Image

ആവേശത്തിനൊരു പരാതി സമര്‍പ്പിക്കല്‍; അമിതലാഭത്തിനു ശേഷമൊരു ഒത്തുകളിയും പിന്‍വലിക്കലും

ബ്‌ളസന്‍ ഹൂസ്റ്റന്‍ Published on 01 May, 2014
ആവേശത്തിനൊരു പരാതി സമര്‍പ്പിക്കല്‍; അമിതലാഭത്തിനു ശേഷമൊരു ഒത്തുകളിയും പിന്‍വലിക്കലും
വ്യക്തികള്‍ക്കെതിരെ ആരോപണമുന്നയിച്ചശേഷം അത് പിന്‍വലിക്കുന്നത് ഇന്ന് കേരളത്തില്‍ ഒരു ഫാഷനായി മാറുകയാണോ. ഈ അടുത്ത കാലത്തായി പലപ്രമുഖ വ്യക്തിള്‍ക്കുമെതിരെ ഗുരുതരമായി ആരോപണങ്ങളുന്നയിച്ചശേഷം അതില്‍നിന്ന് അവര്‍ പിന്‍മാറിയതാണ് ഇങ്ങനെ പറയാന്‍ കാരണം. സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത ഏ.പി. അബ്ദുള്ളകുട്ടിക്കെതിരെ ലൈംഗീക പീഡനമാരോപിച്ചശേഷം അതില്‍നിന്ന് പിന്‍മാറാന്‍ പോകുന്നുയെന്നതാണ് ഇതില്‍ ഏറ്റുവുമൊടുവിലത്തെ സംഭവം. തിരുവനന്തപുരത്തുള്ള സര്‍ക്കാര്‍ നക്ഷത്രഹോട്ടലിലെ മുറിയില്‍വെച്ച് അബ്ദുള്ളകുട്ടി തന്നെ മാനഭംഗപ്പെടുത്തിയെന്നതാണ് സരിതയുടെ ആരോപണം. ഇതില്‍ പോലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണം ഉണ്ടാകണമെന്നാവശ്യപ്പെട്ടുകൊണ്ട് അവര്‍ പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയും ആ പരാതിയിന്‍മേല്‍ പോലീസ് അന്വേഷണം തുടങ്ങുകയും ചെയ്യുകയുണ്ടായി.

അന്വേഷണത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ പോലീസും തുടര്‍ന്ന് കോടതിയും പലപ്രാവശ്യം സരിതയോട് ആവശ്യപ്പെട്ടിട്ടും അവര്‍ അതിന് തയ്യാറായില്ലെന്ന് മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ ഹാജരാകാന്‍പോലും അവര്‍ മനസ്സ് കാണിച്ചില്ലത്രെ. എന്നാല്‍ ഈക്കഴിഞ്ഞ ദിവസം അവര്‍ ഏ.പി. അബ്ദുള്ളകുട്ടിക്കെതിരെ ഉന്നയിക്കുകയും പരാതി സമര്‍പ്പിക്കുകയും ചെയ്ത ലൈംഗീകപീഡനകേസ്സ് പിന്‍വലിക്കാന്‍ പോകുന്നുയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. സരിത പരാതി പിന്‍വലിക്കാന്‍ പോകുന്നുയെന്നത് എന്തുകൊണ്ടെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ആ പരാതി പിന്‍വലിക്കലിനുപിന്നില്‍ വളരെയേറെ നിഗൂഡതകള്‍ നിറഞ്ഞിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. രാഷ്ട്രീയനേതാക്കന്മാര്‍ക്കെതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കുന്നത് പലപ്പോഴും സാധാരണമാണ്. ജനം അതിന് വലിയ പ്രാധാന്യം നല്‍കാറില്ല. എന്നാല്‍ അതുപോലെയല്ല ലൈംഗീക പീഡനം ആരോപിക്കുന്നത്. ജനം വളരെയധികം പ്രാധാന്യം ഇതിന് നല്‍കാറുണ്ട്. ലൈംഗിക പീഡന ആരോപണം ആര്‍ക്കെതിരെയായാലും വ്യക്തിഹത്യയായതുകൊണ്ടുതന്നെയായതാണ് അതിന് കാരണം. പ്രത്യേകിച്ച് ജനപ്രതിനിധികാര്‍ക്കെതിരെയുള്ള ആരോപണം ജനം വളരെയേറെ പ്രാധാന്യം നല്‍കാറുണ്ട്. ജനപ്രതിനിധികള്‍ക്കെതിരെയുള്ള ആരോപണമാകുമ്പോള്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന ജനങ്ങളെയും അത് പ്രത്യക്ഷത്തില്‍ ബാധിക്കും. തങ്ങളുടെ ജനപ്രതിനിധിയെ കുറിച്ചുള്ള സങ്കല്പത്തിന് തന്നെ മങ്ങലേല്‍പിക്കുന്നതാണ് ഒരു ജനപ്രതിനിധിയെകുറിച്ച് ഇത്തരത്തില്‍ ആരോപണമുന്നയിക്കുമ്പോള്‍ ഉണ്ടാകുന്നത്.

ഇതൊക്കെ കൊണ്ടുതന്നെ ഒരു ജനപ്രതിനിധിക്കെതിരെ ഇത്തരത്തില്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ വളരെയേറെ ഭവിഷത്തുകള്‍ ഉണ്ടാകാറുണ്ട്. അതിശക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമെ ആരും ജനപ്രതിനിധികള്‍ക്കെതിരെ ഉന്നയിക്കാറുള്ളൂ. ജനപ്രതിനിധി നിയമസഭാ അംഗമോ പാര്‍ലമെന്റംഗമോ ആയാല്‍ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും നിയമനിര്‍മ്മാണ സഭകളുടെ പേരിനുപോലും കളങ്കം ചാര്‍ത്തുമെന്നതാണ് സത്യം. അതുകൊണ്ടുതന്നെ ലൈംഗീകാരോപണം ഇവര്‍ക്കെതിരെ ഉന്നയിക്കുന്നത്. ഒരു സാധാരണ പൗരനെതിരെ ഉന്നയിക്കുന്നതുപോലെയല്ല അതിശക്തമായ തെളിവുകളുടെ പിന്‍ബലത്തില്‍ മാത്രമെ ആരായിരുന്നാലും ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാവുയെന്നതാണ് ഒരു വസ്തുത.

സരിത തന്നെ പീഡിപ്പിച്ചുയെന്ന് പറയുന്ന ഏ.പി. അബ്ദുള്ളകുട്ടി നിയമസഭാംഗമാണ്. ആസ്ഥാനത്തിരിക്കുമ്പോഴായിരുന്നു അദ്ദേഹം സരിതയെ പീഡിപ്പിച്ചതെന്നാണ് അവരുടെ പരാതിയില്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഒരു വ്യക്തിക്കെതിരെയെന്നതിലുപരി ഒരു നിയമസഭാംഗത്തിനെതിരെയാണ് സരിത ഇത്തരത്തില്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നതുകൊണ്ട് ജനം വളരെ ഗൗരവത്തോടു കൂടിയാണ് ഇതിനെ കണ്ടത്. അതിന്റെ സത്യാവസ്ഥയെന്തെന്ന് അറിയാന്‍ ജനത്തിന് ആഗ്രഹവും അവകാശവും ഇതുകൊണ്ടു തന്നെയുണ്ട് പൊടുന്നനവെ അവര്‍ താന്‍ പരാതിപ്പെട്ടത് പിന്‍വലിക്കാന്‍ പോകുന്നുയെന്നത് ശരിയായ നടപടി മാത്രമല്ലായെന്നതിലുപരി അത് ജനത്തെ വിഡ്ഡികളാക്കുന്ന തരത്തിലാണെന്നാണ് ഇതിനെ വിലയിരുത്തുന്നവരുടെ അഭിപ്രായം.അബ്ദുള്ളകുട്ടിക്കെതിരെ ആരോപണമുന്നയിച്ചതും പരാതിപ്പെട്ടതും എന്തിനുവേണ്ടിയായിരുന്നുയെന്നതാണ് ഇപ്പോള്‍ പരാതി പിന്‍വലിക്കാന്‍ പോകുന്നുയെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ ഉയരുന്ന ഒരു ചോദ്യം. ഒരാവോശത്തിനുവേണ്ടിയായിരുന്നോ അതോ ഒരു വ്യക്തിയെ തേജോവധം ചെയ്യുകയെന്നതായിരുന്നോ അതുമല്ലെങ്കില്‍ വലിയ പ്രശസ്തി നേടാനായിരുന്നോ. അതല്ലെങ്കില്‍ മറ്റാരെങ്കിലും സമ്മര്‍ദ്ദം ചെലുത്തിയതായിരുന്നോ ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് ജനം ചോദിക്കുന്നത്. അതിന് ഉത്തരം പരയാന്‍ സരിത ബാധ്യസ്ഥയാണെന്ന് നിയമവിദഗ്ദ്ധര്‍പോലും വിലയിരുത്തുന്നുണ്ട്. കാര്യം അബ്ദുള്ളകുട്ടി നിയമസഭാംഗമായതുതന്നെ. അതീവ ഗുരുതരമായ ആരോപണമുന്നയിച്ചിട്ട് ആരുമറിയാതെ അത് പിന്‍വലിക്കുകയല്ല ശരിയായ നടപടി മറിച്ച് അതുമായി സഹകരിക്കുകയാണ് വേണ്ടതെന്നാണ് പലരുടെയും അഭിപ്രായം. തെളിവുകള്‍ ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടപ്പോഴൊക്കെ അതില്‍നിന്ന് ഒഴിഞ്ഞുമാറിയാല്‍ പിന്നെ എങ്ങനെ അന്വേഷണം നടത്താന്‍ കഴിയുമെന്നതിനും ഉത്തരം അവര്‍ പറയേണ്ടതായി വരും.

പോലീസ് സ്റ്റേഷനില്‍ ഒരു വ്യക്തി പരാതി സമര്‍പ്പിച്ചാല്‍ അത് അന്വേഷിച്ച് അതിന്റെ സത്യാവസ്ഥ കണ്ടെത്തുകയെന്നത് പോലീസിന്റെ ഉത്തരവാദിത്വമാണ് അതുപോലെ തന്നെയാണ് ആ അന്വേഷണവുമായി സഹകരിച്ച് അതിന് മതിയായ തെളിവുകള്‍ നല്‍കുകയെന്നത് പരാതി നല്‍കുന്ന വ്യക്തിയുടെ ഉത്തരവാദിത്വവുമാണ്. പരാതിപ്പെടുന്ന വ്യക്തി തങ്ങളുടെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറിയാല്‍ ആ അന്വേഷണം വഴിമുട്ടുമെന്ന് മാത്രമല്ല അത് ഒരു നിഗൂഢരഹസ്യമായി മാറുകയും ചെയ്യും, അത് നീതിന്യായ വ്യവസ്ഥയെപ്പോലും കളിയാക്കുന്ന ഒരു പ്രവര്‍ത്തിയാണെന്നതില്‍ യാതൊരു സംശയവുമില്ലാത്ത കാര്യമാണ്. ഇങ്ങനെയുള്ള പ്രവര്‍ത്തികള്‍ വ്യക്തികളുടെ ഭാഗത്തുനിന്നുണ്ടായാല്‍ ആര്‍ക്കും ആര്‍ക്കെതിരെയും എന്ത് പരാതിയും ആരോപണവുമുന്നയിക്കുമെന്ന രീതിയില്‍ വന്നാല്‍ സത്യമായവയ്ക്ക് പ്രാധാന്യം നഷ്ടപ്പെടുകയും അത് മാത്രമല്ല നീതിന്യായ വ്യവസ്ഥയെയും നിയമപാലകരുടെ പ്രവര്‍ത്തിക്കുപോലും തുരങ്കം വയ്ക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. ഗുരുതരമായ പരാതി സമര്‍പ്പിച്ചശേഷവും ആരോപണമുന്നയിച്ചശേഷവും അതില്‍നിന്ന് ഉഴിഞ്ഞുമാറുന്ന രീതി ആരുടെ ഭാഗത്തുനിന്നുമുണ്ടായാലും അത് യാതൊരു രീതിയിലും അംഗീകരിക്കാനാവാത്ത ഒന്നുതന്നെയാണ്. നീതിന്യായ വ്യവസ്ഥയെപ്പോലും വെല്ലുവിളിക്കുന്ന ഇത്തരം നടപടി ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് അംഗീകരിച്ചുകൊടുത്താല്‍ ഭാവിയില്‍ വളരെയേറെ പ്രതിസന്ധികളുണ്ടാക്കുമെന്നതുകൊണ്ട് ആരായിരുന്നാലും അവര്‍ക്കെതിരെ നിയമനടപടിപോലുമെടുക്കുകതന്നെ വേണമെന്നാണ് പൊതുവിലുള്ള അഭിപ്രായം.
(തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക