Image

വെരി റവ. മാത്യൂ തോമസ്‌ ഇടത്തറ കോര്‍എപ്പിസ്‌കോപ്പ അഭിഷിക്തനായി

ജോയിച്ചന്‍ പുതുക്കുളം Published on 17 November, 2011
വെരി റവ. മാത്യൂ തോമസ്‌ ഇടത്തറ കോര്‍എപ്പിസ്‌കോപ്പ അഭിഷിക്തനായി
അഗസ്റ്റ: സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ ക്ലെര്‍ജി സെക്രട്ടറിയും, ഭദ്രാസന കൗണ്‍സില്‍ അംഗവും, അഗസ്റ്റ സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളി സ്ഥാപക വികാരിയുമായ ഇടത്തറ മാത്യു തോമസ്‌ കശ്ശീശയെ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമനസ്സുകൊണ്ട്‌ കോര്‍എപ്പിസ്‌കോപ്പയായി അഭിഷേകം ചെയ്‌തു. ഒക്‌ടോബര്‍ 22-ന്‌ ശനിയാഴ്‌ച ജോര്‍ജിയയിലെ അഗസ്റ്റയിലുള്ള മാതൃദേവാലയത്തില്‍ വെച്ച്‌ നടത്തപ്പെട്ട ഭക്തിനിര്‍ഭരമായ ശുശ്രൂഷയില്‍ സഭയിലെ വന്ദ്യ കോര്‍എപ്പിസ്‌കോപ്പമാര്‍, വൈദീക ശ്രേഷ്‌ഠര്‍, ശെമ്മാശന്മാര്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, ഭദ്രാസന ഭാരവാഹികള്‍, ആദ്ധ്യാത്മിക സംഘടനാ നേതാക്കള്‍ തുടങ്ങി ഒട്ടേറെപ്പേര്‍ പങ്കെടുത്തു.

വിശുദ്ധ ശുശ്രൂഷയില്‍ മുഖ്യകാര്‍മികത്വം വഹിക്കാന്‍ എത്തിച്ചേര്‍ന്ന മലങ്കര അതിഭദ്രാസനാധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനിയെ പരമ്പരാഗത രീതിയില്‍ കത്തിച്ച മെഴുകുതിരി നല്‍കിക്കൊണ്ട്‌ വികാരി സ്വീകരിച്ചാനയിച്ചു. ലുത്തിനിയയ്‌ക്കുശേഷം നടത്തപ്പെട്ട പ്രഭാത പ്രാര്‍ത്ഥന, വിശുദ്ധ കുര്‍ബാന, സ്ഥാനാരോഹണ ശുശ്രൂഷ എന്നിവയ്‌ക്ക്‌ മോര്‍ തീത്തോസ്‌ മുഖ്യകാര്‍മികനായിരുന്നു. സ്ഥാനാരോഹണ ശുശ്രൂഷയ്‌ക്കുശേഷം നവാഭിഷിക്തനായ കോര്‍എപ്പിസ്‌കോപ്പ വിശുദ്ധ കുര്‍ബാന സമര്‍പ്പണം പൂര്‍ത്തീകരിച്ചതോടെയാണ്‌ ശുശ്രൂഷകള്‍ അവസാനിച്ചത്‌. ഇട്ടത്തറ അച്ചനോടൊപ്പം വൈദീകപട്ടം സ്വീകരിച്ച മൂലയില്‍ കുറിയാക്കോസ്‌ കോര്‍എപ്പിസ്‌കോപ്പ, റവ.ഫാ. മാത്യൂസ്‌ കാവുങ്കല്‍ എന്നിവരുടെ സാന്നിധ്യവും സഹപ്രവര്‍ത്തകരായ വെരി റവ. ജോസഫ്‌ സി. ജോസഫ്‌ കോര്‍എപ്പിസ്‌കോപ്പ, വെരി റവ. ഗീവര്‍ഗീസ്‌ തോമസ്‌ ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പ, റവ.ഫാ. ബിജോ മാത്യൂസ്‌ എന്നിവരുടെ സഹകാര്‍മികത്വവും ശ്രദ്ധേയമായി. ജേക്കബ്‌ ഏബ്രഹാം (ബെന്നി), അമീറ്റ ജോഷ്വാ എന്നിവര്‍ നയിച്ച ഗായകസംഘം ഗാനശുശ്രൂഷ നിര്‍വഹിച്ചു.

നവാഭിഷിക്ത കോര്‍എപ്പിസ്‌കോപ്പയെ അനുമോദിക്കുവാന്‍ ഹോളി ട്രിനിറ്റി ഗ്രീക്ക്‌ ഓര്‍ത്തഡോക്‌സ്‌ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ആര്‍ച്ച്‌ ബിഷപ്പ്‌ അദ്ധ്യക്ഷതവഹിച്ചു. സഭാ തലവനായ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയുടെ കല്‍പ്പന പ്രകാരം കോര്‍എപ്പിസ്‌കോപ്പ സ്ഥാനത്തേയ്‌ക്കുയര്‍ത്തപ്പെട്ട ഇടത്തറയച്ചന്റെ സേവനങ്ങള്‍ മലങ്കരയിലെ വിവിധ ദേവാലയങ്ങളുടേയും അഗസ്റ്റാ സെന്റ്‌ മേരീസ്‌ പള്ളിയുടേയും വളര്‍ച്ചയില്‍ നിര്‍ണ്ണായക സാന്നിദ്ധ്യമായിരുന്നുവെന്നും വൈദീക സെക്രട്ടറി, ഭദ്രാസന കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ നല്‍കിവരുന്ന ശുശ്രൂഷ ഭദ്രാസനത്തിന്‌ ഏറെ ഗുണകരമായിരുന്നുവെന്നും മോര്‍ തീത്തോസ്‌ തിരുമേനി അദ്ധ്യക്ഷ പ്രസംഗത്തില്‍ സൂചിപ്പിച്ചു. മൂലയില്‍ കുറിയാക്കോസ്‌ കോര്‍എപ്പിസ്‌കോപ്പ, മാത്യൂസ്‌ കാവുങ്കല്‍ കശ്ശീശ, വെരി റവ. ഗീവര്‍ഗീസ്‌ തോമസ്‌ ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പ, സാജു പൗലോസ്‌ സി.പി.എ (ഭദ്രാസന ട്രഷറര്‍), ഡോ. വര്‍ഗീസ്‌ ജോര്‍ജ്‌ (അഗസ്റ്റ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌),ഡോ. ഇ.സി. ഏബ്രഹാം ഇടത്തറ (കുടുംബയോഗം പ്രതിനിധി), ജോസഫ്‌ സി. ജോസഫ്‌ കോര്‍എപ്പിസ്‌കോപ്പ, റവ.ഫാ. ബിജോ മാത്യൂസ്‌, ഡീക്കന്‍ മാര്‍ട്ടിന്‍ ബാബു, ഡോ. മേരി തോമസ്‌ (വനിതാ സമാജം പ്രതിനിധി), മിനി ജോഷ്വാ (സണ്‍ഡേ സ്‌കൂള്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പി.സി. ഏബ്രഹാം ചടങ്ങില്‍ അവതാരകനായിരുന്നു. ഇടവക മാനേജിംഗ്‌ കമ്മിറ്റിയംഗം തോമസ്‌ ജോഷ്വാ സ്വാഗതവും സെക്രട്ടറി ജോണ്‍ മണലൂര്‍ കൃതജ്ഞതയും അര്‍പ്പിച്ചു. നവാഭിഷിക്തന്റെ പുത്രി ജാനറ്റ്‌ തോമസിന്റെ ആശംസാ പ്രസംഗവും, പേരക്കുട്ടി അച്ചു തോമസിന്റെ ആശംസാ ഗാനാലാപനവും ചടങ്ങിന്‌ തിളക്കംകൂട്ടി. ഡീക്കന്‍ മാത്യു ചാക്കോ, ഡീക്കന്‍ സുബിന്‍, ഡീക്കന്‍ ഷോണ്‍, ഡീക്കന്‍ ഏബ്രഹാം, വില്‍സണ്‍ എന്നിവരും പങ്കെടുത്തു.

ഇടവകയുടെ പ്രത്യേക പാരിതോഷികം ഷെവലിയാര്‍ ഏബ്രഹാം മണിമലേത്ത്‌ സമ്മാനിച്ചു. ഭദ്രാസന കൗണ്‍സിലിന്റെ പ്രശംസാ ഫലകവും, ഉപഹാരവും സഹപ്രവര്‍ത്തകര്‍ ഒരുമിച്ച്‌ ചടങ്ങില്‍ വെച്ച്‌ നല്‍കുകയുണ്ടായി. കൗണ്‍സില്‍ അംഗങ്ങളായ റവ.ഫാ. ബിജോ മാത്യൂസ്‌, റവ.ഫാ. മാത്യൂസ്‌ കാവുങ്കല്‍, സാജു പൗലോസ്‌ സി.പി.എ (ട്രഷറര്‍), ഷാജി പീറ്റര്‍, ഷോമി മാത്യു, ജോസ്‌ പലക്കത്തടം, സാജു പൗലോസ്‌ മാറോത്ത്‌, ജിജോ ജോസഫ്‌ എന്നിവര്‍ സന്നിഹിതരായിരുന്നു. ലഞ്ച്‌ ബാങ്ക്വറ്റോടെയാണ്‌ പരിപാടികള്‍ സമാപിച്ചത്‌. അഗസ്റ്റയില്‍ വെച്ച്‌ നടന്ന പ്രഥമ കോര്‍എപ്പിസ്‌കോപ്പ സ്ഥാനാരോഹണ ചടങ്ങില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ട മൂന്നൂറോളം പേര്‍ പങ്കെടുത്തു. ബിജു ചെറിയാന്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്‌.
വെരി റവ. മാത്യൂ തോമസ്‌ ഇടത്തറ കോര്‍എപ്പിസ്‌കോപ്പ അഭിഷിക്തനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക