Image

ഔട്ട്‌സോഴ്‌സ്‌ നിര്‍ത്തലാക്കിയത്‌ സ്വാഗതാര്‍ഹം: ഐപാക്ക്‌

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 17 November, 2011
ഔട്ട്‌സോഴ്‌സ്‌ നിര്‍ത്തലാക്കിയത്‌ സ്വാഗതാര്‍ഹം: ഐപാക്ക്‌
ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ പാസ്‌പോര്‍ട്ട്‌, വിസ, ഒ.സി.ഐ., പി.ഐ.ഒ. മുതലായ സേവനങ്ങള്‍ ട്രാവിസ എന്ന ഏജന്റിന്‌ ഔട്ട്‌സോഴ്‌സ്‌ ചെയ്യുക വഴി പ്രവാസികളോട്‌ കാണിച്ച കടുത്ത അനീതിയാണെന്ന്‌ നാളേറെയായി മുറവിളി കൂട്ടിയിരുന്നുവെങ്കിലും, പ്രവാസികള്‍ സംഘടിച്ചാല്‍ എന്താണു സംഭവിക്കുക എന്ന്‌ ഇന്ത്യാ ഗവണ്മെന്റിന്‌ താമസിച്ചെങ്കിലും ബോധോദയമുണ്ടായതില്‍ ഐപാക്‌ പ്രതിനിധികള്‍ സംതൃപ്‌തി പ്രകടിപ്പിച്ചു.

ഇനി മുതല്‍ ട്രാവിസ എന്ന ഔട്ട്‌സോഴ്‌സ്‌ ഏജന്‍സിയുടെ സേവനം വേണ്ട എന്ന വിദേശകാര്യ മന്ത്രി എസ്‌.എം. കൃഷ്‌ണയുടെ ഉത്തരവ്‌ പ്രവാസികള്‍ ഏറെ സന്തോഷത്തോടെയാണ്‌ സ്വീകരിച്ചത്‌. വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദുമായുള്ള കൂടിക്കാഴ്‌ചയില്‍ ഐപാക്‌ പ്രതിനിധികള്‍ മുന്നോട്ടുവെച്ച പ്രശ്‌നനങ്ങളിലൊന്ന്‌ ഇതായിരുന്നു.

വിവിധ ആവശ്യങ്ങള്‍ക്കായി ദിനം പ്രതി ആയിരക്കണക്കിന്‌ അപേക്ഷകളാണ്‌ ട്രാവിസ ഔട്ട്‌സോഴ്‌സിംഗ്‌ ഏജന്‍സി കൈകാര്യം ചെയ്യുന്നത്‌. ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ ചെയ്‌തുകൊണ്ടിരുന്ന ജോലി ഔട്ട്‌സോഴ്‌സ്‌ ചെയ്യുന്നതിലൂടെ ലക്ഷക്കണക്കിന്‌ ഡോളറിന്റെ വരുമാനമാണ്‌ ഇന്ത്യാ ഗവണ്മെന്റിന്‌ ഓരോ വര്‍ഷവും നഷ്ടമായിക്കൊണ്ടിരുന്നത്‌. വിദേശികളുടെയാണ്‌ ട്രാവിസ ഏജന്‍സിയെങ്കിലും ഇന്ത്യക്കാര്‍ തന്നെയാണ്‌ ഈ ഔട്ട്‌സോഴ്‌സിംഗിനു വേണ്ടി ചരടു വലിച്ചതെന്നും പറയപ്പെടുന്നു.

ട്രാവിസയുടെ 2007-ലെ കണക്കുകള്‍ പ്രകാരം, പ്രതിമാസം ശരാശരി 44,000 വിസകളാണ്‌ ട്രാവിസ വഴി നല്‍കിയിരുന്നതത്രേ! 2008-09ല്‍ അത്‌?നാലു ലക്ഷമാകുമെന്നും അവരുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഓരോ അപേക്ഷകള്‍ക്കും 13 ഡോളര്‍ ഫീസ്‌ ഈടാക്കുക വഴി 520,0000 ഡോളര്‍ ട്രാവിസയുടെ അക്കൗണ്ടിലെത്തുമെന്ന്‌ ചുരുക്കം. ഭാരത സര്‍ക്കാരിന്റെ ഖജനാവിലേക്ക്‌ കിട്ടേണ്ട ഈ പണമാണ്‌ വിദേശികളായ ട്രാവിസ ഏജന്റുമാര്‍ കൈക്കലാക്കിയത്‌. മെച്ചപ്പെട്ട സേവനം കാഴ്‌ച വെക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ തുടങ്ങിവെച്ച ട്രാവിസ തന്ത്രപൂര്‍വ്വം പ്രവാസികളെ ചൂഷണം ചെയ്യുകയായിരുന്നു എന്ന നേര്‍ക്കാഴ്‌ചയാണ്‌ വിദേശകാര്യ മന്ത്രാലയത്തിന്‌ കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്‌. ഒരു കണക്കിന്‌ അത്‌ പ്രവാസികളുടെ വിജയം തന്നെയാണ്‌. ഈ വിജയം താത്‌ക്കാലികമായി പരിണമിക്കാതെ നോക്കേണ്ടത്‌ പ്രവാസികളുടെ കടമയാണെന്ന്‌ ഐപാക്ക്‌ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു. അതിനു വേണ്ട സഹായങ്ങളും ബോധവത്‌ക്കരണവും ഐപാക്ക്‌ നല്‌കുമെന്ന്‌ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു.

അതതു മേഖലകളിലെ ഐപാക്ക്‌ പ്രതിനിധികളെ സമീപിക്കുകയോ ഐപാക്ക്‌ വെബ്‌സൈറ്റ്‌ www.pravasiaction.com ല്‍ നിങ്ങളുടെ പരാതികളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കുന്നതോടൊപ്പം, വോട്ട്‌ രേഖപ്പെടുത്താനും ഐപാക്ക്‌ ആഹ്വാനം ചെയ്യുന്നു.
ഔട്ട്‌സോഴ്‌സ്‌ നിര്‍ത്തലാക്കിയത്‌ സ്വാഗതാര്‍ഹം: ഐപാക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക