Image

`ഒക്യുപ്പൈ ആല്‍ബനി' ഗവര്‍ണ്ണറേയും ലക്ഷ്യമിടുന്നു

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 18 November, 2011
`ഒക്യുപ്പൈ ആല്‍ബനി' ഗവര്‍ണ്ണറേയും ലക്ഷ്യമിടുന്നു
ആല്‍ബനി (ന്യൂയോര്‍ക്ക്‌): തൊഴിലാളി യൂണിയനുകളും സാമൂഹ്യ സംഘടനകളും ഒറ്റക്കെട്ടായി ഗവര്‍ണ്ണറേയും ബിസിനസ്സ്‌ കൗണ്‍സിലിനേയും ലക്ഷ്യമിട്ട്‌ ആല്‍ബനിയില്‍ എത്തിക്കൊണ്ടിരിക്കുന്നു.

ബഫലോ, സിറാക്കൂസ്‌, റോച്ചസ്റ്റര്‍, ന്യൂബര്‍ഗ്‌ എന്നിവിടങ്ങളില്‍നിന്ന്‌ ചാര്‍ട്ടര്‍ ചെയ്‌ത ബസ്സുകളിലാണ്‌ പ്രകടനക്കാര്‍ എത്തിയത്‌. ഇന്ന്‌ (നവംബര്‍ 17) ഉച്ചയോടുകൂടി ഏകദേശം അഞ്ഞൂറോളം പ്രകടനക്കാരാണ്‌ ആല്‍ബനിയില്‍ ഗവര്‍ണ്ണറുടെ ഓഫീസ്‌ സ്ഥിതിചെയ്യുന്നതിനടുത്തുള്ള ലാഫയറ്റ്‌ പാര്‍ക്കില്‍ തടിച്ചുകൂടിയിരിക്കുന്നത്‌.

രാത്രി 11 മണിക്കുശേഷം കര്‍ഫ്യൂ ഏര്‍പ്പെടുത്തി പ്രകടനക്കാരില്‍ ചിലരെ കഴിഞ്ഞ ദിവസങ്ങളില്‍ സ്റ്റേറ്റ്‌ പോലീസ്‌ അറസ്റ്റു ചെയ്‌തിരുന്നു. പക്ഷേ, കൂടുതല്‍ പേര്‍ പ്രകടനത്തിനെത്തുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ പബ്ലിക്‌ എംപ്ലോയീസ്‌ ഫെഡറേഷനും, ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ ടീച്ചേഴ്‌സ്‌ അസ്സോസിയേഷനും അവരുടെ മെംബര്‍മാരെ പ്രകടനത്തിനയച്ചതും പബ്ലിക്‌ എംപ്ലോയീസ്‌ ഫെഡറേഷന്‍ പ്രസിഡന്റ്‌ കെന്നത്ത്‌ ബ്രൈമെന്‍ പ്രകടനക്കാരെ അഭിസംബോധന ചെയ്‌ത്‌ സംസാരിച്ചതും കൂടുതല്‍ പ്രചോദനമായി.

തന്നെയുമല്ല, ന്യൂയോര്‍ക്ക്‌ സിറ്റി മേയര്‍ മൈക്കള്‍ ബ്ലൂംബര്‍ഗ്‌ `ഒക്യൂപ്പൈ വോള്‍ സ്‌ട്രീറ്റ്‌' പ്രക്ഷോഭകരെ ഒഴിപ്പിച്ചതും ആല്‍ബനി മേയര്‍ ജെറി ജെന്നിംഗ്‌സ്‌ അവര്‍ക്ക്‌ അനുകൂലമായി നിലകൊണ്ടതും, ഡിസ്‌ട്രിക്‌റ്റ്‌ അറ്റോര്‍ണി ശിക്ഷാ നടപടികളില്‍ നിന്ന്‌ ഒഴിഞ്ഞു മാറിയതും പ്രകടനക്കാര്‍ക്ക്‌ കൂടുതല്‍ ഗുണം ചെയ്‌തു.

ന്യൂയോര്‍ക്ക്‌ സംസ്ഥാനത്തിന്റെ സ്വന്തമായ ലാഫയറ്റ്‌ പാര്‍ക്കില്‍ തമ്പടിച്ച പ്രകടനക്കാരെ സംസ്ഥാന പോലീസ്‌ അറസ്റ്റു ചെയ്‌ത്‌ നീക്കിയതോടെ അവര്‍ സിറ്റിയുടെ പാര്‍ക്കായ അക്കാഡമി പാര്‍ക്കിലേക്ക്‌ മാറുകയായിരുന്നു. ഗവര്‍ണ്ണറും ആല്‍ബനി ബിസിനസ്സ്‌ കൗണ്‍സിലും പ്രകടനത്തിനു എതിരായതാണ്‌ പ്രകടനക്കാരെ ചൊടിപ്പിച്ചത്‌. ഉച്ചയ്‌ക്ക്‌ ജനറല്‍ അസംബ്ലി കഴിഞ്ഞ ശേഷം പ്രകടനക്കാര്‍ വാഷിംഗ്‌ടണ്‍ അവന്യൂവിലെ ബിസിനസ്സ്‌ കൗണ്‍സിലിലേക്ക്‌ മാര്‍ച്ചു ചെയ്‌ത്‌ വൈകീട്ട്‌ ക്യാപിറ്റോളിലുള്ള ഗവര്‍ണ്ണറുടെ ഓഫീസ്‌ ഉപരോധിക്കാനാണ്‌ പരിപാടി. ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ പോലീസ്‌ സെനറ്റ്‌ ചേംബറിനടുത്തും ഗവര്‍ണ്ണറുടെ ഓഫീസിനു പുറത്തും കനത്ത സുരക്ഷാവലയം സൃഷ്ടിച്ചിട്ടുണ്ട്‌.
`ഒക്യുപ്പൈ ആല്‍ബനി' ഗവര്‍ണ്ണറേയും ലക്ഷ്യമിടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക