Image

അറിവിന്റെ വെളിച്ചമറിയിക്കേണ്ടവര്‍ ആരാണ്‌? (ലേഖനം: കാരൂര്‍ സോമന്‍)

Published on 06 May, 2014
അറിവിന്റെ വെളിച്ചമറിയിക്കേണ്ടവര്‍ ആരാണ്‌? (ലേഖനം: കാരൂര്‍ സോമന്‍)
സാഹിത്യകാരനായ ക്രിസ്റ്റഫര്‍ മോളിയുടെ വാക്കുകള്‍ കടമെടുത്ത്‌ പറഞ്ഞാല്‍ പുസ്‌തകം ഇല്ലാത്ത മുറി ആത്മാവില്ലാത്ത ശരീരം പോലെയാണ്‌. ഇതെഴുതാന്‍ കാരണം മലയാള മനോരമയും മാതൃഭൂമിയും ഈ രംഗത്തുള്ളവരെ ആദരിക്കാന്‍ വളരെ മുന്നോട്ട്‌ വരുന്നുണ്ട്‌. ഈ കൂട്ടരൊക്കെ ആരെയാണ്‌ ആദരിക്കുന്നത്‌? ഒരു ജ്ഞാനപീഠം കിട്ടിയ വ്യക്തിയെ അല്ലെങ്കില്‍ കുറെ സിനിമാ ഗാനങ്ങള്‍ എഴുതിയ വ്യക്തിയെ, അതിന്‌ സംഗീതം പകര്‍ന്നവരെ. ഇവരെ ആദരിച്ചത്‌ കൊണ്ട്‌ അറിവിന്റെ ആവശ്യകത അംഗീകരിക്കണമെന്നുണ്ടോ? ഒരു ഭാഷയുടെ മഹത്വവും എഴുത്തുകാരുടെ ആവശ്യകതയും ഉയര്‍ത്തേണ്ട സര്‍ക്കാരുകള്‍ ഈ നാളുകളില്‍ കാട്ടിക്കൊണ്ടിരിക്കുന്ന കേട്‌പാടുകള്‍ നാം കണ്ടുകൊണ്ടിരിക്കുന്നു. എന്താണത്‌? ഒരു ലൈബ്രറിയോ സംസ്ഥാന കലാമേളകളോ അതേപോലെയുള്ള ഉത്സവങ്ങളോ ഉണ്ടാകുമ്പോള്‍ അവിടെയൊന്നും സാഹിത്യകാരനെയോ എഴുത്തുകാരനെയോ കാണാറില്ല. അവിടെയെല്ലാം ഇന്ന്‌ കൈയ്യടക്കിയിരിക്കുന്നത്‌ രാഷ്ട്രീയക്കാരും സിനിമ നടീനടന്മാരുമാണ്‌. ഈ കൂട്ടരില്‍ നിന്നും സമൂഹം ആര്‍ജിക്കുന്ന വിജ്ഞാനം അറിവ്‌ എന്താണ്‌? നമ്മുടെ കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, എം.പി. മാര്‍, എം.എല്‍.എമാര്‍ എത്രയോ പേര്‍ ക്രിമിനലുകളാണ്‌. ഇവരുടെ കേസുകള്‍ എത്രയോ കോടതികളില്‍ നടക്കുന്നു. എത്രയോ കേസുകള്‍ അധികാരത്തിലിരുന്നുകൊണ്ട്‌ അട്ടിമറിക്കപ്പെടുന്നു. വീണ്ടും വീണ്ടും അവരുടെ പണം വാങ്ങി വോട്ടുചെയ്യുന്നു. ഇവര്‍ക്കൊപ്പം വേദികള്‍ പങ്കിടുന്ന നടീനടന്മാരില്‍ നിന്നും സമൂഹം എന്താണ്‌ പഠിക്കുന്നത്‌? മൂന്നുമണിക്കൂറുകള്‍ തീയേറ്ററുകളില്‍ പോയിരുന്ന തമാശകള്‍ കണ്ടു ചിരിക്കുന്നതോ? ഒരാളെ കുത്തിക്കൊല്ലുന്നതോ, വെടി വെക്കുന്നതോ, ഒരു സ്‌ത്രീയെ ബലാത്സംഗം ചെയ്യുന്നതോ, അവരുടെ നഗ്നത കാണുന്നതോ, ഒരാള്‍ പത്തുപേരെ ഇടിച്ചു വീഴ്‌ത്തുന്നതോ? ഓരോ കഥാപാത്രത്തിനും കൃത്രിമ സൗന്ദര്യം കൊടുക്കാന്‍ കുറെ കയ്യടി വാങ്ങിയാല്‍ ജീവിതത്തിന്റെ നിറനിലാവ്‌ തെളിഞ്ഞുവരുമോ? മിഥ്യാബോധങ്ങളുടെയും അറിവില്ലായ്‌മയുടെയും ഉള്ളറകളില്‍ ജീവിക്കുന്നവര്‍ക്ക്‌ എന്നും ഇതൊക്കെ കേട്ടിരിക്കാനാണ്‌ നിയോഗം.

ഇരുട്ടും ദുഃഖദുരിതവുമാണ്‌ ഇവരുടെ കൂടെപ്പിറപ്പുകള്‍. അവരെ അറിവിലേക്ക്‌ നയിക്കാന്‍ ഈ വഴിമുടക്കികള്‍ അനുവദിക്കുന്നില്ല. ഇന്‍ഡ്യന്‍ വ്യവസ്ഥിതി പാവങ്ങളുടെ മുന്നില്‍ കെട്ടി ഉയര്‍ത്തിയിരിക്കുന്ന തടവറകളാണത്‌. ഈ തടവറയില്‍ തളച്ചിട്ടവരെ വെളിച്ചത്തിലേക്ക്‌ കൊണ്ടുവരാന്‍ അതിനെ പൊളിച്ചു മാറ്റാന്‍ സാഹിത്യകൃതികള്‍ക്ക്‌ മാത്രമേ കഴിയൂ. അതിന്‌ തിരി തെളിക്കേണ്ട സാഹിത്യകാരന്മാര്‍ നമ്മുടെ മുന്നില്‍ ഇന്നു ജീവിച്ചിരിപ്പുണ്ടോ? ഇവരില്‍ പലരും ഒളിത്താവളങ്ങളിലാണോ പാര്‍ക്കുന്നത്‌? സര്‍ക്കാര്‍ ഇവര്‍ക്ക്‌ പദവികളും ബഹുമതികളും കൊടുത്ത്‌ തൃപ്‌തരാക്കുന്ന കാഴ്‌ചയും നാം കാണുന്നുണ്ട്‌. മറ്റൊരു കൂട്ടരെ ഇവര്‍ കാണുന്നത്‌ ശത്രുക്കളായിട്ടാണ്‌ എഴുതുന്നവരെ ഒരു കോണില്‍ ഒതുക്കി നിറുത്തുക അല്ലെങ്കില്‍ ഒരു ഇടിത്തീയായി മുന്നില്‍ നില്‍ക്കുക. ഇതേ കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്ന ഈ കച്ചവടം കാവ്യഭാഷയ്‌ക്ക്‌ മാത്രമല്ല സാഹിത്യത്തിന്റെ ആത്മാവിനും ക്ഷതമേല്‍പ്പിക്കുന്നു എന്ന്‌ യാഥാര്‍ത്ഥ്യം. സാഹിത്യ സൃഷ്ടികളെല്ലാം ഓരോരോ പ്രപഞ്ച ബോധത്തിന്റെ സൃഷ്ടികളാണ്‌. അതെല്ലാം മനുഷ്യജീവിതത്തിന്റെ പര്യായ പദങ്ങളാണ്‌. ഈ അഭിനവ സിനിമാരാഷ്ട്രീയ മതശക്തികള്‍ മനുഷ്യജീവിതത്തിന്റെ വളര്‍ച്ചയ്‌ക്കും പുരോഗതിക്കും കാര്യക്ഷമമായി സഹായകരമായ എന്തു ഇടപെടലുകളാണ്‌ നടത്തിയിട്ടുള്ളത്‌? അവരെ തിയേറ്ററിലിരുത്തി. ചാനലുകളില്‍ ഓരോരോ ചിരി പടക്കങ്ങള്‍ പൊട്ടിച്ചുവിട്ടാല്‍ അവരുടെ വിശപ്പും ദാരിദ്ര്യവും മാറി കിട്ടുമോ? സാഹിത്യകാരന്മാര്‍ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം കണ്‍മുന്നില്‍ കണ്ടുകൊണ്ടിരിക്കുന്ന നീറുന്ന വിഷയങ്ങള്‍ തീവ്രതയോടെ കണ്ടില്ലെങ്കില്‍ നിരാശയും ദുഃഖവും ഉണ്ടാകുക മാത്രമല്ല സാഹിത്യത്തിന്റെ, പ്രതിഛായയാകും മങ്ങലുണ്ടാകുമെന്നതിന്‌ സംശയമില്ല. എന്തുകൊണ്ടെന്നാല്‍ മനുഷ്യജീവിതത്തിന്റെ എല്ലാ നിഗൂഢതകളും രഹസ്യങ്ങളുമറിയുന്നവരാണ്‌ സാഹിത്യകാരനും കവിയും. സാഹിത്യസൃഷ്ടികളുടെ ലക്ഷ്യം കീര്‍ത്തിയും അവാര്‍ഡുമല്ല അതിലുപരി അനശ്വരവും വിശുദ്ധവുമായ ഒരു പ്രക്രിയ കൂടിയാണ്‌. അവിടെ മോക്ഷപ്രാപ്‌തിയുണ്ട്‌, പരമാനന്ദമുണ്ട്‌. സമൂഹത്തില്‍ അതിന്റെ പ്രതിഫലനമുണ്ട്‌. ഒരുപക്ഷേ ആ പ്രതിഫലനമാണ്‌ പല സംഘടനകളും ചാനലുകളും ചെയ്യുന്നത്‌ എന്നാല്‍ അവരുടെ മുന്നില്‍ അഭിനവ വേന്ദ്രന്മാര്‍ ആധിപത്യമുറപ്പിക്കുന്ന പ്രവണത നന്നല്ല. ലോകമെമ്പാടുമുള്ള ധാരാള പ്രമുഖ സംഘടനകള്‍ ധാരാളം സാഹിത്യകാരന്മാരെ കവികളെ എഴുത്തുകാരെ അനുമോദിക്കുന്നത്‌ കാണുമ്പോള്‍ അഭിമാനം തോന്നാറുണ്ട്‌.

പാഠപുസ്‌തകങ്ങള്‍, കഥ, കവിത, നോവല്‍ വായിച്ച്‌ വളര്‍ന്നവര്‍ക്ക്‌ ആ അറിവ്‌ ആഴത്തിലറിയാന്‍ കഴിയും. വെറും വാര്‍ത്തകള്‍, കോമാളിത്തരങ്ങള്‍ വായിക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും ആ അറിവ്‌ ലഭ്യമാകണമെന്നില്ല. യു.കെയിലെ ചില മലയാളികള്‍ക്ക്‌ മലയാളം പറയുന്നത്‌ പോലും നാണക്കേടാണ്‌. മലയാളത്തെ തള്ളിപ്പറയുന്ന അവഗണിക്കുന്ന ഈ നികൃഷ്ടജീവികളെ കാണുമ്പോള്‍ മനസ്സില്‍ പെറ്റമ്മയുടെ ചിത്രമാണ്‌ തെളിയുക. ഈ കൂട്ടര്‍ മലയാളിയുടെ പേരു മാത്രമല്ല മാറ്റേണ്ടത്‌. മാതാപിതാക്കള്‍ മലയാളികള്‍ അല്ല അങ്ങു ഉഗാണ്ടയില്‍ നിന്നു കുടിയേറി പാര്‍ത്തവരാണെന്ന്‌ കൂടി പറഞ്ഞാല്‍ നന്ന്‌. അന്തസ്സുള്ള മലയാളി മാളത്തില്‍ ഒതുങ്ങി കഴിയുന്നവനല്ല. പെറ്റമ്മയ്‌ക്ക്‌ തുല്യമായ അവന്റെ ഭാഷയെ എന്നും മാനിച്ചുകൊണ്ടിരിക്കും. ഈ കൂട്ടര്‍ വെറും ചുമതലക്കാര്‍ ആയിട്ടല്ലമറിച്ച്‌ അവന്‌ പൈതൃകമായി ലഭിച്ച ഭാഷാസംസ്‌ക്കാരത്തെ എന്നും ചുമലിലേറ്റി നടക്കാനും ഒരുക്കമുള്ളവരാണ്‌. അത്‌ ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നു ഞാനും ഏറ്റുവാങ്ങിയിട്ടുണ്ട്‌. യുകെയിലെ സംഘടനകളുടെ സംഘടനയായ യുക്‌മ അതിലൊന്നു മാത്രം. ജനഹൃദയങ്ങളില്‍ സൗന്ദര്യാത്മകമായ കൃതികള്‍ എന്നും ജീവിതത്തിന്റെ ഭാഗമാണ്‌ ആ സര്‍ഗസൗന്ദര്യത്തിലൂടെ സംഭരിക്കണമെങ്കില്‍ അറിവിന്റെ കേന്ദ്രമായ പുസ്‌തകങ്ങള്‍ വായിക്കണം. വായിക്കുന്നവന്‍ സാഹിത്യകാരന്മാരെ കവികളെ ആദരിക്കും. അല്ലാത്തവര്‍ ആട്ടക്കഥകള്‍ കണ്ടു പല്ലിളിച്ച്‌ സംതൃപ്‌തിയടയും ഒപ്പം കവിഭാഷ എന്തെന്നറിയാത്തവരെ പുകഴ്‌ത്തും. ഈ കൂട്ടര്‍ ക്രിസ്റ്റഫറിന്റെ വാക്കുകള്‍ ഓര്‍ക്കുന്നത്‌ ഉചിതം.
അറിവിന്റെ വെളിച്ചമറിയിക്കേണ്ടവര്‍ ആരാണ്‌? (ലേഖനം: കാരൂര്‍ സോമന്‍)
Join WhatsApp News
വിദ്യാധരൻ 2014-05-07 08:06:39
സമൂഹത്തിനു സാഹിത്യകാരനോടും സാഹിത്യകാരന് സമൂഹത്തോടും കടപ്പാടില്ല എന്നാണു ചില വിദ്വാന്മാരുടെ അഭിമതം . (ബിജുണി). "കൈൽ പണമുള്ളവൻ നിനച്ചിടുന്ന -കാര്യം വരുത്താൽ പ്രയാസമുണ്ടാകുമോ" ((ഗണപതി പ്രാതൽ) പാർവ്വതിപരമേശ്വരന്മാരെയും മക്കളെയും വീട്ടിലേക്കു വിരുന്നിനു വിളിച്ച വൈശ്രവണന്റെ വൈഭവത്തെക്കുറിച്ച് കവി പരാമർശിക്കുന്നതാണ് സന്ദർഭം. വിചാരിക്കുന്ന കാര്യങ്ങൾ നടത്തുവാനുള്ള ധനികന്റെ കഴിവിനെക്കുറിച്ച് ആർക്കും തർക്കമില്ല. വിദ്വാനെക്കാൾ പണമുള്ളവനാണ് സമൂഹത്തിൽ സ്ഥാനം. "വിത്തം വളരെ കരത്തിലുള്ളാളുകൾ--ക്കൊത്തതിൻ വണ്ണം വരും കാര്യം ഒക്കെയും" എന്ന് നമ്പ്യാർ പ്രസ്താവിക്കുന്നുണ്ട്. പണത്തിനു മീതെ പരുന്തും പരക്കുകയില്ല എന്ന വസ്തുത അലംഘനീയമായി തുടരുന്നു. എന്തായാലും ഇതിനിടക്കും ഇങ്ങനെ ചിന്തിക്കുന്നവരെയും എഴുതുന്നവരും ഉണ്ടെന്നുള്ളത് മലയാള ഭാഷയുടെ പുണ്ണ്യം.
EM Stephen 2014-05-07 18:05:39
Thanks for this Article ; Its an educational and also reminder to our writers and Organization leaders for to keep our ethnocentricity
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക