Image

മന്‍മോഹന്‍ സിംഗ്‌ ഒബാമയുമായി ചര്‍ച്ച നടത്തി (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 18 November, 2011
മന്‍മോഹന്‍ സിംഗ്‌ ഒബാമയുമായി ചര്‍ച്ച നടത്തി (അങ്കിള്‍സാം വിശേഷങ്ങള്‍)
ബാലി: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും യുഎസ്‌. പ്രസിഡന്റ്‌ ബറാക്ക്‌ ഒബാമയും കൂടിക്കാഴ്‌ച നടത്തി. ഒരു വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ ഇരുവരും തമ്മില്‍ കണ്‌ട്‌ ചര്‍ച്ച നടത്തിയത്‌. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഒബാമ ഇന്ത്യയിലെത്തിയപ്പോഴാണ്‌ ഇരുവരും അവസാനമായി കൂടിക്കാഴ്‌ച നടത്തിയത്‌. ഒബാമ താമസിക്കുന്ന ഗ്രാന്‍ഡ്‌ ഹയാത്‌ ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്‌ച. ആസിയാന്‍, പൂര്‍വേഷ്യന്‍ ഉച്ചകോടികളില്‍ പങ്കെടുക്കാനാണ്‌ ഡോ.മന്‍മോഹന്‍ സിംഗ്‌ ഇന്‍ഡൊനീഷ്യയിലെ ബാലിയിലെത്തിയത്‌.

ഒബാമയുടെ ചരിത്രപരമായ ഇന്ത്യാ സന്ദര്‍ശനത്തിനുശേഷം ആണവ സഹകരണം ഉള്‍പ്പടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ കാര്യമായ പുരോഗതി ഉണ്‌ടായതായി ഡോ.മന്‍മോഹന്‍ സിംഗ്‌ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മറ്റാരെയും അസ്വസ്ഥതപ്പെടുത്തേണ്‌ട കാര്യമില്ലെന്നും മന്‍മോഹന്‍ സിംഗ്‌ പറഞ്ഞു.

ഇന്ത്യ ഭീഷണിയാണെന്ന പനേറ്റയുടെ പ്രസ്‌താവന പെന്റഗണ്‍ പിന്‍വലിച്ചു

വാഷിംഗ്‌ടണ്‍: വളരുന്ന സാമ്പത്തിക ശക്തികളായ ഇന്ത്യയും ചൈനയും യുഎസിന്‌ ഭീഷണിയാണെന്ന യുഎസ്‌ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനെറ്റയുടെ പ്രസ്‌താവന പെന്റഗണ്‍ പിന്‍വലിച്ചു. ഇന്ത്യയുമായി സുദൃഢമായ ബന്ധമാണ്‌ യുഎസ്‌ ആഗ്രഹിക്കുന്നതെന്ന്‌ തിരുത്തല്‍ പ്രസ്‌താവനയില്‍ പെന്റഗണ്‍ പ്രസ്‌ സെക്രട്ടറി ജോര്‍ജ്‌ ലിറ്റില്‍ വ്യക്തമാക്കി.

കണക്‌ടിക്കട്ടില്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കവെയാണ്‌ എഴുതി തയാറാക്കിയ പ്രസ്‌താവനയില്‍ നിന്ന്‌ വ്യതിചലിച്ച്‌ പനെറ്റ വിവാദ പ്രസ്‌താവന നടത്തിയത്‌. വളരുന്ന ശക്തികളായ ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും യുഎസ്‌ വലിയ ഭീഷണിയാണ്‌ നേരിടുന്നതെന്ന്‌ പറഞ്ഞ പനെറ്റ പസഫിക്കില്‍ യുഎസ്‌ സൈനിക സാന്നിധ്യം നിലനിര്‍ത്തേണ്‌ടത്‌ അത്യാവശ്യമാണെന്നും വ്യക്തമാക്കിയിരുന്നു. നമ്മള്‍ എവിടെയും പോവുന്നില്ലെന്ന്‌ അവരെ അറിയിക്കാന്‍ വേണ്‌ടിയാണിതെന്നും പനെറ്റ പറഞ്ഞു.

ആസിയാന്‍ ഉച്ചകോടിയുടെ ഭാഗമായി ബാലിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമയും ഇന്ന്‌ കൂടിക്കാഴ്‌ച നടത്തുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതിയ തലത്തിലേക്ക്‌ ഉയര്‍ത്താന്‍ തീരുമാനിക്കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തില്‍ പനെറ്റ നടത്തിയ പ്രസ്‌താവന വന്‍ വിവാദമാവുമെന്ന്‌ തിരച്ചറിഞ്ഞാണ്‌ പ്രതിരോധ സെക്രട്ടറിയുടെ പ്രസ്‌താവന പെന്റഗണ്‍ ഇടപെട്ട്‌ അടിയന്തരമായി തിരുത്തിയത്‌.

വാള്‍ സ്‌ട്രീറ്റ്‌ പ്രക്ഷോഭം: ന്യൂയോര്‍ക്കില്‍ വന്‍ പ്രതിഷേധ റാലി; 200 പേര്‍ അറസ്റ്റില്‍

ന്യൂയോര്‍ക്ക്‌: വാള്‍ സ്‌ട്രീറ്റ്‌ കയ്യടക്കല്‍ സമരം അമേരിക്കയെ വീണ്‌ടും കലുഷിതമാക്കുന്നു. സമരം ആരംഭിച്ച്‌ രണ്‌ടു മാസം തികഞ്ഞതിന്റെ ഭാഗമായി ഇന്നലെ വന്‍ പ്രതിഷേധ പരിപാടികളാണ്‌ പ്രക്ഷോഭകര്‍ സംഘടിപ്പിച്ചത്‌. ലൊസാഞ്ചല്‍സ്‌, ലാസ്‌ വേഗാസ്‌, ബോസ്‌റ്റണ്‍, വാഷിങ്‌ടണ്‍, ഓക്‌ലന്‍ഡ്‌, കലിഫോര്‍ണിയ, പോര്‍ട്‌ലന്‍ഡ്‌, ഒറിഗോണ്‍ എന്നിവിടങ്ങളില്‍ പ്രതിഷേധ റാലികള്‍ നടന്നു.

പതിവുപോലെ ന്യൂയോര്‍ക്ക്‌ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചായിരുന്നു സമരക്കാരുടെ പ്രധാന ലക്ഷ്യം. ന്യൂയോര്‍ക്ക്‌ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചിലേക്ക്‌ തള്ളിക്കയറാന്‍ ശ്രമിച്ച ഇരുന്നൂറിലേറെ പേരെ പൊലീസ്‌ അറസ്‌റ്റു ചെയ്‌തു. സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ തുറക്കുന്നതു വൈകിപ്പിക്കാനാണ്‌ ആയിരത്തിലധികം വരുന്ന പ്രക്ഷോഭകര്‍ ശ്രമിച്ചത്‌. അതേസമയം സമരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ ശക്‌തമാക്കുകയാണ്‌. പ്രക്ഷോഭകര്‍ റോഡിലേക്ക്‌ കടക്കാതിരിക്കാന്‍ ഇന്നലെ പൊലീസ്‌ ശക്‌തമായ നടപടി സ്വീകരിച്ചു. ഇത്‌ ചെറിയ ഉന്തിലും തള്ളിലും കലാശിച്ചു. അഞ്ചു പൊലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്‌ട്‌.

ലോവര്‍ മാന്‍ഹട്ടനിലെ സ്വകാര്യ ഉടമസ്‌ഥതയിലുള്ള സുക്കോട്ടി പാര്‍ക്കാണ്‌ പ്രക്ഷോഭകരുടെ സിരാകേന്ദ്രം. കഴിഞ്ഞ ദിവസം പാര്‍ക്കില്‍ നിന്ന്‌ പ്രക്ഷോഭകരെ പൊലീസ്‌ ഒഴിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം സമരക്കാര്‍ വീണ്‌ടും ഇവിടേക്ക്‌ ഒഴുകിയെത്തി. `സ്വാതന്ത്ര്യത്തിന്റെ ചത്വരം എന്നു വിശേഷിപ്പിച്ച്‌ സെപ്‌റ്റംബര്‍ 17 മുതലാണ്‌ അമേരിക്കയില്‍ തൊണ്ണൂറ്റിയൊന്‍പത്‌ ശതമാനം വരുന്നവര്‍ എന്ന്‌ അവകാശപ്പെടുന്നവര്‍ സമരം തുടങ്ങിയത്‌.

വിമാനത്തിന്റെ ടോയ്‌ലറ്റില്‍ കുടുങ്ങിയ പൈലറ്റിനെ യാത്രക്കാരന്‍ രക്ഷിച്ചു

ന്യൂയോര്‍ക്ക്‌: ലാന്‍ഡ്‌ ചെയ്യാന്‍ തയാറെടുക്കവെ വിമാനത്തിന്റെ ടോയ്‌ലറ്റില്‍ കുടുങ്ങിയ പൈലറ്റിനെ യാത്രക്കാരന്‍ രക്ഷിച്ചു. യുഎസിലെ ചാട്ടൗക്വ എയര്‍ലൈന്‍സ്‌ വിമാനത്തിലാണ്‌ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്‌. വിമാനം ലാ ഗാര്‍ഡിയ വിമാനത്താവളത്തിലിറങ്ങാന്‍ തയാറെടുക്കവെ ടോയ്‌ലറ്റില്‍ പോയ ചീഫ്‌ പൈലറ്റ്‌ അബദ്ധത്തില്‍ വാതില്‍ ലോക്ക്‌ ചെയ്യുകയായിരുന്നു.

പുറത്തുനിന്ന്‌ പാസ്‌വേര്‍ഡ്‌ നല്‍കി മാത്രം തുറക്കാവുന്ന വാതില്‍ ലോക്കായതിനെത്തുടര്‍ന്ന്‌ പൈലറ്റ്‌ ടോയ്‌ലറ്റിന്റെ വാതിലില്‍ തട്ടി ബഹളം വെച്ചു. ഇതിനെത്തുടര്‍ന്ന്‌ യാത്രക്കാന്‍ പരിഭ്രാന്തരായെങ്കിലും ഒരു യാത്രക്കാരന്‍ പൈലറ്റിന്റെ രക്ഷക്കെത്തി. ഇയാള്‍ക്ക്‌ ടോയ്‌ലറ്റിനകത്തു നിന്ന്‌ പൈലറ്റ്‌ പാസ്‌വേര്‍ഡ്‌ പറഞ്ഞുകൊടുത്തിനുശേഷമാണ്‌ വാതില്‍ തുറക്കാനായത്‌.

എന്നാല്‍ ഇതൊന്നും അറിയാതിരുന്ന സഹ പൈലറ്റ്‌ ചീഫ്‌ പൈലറ്റിനെ കാണാനില്ലെന്നും കോപ്‌കിറ്റിലേക്ക്‌ അക്രമിച്ചു കയറാന്‍ ഒരാള്‍ ശ്രമിക്കുന്നുണ്‌ടെന്നും വിമാനത്താവളത്തിലേക്ക്‌ സന്ദേശം നല്‍കിയതും പരിഭ്രാന്തിക്കിടയാക്കി. ഈ സമയത്ത്‌ 10000 അടി ഉയരത്തിലായിരുന്നു വിമാനം.

വൈറ്റ്‌ ഹൗസ്‌ വെടിവെയ്‌പ്‌ മാനസിക നില തെറ്റിയ യുവാവിന്റെ ഒറ്റപ്പെട്ട ശ്രമമെന്ന്‌ പോലീസ്‌

വാഷിംഗ്‌ടണ്‍ വൈറ്റ്‌ ഹൗസിലെ ജനാലയില്‍ വെടിയുണ്‌ടകള്‍ തറച്ചതായി കണെ്‌ടത്തിയ സംഭവത്തില്‍ അറസ്റ്റിലായ സ്‌പാനിഷ്‌ വംശജനായ ഓസ്‌കാര്‍ ഒര്‍ട്ടെഗെ ഹെര്‍ണാണ്‌ടസ്‌ (21) അക്രമസ്വഭാവമുള്ളയാളാണെന്നു പൊലീസ്‌ അറിയിച്ചു. സ്ഥിരചിത്തതയില്ലാത്ത ഇയാള്‍ എപ്പോഴും പ്രസിഡന്റ്‌ ബറാക്‌ ഒബാമയെക്കുറിച്ചു ചിന്തിച്ചു തലപുകയ്‌ക്കുന്ന വ്യക്തിയാണെന്നും പോലീസ്‌ വെളിപ്പെടുത്തി. മനോദൗര്‍ബല്യമുള്ള, അക്രമവാസനയുള്ള, ചെറുപ്പക്കാരന്റെ ഒറ്റപ്പെട്ട ശ്രമം എന്നതിനപ്പുറം ഗൂഢാലോചനാ സാധ്യതയൊന്നുമില്ലെന്നു പൊലീസ്‌ കരുതുന്നു. എന്നാല്‍ അന്വേഷണം തുടരുകയാണ്‌. വിദേശ പര്യടനത്തിലായിരുന്ന ഒബാമയും ഭാര്യയും സംഭവ ദിവസം വൈറ്റ്‌ഹൗസില്‍ ഉണ്‌ടായിരുന്നില്ല.

പെനിസില്‍വാനിയയിലെ ഹോട്ടല്‍ മുറിയില്‍ നിന്നാണ്‌ ഇയാള്‍ പിടിയിലായത്‌. കറുത്തവേഷം ധരിച്ചുവന്ന യുവാവ്‌ കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി വൈറ്റ്‌ ഹൗസിനു നേരെ നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന്‌ വാഹനത്തില്‍ എകെ -47 തോക്ക്‌ ഉപേക്ഷിച്ച്‌ ഇയാള്‍ രക്ഷപ്പെട്ടു. വെടിവയ്‌പു നടത്താന്‍ ദൈവിക നിയോഗമനുസരിച്ചു താന്‍ തയാറാവുകയായിരുന്നുവെന്ന്‌ ഇയാള്‍ പൊലീസിനോട്‌ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയില്‍ തടാകങ്ങളുണെ്‌ടന്ന്‌ ശാസ്‌ത്രജ്ഞര്‍

ന്യൂയോര്‍ക്ക്‌: വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയില്‍ വെള്ളമുണെ്‌ടന്നതിന്‌ കൂടുതല്‍ തെളിവുമായി ശാസ്‌ത്രജ്ഞര്‍. മഞ്ഞുറഞ്ഞുകിടക്കുന്ന യൂറോപ്പയുടെ ഉപരിതലത്തിന്‌ മൂന്ന്‌ കിലോമീറ്റര്‍ താഴെ ചെറുതടാകങ്ങളുണ്‌ടാകുമെന്നാണ്‌ ശാസ്‌ത്രജ്ഞര്‍ പറയുന്നത്‌. മഞ്ഞിന്റെ കട്ടിപ്പാളിക്ക്‌ താഴെ ഉഷ്‌ണജലമുണ്‌ടാകാമെന്നും അത്‌ മഞ്ഞുരുക്കുന്നുണെ്‌ടന്നും യൂറോപ്പയുടെ ഉപരിതലത്തിലെ വിള്ളലുകളും പൊട്ടലുകളും ഇതാണ്‌ സൂചിപ്പിക്കുന്നതെന്നും യൂറോപ്പയെപ്പറ്റി പഠിക്കുന്ന ടെക്‌സാസ്‌ സര്‍വകലാശാലയിലെ ബ്രിട്‌നി ഷ്‌മിഡ്‌റ്റ്‌ ശാസ്‌ത്ര പ്രസിദ്ധീകരണമായ `നേച്ചറി'ല്‍ എഴുതിയ പ്രബന്ധത്തില്‍ ചൂണ്‌ടിക്കാട്ടുന്നു. മഞ്ഞിന്റെയും ജലത്തിന്റെയും സാന്നിധ്യം ഇവിടം വാസയോഗ്യമാകാമെന്ന സാധ്യതയും ഉയര്‍ത്തുന്നുണ്‌ട്‌.

യൂറോപ്പയുടെ ഉപരിതലത്തിന്‌ 30 കിലോമീറ്ററോളം താഴ്‌ചയില്‍ 160 കിലോമീറ്ററെങ്കിലും ആഴമുള്ള സമുദ്രത്തിന്റെ സാന്നിധ്യവും സംശയിക്കുന്നുണ്‌ട്‌. യൂറോപ്പ മുഴുവന്‍ പരന്നുകിടക്കുന്ന സമുദ്രം ഉപഗ്രഹത്തിന്റെ ആഴങ്ങളില്‍ സ്ഥിതിചെയ്യുന്നുണെ്‌ടന്നതിന്‌ 1990ല്‍ അമേരിക്കയുടെ ബഹിരാകാശവാഹനം `ഗലീലിയോ' തെളിവ്‌ കണെ്‌ടത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക