Image

ഐ ലവ്‌ യു (കഥ: സാം നിലമ്പള്ളില്‍)

Published on 08 May, 2014
ഐ ലവ്‌ യു (കഥ: സാം നിലമ്പള്ളില്‍)
`അതങ്ങ്‌ മറന്നേക്ക്‌, മോളെ; അതൊന്നും നടക്കത്തില്ല. അച്ഛനും അമ്മാവന്മാരും അറിഞ്ഞാല്‍ നിന്നെയും അവനേയും കൊന്നുകളയും. നിനക്കറിയാമല്ലോ അവരുടെയൊക്കെ സ്വഭാവം?' മകളുടെപ്രേമകഥ അറിഞ്ഞപ്പോള്‍ രമണി അവളെ ഉപദേശിക്കുകയായിരുന്നു. മകളെ കുറ്റപ്പെടുത്താന്‍ അവള്‍ക്ക്‌ ആകുമായിരുന്നില്ല; പ്രായം അതല്ലേ? താനും അതേപ്രായത്തില്‍കൂടി കടന്നുവന്നവളാണല്ലോ? തനിക്കും പ്രീതിയുടെ പ്രായത്തില്‍ ഇതുപോലൊരു പ്രേമം ഉണ്ടായിരുന്നു. അതൊന്നും മോള്‍ക്ക്‌ അറിയില്ല. കുടുംബത്തിന്റെ സല്‍പേരിനുവേണ്ടിയാണ്‌ ആഗ്രഹങ്ങളെല്ലാം ബലികഴിച്ചത്‌. സുന്ദരനും, സല്‍സ്വഭാവിയും, സ്‌നേഹമുള്ളവനുമായ സലീമിനോടൊപ്പമുള്ള ജീവിതമായിരുന്നു അവള്‍ ആഗ്രഹിച്ചിരുന്നത്‌. രമണിയുടെ പ്രേമത്തെപ്പറ്റി അറിഞ്ഞപ്പോള്‍ അഭിമാനിയായ അച്ഛന്‍ കായലില്‍ചാടി ചത്തുകളയുമെന്ന്‌ ഭീഷണിപ്പെടുത്തി. അന്ന്‌ തന്റെ അമ്മയും ഇതേവാക്കുകളാണ്‌ പറഞ്ഞത്‌.

`സലീമിനെ മറന്നേക്ക്‌ മോളെ; അത്‌ നടക്കത്തില്ല.'

കുടുംബത്തിന്റെ സല്‍പേര്‌ നിലനിറുത്താന്‍വേണ്ടിയാണ്‌ തല്ലുകൊള്ളിയും, അലവലാതിയുമായ മുറച്ചെറുക്കനെ വിവാഹം ചെയ്‌തത്‌. വീട്ടില്‍വന്ന്‌ വീരവാദമടിക്കാനും ഭാര്യയുടേം മക്കളുടേം മുമ്പില്‍ ആളാകാനുമല്ലാതെ പ്രഭാകരനെക്കൊണ്ട്‌ കുടുംബത്തിന്‌ എന്താണൊരു പ്രയോജനം? കോളജില്‍പോകുന്ന പെണ്‍കുട്ടികളുടെ പൊതിച്ചോറ്‌ തട്ടിപ്പറിച്ചുതിന്നുന്ന നാണംകെട്ടവന്‍, പേടിത്തൊണ്ടന്‍ എന്നൊക്കെയാണ്‌ നാട്ടില്‍ അറിയപ്പെടുന്നത്‌. തന്റെ വിധിയെ പഴിക്കയല്ലാതെ രമണിക്ക്‌ മറ്റെന്തുചെയ്യാന്‍ സാധിക്കും? ഇപ്പോള്‍ മകള്‍ പറയുന്നു അവള്‍ ഒരന്യജാതിക്കാരനെ പ്രേമിക്കുന്നെന്ന്‌. നല്ലവനാണ്‌, സ്‌നേഹമുള്ളവനാണ്‌, അധ്വാനിയാണ്‌. കാണാനും മോശമല്ല. ഇതൊക്കെയല്ലേ ഏതൊരുപെണ്ണും കാംക്ഷിക്കുന്നത്‌. തന്നെ സ്‌നേഹിക്കുന്ന ഭര്‍ത്താവ്‌, കുടുംബം നോക്കുന്നവന്‍, വീട്‌ സ്വര്‍ക്ഷമാക്കുന്നവന്‍; അവന്‍ ഏത്‌ ജാതിക്കാരന്‍ ആയാലെന്താ?

പക്ഷേ, അമ്പലക്കുരങ്ങന്മാരും ചന്തക്കുരങ്ങന്മാരും തമ്മില്‍ യാതൊരുബന്ധവും പാടില്ലെന്നത്‌ എഴുതപ്പെടാത്ത നിയമമാണ്‌. അവരെ തമ്മില്‍ വേര്‍തിരിക്കാന്‍ അദൃശ്യമായ ഒരു അതിര്‍ത്തിരേഖയുണ്ട്‌. ആ അതിര്‍ത്തി കടക്കാന്‍ അമ്പലക്കുരങ്ങന്മാര്‍ ഇഷ്‌ടപ്പെടാറില്ല. എന്നാല്‍ മറ്റവര്‍ അങ്ങെനെയല്ല. ആഹാരംതേടിയും പെണ്ണുങ്ങളെ വലവീശാനും ഒളിച്ചുംപാത്തും അതിര്‍ത്തി ലംഘിച്ചുവരും. അപ്പോഴൊക്കെയാണ്‌ രണ്ടുകൂട്ടരും തമ്മില്‍ അടിവീഴുന്നത്‌. അമ്പലവാസികള്‍ പൊതുവെ മര്യാദക്കാരും സ്വന്തംകാര്യംനോക്കി ജീവിക്കുന്നവരും ആയതുകൊണ്ട്‌ ചന്തകളാണ്‌ അടിപിടിയില്‍ വിജയിക്കാറുള്ളത്‌. യാതൊരു നിയന്ത്രണവും ഇല്ലാതെ തെരുവുതെണ്ടികളായി ജീവിക്കുന്നതുകൊണ്ട്‌ എല്ലാവിധ ചട്ടമ്പിത്തരവും അവര്‍ക്കാണ്‌ ഉള്ളത്‌. അവരുടെ ഇടയില്‍ എല്ലാ ജാതിക്കാരുമുണ്ട്‌. റൗഡി നാരയണനും തല്ലുകൊള്ളി പത്രോസും പടിച്ചുപറിക്കാരന്‍ റഹീമും എല്ലാം അവരുടെ സമൂഹത്തില്‍ ഉള്ളവരാണ്‌. പരസ്‌പരം തല്ലുകൂടാറുണ്ടെങ്കിലും അമ്പലക്കുരങ്ങന്മാരുമായി ഏറ്റുമുട്ടേണ്ടിവരുമ്പോള്‍ ജാതിമത വ്യത്യാസമെന്ന്യേ അവരെല്ലാം ഒറ്റക്കെട്ടായിരിക്കും.

ഭൂരിപക്ഷവും തെമ്മാടികളാണെങ്കിലും അവരുടെയിടയില്‍ നല്ലവരും മര്യാദക്കാരുമുണ്ട്‌. സലീമും പ്രീതിയുടെ കാമുകനും അത്തരത്തില്‍ പെട്ടവരായിരുന്നു. ക്‌ളീറ്റസിനെ മകള്‍ ഇഷ്‌ടപ്പെട്ടതില്‍ രമണിക്ക്‌ അതിശയമില്ല. അവനെ ഏതുപെണ്ണും ആഗ്രഹിച്ചുപോകും. കറുപ്പുനിറമാണെങ്കിലും അവന്റെ കറുപ്പിന്‌ ഒരഴകുണ്ട്‌. യോഗ്യന്‍, മിടുക്കന്‍, സ്‌നേഹമുള്ളവന്‍ ഇതെല്ലാം ഒറ്റനോട്ടത്തില്‍ മനസിലാകും. രമണി ഒന്നുരണ്ടുപ്രാവശ്യം അവനെ കണ്ടിട്ടുമുണ്ട്‌. ഒരിക്കല്‍ വെള്ളംകുടിക്കാന്‍ കായലില്‍ ചെന്നപ്പോള്‍ മകള്‍ ഒരു ചെറുപ്പക്കാരനുമായി സംസാരിച്ചുകൊണ്ട്‌ നില്‍കുന്നു

`ആരാടി അവന്‍?' തിരികെ മരത്തില്‍ വന്നപ്പോള്‍ രമണി ചോദിച്ചു.

`ക്‌ളീറ്റസ്‌.'

`അവന്‍ ചന്ത ക്രിസ്‌ത്യാനിയല്ലേ?'

അതിനെന്താ എന്നായിരുന്നു മകളുടെ മറുപടി. `അതുവേണ്ട, മോളെ. നമ്മള്‍ അമ്പലവാസികളാണെന്ന്‌ നിനക്കറിയില്ലേ? അന്യജാതിക്കാരുമായുള്ള ബന്ധം നമുക്കുവേണ്ട.'

`അപ്പോള്‍ അങ്ങേലെ ജാനു മുസ്‌ളീമിനെ വിവാഹം ചെയ്‌തതോ? അവര്‍ സന്തോഷത്തോടെയല്ലേ ജീവിക്കുന്നത്‌? അതുപോലെ എത്രയോ സംഭവങ്ങള്‍. അമ്മയുടെ കാര്യംതന്നെ നോക്ക്‌. അമ്മ സന്തോഷത്തോടെയാണോ അച്ഛന്റെകൂടെ കഴിയുന്നത്‌?' പ്രീതിക്ക്‌ ഒരുപാട്‌ ന്യായങ്ങള്‍ പറയാനുണ്ട്‌.

`എനിക്കെന്താ കുഴപ്പം?' താന്‍ ജീവിതത്തില്‍ സന്തോഷവതിയാണെന്ന്‌ ഭാവിച്ചുകൊണ്ട്‌ രമണി ചോദിച്ചു.

`അമ്മ ഒന്നും മറയ്‌ക്കേണ്ട; എനിക്കെല്ലാം അറിയാം. മക്കളെ സന്തോഷിപ്പിക്കാന്‍വേണ്ടി അമ്മ സ്വന്തം ദുഖങ്ങള്‍ ഒളിക്കുകയാണെന്നും എനിക്കറിയാം.'

`നിനക്ക്‌ ഒന്നും അറിയില്ല,' ഉത്തരം മുട്ടിയതുകൊണ്ട്‌ രമണി കൂടുതല്‍ സംസാരത്തിന്‌ ഇടംകൊടുക്കാതെ അങ്ങേ ശിഖരത്തിലേക്ക്‌ ചാടി. പ്രീതി ഓര്‍ക്കുകയായിരുന്നു. അമ്പലക്കുരങ്ങായി ജനിച്ചതുകൊണ്ട്‌ സ്വാതന്ത്ര്യം എന്തെന്നറിയാതെ ഈ മതില്‍ക്കെട്ടിനുള്ളില്‍ വിമ്മിഷ്‌ടപ്പെട്ടുകഴിഞ്ഞ ബാല്ല്യമായിരുന്നു തന്റേത്‌. വെള്ളംകുടിക്കാന്‍ കായല്‍തീരം വരെ പോകാനേ അനുവാദമുള്ളു. ആകെയുള്ള സന്തോഷം ഡി.ബി. കോളജില്‍പോകുന്ന പിള്ളാരെ കാണുമ്പോളാണ്‌. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചിരിച്ചുരസിച്ച്‌ തമാശകളും പറഞ്ഞ്‌ പോകുന്നതു  കാണാന്‍വേണ്ടി ആല്‍മരത്തിന്റെ ശിഖരത്തില്‍ രാവിലെയും വൈകിട്ടും സ്ഥലംപിടിക്കും. അവരുടെ സന്തോഷം കാണുമ്പോള്‍ അസൂയ തോന്നാറുണ്ട്‌; ഭാഗ്യംചെയ്‌ത കുട്ടികള്‍. താനും ഒരു മനുഷ്യക്കുട്ടിയായിട്ട്‌ ജനിച്ചിരുന്നെങ്കില്‍ അവരെപ്പോലെ കോളജില്‍ പോകാമായിരുന്നല്ലോ? ചിലദിവസങ്ങളില്‍ അവരോട്‌ ദേഷ്യംതോന്നും. അതവര്‍ സമരം ചെയ്യുന്നത്‌ കാണുമ്പോളാണ്‌. രാവിലെതന്നെ ക്‌ളാസ്സില്‍നിന്നിറങ്ങി മുദ്രാവാക്യംവിളിച്ച്‌ പരസ്‌പരം തല്ലുകൂടുന്നതും പോലീസിനെ കല്ലെറിയുന്നതും കാണുമ്പോള്‍ കുരങ്ങായിട്ട്‌ ജനിച്ചതുതന്നെയാണ്‌ നല്ലതെന്നും തോന്നാറുണ്ട്‌.

ഒരുദിവസം കാഴ്‌ചകണ്ട്‌ ആല്‍മരത്തേല്‍ ഇരിക്കുമ്പോള്‍ റോഡിനപ്പുറത്തുള്ള മരത്തേലിരുന്ന്‌ ഒരുത്തന്‍ തന്നെനോക്കി ചിരിക്കുന്നതുകണ്ടു. താന്‍ കണ്ടഭാവം നടിക്കാതെ കോളജില്‍പോകുന്ന കുട്ടികളെ നോക്കിക്കൊണ്ടിരുന്നു. ഒരു ചെറുക്കനും പെണ്‍കുട്ടിയും മറ്റുള്ളവരില്‍നിന്ന്‌ അകന്ന്‌ താനിരിക്കുന്ന ആല്‍മരത്തിന്റെ ചുവട്ടില്‍വന്ന്‌ സംസാരിക്കാന്‍ തുടങ്ങി. അവര്‍ എന്താണ്‌ പറയുന്നതെന്ന്‌ അറിയാനുള്ള ആകാംക്ഷകൊണ്ട്‌ താന്‍ ചെവികൂര്‍പ്പിച്ചു. മനസിലാകാത്ത ഏതോഭാഷയിലാണ്‌ അവന്‍ സംസാരിച്ചത്‌. 'ഐ ലവ്‌ യു? എന്ന്‌ അവന്‍ പറഞ്ഞപ്പോള്‍ നാണംകൊണ്ട്‌ അവള്‍ തലകുനിച്ചു. 'ഐ ലവ്‌ യു? എന്നുപറഞ്ഞതിന്റെ അര്‍ത്ഥം മനസിലായില്ലെങ്കിലും സ്‌നേഹത്തെപ്പറ്റിയാണ്‌ സംസാരിക്കുന്നതെന്ന്‌ അവരുടെ ഭാവത്തില്‍നിന്ന്‌ ഊഹിച്ചു. അവള്‍ മുടിയില്‍ ചൂടിയിരുന്ന ഒരുപൂവെടുത്ത്‌ അവനുകൊടുത്തു. അവനത്‌ ചുണ്ടോടുചേര്‍ത്ത്‌ ചുംബിച്ചു. അത്‌ കണ്ടപ്പോള്‍ തനിക്കുണ്ടായ സന്തോഷം എത്രത്തോളമായിരുന്നെന്ന്‌ പറഞ്ഞറിയിക്കാന്‍ വയ്യ.

അവര്‍ പോയിക്കഴിഞ്ഞ്‌ നോക്കുമ്പോള്‍ റോഡിനപ്പുറത്തുള്ള മരത്തേലിരുന്ന്‌ നേരത്തെകണ്ട കുരങ്ങച്ചാര്‌ വീണ്ടുംചിരിക്കുന്നു. അവന്‍ അവിടിരുന്ന്‌ ഒരുകൈ ചുണ്ടില്‍വെച്ച്‌ എന്തോ എറിയുന്നതുപോലെ തന്റെനേരെ നീട്ടി. കോളജില്‍പോകുന്ന കുട്ടികളും അതുപോലെ ചെയ്യുന്നത്‌ കണ്ടിട്ടുള്ളതുകൊണ്ട്‌ സ്‌നേഹം അറിയിക്കാനുള്ള എന്തോ അടയാളമാണെന്ന്‌ മനസിലായി. തമാശ തോന്നിയെങ്കിലും ദേഷ്യംഭാവിച്ച്‌ ഭപോടാ കൊരങ്ങാ? എന്നുപറഞ്ഞ്‌ തലതിരിച്ചു.

അടുത്ത ദിവസം വെള്ളംകുടിക്കാന്‍ കായല്‍തീരത്ത്‌ ചെന്നപ്പോള്‍ അവന്‍ അടുത്തേക്ക്‌ വരുന്നതുകണ്ട്‌ പ്രീതി തിരിഞ്ഞുനടക്കാന്‍ ഭാവിച്ചു. അവന്‍ പെട്ടന്ന്‌ മുമ്പില്‍കയറി വഴിതടഞ്ഞുനിന്നിട്ട്‌ പറഞ്ഞു. `ദേഷ്യപ്പെട്ട്‌ പോവല്ലേ; ഞാനൊന്ന്‌ സംസാരിച്ചോട്ടെ. എന്റെപേര്‌ ക്‌ളീറ്റസെന്നാ.

ഇതുനല്ലതമാശ. ഒരുത്തന്‍ വന്നിട്ട്‌ പറയുകാ അവന്റെപേര്‌ ക്‌ളീറ്റസെന്നാണെന്ന്‌. പ്രീതിക്ക്‌ ചിരിക്കാനാണ്‌ തോന്നിയത്‌. ഇവനോടാരാ പേരു ചോദിച്ചത്‌?

`മോടെ പേരെന്താ?' അവന്റെ അടുത്ത ചോദ്യം.

`മോളോ; ഞാന്‍ നിന്റെ മോളാണോ? വഴീന്ന്‌ മാറ്‌. എനിക്കുപോകണം.' അത്രയും പറഞ്ഞു. അന്നേരമാണ്‌ അമ്മ  വിളിച്ചത്‌, `പ്രീതി നീ എവിടാ?' അമ്മക്ക്‌ വിളിക്കാന്‍ കണ്ടനേരം. അവന്‍ പേര്‌ മനസിലാക്കികഴിഞ്ഞു.

`പ്രീതീന്നാ പേര്‌, അല്ലേ? നല്ലപേര്‌, എനിക്ക്‌ ഇഷ്‌ടമായി.'

ദാ വരുന്നമ്മേ എന്നുപറഞ്ഞ്‌ അവിടുന്ന്‌ ഓടിരക്ഷപെട്ടു. പോകുമ്പോള്‍ അവന്‍ പിന്നില്‍നിന്ന്‌ വിളിച്ചുപറയുന്നത്‌ കേട്ടു. `ഞാന്‍ നാളേം വരും.'

തിരികെവന്ന്‌ അമ്മയിരിക്കുന്ന ശിഖരത്തില്‍ ഒരുവിധത്തില്‍ പിടിച്ചുകയറി. ഹൃദയം പടപടാ മിടിക്കുന്നുണ്ടായിരുന്നു; കൈകാലുകള്‍ വിറക്കുന്നു. തന്റെ പരിഭ്രമംകണ്ട്‌ അമ്മ കാര്യംതിരക്കി; ഒന്നുമില്ലെന്ന്‌ പറഞ്ഞ്‌ ഒഴിഞ്ഞുമാറി. ഹൃദയമിടിപ്പ്‌ മാറി നടന്നകാര്യങ്ങള്‍ ആലോചിച്ചപ്പോള്‍ ചിരിക്കാനാണ്‌ തോന്നിയത്‌. എന്തൊരു തന്റേടമാ അവന്‌? ഒരു പെണ്ണിന്റെ അടുത്ത്‌ വന്നിട്ട്‌ പറയുകാ അവന്റെ പേര്‌ ക്‌ളീറ്റസ്സെന്നാണെന്ന്‌; തന്റെപേര്‌ അവന്‌ ഇഷ്‌ടമായിപോലും. അന്ന്‌ രാത്രിമൊത്തം അവനെ ആലോചിച്ച്‌ കിടക്കുകയായിരുന്നു. പേര്‌ മറക്കാതിരിക്കാന്‍ മനസില്‍ ഉരുവിട്ടുകൊണ്ടിരുന്നു. ഇടക്കെപ്പോഴോ ഉരുവിട്ടത്‌ ഉറക്കെയായിപ്പോയി. അമ്മ അതുകേട്ടു.

`എന്നതാടി ക്‌ളീന്ന്‌ പറഞ്ഞത്‌?'

`ഒരുകിളി, അമ്മേ.' പെട്ടന്ന്‌ അങ്ങനെ പറയാനാണ്‌ തോന്നിയത്‌.

`അത്‌ വല്ല നരിച്ചീറോ മറ്റോ ആയിരിക്കും; നീകിടന്ന്‌ ഉറങ്ങാന്‍ നോക്ക്‌.' ഉറങ്ങി. ഉറക്കത്തില്‍ അവനെ സ്വപ്‌നവും കണ്ടു. അവനൊരു കിളിയായിട്ട്‌ പറന്നുവന്ന്‌ തന്റെചുറ്റും വട്ടം കറങ്ങുകയാണ്‌. താന്‍ കൈവീശി ഓടിക്കാന്‍ നോക്കിയിട്ടും പോകാന്‍ ഭാവമില്ല. കൂടുതല്‍ കൂടുതല്‍ അടുത്തേക്ക്‌ വരികയാണ്‌. രണ്ടുകയ്യും എടുത്ത്‌ ആഞ്ഞുവീശി. ശിഖരത്തിലെ പിടിവിട്ട്‌ വീഴാന്‍ ഭാവിച്ചപ്പോള്‍ അമ്മ കയറിപ്പിടിച്ചു. ഇല്ലായിരുന്നെങ്കില്‍ താഴെവീണ്‌ കയ്യോകാലോ ഒടിഞ്ഞേനെ.

`ഉറങ്ങുമ്പോള്‍ ശിഖരത്തില്‍ മുറകെ പിടിച്ചോളണമെന്ന്‌ ഞാന്‍ പറഞ്ഞിട്ടുള്ളതല്ലേ?' അമ്മ ശകാരിച്ചു. `പെണ്ണിന്റെ അശ്രദ്ധ കുറെ കൂടുന്നുണ്ട്‌.'

പിറ്റേന്ന്‌ ക്‌ളീറ്റസ്‌ കായല്‍കരയില്‍ നില്‍കുന്നത്‌ കണ്ടുകൊണ്ടാണ്‌ വെള്ളംകുടിക്കാനെന്നുള്ള ഭാവത്തില്‍ അങ്ങോട്ടുചെന്നത്‌.

`ഇന്നെന്താ നേരത്തെ വെള്ളംകുടിക്കാന്‍ വന്നത്‌?' അവന്‍ ചോദിച്ചു.

വെള്ളംകുടിക്കുന്നതിന്‌ നേരോം കാലോം നോക്കണോ; ഇതുനല്ല കൂത്ത്‌. അവന്‍ പറയുന്നത്‌ ശ്രദ്ധിക്കാതെ വെള്ളംകുടിക്കാന്‍ കായലിലേക്ക്‌ ഇറങ്ങി. കായല്‍ വറ്റിക്കൊണ്ടിരിക്കയാണ്‌. വെള്ളംമൊത്തം കൊല്ലത്തേക്ക്‌ പമ്പുചെയ്യുകയാണെന്ന്‌ അച്ഛന്‍ പറയുന്നതുകേട്ടു. അമ്മ പറയുന്നതുപോലെ മണോംഗുണോമൊന്നും ഇല്ലെങ്കിലും അച്ഛന്‌ ലോകകാര്യങ്ങളിലൊക്കെ
നല്ലഅറിവാണ്‌. ഇടക്കിടെ രാഷ്‌ട്രീയവും പറയുന്നത്‌ കേള്‍ക്കാം. അച്ഛന്‍ കമ്മ്യൂണിസ്റ്റാ പോലും. ചിരിക്കാതിരിക്കുന്നത്‌ എങ്ങനെയാ?

`അങ്ങോട്ട്‌ ഇറങ്ങേണ്ട, പ്രീതി; അവടെമൊത്തം ചെളിയാ.' ക്‌ളീറ്റസ്‌ കരയില്‍നിന്ന്‌ വിളിച്ചുപറഞ്ഞു.

ചെളികണ്ടാല്‍ തനിക്കും അറിയാമല്ലോ; ഇവന്റെ ഉപദേശം വേണോ? തന്റെ കാര്യത്തില്‍ വലിയ ഉല്‍ഘണ്ടയാണല്ലോ ഇവന്‌.

`നീപോയി നിന്റെ ജോലിനോക്കെടാ, കിളി,' വെള്ളത്തിനരികിലേക്ക്‌ നടക്കുമ്പോള്‍ പറഞ്ഞു. അതുകേട്ട്‌ അവന്‍ ചിരിച്ചു. എന്നിട്ട്‌ അവന്‍ ഇങ്ങനെപറഞ്ഞു, `എന്റെ ജോലിയിപ്പം നിന്റെ പുറകേനടക്കലാ.'

പെട്ടന്നാണ്‌ കാല്‌ ചെളിയില്‍ പൂണ്ടത്‌, മുട്ടറ്റം ചെളിയിലേക്ക്‌ താഴ്‌ന്നുപോയി. കയറാന്‍നോക്കിയട്ട്‌ ഒരുരക്ഷയുമില്ല. കൂടുതല്‍ ചെളിയിലേക്ക്‌ താഴുകയാണ്‌. കയ്യുംകാലുംമൊത്തം ചെളിയില്‍ പൂണ്ടുകഴിഞ്ഞു. ഉറക്കെ നിലവിളിക്കണമെന്നുണ്ടായിരുന്നു. ഭയംകാരണം ശബ്‌ദം പൊങ്ങുന്നില്ല. തന്റെ മരണം അടുത്തെന്ന്‌ വിചാരിച്ചു. ആരോ  പിടിച്ചുവലിച്ച്‌ കരയില്‍കയറ്റി.

`ഞാന്‍ പറഞ്ഞതല്ലേ അങ്ങോട്ട്‌ ഇറങ്ങരുതെന്ന്‌, ഇപ്പോള്‍ ഞാനിവിടെ ഇല്ലായിരുന്നെങ്കില്‍ എന്തായിരുന്നേനെ?' ചെളി തുടച്ചുകൊണ്ട്‌ ക്‌ളീറ്റസ്‌ പറഞ്ഞു.

`അയ്യേ നീയെന്താ ഈ കാണിക്കുന്നത്‌?'  അവള്‍ ചോദിച്ചു.

`നീ എന്റെ പെണ്ണല്ലേ?'

`എന്നാരു പറഞ്ഞു?'

`എനിക്കറിയാം നിനക്കെന്നെ ഇഷ്‌ടമാണെന്ന്‌.'

`ഓഹോ! അത്‌ നീതന്നെ തീരുമാനിച്ചാല്‍ മതിയോടാ, കിളി?' അവിടുന്ന്‌ ഓടി ആലമരത്തിന്റെ ചുവട്ടിലെത്തിയപ്പോള്‍ തിരിഞ്ഞുനോക്കി. ക്‌ളീറ്റസ്‌ അവിടെത്തന്നെ നില്‍പുണ്ട്‌. അവന്‍ കൈവീശി കാണിച്ചപ്പോള്‍ ഒരു തമാശതോന്നി. `ഐ ലവ്‌ യു,' അവള്‍ വിളിച്ചുപറഞ്ഞു.

സാം നിലമ്പള്ളില്‍.

sam3nilam@yahoo.com
ഐ ലവ്‌ യു (കഥ: സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക