Image

വികസന, ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി കര്‍മപദ്ധതി

Published on 17 November, 2011
വികസന, ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി കര്‍മപദ്ധതി
തിരുവനന്തപുരം: അടിസ്ഥാനസൗകര്യ മേഖലയുടെ വികസനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് അടുത്ത ഒരു വര്‍ഷം കൊണ്ടു നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ കര്‍മപദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. സപ്തധാര പദ്ധതി എന്ന പേരിലായിരിക്കും ഇത് നടപ്പിലാക്കുക.

സിയാലിന്റെ മാതൃകയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനുവേണ്ടി നാല് കമ്പനികള്‍ രൂപവത്കരിക്കും. ബസ് ഷെല്‍ട്ടര്‍, കുടിവെള്ളം, പൊതു കക്കൂസ്, ക്ലീന്‍ സിറ്റി എന്നിവയ്ക്കായിരിക്കും ഇതില്‍ ഊന്നല്‍ നല്‍കുക. ഇതില്‍ 26 ശതമാനം സര്‍ക്കാര്‍ ഓഹരിയായിരിക്കും. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും വേണ്ടി ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കും. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി നിര്‍ഭയ പദ്ധതിയും നിര്‍ധനരോഗികളെ സഹായിക്കാനായി കേരള ആരോഗ്യശ്രീ പദ്ധതി നടപ്പിലാക്കും.

വ്യവസായങ്ങളുടെ ക്ലിയറന്‍സിനുവേണ്ടി ഏകജാലക സംവിധാനം നടപ്പിലാക്കും. സേവനാവകാശ നിയമം നടപ്പിലാക്കും. അടുത്ത വര്‍ഷം സപ്തംബറില്‍ എമര്‍ജിങ് കേരള എന്ന പേരില്‍ ഒരു നിക്ഷേപസംഗമം സംഘടിപ്പിക്കും. സംസ്ഥാനത്ത് നോക്കുകൂലിയും അമിതകൂലിയും ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കും. സംസ്ഥാനത്ത് വ്യവസായ സംരക്ഷണ സേന ആരംഭിക്കും. തിരുവനന്തപുരം-മംഗലാപുരം അതിവേഗ റെയില്‍ ഇടനാഴിയുടെ സാധ്യതാ പഠനം പൂര്‍ത്തിയാക്കും. നാറ്റ്പാക്കിനാണ് ഇതിന്റെ ചമതല.

സി.ബി.ഐ.യുടെ മാതൃകയില്‍ ഒരു പ്രത്യേക അന്വേഷണ ഏജന്‍സിക്ക് രൂപം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എല്ലാ പോലീസ് സ്‌റ്റേഷനുകളിലും ഹെല്‍പ് ഡെസ്‌ക്കും 150 പോലീസ് സ്‌റ്റേഷനുകളില്‍ പ്രത്യേക വനിതാ ഹെല്‍പ് ഡെസ്‌ക്കും ആരംഭിക്കും. തിരുവനന്തപുരത്ത് പോലീസിന് പ്രത്യേക യൂണിഫോം ഏര്‍പ്പെടുത്തും. സംസ്ഥാനത്തെ എല്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളും പൂര്‍ണമായി കമ്പ്യൂട്ടര്‍വല്‍ക്കരിക്കും. അടുത്ത ഒരു വര്‍ഷം കൊണ്ട് ബാങ്കുകള്‍ 2,500 കോടി രൂപയുടെ കാര്‍ഷിക വായ്പ അനുവദിക്കുകയും വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്ന 25,000 കര്‍ഷകര്‍ക്ക് പലിശ സബ്‌സിഡി അനുവദിക്കുകയും ചെയ്യും. സംസ്ഥാനത്തിന്റെ പുറത്തേയ്ക്ക് യാത്ര ചെയ്യുന്ന കായികതാരങ്ങള്‍ക്ക് തേഡ് എ.സി. യാത്രാസൗകര്യം അനുവദിക്കും-മുഖ്യമന്ത്രി അറിയിച്ചു.

ആതിരിപ്പിള്ള പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക