Image

മൂന്നാര്‍ ട്രൈബ്യൂണല്‍ ‍: അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി

Published on 17 November, 2011
മൂന്നാര്‍ ട്രൈബ്യൂണല്‍ ‍: അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റ കേസുകള്‍ കൈകാര്യം ചെയ്യുന്ന മൂന്നാര്‍ ട്രൈബ്യൂണലില്‍ സര്‍ക്കാര്‍ പ്ലീഡറായി ആരോപണവിധേയനായ റിസോര്‍ട്ട് ഉടമയെ നിയമിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മാധ്യമങ്ങള്‍ ഈ പ്രശ്‌നം പുറത്തുകൊണ്ടുവന്ന സ്ഥിതിക്ക് പ്രശ്‌നത്തെക്കുറിച്ച് വേണമെങ്കില്‍ അന്വേഷണം നടത്താമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

റവന്യൂമന്ത്രി കെ.എം. മാണിയുടെ ബന്ധുവും കേരള കോണ്‍ഗ്രസ്-എം. ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റുമായ എം.എം. മാത്യുവിനെയാണ് മൂന്നാര്‍ ട്രൈബ്യൂണലിന്റെ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ചത്. മൂന്നാര്‍ കൈയേറ്റപ്രശ്‌നത്തില്‍ ആരോപണവിധേയനായിരുന്നു റിസോര്‍ട്ട് ഉടമ കൂടിയായ എം.എം. മാത്യു.

അതിനിടെ എം.എം. മാത്യുവിനും കെ.എം. മാണിക്കുമെതിരെ രൂക്ഷ വിമര്‍ശവുമായി ഇടുക്കി ഡി.സി.സി. രംഗത്തുവന്നു. പ്രശ്‌നം അടിയന്തരമായി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് ഡി.സി.സി. പ്രസിഡന്റ് റോയി കെ. പൗലോസ് പറഞ്ഞു. ആരോപണങ്ങള്‍ വസ്തുതാപരമാണെങ്കില്‍ ഉടന്‍ തന്നെ നടപടിയുണ്ടാകുമെന്ന് പി.ടി.തോമസ് എം.പി. പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക