട്ടിനത്തെിയത് പൗരന്മാര്‍ക്ക് നമ്മുടെ സംവിധാനത്തിലുള്ള വിശ്വാസം വ്യക്തമാക്കി. സര്‍വകാല റെക്കോഡായ പോളിങ് ശതമാനം -67 ശതമാനം-നമ്മുടെ ജനാധിപത്യത്തിന് പൊന്‍തൂവലായി.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പ്രതിഫലനം ആകണമെന്നില്ളെങ്കിലും പ്രീപോള്‍ സര്‍വേകള്‍ നല്‍കിയതിനെക്കാള്‍ കുറച്ചുകൂടി വ്യക്തമായ ചിത്രം രൂപപ്പെടുത്തും.


യു.പി.എ തിരിച്ചത്തെുകയില്ല എന്ന് തുടക്കംമുതല്‍ വ്യക്തമായിരുന്നു. അത് മോദിക്കുവേണ്ടി കോര്‍പറേറ്റുകളും പ്രവാസിഭാരതീയരും നടത്തിയ പ്രചാരണകോലാഹലങ്ങളുടെ ഫലമല്ല. ഒന്നാമത്, രണ്ട് തെരഞ്ഞെടുപ്പുകളില്‍ക്കൂടുതല്‍ ഒറ്റയടിക്ക് ഒരേ കക്ഷി ജയിക്കുന്നത് തീര്‍ത്തും അസാധാരണമാണ്. അമേരിക്കയില്‍ എഫ്.ഡി.ആറും ഇന്ത്യയില്‍ ജവഹര്‍ലാല്‍ നെഹ്റുവും ഇംഗ്ളണ്ടില്‍ മാര്‍ഗരറ്റ് താച്ചറും ജയിച്ചിട്ടുള്ളതൊഴിച്ചാല്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പുകളില്‍ ഉദാഹരണങ്ങള്‍ ഏറെ ഇല്ലല്ളോ.

രണ്ടാമത്, രണ്ടാം യു.പി.എയുടെ നിരാശാജനകമായ പ്രകടനം. അഴിമതിയോട് സമരസപ്പെടുന്നു എന്ന പ്രതീതി വ്യാപകമായി. ടെലികോം അഴിമതിയെക്കുറിച്ച് കേട്ടപ്പോള്‍ ഡി.എം.കെയെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. മന്‍മോഹന്‍സിങ് വ്യക്തിപരമായി സത്യസന്ധന്‍ ആയിരുന്നിരിക്കാം. എങ്കിലും നിഷ്ക്രിയത്വം ഒരു പ്രധാനമന്ത്രിക്ക് ഭൂഷണമല്ലല്ളോ.

മൂന്നാമത്, സോണിയക്ക് അര്‍ബുദം ബാധിച്ചത് കുടുംബവാഴ്ചയുമായി പഴകിപ്പോയ കോണ്‍ഗ്രസുകാരുടെ ആത്മവിശ്വാസം കെടുത്തി. ഇനിയൊരങ്കത്തിന് അവര്‍ക്ക് ബാല്യം പോരാ എന്ന് കോണ്‍ഗ്രസുകാര്‍ തിരിച്ചറിഞ്ഞെങ്കിലും രാജാവിന് തുണിയില്ല എന്നുപറയാന്‍ അവര്‍ക്ക് കഴിവില്ലല്ളോ. രാഹുല്‍ഗാന്ധി അത്ര പോരാ എന്ന കാര്യത്തില്‍ മിക്ക കോണ്‍ഗ്രസുകാര്‍ക്കും തര്‍ക്കമുണ്ടായിരുന്നില്ല.

പ്രിയങ്കയെ കണ്ടാല്‍ ഇന്ദിരയുടെ ഛായ തോന്നുമെങ്കിലും ഫിറോസ് ഗാന്ധിയും റോബര്‍ട്ട് വാദ്രയും ഒരു ജനുസ്സല്ല എന്ന കാര്യത്തിലും തര്‍ക്കമുണ്ടായില്ല. രാജാവോ റാണിയോ കൂടാതെ നിലനില്‍ക്കാനുള്ള കഴിവ് നഷ്ടപ്പെട്ട -അട്രോഫി എന്നാണ് ഇംഗ്ളീഷ്- നേതാക്കന്മാരായി കോണ്‍ഗ്രസിന്‍െറ രണ്ടാംനിര.


എന്‍.ഡി.എ താരതമ്യേന മെച്ചപ്പെട്ട പ്രകടനം നടത്തും എന്നും ഭാ.ജ.പാ. അംഗങ്ങളുടെ സംഖ്യ മോശമാവുകയില്ല എന്നും തുടക്കം മുതല്‍തന്നെ വ്യക്തമായിരുന്നു. മോദിയെ പ്രധാനമന്ത്രി ആയി ഉയര്‍ത്തിക്കാട്ടിയതോടെ ഗോധ്ര നാടൊട്ടുക്ക് ആവര്‍ത്തിക്കപ്പെടും എന്നുപറയാന്‍ പലരും ശ്രമിച്ചെങ്കിലും അത് അത്ര വിലപ്പോയില്ല. അതിന് രണ്ട് കാരണങ്ങള്‍ പ്രഥമദൃഷ്ട്യാ കാണാം.

ഒന്ന്, ഗോധ്രയില്‍ നടന്നത് എന്തായാലും അതിനുശേഷം കഴിഞ്ഞ ഒരു വ്യാഴവട്ടത്തിനിടയില്‍ ഗുജറാത്തില്‍ വര്‍ഗീയകലാപം ഉണ്ടായിട്ടില്ല. അത് മുസ്ലിംകളെ ഒതുക്കിയതുകൊണ്ടാണ് എന്ന് പറയുന്നതിനര്‍ഥം അങ്ങനെ ഒതുക്കിയില്ളെങ്കില്‍ അവര്‍ കലാപം ഉണ്ടാക്കും എന്നല്ളേ എന്ന് മോദിഭക്തര്‍ ചോദിച്ചപ്പോള്‍ കോണ്‍ഗ്രസിനെന്നല്ല പൊതുസമൂഹത്തിനുപോലും മറുപടി ഉണ്ടായില്ല.

രണ്ടാമത്, മുസ്ലിംകള്‍ പാകിസ്താന്‍ പക്ഷപാതികളാണെന്നും ബോംബുണ്ടാക്കുകയാണ് അവരുടെ ഇഷ്ടവിനോദമെന്നുമുള്ള പൊതുധാരണ ഭാരതത്തില്‍ പ്രബലമാണ്. മുസ്ലിംലീഗ് മുറുകെപ്പിടിക്കുന്ന ദേശഭക്തിപോലും സംശയിക്കപ്പെടുന്ന സാഹചര്യം ഉണ്ടാക്കിയത് അമുസ്ലിംകള്‍ മാത്രം അല്ല എന്ന് പറയാതെ വയ്യ. ഇസ്ലാമികരാഷ്ട്രങ്ങളില്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് ഇന്നത്തെ ഇന്‍റര്‍നെറ്റ് യുഗത്തില്‍ രഹസ്യമാക്കി വെക്കാവുന്നതല്ല. അറബ് വസന്തത്തിലും ഇറാന്‍െറ ആണവശേഷിയിലും ആവേശം കൊള്ളുന്ന ഭാരതീയ മുസല്‍മാനെ ഹിന്ദുഭൂരിപക്ഷം സംശയത്തോടെ വീക്ഷിച്ചപ്പോള്‍ ഒരു വ്യാഴവട്ടം പഴകിയ ഗോധ്ര അവരെ അലോസരപ്പെടുത്താതായി.

ഇനി അറിയാനുള്ളത് എന്‍.ഡി.എക്ക് സുരക്ഷിതഭൂരിപക്ഷം കിട്ടുമോ എന്ന് മാത്രമാണ്. അവരാണ് ഭരിക്കാന്‍ പോകുന്നതെങ്കില്‍ അവര്‍ക്ക് സുരക്ഷിതഭൂരിപക്ഷം കിട്ടുന്നതാണ് കിട്ടാതിരിക്കുന്നതിനെക്കാള്‍ ഭേദം. ജയലളിതയെ ആശ്രയിക്കുന്നത് കരുണാനിധിയെ ആശ്രയിക്കുന്നതിനെക്കാള്‍ ക്ളേശകരമാവും.


അങ്ങനെ ഒരു സുരക്ഷിത ഭൂരിപക്ഷത്തോടെ മോദി പ്രധാനമന്ത്രി ആയാല്‍ ഗോധ്ര ആവര്‍ത്തിക്കുകയൊന്നുമില്ല. ഭാരതത്തിന്‍െറ രാഷ്ട്രശരീരം-ബോഡി പൊളിറ്റിക് എന്ന് സായ്വ്- ഒരു മധ്യമാര്‍ഗത്തിനാണ് ബലം പകരുക. അടല്‍ ബിഹാരി വാജ്പേയ് ഭരിച്ച കാലത്തെ മാതൃക നമ്മുടെ മുന്നിലുണ്ട്. വാജ്പേയ് കറതീര്‍ന്ന ആര്‍.എസ്.എസുകാരന്‍ ആയിരുന്നു. എന്നാല്‍, ഇന്ത്യയുടെ വിദേശമന്ത്രി ആയപ്പോള്‍ അദ്ദേഹം പാകിസ്താനെ ആക്രമിക്കാന്‍ തുനിഞ്ഞില്ല. പ്രധാനമന്ത്രി ആയപ്പോഴും സ്വയംസേവകന്‍ എന്നതിലുപരി ഭാരതസേവകന്‍ എന്ന മട്ടിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ബാബരിമസ്ജിദ് പൊളിച്ചതിനോട് ബന്ധപ്പെടുത്തി പറയാറുള്ള പേരാണ് അദ്വാനിയുടേത്. അദ്ദേഹം ഭാരതത്തിന്‍െറ ആഭ്യന്തരമന്ത്രി ആയപ്പോള്‍ തീവ്രഹിന്ദുത്വമുഖം അല്ല കര്‍ത്തവ്യനിര്‍വഹണത്തില്‍ പ്രകടിപ്പിച്ചത്.

മോദി പ്രധാനമന്ത്രി ആയാലും പ്രധാനമന്ത്രി (ഇപ്പോള്‍ കാണുന്ന) മോദി ആയിരിക്കില്ല. മോദിയില്‍ ആരോപിക്കപ്പെടുന്ന തിന്മകള്‍ പിന്നിലാവുകയും മോദിക്കുള്ളതായി വിശേഷിപ്പിക്കപ്പെടുന്ന നന്മകള്‍ നിര്‍ണായകമാവുകയും ചെയ്താല്‍ ന്യൂനപക്ഷങ്ങള്‍ക്ക് വേവലാതിപ്പെടേണ്ടി വരില്ല. മോദി വാജ്പേയ് ആയില്ളെങ്കിലും അദ്വാനിക്കും വാജ്പേയിക്കും ഇടയില്‍ നിലയുറപ്പിക്കാനാണ് സാധ്യത എന്ന് തോന്നുന്നു.


‘ആര് വന്നാലും ഇന്ത്യക്ക് ജ്യോതിഷപ്രകാരം നല്ല കാലമാണ് അടുത്ത പത്തുകൊല്ലം. ലഗ്നാധിപനായ ചന്ദ്രന്‍െറ ദശ. അതിനിടയില്‍ യോഗകാരകനായ ചൊവ്വയുടെ ആനുകൂല്യം. കഴിഞ്ഞ ആറുകൊല്ലം സൂര്യദശയില്‍ പ്രവചിക്കപ്പെട്ടിരുന്ന അഴിമതിയുമായി ബന്ധപ്പെട്ട കുറ്റവും ശിക്ഷയും ശരിയായി’ -ഇത്രയും പറഞ്ഞുതന്നത് ഡല്‍ഹി ഐ.ഐ.ടിയില്‍ പ്രഫസറും വകുപ്പധ്യക്ഷയും ആയി വിരമിച്ച ഒരു ജ്യോതിഷകുതുകിയാണ്. ഈ രാജ്യത്തിന്‍െറ ബഹുസ്വരതയെ അംഗീകരിക്കുകയും അഖണ്ഡതയെ സംരക്ഷിക്കുകയും ജനാധിപത്യത്തെ ആദരിക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാര്‍ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുക മാത്രമാണ് കരണീയം. ജ്യോതിഷത്തെ ഒരു കൗതുകവാര്‍ത്തയായി കണ്ടാല്‍ മതി.


മന്‍മോഹന്‍സിങ് വിടവാങ്ങുമ്പോള്‍ പരിഹാസപാത്രമായാണ് അവതരിപ്പിക്കപ്പെട്ടുകാണുന്നത്. അതിന് ന്യായം പോരാ. സാഹചര്യങ്ങളുടെ പരിമിതിക്കുള്ളില്‍ ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എ.കെ. ആന്‍റണി ഇന്ത്യ കണ്ട ഏറ്റവും മോശപ്പെട്ട പ്രതിരോധമന്ത്രി ആയിരുന്നു എന്നതില്‍ ആന്‍റണിക്കു പോലും സംശയം ഉണ്ടാകാനിടയില്ല. എന്നാല്‍, സത്യസന്ധനും അഴിമതിവിരുദ്ധനും എന്ന പ്രതിച്ഛായ കാര്യനിര്‍വഹണശേഷിയിലെ പോരായ്മയെ ഒരളവുവരെയെങ്കിലും ന്യൂനീകരിക്കുന്നു എന്ന് ശത്രുക്കളും അംഗീകരിക്കും. രണ്ടാം യു.പി.എയുടെ അപചയത്തിന് ഒരു പ്രധാന കാരണം പ്രകാശ് കാരാട്ട് പുറത്തുപോയതാണ്. പൊള്ളലേറ്റ് മരിക്കുകയും ഒപ്പം വിളക്ക് കെടുത്തുകയും ചെയ്യുന്ന വണ്ടിന് കവി പേരിട്ടിട്ടില്ളെങ്കിലും നമുക്ക് ആ വണ്ടിനെ കാരാട്ട് എന്ന് വിളിക്കാം.


മുന്നോട്ട് നോക്കാം. മോദി തന്‍െറ ചെറിയ അധികാരപരിധിയില്‍ ചെയ്ത വലിയ കാര്യങ്ങള്‍ മറക്കാവതല്ല, വ്യവസായപുരോഗതി, അടിസ്ഥാന സൗകര്യവികസനം, തൊഴില്‍രംഗത്തെ ശാന്തത. പോരായ്മകളും ഏറെ. ഗുജറാത്തില്‍ ആള്‍ ഒരു സര്‍ സി.പി ആയിരുന്നു. തിരുവായ്ക്ക് എതിര്‍വാ ഇല്ല. ദേശീയതലത്തില്‍ ചോദിക്കാനും പറയാനും ആളുണ്ടാവും. അതുകൊണ്ട് മോദിയുടെ തിന്മകള്‍ നിയന്ത്രിക്കപ്പെടാനും നന്മകള്‍ ശാക്തീകരിക്കപ്പെടാനുമാണ് സാധ്യത.
കേരളത്തിന്‍െറ പ്രാതിനിധ്യം മന്ത്രിസഭയില്‍ കുറയും.

രാജഗോപാല്‍ ജയിച്ചാല്‍ ഒരു കാബിനറ്റ് മന്ത്രി. ഇല്ളെങ്കിലും ആശ വിടേണ്ട. ഭൂരിപക്ഷം അത്ര ഉറപ്പുള്ളതല്ളെങ്കില്‍ ജോസ് കെ. മാണി സഹമന്ത്രിയായി ഉണ്ടാകും. മാണി പെരുന്തച്ചനാകയാല്‍ മകനെ മന്ത്രിയാക്കാന്‍ തന്‍െറ മന്ത്രിസ്ഥാനം കളയുമോ എന്ന ചോദ്യമുണ്ട്. ശരിതന്നെ. എങ്കിലും ഇത് ലാസ്റ്റ് ചാന്‍സല്ളേ?

ജോസ്മോന്‍ മന്ത്രിയാവും. തുടര്‍ന്ന് മാണി രാജിവെക്കേണ്ടിവരും. അതോടെ കേ.കോ.മാ. വീണ്ടും പിളരും. 2017ല്‍ ഉപരാഷ്ട്രപതി ആകാനുള്ള ഉപജാപങ്ങളുമായി മാണി മനപ്പായസം ഉണ്ട് കഴിയുകയും ചെയ്യും. അതുകൊണ്ട് മിക്കവാറും ഒരു മന്ത്രി നമുക്കും കാണും.

http://www.madhyamam.com/news/286861/140514?utm_source=feedburner&utm_medium=email&utm_campaign=Feed%3A+madhyamam%2FxeIF+%28Madhyamam+Online%29

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക