Image

വൈശാഖപൌര്‍ണമി (കഥ - ഭാഗം 10 )

Published on 19 April, 2014
വൈശാഖപൌര്‍ണമി (കഥ - ഭാഗം 10 )

 

'വൈ ഡു യു വാണ്ട് ടു മീറ്റ് ഗണേശ് ബക്കഡെ?' പഴയ രേഖകള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുന്നതിനിടയില്‍ ഇന്ദിരാനഗര്‍ പോലീസ് സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചോദിച്ചു. എന്തിനാണ് ഗണേശ് ബക്കഡേയെ കാണുന്നത്.

 

'സര്‍, ബക്കഡേജി ഈസ് ലൈക്ക് ആന്‍ അങ്കിള്‍ ടു ദ ലേഡി അയാം മാരിയിങ്ങ്. ഷി കാള്‍സ് ഹിം ചാച്ചാജി. ഷി നീഡ്‌സ് ഹിസ് ബ്ലെസ്സിങ്ങ്‌സ്.' സദാനന്ദ് മറുപടി പറഞ്ഞു. ഞാന്‍ വിവാഹം കഴിയ്ക്കാന്‍ പോകുന്ന വനിതയ്ക്ക് സ്വന്തം ചെറിയച്ഛനെപ്പോലെയാണ് ബക്കഡേജി.അവരദ്ദേഹത്തെ ചാച്ചാജി എന്നാണു വിളിയ്ക്കുന്നത്. അവര്‍ക്ക് അദ്ദേഹത്തിന്റെ അനുഗ്രഹം വേണം.

'ഹൌക്കം, ദ െ്രെബഡ് ഹാസ് ആസ്‌ക്ഡ് ദ െ്രെബഡ്ഗ്രൂം ഹിംസെല്‍ഫ് ടു ഫൈന്റൌട്ട് ഹെര്‍ ചാച്ചാജി?' ഇന്‍സ്‌പെക്ടര്‍ ചിരിച്ചുകൊണ്ടു ചോദിച്ചു. പ്രതിശ്രുതവധു തന്റെ ഇളയച്ഛനെ കണ്ടുപിടിയ്ക്കാന്‍ പ്രതിശ്രുതവരനോടു തന്നെ ആവശ്യപ്പെട്ടിരിയ്ക്കുന്നത് എന്തുകൊണ്ടെന്നാണ് അദ്ദേഹം ചോദിയ്ക്കുന്നത്. ശരിയാണ്.പ്രതിശ്രുതവരന്‍ തന്നെ ഇത്തരം സേവനങ്ങള്‍ ചെയ്തുകൊടുക്കാന്‍ മുന്നിട്ടിറങ്ങുന്നത് അത്ര സാധാരണമല്ല.

 

'ഐ ഓഫേര്‍ഡ് ടു ഫൈന്റ് ഹിം ഔട്ട്. ഐ ഹാഡ് ടു. ബിക്കോസ് ഒണ്‍ളി ഈഫ് ഹി അപ്രൂവ്‌സ്, വില്‍ ദിസ് മാര്യേജ് ടേയ്ക്ക് പ്ലേസ്,' സദാനന്ദ് ഒരു ചെറുചിരിയോടെ അറിയിച്ചു. ഞാന്‍ ചെറിയച്ഛനെ അന്വേഷിച്ചു കണ്ടെത്താമെന്നേറ്റു. എനിയ്ക്കു വേറെ മാര്‍ഗ്ഗമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ അംഗീകാരം കിട്ടിയെങ്കില്‍ മാത്രമേ ഈ വിവാഹം നടക്കുകയുള്ളു.

 

ഇന്‍സ്‌പെക്ടര്‍ പൊട്ടിച്ചിരിച്ചു. 'സോ, നോട്ട് ഓണ്‍ളി യു വില്‍ ഹാവ് ടു ഫൈന്റ് ഹിം ഔട്ട്,ബട്ടാള്‍സോ മേക്ക് ഹിം അപ്രൂവ് യു ആസ് വെര്‍ത്തി ഓഫ് ഹിസ് നീസ്! അരേ ഭായ്, യു ആര്‍ ഇന്‍ ട്രബിള്‍!' ഇന്‍സ്‌പെക്ടര്‍ ചിരിച്ചുകൊണ്ടു തുടര്‍ന്നു. 'ബിക്കാസ് ഐക്കാണ്ട് ഫൈന്റ് എനി സച്ച് നെയിം ഇന്‍ ദീസ് ബുക്ക്‌സ്.' നിങ്ങള്‍ക്ക് അവളുടെ ചാച്ചാജിയെ കണ്ടുപിടിയ്ക്കുക മാത്രമല്ല, ചാച്ചാജിയെക്കൊണ്ട് നിങ്ങളെ അംഗീകരിപ്പിയ്ക്കുകയും വേണം. സഹോദരാ, നിങ്ങളാകെ കുഴപ്പത്തിലാണ്,കാരണം ഈ രേഖകളിലൊന്നും ഗണേശ് ബക്കഡേ എന്നൊരു പേരു കാണാനാകുന്നില്ല. 'ബട്ട്, ടെല്‍ മി,ഇഫ് ബക്കഡെ ഈസ് എ ചാച്ചാ ടു ഹെര്‍, വൈ ഡെസിന്റ് ഷി ഹെഴ്‌സെല്‍ഫ് നോ വെയര്‍ ഹി ഈസ് നൌ?' ബക്കഡേജി ശരിയ്ക്കും അവളുടെ ചെറിയച്ഛനാണെങ്കില്‍, അദ്ദേഹം എവിടെയാണു ജോലിചെയ്യുന്നതെന്ന് അവള്‍ സ്വയം അറിയേണ്ടതല്ലേ!

 

ചോദ്യം യുക്തിപരം തന്നെ. പക്ഷേ,വിശാഖം കുറച്ചു വര്‍ഷങ്ങളായി കാമാഠിപുരയില്‍ ദേവദാസിപ്പണി ചെയ്യുകയായിരുന്നെന്നു വെളിപ്പെടുത്തുന്നതുകൊണ്ട് പ്രത്യേകിച്ചു പ്രയോജനമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. 'ഫോര്‍ സം ഇയേഴ്‌സ്, ബോത്ത് കുഡിന്റ് ബി ഇന്‍ ടച്ച്.' കുറച്ചു കൊല്ലമായി, ഇരുവര്‍ക്കും പരസ്പരം ബന്ധപ്പെടാന്‍ കഴിഞ്ഞില്ല.'ബിസി വിത്ത് ദെയറോണ്‍ ലൈവ്‌സ്.' അവര്‍ അവരവരുടെ ജീവിതങ്ങളുമായി കെട്ടിമറിയുകയായിരുന്നു.

 

'യു ഡോണ്ട് വറി. വി ഡിഗ് ഔട്ട് ഈവന്‍ ഹാര്‍ഡ് കോര്‍ ക്രിമിനല്‍സ്. സോ ഫൈന്റിങ്ങ് ഔട്ട് ആന്‍ ഓള്‍ഡ് പൊലീസ്മാന്‍ ഈസ് സിമ്പിള്‍.' ഏറ്റവും വലിയ കുറ്റവാളികളെപ്പോലും ഞങ്ങള്‍ കണ്ടുപിടിയ്ക്കുന്നു.അങ്ങനെയിരിയ്‌ക്കെ ഒരു പഴയ പോലീസുകാരനെ കണ്ടുപിടിയ്ക്കുക എളുപ്പമാണ്. 'ലെറ്റ് മി ടോക്ക് ടു ദ കമ്മീഷണേഴ്‌സ് ഓഫീസ്.ദെ വില്‍ ഫൈന്റ് ഹിം ഔട്ട്. ദെ മൈറ്റ് ടേയ്ക്ക് സം ടൈം. അണ്ടില്‍ ദെന്‍ യു കാന്‍ വെയ്റ്റ് ഔട്ട്‌സൈഡ്.' കമ്മീഷണേഴ്‌സ് ഓഫീസിലേയ്ക്കു വിളിച്ചു ചോദിയ്ക്കട്ടെ. അവരല്പസമയം എടുത്തേയ്ക്കാം. അതുവരെ പുറത്തു കാത്തിരിയ്ക്കുക.

സദാനന്ദ് സന്ദര്‍ശകമുറിയിലെ ബെഞ്ചുകളിലൊന്നില്‍ ഇരുന്നു. ഹ്യാട്ട് റീജന്‍സിയുടെ െ്രെഡവര്‍ പ്രകാശ്, ക്ഷമയോടെ, പുറത്തു പാര്‍ക്കു ചെയ്തിരുന്ന കാറിലും.

 

കാമാഠിപുരയില്‍ വച്ച് വിശാഖവും സദാനന്ദും പരസ്പരം കണ്ടുമുട്ടിയ അതേ കെട്ടിടം തന്നെ വിലയ്ക്കു വാങ്ങാനുള്ള ആവശ്യം സദാനന്ദ് അംഗീകരിച്ച ഉടന്‍ വിശാഖം ഉന്നയിച്ച മറ്റൊരാവശ്യം ഗണേശ് ബക്കഡേജിയെ കണ്ടുപിടിയ്ക്കണമെന്നായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഇന്ദിരാനഗര്‍ പോലീസ് സ്‌റ്റേഷനില്‍ വച്ചാണ് അവള്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായിരുന്ന ബക്കഡേജിയുമായി കണ്ടുമുട്ടിയത്. ഒന്നൊന്നര ദിവസത്തെ പരിചയമേ ഉള്ളെങ്കിലും വിശാഖത്തിന് ബക്കഡേയോട് സ്വന്തം അച്ഛനോടെന്നപോലെ ആദരവും സ്‌നേഹവും തോന്നിയിരുന്നു. ബക്കഡേയ്ക്ക് വിശാഖത്തോടും പ്രത്യേക വാത്സല്യമുണ്ടായിരുന്നു എന്നൊരു വിശ്വാസം അവള്‍ക്കുമുണ്ട്.

 

കാമാഠിപുരയിലെ കെട്ടിടം വാങ്ങാനാവശ്യമുള്ള പണവും അതിലിരട്ടിയും സദാനന്ദിന്റെ കൈവശമുണ്ടെങ്കിലും, അതു വാങ്ങാന്‍ പലരുടേയും സഹായം കൂടി സദാനന്ദിന് ആവശ്യമായിവരുമെന്ന് വിശാഖം മുന്‍കൂട്ടി കണ്ടിരുന്നു. ചാച്ചാജിയ്ക്ക് സഹായിയ്ക്കാന്‍ താത്പര്യം മാത്രമല്ല,കഴിവും ഉണ്ടാകും എന്നു വിശാഖം വിശ്വസിയ്ക്കുന്നു.അങ്ങനെയാണ് സദാനന്ദ് ബക്കഡേയെത്തേടി ഇറങ്ങിത്തിരിച്ചത്. ഈ പോലീസ് സ്‌റ്റേഷനില്‍ ഇന്ദിരാനഗറില്‍  വച്ചായിരുന്നു,വിശാഖം വര്‍ഷങ്ങള്‍ക്കു മുന്‍പ് ചാച്ചാജിയെ കാണാനിടയായതെങ്കിലും, ബക്കഡേ വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ സ്ഥലംമാറ്റം കിട്ടിപ്പോയിരിയ്ക്കുന്നു. അദ്ദേഹമിപ്പോള്‍ ഏതു പോലീസ് സ്‌റ്റേഷനിലാണുള്ളത് എന്ന അന്വേഷണമാണ് സദാനന്ദിന്റെ അഭ്യര്‍ത്ഥനപ്രകാരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നടത്തിക്കൊണ്ടിരിയ്ക്കുന്നത്.

 

അധികസമയം കാത്തിരിയ്‌ക്കേണ്ടി വന്നില്ല. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അകത്തേയ്ക്കു വിളിപ്പിച്ച്, ഒരു ചിറ്റ് സദാനന്ദിനു കൊടുത്തുകൊണ്ടു പറഞ്ഞു, 'ബക്കഡേ ഹാസ് റിട്ടയേര്‍ഡ്. നോട്ട് ഇന്‍ സര്‍വീസ് നൌ. ദിസീസ് ഹിസ് ഹോം അഡ്രസ്. ദെയറീസെ ഫോണ്‍ നമ്പര്‍,ബട്ട് ഇറ്റ് ഡെസിന്റ് വര്‍ക്ക്.ഇറ്റ് സീംസ് യു വില്‍ ഹാവ് ടു ഗോ ടു ഹിസ് ഹൌസ് ടു മീറ്റ് ഹിം.' ബക്കഡേജി ഇപ്പോള്‍ സര്‍വ്വീസിലില്ല. പെന്‍ഷന്‍ പറ്റി. ഫോണ്‍ നമ്പറുണ്ടെങ്കിലും അതു വര്‍ക്കു ചെയ്യുന്നില്ല. അദ്ദേഹത്തെ കാണണമെങ്കില്‍ വീട്ടിലേയ്ക്കു ചെല്ലുക തന്നെ വേണം.

 

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ കൈ പിടിച്ചു കുലുക്കി നന്ദി പ്രകാശിപ്പിച്ചുകൊണ്ട് സദാനന്ദ് ഇറങ്ങി. ബക്കഡേയുടെ മേല്‍വിലാസം വായിച്ചു നോക്കി. മുളണ്ട് വെസ്റ്റിലുള്ള രാംഗഢ് നഗറിലാണ് വീട്. മേല്‍വിലാസമെഴുതിയ ചിറ്റ് പുറത്തു കാത്തുകിടന്നിരുന്ന ഹ്യാട്ട് റീജന്‍സിയുടെ െ്രെഡവര്‍ പ്രകാശിനു കൊടുത്തു. പ്രകാശിനറിയാത്ത വഴികളില്ല. ഏകദേശം ഒരു മണിക്കൂറെടുത്തു സ്ഥലത്തെത്താന്‍.കാറ് ഒരല്പം സ്ഥലം കണ്ടിടത്തു പാര്‍ക്കു ചെയ്ത് പ്രകാശും സദാനന്ദിന്റെ കൂടെച്ചെന്നു,ബക്കഡേയുടെ വീടു കണ്ടുപിടിയ്ക്കാന്‍. പ്രകാശ് കൂടെയുണ്ടായതുകൊണ്ട് അരമണിക്കൂറിനുള്ളില്‍ ബക്കഡേയുടെ വീടു കണ്ടു പിടിയ്ക്കാന്‍ സാധിച്ചു. പ്രകാശില്ലായിരുന്നെങ്കില്‍ വെറും കൈയ്യോടെ മടങ്ങിപ്പോകേണ്ടി വന്നേനേ.

 

വീതികുറഞ്ഞൊരു റോഡിന്റെ ഇരുവശവുമായി അടുപ്പിച്ചടുപ്പിച്ചുള്ള നിരവധി വീടുകള്‍. കൂടുതലും മൂന്നും നാലും നിലകളുള്ള കെട്ടിടങ്ങള്‍. അത്തരമൊരെണ്ണത്തിന്റെ താഴത്തെ നിലയിലായിരുന്നു, ബക്കഡേയുടെ ഫ്‌ലാറ്റ്.പരിസരം അത്ര വൃത്തിയുള്ളതായിരുന്നില്ലെങ്കിലും, ബക്കഡേയുടെ ഫ്‌ലാറ്റ് താരതമ്യേന വൃത്തിയുള്ളതായിരുന്നു. കാളിംഗ് ബെല്ലടിച്ചപ്പോള്‍ വാതില്‍ തുറന്നതു ബക്കഡേ തന്നെയായിരുന്നു. മുടി മുഴുവന്‍ പഞ്ഞിപോലെ നരച്ച, പ്രസന്നമുഖമുള്ള, മെലിഞ്ഞു ശാന്തനായ ഒരു വയോധികന്‍. പ്രകാശ് മറാഠിയില്‍ സദാനന്ദിനെ പരിചയപ്പെടുത്തി. പ്രകാശിന്റെ തൂവെള്ള യൂണിഫോമും യൂണിഫോമില്‍ തുന്നിപ്പിടിപ്പിച്ചിരുന്ന'ഹ്യാട്ട് റീജന്‍സി'എന്ന ബാഡ്ജും കണ്ടപ്പോള്‍ സദാനന്ദ് ഒരു സാധാരണ വ്യക്തിയല്ലെന്ന് ബക്കഡേ പെട്ടെന്നു മനസ്സിലാക്കി. സദാനന്ദിന് ഹിന്ദിയറിയാം എന്നു പ്രകാശ് സൂചിപ്പിച്ചുകാണണം. ബക്കഡേ ഹിന്ദിയിലാണ് സംസാരം ആരംഭിച്ചത്. 'ആയിയേ,ബൈഠിയേ,' ബക്കഡേ ഇരുവരേയും ഇരിയ്ക്കാന്‍ അകത്തേയ്ക്കു ക്ഷണിച്ചു.

 

സദാനന്ദ് പറഞ്ഞു, 'ചാച്ചാജീ, താങ്കള്‍ ബ്രീച്ച് കാന്റി ആശുപത്രി വരെയൊന്നു വരണം.അവിടെ വിശാഖം എന്നൊരു പേഷ്യന്റുണ്ട്. വിശാഖത്തിന് ചാച്ചാജിയെ കണ്ടാല്‍ കൊള്ളാമെന്നുണ്ട്.'

ചാച്ചാജീ എന്ന സംബോധന ബക്കഡേയ്ക്ക് ഇഷ്ടമായെങ്കിലും, വിശാഖം എന്ന പേര് ബക്കഡേയ്ക്ക് ഓര്‍മ്മയുണ്ടായിരുന്നില്ല. ആ പരിചയക്കുറവ് മുഖത്തു പ്രതിഫലിച്ചു.

 

'നാലഞ്ചുവര്‍ഷം മുന്‍പ് ഇന്ദിരാനഗര്‍ പോലീസ് സ്‌റ്റേഷനില്‍ വച്ച് ഒരിയ്ക്കല്‍ വിശാഖം അങ്ങയുമായി പരിചയപ്പെട്ടിരുന്നു. വിശാഖം അങ്ങയെ ചാച്ചാജീ എന്നു വിളിച്ചിരുന്നു.' സദാനന്ദ് കൂടുതല്‍ പരിചയപ്പെടുത്താന്‍ ശ്രമിച്ചു.

 

'എന്തിനുവേണ്ടിയാണ് അവള്‍ എന്നെ കാണാനാഗ്രഹിയ്ക്കുന്നത്?' ബക്കഡേ ആരാഞ്ഞു.

 

'വിശാഖം കാമാഠിപുരയില്‍ ഒരു വിമന്‍സ് വെല്‍ഫെയര്‍ സെന്റര്‍ തുടങ്ങാനാഗ്രഹിയ്ക്കുന്നു. അതിന്നായി ഒരു കെട്ടിടം കണ്ടുവച്ചിട്ടുണ്ട്. അതിന്റെ വില എത്രയാകുമെന്ന് അറിയില്ലെങ്കിലും എന്റെ പക്കലുള്ള പണം അതിനു തികയും എന്നാണു ഞങ്ങള്‍ കരുതുന്നത്. ഉടമയെ കണ്ടെത്തി, കെട്ടിടം വാങ്ങാന്‍ മുംബൈയുമായി പരിചയമുള്ള ആരുടേയെങ്കിലും സഹായം കൂടി എനിയ്ക്കു വേണ്ടി വരും എന്നാണു വിശാഖം കരുതുന്നത്.അങ്ങയെ മാത്രമാണ് വിശാഖം കാണുന്നത്. എനിയ്ക്കാണെങ്കില്‍ പരിചയം തീരെക്കുറവാണു താനും.'

 

'എന്തിന് കാമാഠിപുരയില്‍?എന്തുകൊണ്ട് മറ്റൊരിടത്തു തുടങ്ങിക്കൂടാ? അഗതികളായ വനിതകള്‍ എവിടേയുമുണ്ടല്ലോ.' ബക്കഡേ ചൂണ്ടിക്കാണിച്ചു.

 

'വിശാഖം സ്വയം ഒരു ദേവദാസിയായിരുന്നു. ഫോഴ്‌സ്ഡ് ഇന്റു പ്രോസ്റ്റിറ്റിയൂഷന്‍. അങ്ങനെയിരിയ്‌ക്കെ ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടി. ഇപ്പോള്‍ അവള്‍ ബ്രീച്ച് കാന്റിയില്‍ ചികിത്സയിലാണ്. ഞാന്‍ അവളെ വിവാഹം ചെയ്യാന്‍ പോകുന്നു. അവള്‍ സമ്മതം മൂളിയിട്ടില്ല. ഈ വെല്‍ഫെയര്‍ സെന്റര്‍ തുടങ്ങാന്‍ അവള്‍ക്ക് അതിയായ ആഗ്രഹമുണ്ട്.'

 

'അവളെങ്ങനെ വേശ്യാവൃത്തിയിലായി?'ബക്കഡേയുടെ ചോദ്യം അപ്രതീക്ഷിതമല്ലായിരുന്നു.

 

'അവളത് മുഴുവനും വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും എന്റെ ഊഹം നാലഞ്ചുകൊല്ലം മുന്‍പ് ഇന്ദിരാനഗര്‍ പോലീസ് സ്‌റ്റേഷനില്‍ വച്ചാണ് അവളുടെ കഷ്ടകാലം തുടങ്ങിയത് എന്നാണ്. അന്ന് അങ്ങ് അവളെ രക്ഷിയ്ക്കാന്‍ ശ്രമിച്ചു എന്നും ഞാന്‍ കരുതുന്നു.'

 

'ഓ... ' ഓര്‍മ്മകള്‍ ബക്കഡേയുടെ മുഖത്തു പ്രതിഫലിച്ചു. അദ്ദേഹം ചോദിച്ചു, 'ആ കുട്ടിയ്ക്ക് ചുരുണ്ട മുടിയുണ്ടായിരുന്നു. നിങ്ങളുടെ വിശാഖത്തിന് ചുരുണ്ട മുടിയാണോ ഉള്ളത്?'

 

'അതെ. വിശാഖത്തിന്റെ മുടി ചുരുണ്ടതാണ്.'

 

'അവളൊരു നല്ല കുട്ടിയായിരുന്നു. എനിയ്ക്കവളെ രക്ഷിയ്ക്കാന്‍ കഴിഞ്ഞില്ല...' ബക്കഡേ നിശ്ശബ്ദനായി. 'അവളെനിയ്ക്ക് എന്റെ സ്വന്തം മകളെപ്പോലെയാണ്. അവള്‍ക്കു വേണ്ടി ഞാന്‍ എവിടെ വേണമെങ്കിലും വരാം, എന്തു വേണമെങ്കിലും ചെയ്യാം.' അദ്ദേഹം ശാന്തസ്വരത്തില്‍ പറഞ്ഞു.

 

അതിന്നിടെ ബക്കഡേയുടെ ഭാര്യ ചായ കൊണ്ടുവന്നിരുന്നു. ചായ കുടിച്ചുകഴിഞ്ഞയുടനെ ബക്കഡേ അവരൊന്നിച്ചു പുറപ്പെട്ടു.

 

ബക്കഡേയും വിശാഖവും പരസ്പരം തിരിച്ചറിയുമോ എന്ന സംശയം സദാനന്ദിനുണ്ടായിരുന്നു. നാലഞ്ചുവര്‍ഷം മുന്‍പാണ് വിശാഖം ബക്കഡേയെ പരിചയപ്പെട്ടിരുന്നത്. വളരെ ഹ്രസ്വമായ കാലയളവു മാത്രമേ അവര്‍ പരസ്പരം കണ്ടിരുന്നുള്ളു. പിന്നീട് അവര്‍ തമ്മില്‍ കണ്ടിട്ടേയില്ല. അതിനു ശേഷം വിശാഖത്തിനാകട്ടെ, അനേകം പുരുഷന്മാരുമായി ഇടപെടേണ്ടി വന്നിരുന്നു. അവളുടെ കണക്കനുസരിച്ചു തന്നെ ഒരു രണ്ടായിരം പേരെങ്കിലും അവളുടെ അടുത്തു വന്നുപോയിട്ടുണ്ട്. രണ്ടായിരമോ അതിലേറെയുമോ വ്യക്തികളുമായി ബക്കഡേയും ഇടപെട്ടിട്ടുണ്ടാകും,അവരില്‍ കുറേയെങ്കിലും വനിതകളുമായിരുന്നിരിയ്ക്കും. അങ്ങനെയിരിയ്‌ക്കെ, രണ്ടുപേരും എങ്ങനെ പരസ്പരം തിരിച്ചറിയും!

 

തന്നെ കണ്ടപ്പോള്‍ 'ഭ്രാന്തുണ്ടോ' എന്നു വിശാഖം ചോദിച്ചതാണ് സദാനന്ദ് ഓര്‍ക്കുന്നത്. ഒറ്റ നോട്ടത്തില്‍ അവള്‍ തന്നെ തിരിച്ചറിഞ്ഞു. അതുപോലെ ബക്കഡേയേയും അവള്‍ തിരിച്ചറിയുമായിരിയ്ക്കും.

ഒരു മണിക്കൂറോളം വേണ്ടിയിരുന്നു, മുളണ്ട് വെസ്റ്റിലെ രാംഗഢില്‍ നിന്ന് ബ്രീച്ച് കാന്റി ഹോസ്പിറ്റലിലെത്താന്‍. കാറില്‍ വച്ച് ബക്കഡേയും സദാനന്ദും കൂടുതല്‍ പരിചയപ്പെട്ടു. ബക്കഡേയ്ക്ക് ഒരു മകന്‍ മാത്രമാണുള്ളത്.അവന്‍ വിവാഹം കഴിച്ച് ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമൊത്ത് ബോറിവ്‌ലിയില്‍ താമസിയ്ക്കുന്നു. ബക്കഡേയുടെ വീട്ടില്‍ ബക്കഡേയും ഭാര്യയും മാത്രമാണ് ഇപ്പോള്‍ താമസം.

 

മറ്റൊരു കാര്യം കൂടി സദാനന്ദ് മനസ്സിലാക്കി. ബക്കഡേയ്ക്ക് ഒരു മകളുണ്ടായിരുന്നു. അവളുടേത് ഒരു ദുരന്തമായിരുന്നു.ജീവിച്ചിരുന്നെങ്കില്‍ അവള്‍ക്കിപ്പോള്‍ ഏകദേശം വിശാഖത്തിന്റെ പ്രായമുണ്ടാകുമായിരുന്നേനേ. അവള്‍ക്കും ചുരുണ്ട മുടിയുണ്ടായിരുന്നു. മാത്രമല്ല, വിശാഖത്തെ കണ്ടപ്പോള്‍ ബക്കഡേയ്ക്ക് തന്റെ മരിച്ചു പോയ മകളെ ഓര്‍മ്മ വന്നിരുന്നു. മകളെ ദുരന്തത്തില്‍ നിന്നു രക്ഷിയ്ക്കാന്‍ കഴിയാഞ്ഞതിലുള്ള ദുഃഖം ബക്കഡേയ്ക്കുണ്ടായിരുന്നു. അതുകൊണ്ട് വിശാഖത്തെ രക്ഷിയ്ക്കണം എന്ന ഉല്‍ക്കടമായ ആഗ്രഹം ബക്കഡേയ്ക്കുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 'പക്ഷേ…' എന്നദ്ദേഹം പറഞ്ഞു നിര്‍ത്തിയപ്പോള്‍ വിശാഖത്തെ രക്ഷിയ്ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല എന്ന് സദാനന്ദ് ഊഹിച്ചെടുത്തു.

 

'അങ്ങു വിഷമിയ്‌ക്കേണ്ട.അവളിപ്പോള്‍ സുഖമായിരിയ്ക്കുന്നു.'

 

'ഇനിയുള്ള ജീവിതത്തില്‍ അവള്‍ അല്ലലെന്തെന്നറിയാതെ നമുക്കു നോക്കണം.' ബക്കഡേ പറഞ്ഞതു കേട്ടപ്പോള്‍ സദാനന്ദിന് ആശ്വാസമായി.ഭാവിപരിപാടികളില്‍ സഹായിയ്ക്കാന്‍ ധൈര്യത്തോടെ ആശ്രയിയ്ക്കാവുന്ന ഒരു വ്യക്തിയെ ലഭിച്ചിരിയ്ക്കുന്നു.

 

പക്ഷേ, അതിനിടയില്‍,കഴിഞ്ഞ ഏതാനും ദിവസങ്ങളായി, ചില വേവലാതികള്‍ സദാനന്ദിനുണ്ടായിക്കഴിഞ്ഞിരുന്നു.

വിശാഖം തുടക്കത്തില്‍ പ്രയാസപ്പെട്ടാണു നടന്നിരുന്നതെങ്കിലും ഇപ്പോള്‍ അനായാസം നടക്കാനാവുന്ന സ്ഥിതിയിലെത്തിയിട്ടുണ്ട്. പോഷകസമൃദ്ധമായ ആഹാരം കഴിപ്പിയ്ക്കുന്നതോടൊപ്പം അവള്‍ക്കനുയോജ്യമായ വ്യായാമവും നേഴ്‌സുമാര്‍ അവളെക്കൊണ്ടു ചെയ്യിപ്പിച്ചിരുന്നു.ഇതിനൊക്കെപ്പുറമേ, രോഗം ഏകദേശം മാറി എന്ന നിലയും വന്നിരിയ്ക്കുന്നു. എങ്കിലും, കുറച്ചു ദിവസം കൂടി ആശുപത്രിയില്‍ താമസിച്ചുകൊണ്ടുള്ള ചികിത്സ തുടരണം എന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.

 

'അച്ഛനിച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും പാല്' എന്ന പഴമൊഴി പോലെ, സദാനന്ദിന്റെ ഉള്ളിലുണ്ടായിരുന്ന പ്രാര്‍ത്ഥനയും ആശുപത്രിയില്‍ കുറച്ചു ദിവസം കൂടിയെങ്കിലും തുടരണേ എന്നു തന്നെയായിരുന്നു. ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ്ജു ചെയ്തു കഴിഞ്ഞാല്‍ വിശാഖത്തെ എവിടേയ്ക്കു കൊണ്ടുപോകും എന്ന ചോദ്യത്തിന് ഒരുത്തരം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഹ്യാട്ട് റീജന്‍സിയിലേയ്ക്കു കൊണ്ടുപോകാന്‍ സദാനന്ദ് തയ്യാറായിരുന്നു. ഡബിള്‍ റൂമായിരുന്നതുകൊണ്ട് അമേരിക്കയിലേയ്ക്കു മടങ്ങിപ്പോകുന്നതുവരെ വിശാഖത്തിനെ ഒപ്പം താമസിപ്പിയ്ക്കുക എളുപ്പമായിരുന്നു. ഇവിടേയും ശങ്ക ഇടയില്‍ കടന്നെത്തി. സദാനന്ദിനൊപ്പം, ഒരേ മുറിയില്‍കഴിയാന്‍ അവള്‍ സമ്മതിയ്ക്കുമോ എന്നൊരു സംശയം കഴിഞ്ഞ ഏതാനും ദിവസങ്ങളായി സദാനന്ദിന്റെ മനസ്സില്‍ ഉടലെടുത്തിരുന്നു. താനുമൊരുമിച്ച് ഒറ്റ മുറിയില്‍ കഴിയാന്‍ അവള്‍ക്കു സമ്മതമല്ലെങ്കില്‍, അവള്‍ക്കായി മറ്റൊരു മുറി ഒരുക്കാവുന്നതേയുള്ളു. എന്നാല്‍ ഹ്യാട്ട് റീജന്‍സിയിലേയ്ക്കു തന്നെ വരുന്നില്ല എന്നെങ്ങാന്‍ അവള്‍ പറഞ്ഞാലെന്തു ചെയ്യും!

 

ബാംഗ്ലൂരില്‍ ഫ്‌ലാറ്റുകള്‍ വാങ്ങുന്ന കാര്യം ഒട്ടും തന്നെ മുന്നോട്ടു പോയിട്ടില്ല. ഫ്‌ലാറ്റുകള്‍ കാണിച്ചു തരട്ടേ എന്ന് പലതവണ അവളോടു ചോദിച്ചതായിരുന്നു. അപ്പോഴൊക്കെ വരട്ടെ എന്നായിരുന്നു ഉത്തരം. ഫ്‌ലാറ്റുകളുടെ ചിത്രങ്ങള്‍ കാണിച്ചു കൊടുക്കേണ്ട കാര്യമില്ല. ലാപ്‌ടോപ്പ് അവള്‍ സ്വയം കൈകാര്യം ചെയ്യാന്‍ തുടങ്ങിയിരിയ്ക്കുന്ന നിലയ്ക്ക് അവള്‍ക്കു തന്നെ അവ എടുത്തു നോക്കാവുന്നതേയുള്ളു.ഫ്‌ലാറ്റുകളുടെ കാര്യത്തില്‍ അവള്‍ക്ക് ഒട്ടും താത്പര്യമില്ല എന്നതാണു പരമാര്‍ത്ഥം.

 

പിന്നെയവള്‍ എവിടെയാണു താമസിയ്ക്കുക? സദാനന്ദിന് ഒരെത്തും പിടിയും കിട്ടിയില്ല. ഒന്നു രണ്ടാഴ്ച കഴിയുമ്പോള്‍ സദാനന്ദിന് അമേരിക്കയിലേയ്ക്കു മടങ്ങിപ്പോകണം. അതിനു മുന്‍പ് എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ഒരു ഫ്‌ലാറ്റു വാങ്ങി, വിശാഖത്തെ സുരക്ഷിതമായി അതില്‍ പ്രതിഷ്ഠിച്ച്, അവള്‍ക്കു സഹായത്തിനായി ഒന്നോ രണ്ടോ സെര്‍വന്റ്‌സിനേയും ഏര്‍പ്പാടു ചെയ്തുകഴിഞ്ഞാല്‍ സമാധാനത്തോടെ അമേരിക്കയിലേയ്ക്കു പോകാമായിരുന്നു. ആ ഫ്‌ലാറ്റില്‍ താമസിച്ചുകൊണ്ട് വിമന്‍സ് വെല്‍ഫെയര്‍ സെന്റര്‍ സ്ഥാപിയ്ക്കുന്ന കാര്യങ്ങള്‍ അവള്‍ക്കു കൈകാര്യം ചെയ്യുകയും ചെയ്യാമായിരുന്നു. ഒരു കാറും വാങ്ങിക്കൊടുക്കണം, ഒരു െ്രെഡവറേയും ഏര്‍പ്പാടു ചെയ്യണം. ഇതൊന്നും ബുദ്ധിമുട്ടുള്ള കാര്യങ്ങളല്ല.

 

കാമാഠിപുരയിലെ കെട്ടിടം വാങ്ങുന്ന കാര്യം നടക്കുമോ എന്നറിയില്ല. പണത്തിന്റെ കുറവില്ല. പക്ഷേ, പല കാര്യങ്ങളും അതിനു മുന്‍പ് ചെയ്തു തീര്‍ക്കേണ്ടതുണ്ട്. ആദ്യമായി ആ കെട്ടിടം പരിശോധിയ്ക്കാന്‍ കഴിവുള്ള ഒരെഞ്ചിനീയറെ ചട്ടം കെട്ടണം,കെട്ടിടം അദ്ദേഹത്തെക്കൊണ്ടു പരിശോധിപ്പിയ്ക്കണം. ഒരംഗീകൃത വാല്യുവറെക്കൊണ്ട് കെട്ടിടത്തിന്റെ ഇപ്പോഴത്തെ മൂല്യം നിര്‍ണ്ണയിപ്പിയ്ക്കണം. ഉടമയെ കണ്ടെത്തി ചര്‍ച്ച നടത്തണം.വിലയെപ്പറ്റി സമ്മതമായാല്‍, കെട്ടിടത്തിന്റെ ഉടമാവകാശം പ്രഗത്ഭനായ ഒരു വക്കീലിനെക്കൊണ്ടു പരിശോധിപ്പിയ്ക്കണം. ഉടമാവകാശം നിയമസാധുതയുള്ളതാണെങ്കില്‍ പണം കൊടുക്കുക, ആധാരം രജിസ്റ്റര്‍ ചെയ്യുക, കെട്ടിടം ഏറ്റെടുക്കുക, പോക്കുവരത്തു നടത്തുക...

 

കെട്ടിടം ഏറ്റെടുത്ത ശേഷവും കാര്യങ്ങള്‍ അവസാനിയ്ക്കുന്നില്ല, തുടങ്ങുന്നേയുള്ളു. കെട്ടിടം ആദ്യംതന്നെ ഒഴിപ്പിച്ചെടുക്കണം, കോര്‍പ്പറേഷന്റെ അംഗീകാരത്തോടെ അതുടന്‍ ബലപ്പെടുത്തണം.അതിലെ മുറികള്‍ക്കെല്ലാം വിശാഖത്തിന്റെ പദ്ധതികള്‍ക്കനുസൃതമായ മാറ്റങ്ങള്‍ വരുത്തണം.മെഷീനുകള്‍ ഓര്‍ഡര്‍ ചെയ്യണം. അവ സ്ഥാപിച്ച ശേഷമാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം ചെയ്യേണ്ടത്: ദേവദാസിപ്പണി ചെയ്യുന്ന വനിതകളെ വെല്‍ഫെയര്‍ സെന്ററിലേയ്ക്ക് ആകര്‍ഷിയ്ക്കല്‍. അവര്‍ക്കു ചെയ്യാന്‍ താത്പര്യമുള്ള ജോലികള്‍ ഏതെല്ലാമെന്നറിഞ്ഞ്, അവര്‍ക്കാവശ്യമായ പരിശീലനം നല്‍കണം, മെഷീനുകള്‍ വീണ്ടും വരുത്തേണ്ടതുണ്ടെങ്കില്‍ വരുത്തണം, പ്രവര്‍ത്തനം ആരംഭിയ്ക്കണം...

 

അതിനിടെ ഇതിന്റെയെല്ലാം പ്രാരംഭനടപടികള്‍ തുടങ്ങിക്കഴിഞ്ഞുവെന്നതാണ് രസകരമായ വസ്തുത. അവ തുടങ്ങിവച്ചിരിയ്ക്കുന്നതാകട്ടെ,വിശാഖവും. അവള്‍ക്ക് ഒരു പുതിയ ലാപ്‌ടോപ്പ് വാങ്ങിക്കൊടുത്തു. അതുപയോഗിച്ച് അവള്‍ കാമാഠിപുരയിലെ കെട്ടിടത്തിലുള്ള മിയ്ക്ക മുറികളുടേയും പ്ലാനുകള്‍ കാണിയ്ക്കുന്ന ഫയലുകള്‍ ഓര്‍മ്മയില്‍ നിന്നു സൃഷ്ടിച്ചു.അവിടുത്തെ ഓരോ മുറിയും അവള്‍ക്കു പരിചിതമായത് ഇത്തരുണത്തില്‍ സഹായകമായി. ഓരോ മുറിയിലും സ്ഥാപിയ്‌ക്കേണ്ട മെഷീനുകള്‍ ഏതെല്ലാമെന്നും, അവ എങ്ങനെ സ്ഥാപിയ്ക്കണമെന്നുമെല്ലാം അവള്‍ തീരുമാനിച്ചു കഴിഞ്ഞു. ഉദാഹരണത്തിന് ഇഡ്ഡലിയുണ്ടാക്കുന്ന മെഷീന്‍ സ്ഥാപിയ്ക്കാന്‍ ആകെ എത്ര ചതുരശ്രമീറ്റര്‍ സ്ഥലം വേണമെന്നു വരെ അവള്‍ കണക്കു കൂട്ടിയെടുത്തിരിയ്ക്കുന്നു. ഓര്‍ഡര്‍ ചെയ്യേണ്ട, എംബ്രോയിഡറി മെഷീനുകള്‍ ഉള്‍പ്പെടെയുള്ള മെഷീനുകളുടേയും ഡെലിവറി വാനുകളുടേയും ലിസ്റ്റു റെഡി. പല മെഷീന്‍ നിര്‍മ്മാതാക്കളുമായും അവള്‍ ബന്ധപ്പെടുക കൂടി ചെയ്തിരിയ്ക്കുന്നു.

 

കെട്ടിടത്തിന്റെ പുനര്‍നിര്‍മ്മിതി പൂര്‍ണ്ണമായിക്കഴിഞ്ഞാല്‍ അടുത്ത നിമിഷം തന്നെ മെഷീനുകള്‍ സ്ഥലത്തെത്തുന്ന തരത്തിലാണ് അവള്‍ മുന്നോട്ടു പൊയ്‌ക്കൊണ്ടിരിയ്ക്കുന്നത്. ഓരോരോ കാര്യങ്ങള്‍ക്കു വേണ്ടി വന്നേയ്ക്കാവുന്ന ചെലവുകളും അവള്‍ ഏകദേശരൂപേണ കണക്കാക്കി വച്ചിരിയ്ക്കുന്നു.

 

ബീക്കോമിനു പഠിയ്ക്കുമ്പോള്‍ത്തന്നെ അവള്‍ കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്തിരുന്നത്രേ. ലാപ്‌ടോപ്പുമായി അവള്‍ക്കു പരിചയമുണ്ടായിരുന്നില്ല. എങ്കിലും മിനിറ്റുകള്‍ കൊണ്ട് ലാപ്‌ടോപ്പ് ഉപയോഗിയ്ക്കുന്നതെങ്ങനെയെന്ന് അവള്‍ പഠിച്ചെടുത്തു. കിടക്കയുടെ ശിരസ്സിന്റെ ഭാഗം ഉയര്‍ത്തിവച്ച്, അതില്‍ ചാരിയിരുന്ന്, മുന്‍പില്‍ ഓവര്‍ബെഡ് ടേബില്‍ വലിച്ചടുപ്പിച്ച് അതില്‍ വച്ചുകൊണ്ടാണ് അവള്‍ ലാപ്‌ടോപ്പ് ഉപയോഗിയ്ക്കുന്നത്. ലാപ്‌ടോപ്പിലെ മൌസ് പാഡില്‍ വിരലറ്റം കൊണ്ടുള്ള മൃദുചലനങ്ങളിലൂടെ കേഴ്‌സറിനെ സ്‌ക്രീനില്‍ മിന്നല്‍വേഗത്തില്‍ അവള്‍ പായിയ്ക്കുന്നത് സദാനന്ദ് സാകൂതം നോക്കി നിന്നു. ബീക്കോം, സീ ഏ,എംബിഏ... ഏതാനും വര്‍ഷം മുന്‍പ് അനിഷ്ടസംഭവങ്ങള്‍ അവളുടെ വഴിമുടക്കിയില്ലായിരുന്നെങ്കില്‍ അവള്‍ ജീവിതത്തില്‍ വളരെയേറെ ഉയരത്തില്‍ എത്തുമായിരുന്നു, ഒരു സംശയവുമില്ല.

 

അവള്‍ അമേരിക്കയില്‍ വന്നുകഴിയുമ്പോള്‍ അവള്‍ക്കിഷ്ടമുള്ള കോഴ്‌സു പഠിയ്ക്കാന്‍ സൌകര്യപ്പെടുത്തിക്കൊടുക്കണം.അതിനുള്ള പ്രവേശനപരീക്ഷകളെല്ലാം അവള്‍ പാസ്സായിക്കോളും. സാമ്പത്തികച്ചെലവ് ഒരു പ്രശ്‌നമല്ല.മൂന്നോ നാലോ വര്‍ഷത്തെ കോഴ്‌സുകളെല്ലാം കഴിയുമ്പോള്‍ തനിയ്ക്കു ലഭിയ്ക്കുന്ന ശമ്പളവും മറ്റും ഒരു പക്ഷേ അവള്‍ക്കും ലഭിച്ചു കൂടെന്നില്ല.

 

പക്ഷേ, അതിന്നിടയില്‍ ഈ വിമന്‍സ് വെല്‍ഫെയര്‍ സെന്റര്‍ എന്ന പ്രശ്‌നം വന്നു കയറിയിരിയ്ക്കുന്നതാണു തന്റേതായ പ്ലാനുകളും ആശകളുമെല്ല്‌ലാം തകിടം മറിയാനിടയാക്കിയിരിയ്ക്കുന്നത്. താന്‍ അമേരിക്കയിലേയ്ക്കു പോയിക്കഴിഞ്ഞാല്‍ അവള്‍ അവളുടെ പദ്ധതികളെല്ലാം എങ്ങനെ നടപ്പിലാക്കുമോ ആവോ. അവളുടെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ട് എന്നതു ശരി തന്നെ. എങ്കിലും അവളിപ്പോഴും മെലിഞ്ഞു തന്നെയിരിയ്ക്കുന്നു. ഇത്തരമൊരു പദ്ധതി നടപ്പാക്കാന്‍ വേണ്ടി വരുന്ന മനുഷ്യാദ്ധ്വാനം എത്രയെന്ന് അവള്‍ക്കു വല്ല രൂപവുമുണ്ടോ?അവള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടേണ്ടി വരും. പല പ്രതിബന്ധങ്ങളും ഉയര്‍ന്നു വരും. അതൊക്കെ നേരിട്ട്, അവയെ അതിജീവിയ്ക്കാനുള്ള ശാരീരികബലം അവള്‍ക്ക് ഇപ്പോഴുമുണ്ടായിട്ടില്ല.ചുരുക്കത്തില്‍ അവള്‍ക്ക് എടുത്തുപൊക്കാനാകുന്ന ചുമടല്ല, അവളെടുത്തുപൊക്കാനായി ഒരുങ്ങിയിരിയ്ക്കുന്നത്.

ശരി തന്നെ. പക്ഷേ, ഇതെല്ലാം അവളെ എങ്ങനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തും.

 

പക്ഷേ ശരീരത്തിന്റെ ബലക്കുറവൊക്കെ അവളുടെ മനസ്സ് പരിഹരിയ്ക്കുന്ന മട്ടാണ്. അവളുടെ നിശ്ചയങ്ങള്‍ ദൃഢനിശ്ചയങ്ങളാണ്. അവിടെ ഒരു ബലക്കുറവുമില്ല. ഇതുവരെ അവള്‍ ചെയ്തിരിയ്ക്കുന്നതൊക്കെ അതു തെളിയിയ്ക്കുന്നു. ചാഞ്ചാട്ടങ്ങള്‍ അവള്‍ക്കില്ല.

 

അതാണിപ്പോഴത്തെ കുഴപ്പവും.അവളെ തന്റെ വഴിയ്ക്കു വരുത്തുക, തന്റെ അഭിപ്രായങ്ങള്‍ സ്വീകരിപ്പിയ്ക്കുക പ്രയാസമായിത്തീര്‍ന്നിരിയ്ക്കുന്നു.തന്റെ ആഗ്രഹങ്ങള്‍ക്കെല്ലാം വിരുദ്ധമായിരുന്നു, അവളുടെ ഇതുവരെയുള്ള തീരുമാനങ്ങളെല്ലാം. എന്നും എക്കാലവും അത് അങ്ങനെ തന്നെ തുടരുമായിരിയ്ക്കുമോ! വാസ്തവത്തില്‍ അതൊന്നുമല്ല, കുഴപ്പം. അവളുടെ ആഗ്രഹങ്ങള്‍ക്കെതിരു നില്‍ക്കുന്ന കാര്യം ചിന്തിയ്ക്കുക പോലും തനിയ്ക്ക് അസാദ്ധ്യമായിത്തീര്‍ന്നിരിയ്ക്കുന്നു: അതാണു കുഴപ്പം. ബക്കഡേജി ഇപ്പോള്‍ ഈ കാറില്‍ തന്നോടൊപ്പം ഇരിയ്ക്കുന്നത് അതിന്റെ ഉത്തമദൃഷ്ടാന്തമാണ്. അവളുടേതായ രീതിയില്‍, അവള്‍ക്കു മാത്രം കഴിയുന്ന മൃദുസ്വരത്തിലാണ് അവളാ ആവശ്യം ഉന്നയിച്ചത്. ബക്കഡേജിയെ കണ്ടുപിടിയ്ക്കണം എന്നവള്‍ പറഞ്ഞത് ഒരു കല്പനയായല്ല. പക്ഷേ, നിരസിയ്ക്കാനാകാത്ത കല്പനകളാണ് അവളുടെ ഓരോ അഭ്യര്‍ത്ഥനയും.

 

സന്ദര്‍ശകസമയമായിരുന്നെങ്കിലും,ബക്കഡേയ്ക്കു വേണ്ടി ഒരു സ്‌പെഷ്യല്‍ പാസ്സ് സദാനന്ദ് സംഘടിപ്പിച്ചു. വിശാഖത്തിന്റെ ചാച്ചാജി തന്നെയാണു ബക്കഡേയെങ്കില്‍ വിശാഖത്തിന് അദ്ദേഹത്തെ ഇടയ്ക്കിടെ കാണേണ്ടി വരും. വിശാഖം ഉദ്ദേശിച്ച ആളല്ലെങ്കില്‍ പാസ്സു മടക്കിക്കൊടുത്താല്‍ മതിയല്ലോ.

 

നാനൂറ്റിനാല്‍പ്പത്തിനാലാം നമ്പര്‍ മുറിയുടെ വാതിലില്‍ മുട്ടിയപ്പോള്‍ നേഴ്‌സ് വാതില്‍ തുറന്നു. സദാനന്ദ് മുറിയില്‍ ഇല്ലാത്തപ്പോഴൊക്കെ ഒരു നേഴ്‌സ് വിശാഖത്തോടൊപ്പമുണ്ടാകുകയെന്ന പതിവ് മുടക്കം കൂടാതെ തുടര്‍ന്നുപോന്നിരുന്നു. സദാനന്ദ് പുറത്തേയ്ക്കു പോകുമ്പോള്‍ നേഴ്‌സസ് കൌണ്ടറില്‍ അറിയിയ്ക്കും. ആരെങ്കിലും മുറിയില്‍ വന്ന് വിശാഖത്തോടൊപ്പമിരിയ്ക്കും.

 

സദാനന്ദ് അകത്തേയ്ക്കു കയറി.പിന്നാലെ ബക്കഡേയും.

 

കട്ടിലില്‍ കണ്ണുകളടച്ചു കിടക്കുകയായിരുന്നു, വിശാഖം.വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് കണ്ണു തുറന്നു നോക്കി. ബക്കഡേയുടെ നരച്ച മുടിയും ശാന്തമായ മുഖവും വിശാഖത്തിന് ഒന്നേ നോക്കേണ്ടി വന്നുള്ളു. അവള്‍ കട്ടിലില്‍ നിന്ന് ധൃതിയിലെഴുന്നേറ്റു വന്ന് ബക്കഡേയുടെ പാദങ്ങളില്‍ തൊട്ടു വന്ദിച്ചു. 'ചാച്ചാജീ' എന്നു വിളിച്ചുകൊണ്ട് വിശാഖം ബക്കഡേയുടെ മാറില്‍ തല ചായ്ച്ച് വിങ്ങിക്കരഞ്ഞു. 'മേരി ബച്ചീ' എന്നു പറഞ്ഞുകൊണ്ട്, വാത്സല്യത്തോടെ ബക്കഡേ അവളെ ആശ്ലേഷിച്ചു.ബക്കഡേയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

 

'മേനെ തുമാരി ഭി സിന്ദഗി ബര്‍ബാദ് കിയാ, മേരി ബച്ചീ...' ബക്കഡേ ഗദ്ഗദത്തോടെ പറഞ്ഞു. ഞാന്‍ നിന്റേയും ജീവിതം നശിപ്പിച്ചു, എന്റെ കുട്ടീ.

 

'നഹീ, ചാച്ചാജീ, നഹി… കഭി നഹി സോച്ചീഥി, കി മെ ആപ് സേ ഫിര്‍ കഭി മില്‍ സകൂംഗി...അബ് മുജേ അപ്‌നാ പിതാജി മില്‍ ഗയാ.' വിഷമിയ്ക്കണ്ട,ചാച്ചാജീ. അങ്ങയുമായി വീണ്ടും കണ്ടുമുട്ടാന്‍ കഴിയുമെന്ന് ഒരിയ്ക്കലും വിചാരിച്ചിരുന്നില്ല. എനിയ്ക്കിപ്പോള്‍ എന്റെ അച്ഛനെ വീണ്ടും കിട്ടി.

സദാനന്ദിനെ ബക്കഡേ പരിചയപ്പെട്ടു കഴിഞ്ഞിരുന്നെങ്കിലും വിശാഖം ബക്കഡേയ്ക്ക് സദാനന്ദിനെ പരിചയപ്പെടുത്തി: 'ഇന്‍സേ മിലിയേ, ചാച്ചാജീ. അഗര്‍ യേ നഹി ഹോത്തേ, മെ ആജ് സിന്ദാ ന രഹ്ത്തി.'

 

ബക്കഡേ സദാനന്ദിന്റെ കൈ പിടിച്ചു കുലുക്കി, ഹൃദയപൂര്‍വം നന്ദി പറഞ്ഞു.

 

വിശാഖം വല്ലാതെ മെലിഞ്ഞുപോയി എന്ന് ബക്കഡേ സങ്കടപ്പെട്ടു. അവള്‍ സുരക്ഷിതമായ കൈകളില്‍ എത്തിച്ചേര്‍ന്നിരിയ്ക്കുന്നതുകൊണ്ടു സാരമില്ല, അധികം താമസിയാതെ മുന്‍പത്തേക്കാളും ആരോഗ്യവതിയായിത്തീരും എന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. 'നിനക്ക് ഞാനെന്താണു ചെയ്തു തരേണ്ടത്, ഞാനെന്തുവേണമെങ്കിലും തയാര്‍, പറയുകയേ വേണ്ടൂ.' ബക്കഡേയുടെ ഹൃദയത്തില്‍ നിന്നു വന്ന വാക്കുകളായിരുന്നു, അവയെന്ന് സദാനന്ദിനു വ്യക്തമായിരുന്നു.

 

വിശാഖവും സദാനന്ദും കൂടി അവരുടെ പദ്ധതികള്‍ ബക്കഡേയ്ക്കു വിവരിച്ചുകൊടുത്തു. പദ്ധതിയെപ്പറ്റിയുള്ള ഏകദേശരൂപം കിട്ടിക്കഴിഞ്ഞപ്പോള്‍ത്തന്നെ ബക്കഡേയ്ക്ക് ഉത്സാഹമായി. നല്ലൊരു സംരംഭത്തിനാണല്ലോ,ഇവര്‍ ഇറങ്ങിപ്പുറപ്പെട്ടിരിയ്ക്കുന്നത്. ഈ പദ്ധതികള്‍ നടപ്പിലായാല്‍ നൂറോളം വനിതകള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനാകും. ഉടന്‍ തന്നെ ബക്കഡേ കാമാഠിപുരയിലേയ്ക്കു പോകാന്‍ തയ്യാറായി. സദാനന്ദും ബക്കഡേയും ഒരുമിച്ച് ഇറങ്ങുന്നതിനു മുന്‍പ് വിശാഖം ചില കാര്യങ്ങള്‍ കൂടി അവരെ ധരിപ്പിച്ചു.

 

ഇപ്പോള്‍ ഉദ്ദേശിയ്ക്കുന്ന കെട്ടിടം വാങ്ങാന്‍ പല തടസ്സങ്ങളും ഉണ്ടായെന്നു വരാം. ഫോക്‌ലന്റ് റോഡിലെ ഫിഫ്ത് ലെയിനിന്റെ തുടക്കത്തില്‍ തന്നെയുള്ള കെട്ടിടമായതുകൊണ്ട് പദ്ധതികളുടെ നടത്തിപ്പ് സുഗമമാകും. വെല്‍ഫെയര്‍ സെന്ററില്‍ പതിവായി വരാന്‍ പോകുന്ന സ്ത്രീകള്‍ക്ക് അവരുടെ വരവും പോക്കും എളുപ്പമാകുകയും ചെയ്യും. ഇതിനൊക്കെപ്പുറമേ സദാനന്ദും വിശാഖവുമായി കണ്ടുമുട്ടിയത് ഈ കെട്ടിടത്തില്‍ വച്ചായിരുന്നെന്നത് ആ കെട്ടിടത്തോട് ഒരു പ്രത്യേക മമത ഉളവാക്കുന്നു.ഇതൊക്കെയാണെങ്കിലും, അതേ കെട്ടിടം തന്നെ വാങ്ങാന്‍ പറ്റുന്നില്ലെങ്കില്‍ സാരമില്ല, അനുയോജ്യമായ മറ്റേതെങ്കിലുമൊന്ന് അതേ മേഖലയില്‍ത്തന്നെ കണ്ടെത്തിയാല്‍ മതി.

 

ആ കെട്ടിടത്തില്‍ ഇപ്പോള്‍ ചില വനിതകള്‍ പാര്‍ക്കുന്നുണ്ടാകും. കെട്ടിടം നാം വാങ്ങിക്കഴിയുമ്പോള്‍ ഈ വനിതകള്‍ തെരുവിലേയ്ക്കിറങ്ങേണ്ടി വരരുത്. പദ്ധതിനിര്‍വഹണം തുടങ്ങുമ്പോള്‍ ഈ വനിതകള്‍ക്ക് അതില്‍ പങ്കെടുക്കാന്‍ അവസരം കിട്ടണം. പദ്ധതി പൂര്‍ണ്ണരൂപത്തില്‍ തുടങ്ങിക്കഴിയുമ്പോള്‍ അതിന്റെ ഗുണഭോക്താക്കളാകാന്‍ ഇവര്‍ക്കു മുന്‍ഗണനയുണ്ടാകണം. അവര്‍ക്ക് ദേവദാസിപ്പണി ചെയ്യേണ്ടി വരാന്‍ പാടില്ല. ദേവദാസികളുടെ ക്ഷേമത്തിനു വേണ്ടിയാണ് നമ്മള്‍ ഈ പദ്ധതികള്‍ തുടങ്ങുന്നത്.

 

ബക്കഡേയും സദാനന്ദും ഇറങ്ങുന്നതിനു മുന്‍പ് നിറഞ്ഞ കണ്ണുകളോടെ വിശാഖം മന്ദഹസിച്ചു. 'എല്ലാം സ്വപ്നം പോലെ തോന്നുന്നു.' സദാനന്ദ് അവളുടെ ഇരുകൈകളും പിടിച്ചുകൊണ്ടു പറഞ്ഞു, 'നീ ധൈര്യമായിരിയ്ക്ക്. ചാച്ചാജി കൂടെയുള്ളതുകൊണ്ട് കാര്യങ്ങളൊക്കെ ഭംഗിയായി നടക്കും.' ബക്കഡേ വാത്സല്യപൂര്‍വ്വം അവളുടെ ശിരസ്സില്‍ തഴുകി. 'ഘബരാവോ മത്,മേരി ബേടീ. സബ് ഠീക് ഹോ ജായെഗാ.'

 

പകല്‍ മങ്ങുന്നതിനു മുന്‍പു തന്നെ കാമാഠിപുരയിലെ കെട്ടിടം വാങ്ങാനുള്ള പ്രാഥമികസന്ദര്‍ശനം നടത്തി മടങ്ങിവരാന്‍ വേണ്ടി ബക്കഡേയും സദാനന്ദും പ്രകാശിനോടൊപ്പം ഇറങ്ങിത്തിരിച്ചു.


(തുടരും)

 

(ഈ കഥ സാങ്കല്പികം മാത്രമാണ്.

വൈശാഖപൌര്‍ണമി (കഥ - ഭാഗം 10 )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക