Image

കൊച്ചി മെട്രോയ്ക്ക് കൊറിയന്‍ സാങ്കേതികവിദ്യ

Published on 16 November, 2011
കൊച്ചി മെട്രോയ്ക്ക് കൊറിയന്‍ സാങ്കേതികവിദ്യ
ന്യൂഡല്‍ഹി: നിര്‍ദിഷ്ട കൊച്ചി മെട്രോ പദ്ധതിക്കായി കൊറിയന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഇ. ശ്രീധരന്‍ പറഞ്ഞു. ഇതിന്റെ പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായിക്കഴിഞ്ഞെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിയിലെത്തിയാല്‍ പദ്ധതിക്ക് അന്തിമരൂപം നല്‍കുമെന്നും ശ്രീധരന്‍ പറഞ്ഞു.

ചക്രങ്ങള്‍ ഇല്ലാതെ പൂര്‍ണമായും വൈദ്യുത കാന്തിക ശക്തിയാല്‍ പ്രവര്‍ത്തിക്കുന്ന മഗ്‌ലെവ് (മാഗ്‌നെറ്റിക് ലെവിറ്റേറ്റിങ്) സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. ഇത്മൂലം മൊത്തം നിര്‍മാണച്ചെലവിന്റെ കാര്യത്തില്‍ ഇരുപത് ശതമാനത്തിന്റെ കുറവുണ്ടാകും. മാത്രവുമല്ല, സ്ഥലമേറ്റെടുപ്പും കുറയ്ക്കാനാകും. സാധാരണനിലയില്‍ മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പദ്ധതി മഗ്‌ലെവ് സാങ്കേതികവിദ്യ ഉപയോഗിച്ചാല്‍ രണ്ടര വര്‍ഷം കൊണ്ട് യാഥാര്‍ഥ്യമാക്കാനാകും. പാളത്തില്‍ നിന്ന് അല്‍പം ഉയര്‍ന്ന് സഞ്ചരിക്കുന്നതിനാല്‍ കുലുളക്കം ഏറെയൊന്നും അനുഭവപ്പെടില്ല. സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്ന മെട്രോ നഗരങ്ങള്‍ക്ക് തീര്‍ത്തും അനുയോജ്യമായ സാങ്കേതികവിദ്യയാണിതെന്ന് ശ്രീധരന്‍ പറഞ്ഞു. ജപ്പാനില്‍ ഇത് വളരെ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. മണിക്കൂറില്‍ അഞ്ഞൂറ് കിലോമീറ്ററില്‍ കൂടുതലാണ് അവിടെ വണ്ടിയുടെ വേഗത. ഇതെല്ലാം പരിശോധിച്ചുകഴിഞ്ഞതായും ശ്രീധരന്‍ പറഞ്ഞു.

മെട്രോയെ കുറിച്ച് ശ്രീധരനും കേന്ദ്രമന്ത്രിയും എറണാകുളം എം.പി.യുമായ കെ.വി.തോമസും ചര്‍ച്ച നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക