Image

പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നപരിഹാരത്തിന്‌ മുന്‍ഗണന: കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലി

ജോയിച്ചന്‍ പുതുക്കുളം Published on 18 November, 2011
പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നപരിഹാരത്തിന്‌ മുന്‍ഗണന: കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലി
വാഷിംഗ്‌ടണ്‍ ഡി.സി: പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌ന പരിഹാരത്തിന്‌ ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന്‌ കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലി വാഷിംഗ്‌ടണില്‍ പ്രസ്‌താവിച്ചു.

യു.എസ്‌ ജസ്റ്റീസ്‌ ഡിപ്പാര്‍ട്ട്‌മെന്റുമായി കോര്‍പ്പറേറ്റ്‌ സംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എത്തിയതായിരുന്നു കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലി. നവംബര്‍ 11-ന്‌ കേന്ദ്രമന്ത്രിയുടെ ക്ഷണപ്രകാരം ഇന്ത്യന്‍ അമേരിക്കന്‍ സമൂഹപ്രതിനിധികളായ ബിനോയി തോമസ്‌, ഡോ. നാഗേന്ദര്‍ മാധവറാം, അശോക്‌ ബാത്ര, സണ്ണി വൈക്ലിഫ്‌, ഡോ. പാര്‍ത്ഥസാരഥി പിള്ള, ഡോ. രാജന്‍ നടരാജന്‍, ജെസ്സി സിംഗ്‌, ജയ്‌ ഭണ്‌ഡാരി എന്നിവര്‍ കേന്ദ്രമന്ത്രി താമസിച്ചിരുന്ന വില്ലാര്‍ഡ്‌ ഇന്റര്‍കോണ്ടിനെന്റില്‍ ചര്‍ച്ച നടത്തി. ഇന്ത്യന്‍ എംബസിയിലെ മിനിസ്റ്റര്‍ വിനയ്‌ ക്വാറ്റോറയും സന്നിഹിതനായിരുന്നു.

ഓഫ്‌ ഷോര്‍ ടാക്‌സേഷന്‍, ഡബിള്‍ ടാക്‌സേഷന്‍, റീ-എന്‍ട്രി പെര്‍മിറ്റ്‌, ഒ.സി.ഐ കാര്‍ഡ്‌ സംബന്ധിച്ച പരാതികള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ സംഘാംഗങ്ങള്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തി. ഇന്ത്യന്‍ പൊതുരംഗത്തുള്ള അഴിമതികളെക്കുറിച്ചുള്ള വിദേശ ഇന്ത്യക്കാരുടെ ഉത്‌കണ്‌ഠയും, അണ്ണാ ഹസ്സാരെയുടെ സമരവും ചര്‍ച്ചകളില്‍ ഇടംകണ്ടെത്തി. ലോക്‌പാല്‍ ബില്‍ ആദ്യം രൂപംകൊണ്ടത്‌ താന്‍ കേന്ദ്രമന്ത്രിയിയാരിക്കുമ്പോഴായിരുന്നുവെന്ന്‌ കേന്ദ്രമന്ത്രി മൊയ്‌ലി അനുസ്‌മരിച്ചു. അണ്ണാ ഹസ്സാരെ മുന്നോട്ടുവെച്ച നാല്‍പ്പത്‌ ആവശ്യങ്ങളില്‍ 34 എണ്ണവും താന്‍ രൂപകല്‍പ്പന ചെയ്‌ത ലോക്‌പാല്‍ ബില്ലിലുണ്ടായിരുന്നവയാണ്‌. ലോക്‌പാല്‍ ബില്ലിനോട്‌ യു.പി.എയ്‌ക്ക്‌ എതിരില്ല. പക്ഷെ, അണ്ണാ ഹസ്സാരെ ആവശ്യപ്പെട്ട മറ്റ്‌ ആറ്‌ വിഷയങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ പാര്‍ലമെന്റിന്റെ അംഗീകാരം വേണമെന്ന നിലപാടാണ്‌ യു.പി.എയ്‌ക്ക്‌ ഉള്ളതെന്ന്‌ മന്ത്രി മൊയ്‌ലി പറഞ്ഞു.

വിദേശ ഇന്ത്യക്കാരുടെ വിവിധ വിഷയങ്ങള്‍ താന്‍ പ്രധാനമന്ത്രിയേയും അംബാസിഡര്‍ നിരുപമ റാവുവിന്റേയും സ്രദ്ധയില്‍ കൊണ്ടുവരുമെന്നും മന്ത്രി മൊയ്‌ലി സംഘാംഗങ്ങള്‍ക്ക്‌ ഉറപ്പുനല്‍കി.
പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നപരിഹാരത്തിന്‌ മുന്‍ഗണന: കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക