Image

സാക്രമെന്റോ ക്‌നാനായ മിഷന്‌ വര്‍ണ്ണോജ്വലമായ തുടക്കം

ജോയിച്ചന്‍ പുതുക്കുളം Published on 15 November, 2011
സാക്രമെന്റോ ക്‌നാനായ മിഷന്‌ വര്‍ണ്ണോജ്വലമായ തുടക്കം
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ സാക്രമെന്റോ ഭാഗത്ത്‌ താമസിക്കുന്ന ക്‌നാനായക്കാര്‍ക്കായി അഭിവന്ദ്യ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവ്‌ ഈവര്‍ഷം ഒക്‌ടോബര്‍ ഒന്നാംതീയതി അനുവദിച്ചുതന്ന വാഴ്‌ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ നാമത്തിലുള്ള ക്‌നാനായ മിഷന്റെ ഔദ്യോഗികമായ ഉദ്‌ഘാടനകര്‍മ്മം ഈമാസം 12-ന്‌ വര്‍ണ്ണാഭമായ ചടങ്ങുകളോടെ സാക്രമെന്റോയില്‍ നടന്നു.

ഉദ്‌ഘാടന ചടങ്ങുകള്‍ സെന്റ്‌ ജോണ്‍ കാത്തലിക്‌ ചര്‍ച്ചില്‍ രണ്ടുമണിക്ക്‌ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഏബ്രഹാം മുത്തോലത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ ആരംഭിച്ചു. ദിവ്യബലിയില്‍ ഈ മിഷന്റെ ആദ്യത്തെ ഡയറക്‌ടറായി നിയമിതനായ ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിലും, സാക്രമെന്റോയിലെ ഇന്‍ഫന്റ്‌ ജീസസ്‌ സീറോ മലബാര്‍ മിഷന്റെ ഡയറക്‌ടറായ ഫാ. ജോണിക്കുട്ടി പുലിശ്ശേരിയിലും സഹകാര്‍മികത്വം വഹിച്ചു.

വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം തമ്പി ചാമക്കാലായിലിന്റേയും, ജസ്റ്റിന്‍ മറ്റത്തിലിന്റേയും നേതൃത്വത്തില്‍ നടന്ന ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി വിശ്വാസികള്‍ ഉദ്‌ഘാടന ചടങ്ങ്‌ നടക്കുന്ന ഹാളിലേക്ക്‌ പ്രവേശിക്കുകയും, ഉദ്‌ഘാടന ചടങ്ങുകള്‍ ആരംഭിക്കുകയും ചെയ്‌തു. എല്‍സ കുന്നശ്ശേരി എം.സിയായി ആരംഭിച്ച ഉദ്‌ഘാടന ചടങ്ങില്‍ സിറില്‍ തടത്തില്‍ വിശിഷ്‌ടാതിഥികളെ വേദിയിലേക്ക്‌ സ്വാഗതം ചെയ്‌തു. ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍ അധ്യക്ഷപ്രസംഗം നടത്തി. തുടര്‍ന്ന്‌ മോണ്‍സിഞ്ഞോര്‍ ഏബ്രഹാം മുത്തോലത്ത്‌ മിഷന്റെ ഉദ്‌ഘാടനം നിലവിളക്ക്‌ കൊളുത്തി ഔദ്യോഗികമായി നിര്‍വഹിച്ചു.

പുതിയ മിഷന്‌ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട്‌ ഫാ. ജോണിക്കുട്ടി പുലിശ്ശേരി, ബെന്നി ഇല്ലിത്താട്ടില്‍, കെ.സി.സി.എന്‍.സി പ്രസിഡന്റ്‌ ജിപ്‌സണ്‍ പുറയംപള്ളി എന്നിവര്‍ പ്രസംഗിച്ചു. ലീലാമ്മ മറ്റത്തില്‍ നന്ദി പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച്‌ നടന്ന കുട്ടികളുടേയും യുവജനങ്ങളുടേയും വിവിധ കലാപരിപാടികള്‍ ഉദ്‌ഘാടന ചടങ്ങിന്‌ വര്‍ണ്ണാഭ നല്‍കി. ചടങ്ങുകള്‍ക്ക്‌ ഒടുവില്‍ ക്‌നാനായക്കാരുടെ മാത്രം പ്രത്യേകതയായ പുരാതന പാട്ടുകള്‍ പാടുകളും ചെയ്‌തു. ക്‌നാനായക്കാരുടെ മാത്രം പ്രത്യേക ഭക്ഷണമായ പിടിയും കോഴിയും നല്‍കിയ സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിച്ചു. സിറില്‍ തടത്തില്‍ അറിയിച്ചതാണിത്‌.
സാക്രമെന്റോ ക്‌നാനായ മിഷന്‌ വര്‍ണ്ണോജ്വലമായ തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക