Image

ജയരാജന്‍ സഖാവിന്റെ ടൈം ബെസ്റ്റ്‌ ടൈം

ജി.കെ. Published on 18 November, 2011
ജയരാജന്‍ സഖാവിന്റെ ടൈം ബെസ്റ്റ്‌ ടൈം
സിദ്ധീഖ്‌ ലാല്‍ സംവിധാനം ചെയ്‌ത ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സൂപ്പര്‍ ഹിറ്റു ചിത്രത്തില്‍ സിദ്ദീഖ്‌ അവതരിപ്പിക്കുന്ന ഗോവിന്ദന്‍ കുട്ടി എന്ന കഥാപാത്രത്തോട്‌ വിട്ടിലെ വേലക്കാരന്‍ ഇടയ്‌ക്കിടെ പറയുന്നൊരു ഡയലോഗുണ്‌ട്‌. ഗോവിന്ദന്‍ കുട്ടി സാറുടെ ടൈം ബെസ്റ്റ്‌ ടൈം എന്ന്‌. ഇപ്പോഴിത്‌ ഓര്‍ക്കാര്‍ കാരണം നമ്മുടെ ജയരാജന്‍ സഖാവിന്‌ സിപിഎം സഖാക്കള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിന്‌ പുറത്ത്‌ നല്‍കിയ സ്വീകരണമാണ്‌.

ശബരീശ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കിയുടെ ഷോഷയാത്രയെ ഓര്‍മിപ്പിക്കുന്ന രീതിയിലായിരുന്നു പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഒരാഴ്‌ചക്കാലം പൂജയ്‌ക്കുവെച്ചിരുന്ന ജയരാജ സഖാവെന്ന വിഗ്രഹത്തെ രക്തഹാരങ്ങളുടെ തങ്ക അങ്കി ചാര്‍ത്തി സഖാക്കള്‍ ജയിലിന്‌ പുറത്തേക്കു സ്വീകരിച്ച്‌ ആനയിച്ചത്‌. രക്തഹാരവും പുഷ്‌പമാലയും ചെണ്‌ടമേളവുമെല്ലാമായി ജയരാജന്‍ സഖാവിന്റെ ജയില്‍ മോചനം സഖാക്കള്‍ ശരിക്കും ഒരു ഉത്സവം തന്നെയാക്കി. ജഡ്‌ജിമാരെ ശുംഭന്‍മാരെന്നു വിളിക്കുമെങ്കിലും ജയരാജന്‍ അത്ര ശുംഭനല്ലെന്ന്‌ ഇപ്പോള്‍ മലയാളികള്‍ക്ക്‌ മനസ്സിലായിക്കാണും.

കോടതിയലക്ഷ്യത്തിന്റെ പേരില്‍ അലക്ഷ്യമായി തന്നെ ആറുമാസം തടവിന്‌ ശിക്ഷിച്ച ഹൈക്കോടതിയിലെ ജഡ്‌ജിമാരെ ജയരാജന്‍ സഖാവ്‌ ഇപ്പോള്‍ മനസ്സാ സ്‌മരിക്കുന്നുണ്‌ടാവണം. കാരണം കേവലം എട്ടൊമ്പത്‌ ദിവസത്തെ ജയില്‍വാസം കൊണ്‌ട്‌ രാഷ്‌ട്രീയമായി തനിക്ക്‌ കിട്ടിയ മൈലേജ്‌ മറ്റു സഖാക്കളെ മാത്രമല്ല ഹൈക്കോടതിയെപ്പോലും അമ്പരിപ്പിക്കുന്നതാണ്‌. ഇക്കണക്കിന്‌ ജയരാജന്‍ സഖാവിനെ ആറുമാസം ജയിലില്‍ കിടത്തിയാല്‍ സാക്ഷാല്‍ പിണറായി സഖാവ്‌ പോലും സിപിഎമ്മിന്റെ പിന്‍നിരയിലേക്ക്‌ മാറേണ്‌ടിവരുമെന്ന്‌ കണ്‌ടതുകൊണ്‌ടാണോ എന്തോ സുപ്രീംകോടതി ഉടന്‍ ജാമ്യമനുവദിച്ച്‌ പുറത്തുവിട്ടത്‌. ജയരാജന്‌ ലഭിച്ച പിന്തുണ കണ്‌ട്‌ കൂടുതല്‍ പേര്‍ കോടതിയെ തെറി പറയാന്‍ രംഗത്തുവരുമെന്ന ഭയത്തിലാണിപ്പോള്‍ ഹൈക്കോടതി.

എന്തായാലൂം ജയരാജ ത്രിമൂര്‍ത്തികളില്‍ നാക്കിനല്‍പ്പം നീളം കൂടുതലുള്ള ജയരാജനാണെന്നാണ്‌ പേരെങ്കിലും ജയിലില്‍ നിന്നിറങ്ങിയ ജയരാജന്‍ പഴയ ജയരാജനായല്ല കണ്ണൂരിലേക്ക്‌ പോയത്‌. മറ്റു രണ്‌ടു ജയരാജന്‍മാരും കുറച്ചു നാക്കും കൂടുതല്‍ കൈയാങ്കളിയുമാണ്‌ പ്രയോഗിക്കുന്നതെങ്കില്‍ നാക്കുമാത്രമാണ്‌ എം.വി.ജയരാജന്റെ പ്രധാന ആയുധം. എന്തായാലും ഗജരാജ വിരാജിത മന്ദഗതി എന്ന്‌ ഇനി ആരും പറയുമെന്നു തോന്നുന്നില്ല. പകരം ജയരാജ വിരാജിത മന്ദഗതി എന്നായിരിക്കും വരുംകാല ശൈലി. പൂജപ്പുരയില്‍ നിന്ന്‌ കണ്ണൂരിലേക്കുള്ള ജയരാജന്‍ സഖാവിന്റെ യാത്ര ശരിക്കും ഗജരാജനെ വെല്ലുന്നതു തന്നെയായിരുന്നു.

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പഴയ സഖാവ്‌ അത്ഭുതക്കുട്ടിക്ക്‌ മുന്നില്‍ അടിയറവ്‌ പറയേണ്‌ടിവന്നുവെങ്കിലും ശുംഭനെന്ന വിളിയില്‍ ഇല്ലാത്ത അര്‍ഥങ്ങള്‍ തേടി കോടതിയില്‍ ഉരുണ്‌ടു കളിച്ചുവെങ്കിലും ഇപ്പോള്‍ ജയരാജന്‍ സഖാവിനെ കേരളത്തില്‍ ഏതു മണ്‌ഡലത്തില്‍ നിര്‍ത്തിയാലും പുഷ്‌പം പോലെ ജയിപ്പിച്ചെടുക്കാനാവും. ഒമ്പതു ദിവസത്തെ ജയില്‍ജീവിതം ജയരാജന്‌ നല്‍കിയ മൈലേജ്‌ അത്രയ്‌ക്കു വലുതാണ്‌.

അണികളോട്‌ മുഷ്‌ടിചുരുട്ടി അഭിവാദ്യം ചെയ്‌ത്‌ ജയിലിലേക്ക്‌ പോകുന്ന ജയരാജന്റെ ചിത്രം സിപിഎമ്മിന്റെ ഏറ്റവും വലിയ ശത്രുവായ മനോരമ പോലും ഒന്നാം പേജില്‍ എട്ടു കോളം കൊടുത്തില്ലേ. അതില്‍പ്പരം മറ്റെന്തു വേണം. തെറ്റു തരിച്ചറിഞ്ഞതുകൊണ്‌ടോ ജയരാജന്‍ സഖാവിന്‌ ലഭിക്കുന്ന പിന്തുണയില്‍ അസൂയപൂണ്‌ടതുകൊണ്‌ടോ എന്താണെന്ന്‌ അറിയില്ല സഖാവ്‌ പുറത്തിറങ്ങുന്നതിന്റെ ചിത്രം ഇത്രയും വീശി ആഘോഷിക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഒന്നും തയാറായില്ല.

ജയിലിലും ജയരാജന്‍ സഖാവ്‌ വെറുതെയിരുന്നില്ല. ആറുമാസം കുളിച്ചുണ്‌ടു താമസിക്കാനുള്ള തയാറെട്ടുപ്പോടെയാണ്‌ എത്തിയതെങ്കിലും കേവലം ഒമ്പതു ദിവസം കൊണ്‌ട്‌ സഖാവ്‌ ചെഗുവേരയുടെയും കാസ്‌ട്രോയുടെയും എന്തിന്‌ ഗാന്ധിജിയുടേതുമടക്കം 12 പുസ്‌തകങ്ങള്‍ കുത്തിയിരുന്നു വായിച്ചു. വെറുതെ വായിച്ചു തള്ളുകയായിരുന്നില്ല, പൊതുയിടങ്ങളില്‍ സമരം ചെയ്യാന്‍ ഗാന്ധിജി പുസ്‌തകത്തില്‍ ആഹ്വാനം ചെയ്‌തിരുന്നുവെന്ന്‌ കണ്‌ടെത്തുകയും ചെയ്‌തു. ഇതുവരെ കോണ്‍ഗ്രസുകാര്‍ പോലും കണ്‌ടെത്താത്ത സത്യം. ഇക്കണക്കിന്‌ ജയരാജന്‍ സഖാവ്‌ ആറു മാസം മുഴവുവന്‍ ശിക്ഷ അനുഭവിച്ചിരുന്നെങ്കില്‍ പതിനായിരത്തോളം പുസ്‌തകങ്ങളുള്ള പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ലൈബ്രറി പുതുക്കി പണിയേണ്‌ടി വന്നേനെ.

എന്തായാലും അടുത്തവര്‍ഷം ജൂലൈയില്‍ ജയരാജന്‍ സഖാവിന്റെ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം സുപ്രീംകോടതി ഒന്ന്‌ ശ്രദ്ധിക്കുന്നത്‌ നന്നായിരിക്കും. വെറുതെയിരുന്ന ഒരു സന്തോഷ്‌ പണ്‌ഡിറ്റിനെ പിടിച്ച്‌ സൂപ്പര്‍ താരമാക്കിയ മലയാളി മനസ്സ്‌ ജയരാജന്‍ സഖാവിനെ ഇനിയും ശിക്ഷിച്ചാല്‍ ഒരുപക്ഷെ അദ്ദേഹത്തെ ഇ.കെ.നായനാരുടെ ജനകീയതയിലേക്ക്‌ ഉയര്‍ത്താനിടയുണ്‌ട്‌. അതുകൊണ്‌ട്‌ ചില കാര്യങ്ങള്‍ക്കെങ്കിലും അര്‍ഹിക്കുന്ന അവഗണന നല്‍കാന്‍ കോടതിയും തയാറാവണമെന്ന ഹര്‍ജി മാത്രമേ പൊതു ജനത്തിന്‌ നല്‍കാനുള്ളൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക