Image

വള്ളുവനാടും.. തൃക്കങ്ങോടും..( കവിത: ശങ്കര്‍ ഒറ്റപാലം)

ശങ്കര്‍ ഒറ്റപാലം Published on 05 May, 2014
വള്ളുവനാടും.. തൃക്കങ്ങോടും..( കവിത: ശങ്കര്‍ ഒറ്റപാലം)
ഓര്‍ക്കുന്നു ഞാനിന്നും, പണ്ടുപണ്ടെന്റെ നാടിന്റെ നൊമ്പരങ്ങള്‍
നിര്‍മ്മലം, നിഷ്‌കളങ്കം, മരതകപച്ചയാമെന്റെ ഗ്രാമം
പട്ടിണിയാണെങ്കിലും, രജനിയെ വരവേല്‍പ്പാല്‍…
നിത്യവും കരിന്തിരി കൊളുത്തും, എത്രയോ ഗൃഹങ്ങളും

എണ്ണതീര്‍ന്നാവിളക്കുകള്‍ അണയുമതിന്‍മുന്‍പേ-
വിശക്കും തന്‍ പൈതങ്ങള്‍ കിണ്ണം നിറയ്ക്കുവാനായ്
പാടുപെടുമന്നെത്രയോ, കുടിലുകളില്‍ അമ്മമാരും
തന്‍ പൈതങ്ങള്‍ക്കന്നം കൊടുത്തതിന്‍ തൃപ്തിയാല്‍
പിന്നെ ഉടുമുണ്ടുംമുറുക്കിയുടത്തവര്‍ നിദ്രപൂകും…

നിഴലും, നിലാവും ഇണചേര്‍ന്നു പിന്നെയും….
പൊട്ടി വിടരുന്നു, വീണ്ടുമൊരു പൊന്‍പുലരി.

പാടങ്ങള്‍ക്കപ്പുറം കാട്ടുമരങ്ങളാല്‍ തിങ്ങി നിറഞ്ഞൊരു-
കാടുമുണ്ടവിടെ! ഞങ്ങള്‍ വിളയ്ക്കുന്ന “അക്കരക്കാട്”
മയിലുകളാടുന്ന, കുയിലുകള്‍ പാടുന്ന, കിളികള്‍ ചിലയ്ക്കുന്ന
അരക്കക്കാട്ടില്‍, പച്ചിലപ്പാമ്പുകളുമേറെയുണ്ടത്രേ!!

അന്നൊക്കെ മഴ വന്നാല്‍ പൈതങ്ങള്‍ പാടീ…. കളിക്കളത്തില്‍….
പോ… മഴേ, പോ… മഴേ…. അക്കരക്കാട്ടിലെ പച്ചിലപ്പാമ്പിനെ
കൊത്തിവലിക്കുവാന്‍ പോകൂ…. മഴേ…
കുട്ടികള്‍ ഉച്ചത്തിലിപ്പാട്ടുപാടുമ്പോള്‍, മഴ മെല്ലേ-
അക്കരക്കാട്ടിലേയ്‌ക്കൊഴിഞ്ഞുപോകും….?

പച്ചവിരിച്ച നെല്‍പ്പാടങ്ങള്‍ക്കതിരിട്ടു ദൂരെ കാണുന്നു റെയില്‍പാതയും
റെയില്‍പാതയോടൊത്തു കുശലം പറഞ്ഞുകൊണ്ടതിലെ ഒഴുകുന്നു നിളാനദിയും
ഇടതൂര്‍ന്നു തിങ്ങി, മിനുങ്ങി നില്‍ക്കും “ഓടക്കാടുകള്‍” നദിക്കരയില്‍
അറബിക്കടലിലേയ്‌ക്കൊഴുകിയെത്താന്‍, ഉല്‍ക്കടമായ തന്‍ ആവേശത്താല്‍….
നിളാ ഒറ്റപ്പാലത്തിന്റെ തീരം തഴുകിക്കൊണ്ടെത്രയോ വേഗം ഒഴുകിടുന്നു.

ഈ നിളയ്‌ക്കെത്ര ഭാവങ്ങളാണൊരു വര്‍ഷത്തില്‍?
ഇരുകരയും മുട്ടി പതഞ്ഞങ്ങൊഴുകുന്നു, പിന്നെ തെളിഞ്ഞും….
വേനലില്‍ ശുഷ്‌കമാം നീരൊഴുക്കിന്‍ ദുഃഖം-
നിളയില്‍, വറ്റിയ കണ്ണുനീര്‍ചാലുകള്‍ തീര്‍ത്തിടുമ്പോള്‍….

ഭാവങ്ങളേതുമേയില്ലാതരികത്തായ്, നിളയെ കാതോര്‍ത്തു മയങ്ങിടുന്നു….
എങ്ങുനിന്നെങ്ങുനിന്നോ വരും…. റെയില്‍പാതയും…

നാടു പൊന്‍നിലാവില്‍ കുളിച്ചുനില്‍ക്കുമ്പോള്‍
മുറ്റത്തു ചെന്തെങ്ങിന്‍ പൂക്കുലകള്‍ വിളങ്ങി നിന്നു
പൊന്‍നിലാവേറ്റങ്ങു മിന്നിത്തിളങ്ങുന്നു-
ഇളം കാറ്റില്‍ ചെന്തെങ്ങിന്‍ പട്ടകള്‍ നൃത്തംവെച്ചീടുന്നു.

തൃക്കങ്ങോട് എന്നൊരീ ദേശത്തെ കാക്കുവാന്‍
എന്നും തൃക്കങ്ങോടമ്പലം നിലകൊള്ളുന്നു.
തിരയേണ്ടതില്ലിനിയും, അതറിയുവാന്‍, ഇവിടെ പ്രസരിക്കും
ഭഗവാന്‍തന്‍, ഭക്തി ചൈതന്യം നം ദേശത്തിനായ്….
തൃക്കങ്ങോടമ്പലം വാഴും ശ്രീ രണ്ടുമൂര്‍ത്തികളെന്നും
തന്നാശ്രിതര്‍ രക്ഷയ്ക്കായ് നിലകൊള്ളുന്നു.
……………………………………………..


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക