Image

പീഢനം..... പീഢനം.....(ചെറുകഥ-കൊല്ലം തെല്‍മ, ടെക്‌സസ്‌)

Published on 10 May, 2014
പീഢനം..... പീഢനം.....(ചെറുകഥ-കൊല്ലം തെല്‍മ, ടെക്‌സസ്‌)
ക്രൂരത, ഹൃദയകാഠിന്യം, മനസ്സാക്ഷിയില്ലായ്‌മ... പണത്തോടുള്ള ആര്‍ത്തി, ദുഷ്ടത, വക്രബുദ്ധി, മനുഷ്യപ്പറ്റില്ലായ്‌മ... കണ്ണില്‍ ചോരയില്ലാത്ത മനുഷ്യര്‍...!

ആരാണ്‌ ഇവര്‍? ടെററിസ്റ്റ്‌ അഥവാ തീവ്രവാദികള്‍ എന്ന്‌ നമുക്കിവരെ വിളിക്കാമോ? അതോ തിന്മനിറഞ്ഞ നിഷ്‌ഠൂരന്മാരെന്നോ? എന്താണ്‌? എന്താണ്‌ ഇവരെ വിളിക്കേണ്ടത്‌? ഇത്രയും ക്രൂരതയും ഹൃദയകാഠിന്യവുമുള്ള മനുഷ്യരെ ആരെങ്കിലും കണ്ടിട്ടുണ്ടോ?

ഇവര്‍ക്ക്‌ എന്തുപേരിടണം? മനുഷ്യര്‍ക്ക്‌ മനഃസാക്ഷിയില്ലാതെവന്നാല്‍ പിന്നെന്തു വിളിക്കണം? മനുഷ്യപ്പറ്റില്ലാത്ത ജന്മങ്ങള്‍! ദ്രവ്യാര്‍ത്തി, അത്യാര്‍ത്തി, ധനമോഹം ഇതൊക്കെയല്ലേ മനുഷ്യന്റെ ക്രൂരതകള്‍ക്കൊക്കെയും കാരണം.

വന്യമൃഗങ്ങള്‍ക്കുപോലും ഇത്ര ഹൃദയകാഠിന്യമുണ്ടാവില്ല. മനുഷ്യര്‍ ഈ ലോകത്ത്‌ നടത്തുന്ന അക്രമങ്ങളും ക്രൂരതയും ദുഷ്ടതയും കാണുമ്പോള്‍ ഈ ഭൂമിയില്‍ ജനിക്കേണ്ടിയിരുന്നില്ല എന്നു തോന്നിപ്പോക്കുന്നു.

അത്രയ്‌ക്ക്‌ വിഷമമുണ്ട്‌ ... അത്രയ്‌ക്ക്‌ വേദനയുണ്ട്‌... എല്ലാം ഉള്ളിലൊതുക്കി എത്രനാള്‍ കഴിയും... ആരോടെങ്കിലും തുറന്നു പറഞ്ഞേ മതിയാകൂ. മനസ്സിന്റെ വിഷമം, ശരീരത്തിന്റെ വേദന, ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളുടെ ദുഃഖഭാരം ആരോടെങ്കിലും ഒന്നു പറഞ്ഞേ മതിയാകൂ...

എത്ര ആനന്ദകരമായിട്ടായിരുന്നു ഞങ്ങള്‍ ജീവിച്ചിരുന്നത്‌? ഇതുപോലൊരു സുഖജീവിതം മറ്റാര്‍ക്ക്‌ എവിടെകിട്ടും? ഈ ലോകത്തില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത്‌ ഇതാണെന്ന്‌ വിളിച്ചുകൂവണമെന്ന്‌ പലതവണ തോന്നിയിട്ടുണ്ട്‌.

കാരണം, ദൈവം അത്രയ്‌ക്ക്‌ അനുഗ്രഹിച്ച ജീവിതമായിരുന്നു ഞങ്ങളുടേത്‌. അല്ലലില്ല, അലച്ചിലില്ല ഒന്നിനും ഒരു ബുദ്ധിമുട്ടില്ല.

പക്ഷെ, ഒരു സുപ്രഭാതത്തില്‍ എല്ലാം തകര്‍ന്നു.

തീവ്രവാദികളുടെ ആക്രമണത്തെപ്പറ്റി ഒത്തിരികേട്ടിരിക്കുന്നു. നക്‌സലൈറ്റ്‌ കൊലപാതകങ്ങള്‍, ഭീകരാക്രമികളുടെ കൊലവിളികള്‍... എന്തിനേറെ? നാടിനെ നടുക്കുന്ന കൊട്ടേഷന്‍ ടീമുകളുടെ ഭീകരകഥകള്‍.
പക്ഷെ ഞങ്ങളുടെ ജീവിതത്തില്‍ ഇങ്ങനെയൊരുസംഭവമുണ്ടാകുമെന്ന്‌ സ്വപ്‌നത്തില്‍പ്പോലും വിചാരിച്ചതല്ല. അല്ലെങ്കിലും അതങ്ങിനെയാണ്‌. നിഷ്‌ക്കളങ്കര്‍ക്കും, മറ്റുള്ളവര്‍ക്കും ഒരു ദ്രോഹവും ചെയ്യാതെ അവനവന്റെ പാടും നോക്കി കഴിയുന്നവര്‍ക്കുമല്ലേ എപ്പോഴും ഓര്‍ക്കാപ്പുറത്ത്‌ അടികിട്ടുക...

തല്ലും തെമ്മാടിത്തരവും നടത്തി റൗഢികളായി ജീവിക്കുന്നവര്‍ക്ക്‌ ഇത്തരത്തിലുള്ള തിക്താനുഭവങ്ങളിലല്ലോ? അവരൊക്കെ പകല്‍മാന്യന്മാര്‍, അവരെപ്പോലുള്ളവര്‍ക്കെതിരെ ആരുടെയും കൈപൊങ്ങുകേല; ആരുടെയും ശബ്ദമുയരുകയില്ല. എന്നാല്‍, ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാതെ സ്വന്തം കാര്യം തിരക്കി മാന്യമായി, മര്യാദയായി ജീവിക്കുന്നവര്‍ക്ക്‌ എന്നും ദുര്‍വിധി.

ഇത്രയുമൊക്കെ പറയേണ്ടിവന്നതില്‍ ഖേദമുണ്ട്‌. പക്ഷെ എങ്ങിനെ പറയാതിരിക്കും? ഒരു എറുമ്പിനെപ്പോലും നോവിക്കാതെ കഴിഞ്ഞുവന്ന ഞങ്ങള്‍ക്ക്‌ ഇത്രയും വലിയൊരു ഇരുട്ടടി ജീവിതത്തിലുണ്ടാകുമെന്ന്‌ വിചാരിച്ചിരുന്നതല്ല...

എല്ലാം വിധി..! അല്ലെങ്കിലെന്തിന്‌ വിധിയെ പഴിക്കണം? മനുഷ്യന്റെ ക്രൂരത..! മനുഷ്യന്റെ അക്രമം... മനുഷ്യന്റെ സ്വാര്‍ത്ഥത... ദുഷ്ടത... ഇതിന്‌ ഇരയായിത്തീര്‍ന്ന ഞങ്ങളുടെ ജീവിതങ്ങള്‍; വിധിയെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.

എന്താണ്‌ ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചത്‌? ഇത്രയും മുഖവുരയുടെ ആവശ്യമില്ലെന്നറിയാം. ഇനിയും വളച്ചുകെട്ടാതെ നടന്ന സംഭവങ്ങള്‍ തുറന്നു പറയാം. അതെ, ഉള്ളിലുള്ളത്‌ മറ്റൊരാളോട്‌ പറയുമ്പോള്‍ മനസ്സിനല്‌പം ആശ്വാസം ലഭിക്കുമെങ്കില്‍ ലഭിക്കട്ടെ.

ഞങ്ങള്‍ വളരെ സുഖമായി, സന്തോഷമായി കഴിയുകയായിരുന്നു.

അങ്ങിനെയിരിക്കുമ്പോഴാണ്‌ ഒരു രാത്രി തികച്ചും അപ്രതീക്ഷിതമായി അതു സംഭവിച്ചത്‌...
കുറച്ചു മനുഷ്യര്‍ ഞങ്ങള്‍ കിടന്നിരുന്ന മുറിയിലേക്ക്‌ തിക്കിക്കയറി... ഞങ്ങള്‍ ആകെ അന്തംവിട്ടു... ഉള്ളൊന്നു പിടഞ്ഞു... ഓര്‍ക്കാപ്പുറത്ത്‌, എന്തിനാണ്‌ ഇവര്‍ ഞങ്ങളെ ആക്രമിക്കാന്‍ ചാടിക്കയറി വന്നിരിക്കുന്നത്‌? ആരാണിവര്‍?

ഒരു പിടിയും കിട്ടിയില്ല... ഉറക്കെ നിലവിളിക്കണമെന്നുണ്ടായിരുന്നു,

ഹേ, ഞങ്ങളാര്‍ക്കും ഒരു ദ്രോഹവും ചെയ്‌തിട്ടില്ല. ഞങ്ങള്‍ നിരപരാധികളാണ്‌... ഞങ്ങളെയെന്തിനാണ്‌ ഉപദ്രവിക്കുന്നത്‌? പക്ഷെ ശബ്ദം പുറത്തുവന്നില്ല. എന്തെങ്കിലും പയുംമുമ്പ്‌ ആ ഭീകരന്മാര്‍ ഞങ്ങളെ കമ്പക്കയറുകൊണ്ട്‌ കെട്ടിവരിഞ്ഞു. ഞങ്ങള്‍ക്കനങ്ങാന്‍ കഴിഞ്ഞില്ല... ഒച്ചവയ്‌ക്കാനും...

വരിഞ്ഞുകെട്ടിയ ഞങ്ങളെ അവര്‍ വലിച്ചിഴച്ചുകൊണ്ടുപോയി...

കടല്‍ത്തീരത്തെത്തി. അവിടെ വലിയ ബോട്ടുകള്‍ കണ്ടു. അവയിലൊന്നില്‍ അവര്‍ ഞങ്ങളെ ഉന്തിത്തള്ളിക്കയറ്റി...

ബോട്ട്‌ ഉള്‍ക്കടലിലേക്ക്‌ പാഞ്ഞു... എന്താണ്‌ ഏതാണ്‌ എന്ന്‌ ഒരു പിടിയും കിട്ടിയില്ല... ഉല്‍ക്കടലിലേക്ക്‌ പോകുന്ന ഈ മനുഷ്യര്‍ കള്ളക്കടത്തുകാരായിരിക്കുമോ? പല ചോദ്യങ്ങളും മനസ്സിലുദിച്ചുപൊന്തി. എന്താണ്‌ ഇവരുടെ ലക്ഷ്യം? ഞങ്ങളെയെന്തിന്‌ ഇവരുടെ കള്ളക്കടത്ത്‌ ബിസിനസ്സില്‍ ബലിയാടുകളാക്കുന്നു? അതുകൊണ്ട്‌ ഇവര്‍ക്കുള്ള നേട്ടം എന്താണ്‌?

അങ്ങിനെയിരിക്കെ ഉള്‍ക്കടലിലെത്തിയ അവര്‍, ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ വലകള്‍ എറിയുന്നു, മീന്‍ പിടിക്കുന്നു. പിടയ്‌ക്കുന്ന മത്സ്യങ്ങള്‍! ചെമ്മീന്‍, ഞണ്ട്‌, കൊഞ്ചുകള്‍ എന്നുവേണ്ട കൂറ്റന്‍ സ്രാവുപോലും അവര്‍ വലവീശിപ്പിടിച്ച്‌ ബോട്ടിനുള്ളില്‍ നിറയ്‌ക്കുന്നു...

ഒരു സംശയം? ഇവര്‍ ഭീകരന്മാരോ, മീന്‍ പിടുത്തക്കാരോ? വെറും മുക്കുവര്‍; മത്സ്യത്തൊഴിലാളികള്‍! ഇപ്രകാരം ആശ്വാസം കൊണ്ടിരുന്നപ്പോഴാണ്‌ അവരുടെ കരാളഹസ്‌തങ്ങള്‍ ഞങ്ങളുടെമേല്‍ പതിച്ചത്‌... കുറുവടിയും ഇരുമ്പുകമ്പികളുംകൊണ്ട്‌ അവര്‍ ഞങ്ങളെ അടിക്കുവാന്‍ തുടങ്ങി... വേദനകൊണ്ട്‌ ഞങ്ങള്‍ പിടഞ്ഞു... ബോട്ട്‌ കരയിലേക്കടുത്തു തുടങ്ങിയപ്പോള്‍ നേരം പരപരാ വെളുത്തിരുന്നു. കരയോടുചേര്‍ന്ന്‌ കടല്‍കാക്കകളും പരുന്തുകളും വട്ടമിട്ട്‌ പറന്നുതുടങ്ങി...

പക്ഷെ ഇവര്‍ ഞങ്ങളോടു കാട്ടിയ ക്രൂരത... ദുഷ്ടത... അതെങ്ങിനെ മറക്കും. ഇരുമ്പുദണ്‌ഡുകൊണ്ട്‌ ഞങ്ങളെ പൊതിരെ തല്ലി... ഞങ്ങള്‍ കഷണം കഷണങ്ങളാക്കി നുറുങ്ങി വീണു... ഞങ്ങളുടെ നുറുങ്ങിയ കഷണങ്ങളില്‍ നിന്ന്‌ ബോട്ടിലേയ്‌ക്ക്‌ നനവും പടര്‍ന്നു...

അവര്‍ കരയ്‌ക്കടുപ്പിച്ച ബോട്ടില്‍നിന്നുമിറങ്ങി; കുട്ടകളില്‍ ചത്തുമലര്‍ന്ന മത്സ്യങ്ങളോടൊപ്പം ഞങ്ങളുടെനുറുങ്ങിയ കഷണങ്ങള്‍ വാരിയിട്ട്‌ കുട്ടകള്‍ നിറച്ചു... ഐസ്‌ ഫാക്‌ടറിയില്‍ ഐസ്‌ ബ്ലോക്കുകളായി കിടന്നിരുന്ന ഞങ്ങളെ ഈ വിധം കഷ്‌ടപ്പെടുത്തിയത്‌ ഇതിനായിരുന്നോ....?

ഐസ്‌ കട്ടകള്‍..! നുറുങ്ങിയ ഐസുകട്ടകള്‍! ആ മീന്‍ കുട്ടകളില്‍ ചത്തമത്സ്യങ്ങളോടൊപ്പം, പിടക്കുന്നചെമ്മീനുകളോടൊപ്പം, കൊഞ്ചുകളോടൊപ്പം നുറുങ്ങുകളായി ഞങ്ങള്‍ കണ്ണീരൊഴുക്കി... പാവം ഐസ്‌ കഷണങ്ങള്‍... കണ്ണീരായി ഉരുകിപ്പടരുന്ന ഐസ്‌ കഷണങ്ങള്‍..!
പീഢനം..... പീഢനം.....(ചെറുകഥ-കൊല്ലം തെല്‍മ, ടെക്‌സസ്‌)
Join WhatsApp News
Antoni Varghese.K 2014-05-12 07:37:27
Thelma, Congratulations on your new cheru katha. You have a way of bringing the surprise at the end and I am wondering about the bhavana. kala hrudayam ullavarkku avasaanathe suspense ishttappedum K.Antony
Mathew 2014-05-12 07:42:01
Cheru katha kalakki. Vaayanakkaare aashaya kkuzhappathilaakkukayaanallo Thelma kutty. Avassaanathe suspense vaayichu 'ayyada' ennayippoyi. Congratulations. Suspensukalude raajaathikku abhinandam. Mathai sir
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക