Image

ഉയിര്‍പ്പു തിരുനാള്‍ (കവിത: ശാന്തമ്മ വര്‍ഗീസ്‌)

Published on 20 April, 2014
ഉയിര്‍പ്പു തിരുനാള്‍ (കവിത: ശാന്തമ്മ വര്‍ഗീസ്‌)
കുരിശിലെ മരണവും ഉയിര്‍പ്പിന്റെ മുദ്രയും
ഇന്നീ പ്രപഞ്ചത്തില്‍ മാറ്റൊലിക്കൊള്ളുന്നു.
കാല്‍വറി മലയിലെ കുരിശിന്‍ കീഴില്‍
മേലങ്കിയ്‌ക്കായി കുറിയിടുന്നവര്‍ നമ്മള്‍-
ചെറു ചെറു ലാഭത്തിനായുള്ള ഓട്ടത്തില്‍
വന്‍ ജീവന്‍ മറക്കും പടയാളികള്‍ നാം.
എത്ര നേടിയിട്ടും വ്യക്തിജീവിതത്തില്‍
ക്രിസ്‌തുവിനെ അനുഭവിക്കാത്തവര്‍ ഹതഭാഗ്യര്‍
സദാ ഭക്തിയും ബാഹ്യപ്രകടനങ്ങളും നീക്കി
ക്രൂശിലെ വേദന കൊടിയാക്കി ഉയര്‍ത്തണം.
കാല്‍വറിയിലെ മനോഭാവത്തില്‍ നിന്നും
ഉയിര്‍പ്പിന്റെ ലോകത്തിലേയ്‌ക്കു പ്രവേശിക്കാം.
അനുഗ്രഹമല്ല, സ്‌നേഹത്തിന്‍ അളവുകോല്‍
ആത്മാര്‍ത്ഥതയില്‍, നിത്യസ്‌നേഹം നിറയണം.
പുത്രനെ അടക്കിയ ശൂന്യമാം കല്ലറ
ജീവന്റെ നീരുറവയാം കിണറാക്കിമാറ്റാം.
ഉത്ഥിതനാം ക്രിസ്‌തു ഗലീലയിലേക്കു പോയി
വിശ്വാസത്താല്‍ ശിഷ്യരെ കര്‍മ്മശാലികളാക്കി.
`യുഗാന്ത്യത്തോളം ഞാന്‍ കൂടെയുണ്ടെന്നു'റപ്പ്‌
ഉയിര്‍പ്പിന്‍ സാക്ഷികളാകാന്‍ ശക്തിപകരട്ടെ!

*** ***

ശാന്തമ്മ വര്‍ഗീസ്‌,
പട്ടശേരില്‍, മണര്‍കാട്‌, കോട്ടയം

റിട്ടയേര്‍ഡ്‌ ഹൈസ്‌കൂള്‍ അധ്യാപികയായ കവയിത്രി കേരള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച അദ്ധ്യാപികയ്‌ക്കുള്ള അവാര്‍ഡ്‌ ജേതാവുകൂടിയാണ്‌. നിരവധി കവിതകളും ലേഖനം എഴുതിയിട്ടുണ്ട്‌. ആദ്യാത്മിക മേഖലയിലെ നിറസാന്നിധ്യമാണ്‌. (ബിജു ചെറിയാന്‍)
ഉയിര്‍പ്പു തിരുനാള്‍ (കവിത: ശാന്തമ്മ വര്‍ഗീസ്‌)ഉയിര്‍പ്പു തിരുനാള്‍ (കവിത: ശാന്തമ്മ വര്‍ഗീസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക