Image

റിപ്പബ്ലിക്കന്‍ സ്‌ഥാനാര്‍ഥിത്വം: മിറ്റ്‌ റോമ്‌നി മുന്നില്‍ (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 14 November, 2011
റിപ്പബ്ലിക്കന്‍ സ്‌ഥാനാര്‍ഥിത്വം: മിറ്റ്‌ റോമ്‌നി മുന്നില്‍ (അങ്കിള്‍സാം വിശേഷങ്ങള്‍)
വാഷിംഗ്‌ടണ്‍: അടുത്ത വര്‍ഷം നവംബറില്‍ നടക്കുന്ന യുഎസ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്‌ഥാനാര്‍ഥിത്വത്തിനു ശ്രമിക്കുന്ന പാര്‍ട്ടി അംഗങ്ങളില്‍ മിറ്റ്‌ റോമ്‌നിക്ക്‌ ലീഡ്‌. റോയ്‌ട്ടേഴ്‌സ്‌ വാര്‍ത്താ ഏജന്‍സിയും പ്‌സോസും ചേര്‍ന്നു നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ റോമ്‌നിയെ 28% പേര്‍ പിന്തുണച്ചു.

തൊട്ടടുത്ത എതിരാളി ഹെര്‍മന്‍ കെയ്‌നിനു നവംബര്‍ 10നും 11നും ഇടയില്‍ നടത്തിയ വോട്ടെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ എട്ടു ശതമാനം കൂടുതലാണിത്‌.ന്യൂട്ട്‌ ഗ്രിംഗ്‌്‌റിച്‌ രണ്‌ടാം സ്‌ഥാനത്തെത്തി. കെയ്‌നും റിക്‌ പെറിയുമാണ്‌ തൊട്ടടുത്ത സ്‌ഥാനങ്ങളില്‍. ആദ്യഘട്ട അഭിപ്രായ സര്‍വെകളില്‍ ഒന്നാം സ്ഥാനത്തുണ്‌ടായിരുന്ന റിക്‌ പെറിക്ക്‌ വിവാദ പ്രസ്‌താവനകളാണ്‌ വിനയായത്‌.

യുഎസ്‌ സഹായത്തിന്‌ പാക്കിസ്ഥാന്‍ യോഗ്യരല്ലെന്ന്‌ പെറി

വാഷിംഗ്‌ടണ്‍: പാക്കിസ്ഥാന്‍ അമേരിക്കയോട്‌ സത്യസന്ധത കാണിക്കുന്നില്ലെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കന്‍ കക്ഷിയുടെ സ്ഥാനാര്‍ഥിമോഹികളില്‍ പ്രമുഖനും ടെക്‌സാസ്‌ ഗവര്‍ണറുമായ റിക്‌ പെറി. യുഎസ്‌ സഹായത്തിന്‌ യോഗ്യരല്ലെന്ന വ്യക്തമായ സന്ദേശമാണ്‌ പാക്കിസ്ഥാന്‍ നല്‍കുന്നതെന്നും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ പങ്കെടുത്ത വിദേശ നയത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പെറി പറഞ്ഞു.

പാക്കിസ്ഥാന്‍ കാരണം അമേരിക്കന്‍ സൈനികരുടെ ജീവന്‍ ഭീഷണിയിലാണെന്നും അമേരിക്കയെ പിന്തുണയ്‌ക്കാത്ത ഒരു രാജ്യത്തിന്‌ സഹായം നല്‍കേണെ്‌ടന്ന്‌ പറയാന്‍ സമയമായിരിക്കുന്നുവെന്നുമാണ്‌ പെറി തുറന്നടിച്ചു. പാക്കിസ്ഥാനില്‍ രാഷ്ട്രീയ നേതാക്കളല്ല ഭരണം നടത്തുന്നത്‌. പട്ടാളവും രഹസ്യാന്വേഷണ വിഭാഗവുമൊക്കെയാണ്‌. അവരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും അവര്‍ക്ക്‌ വ്യക്തമായ സന്ദേശം നല്‍കേണ്‌ടതുണെ്‌ടന്നും പെറി പറഞ്ഞു. അഫ്‌ഗാനിസ്ഥാനില്‍ ഇന്ത്യ നടത്തിയ സമാധാന പ്രവര്‍ത്തനങ്ങളെ റിക്‌ പെറി പ്രശംസിച്ചു. യുദ്ധാനന്തര അഫ്‌ഗാനിലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സുഹൃത്തെന്ന നിലയില്‍ ഇന്ത്യയ്‌ക്ക്‌ തുടര്‍ന്നും പിന്തുണ നല്‍കുമെന്നും അദ്ദേഹം പ്രസ്‌താവനയില്‍ വ്യക്തമാക്കി.

പാക്കിസ്ഥാനെതിരെ പെറി നടത്തിയ പരാമര്‍ശങ്ങളെ പൊതുസഭയില്‍ മുന്‍ സ്‌പീക്കറായ ന്യൂട്‌ ഗിംഗ്‌റിചും പിന്തുണച്ചു. എന്നാല്‍, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തുള്ള റിക്‌ സാന്‍ടോറം, മിഷേല്‍ ബക്‌മാന്‍ എന്നിവര്‍ കുറേക്കൂടി മൃദു സമീപനമാണ്‌ സ്വീകരിച്ചത്‌. പാക്കിസ്ഥാനുള്ള എല്ലാ സഹായവും പിന്‍വലിക്കണമെന്ന്‌ അഭിപ്രായമില്ലെന്നും സഹായം വെട്ടിച്ചുരുക്കുമെന്നും ബക്‌മാന്‍ പറഞ്ഞു. പാക്കിസ്ഥാനോട്‌ സൗഹൃദമുണ്‌ടാക്കണമെന്ന അഭിപ്രായമാണ്‌ സാന്‍ടോറം പ്രകടിപ്പിച്ചത്‌.

ബ്രാഡ്‌ പിറ്റ്‌ മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ അഭിനയം നിര്‍ത്തും

ലോസ്‌ഏയ്‌ഞ്ചല്‍സ്‌: പ്രമുഖ ഹോളിവുഡ്‌ താരം ബ്രാഡ്‌ പിറ്റ്‌ മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ അഭിനയം നിര്‍ത്തും. ഒരു ഓസ്‌ട്രേലിയന്‍ ചാനലിന്റെ ടെലിവിഷന്‍ ചാറ്റ്‌ ഷോയില്‍ പങ്കെടുക്കവെ പിറ്റ്‌ തന്നെയാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. ഇപ്പോള്‍ 47 വയസുള്ള പിറ്റ്‌ 50-ാം വയസില്‍ അഭിനയം നിര്‍ത്തി പ്രവര്‍ത്തനമേഖല ക്യാമറയ്‌ക്കു പിന്നിലേക്കു മാറ്റുമെന്ന്‌ വ്യക്തമാക്കി. മികച്ച അഭിനയത്തിന്‌ രണ്‌ടുതവണ അക്കാഡമി അവാര്‍ഡ്‌ നോമിനേഷന്‍ ലഭിച്ചിട്ടുള്ള പിറ്റ്‌ ഒരു തവണ ഗോള്‍ഡന്‍ ഗ്ലോബ്‌ പുരസ്‌കാരം നേടിയിട്ടുണ്‌ട്‌. ലോകത്തിലെ ഏറ്റവും ആകര്‍ഷകത്വമുള്ള പുരുഷനെന്നാണ്‌ സിനിമാലോകം പിറ്റിനെ വിലയിരുത്തുന്നത്‌. പ്രശസ്‌ത്‌ ഹോളിവുഡ്‌ നടി ആഞ്‌ജലീന ജോളിയാണ്‌ പിറ്റിന്റെ പത്‌നി.

ഇറാന്‍ പ്രശ്‌നം: സ്ഥാനാര്‍ഥി മോഹികള്‍ക്ക്‌ മറുപടിയില്ലെന്ന്‌ ഒബാമ

വാഷിംഗ്‌ടണ്‍: ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നതിനെതിരെ കടുത്ത നടപടികളിലേക്ക്‌ നീങ്ങാത്തതിനെതിരെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവാന്‍ മത്സരിക്കുന്നവര്‍ തനിക്കെതിരെ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്ക്‌ മറുപടിയില്ലെന്ന്‌ ഒബാമ. ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നത്‌ തടയാന്‍ തനിക്കു കഴിയുമെന്നും എന്നാല്‍ ഒബാമയക്ക്‌ അതിന്‌ കഴിയില്ലെന്നും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിമോഹികളില്‍ മുമ്പനായ മിറ്റ്‌ റോമ്‌നെ കഴിഞ്ഞ ദിവസം നടന്ന വിദേശ നയത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തരം ആരോപണം ഉന്നയിക്കുന്നവര്‍ പ്രശ്‌നത്തെ നിസാരവല്‍ക്കരിക്കാനും രാഷ്‌ട്രീയവല്‍ക്കരിക്കാനുമാണ്‌ ശ്രമിക്കുന്നതെന്ന്‌ ഒബാമ വ്യക്തമാക്കി. ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നതിനെ ലോകം മുഴുവന്‍ എതിര്‍ക്കുന്നുണ്‌ടെന്നും ചൈനയും റഷ്യയുമായി സഹകരിച്ച്‌ ഇറാന്റെ ആണവമോഹങ്ങള്‍ക്ക്‌ തടയിടാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ഒബാമ വ്യക്തമാക്കി.

ഓഫ്രാ വിന്‍ഫ്രിക്ക്‌ ഓണററി ഓസ്‌കര്‍

ലോസ്‌ഏയ്‌ഞ്ചല്‍സ്‌: കാല്‍നൂറ്റാണ്‌ടായി യുഎസ്‌ ടിവി ടാക്‌്‌ഷോയില്‍ നിറഞ്ഞു നില്‍ക്കുന്ന മെഗാസ്റ്റാര്‍ ാഫ്രാ വിന്‍ഫ്രിക്ക്‌ ഓണററി ഓസ്‌കര്‍ ലഭിച്ചു. വിവിധ മേഖലകളില്‍ പ്രശസ്‌ത സേവനം ചെയ്യുന്നവര്‍ക്കുള്ള ഈ അവാര്‍ഡ്‌ ഗവര്‍ണേഴ്‌സ്‌ അവാര്‍ഡ്‌ എന്നും അറിയപ്പെടുന്നു. ജീവകാരുണ്യ മേഖലയിലെ പ്രവര്‍ത്തനത്തിനാണ്‌ 57കാരിയായ വിന്‍ഫ്രിക്ക്‌ അവാര്‍ഡ്‌ നല്‍കിയത്‌. നടന്‍ ജെയിംസ്‌ ഏള്‍ ജോണ്‍സ്‌, മേക്കപ്പ്‌ ആര്‍ട്ടിസ്റ്റ്‌ ഡിക്ക്‌ സ്‌മിത്ത്‌ എന്നിവരാണ്‌ മറ്റു ജേതാക്കള്‍.

ഇന്ത്യന്‍ വീസാ, പാസ്‌പോര്‍ട്ട്‌ സംബന്ധിച്ച ജോലികള്‍ ഔട്ട്‌സോഴ്‌സ്‌ ചെയ്യരുതെന്ന്‌ ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യന്‍ വീസാ, പാസ്‌പോര്‍ട്ട്‌ സംബന്ധിച്ച ജോലികള്‍ വിദേശ കമ്പനികള്‍ക്ക്‌ ഔട്ട്‌സോഴ്‌സ്‌ ചെയ്യരുതെന്ന്‌ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം യുഎസിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കി. വിദേശ പങ്കാളികളുള്ളതോ ഇല്ലാത്തതോ ആയ ഇന്ത്യന്‍ കമ്പനികള്‍ക്ക്‌ മാത്രമേ വീസാ, പാസ്‌പോര്‍ട്ട്‌ ജോലികള്‍ ഔട്ട്‌സോഴ്‌സ്‌ ചെയ്യാവൂ എന്നും വിദേശകാര്യമന്ത്രാലയം ഇറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്‌ട്‌. ഇതില്‍ വീഴ്‌ചവരുത്തുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്‌.എം.കൃഷ്‌ണ കഴിഞ്ഞമാസം 20ന്‌ അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ വീസ കരസ്ഥമാക്കുന്നതില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്‌ടിക്കാട്ടി വിദേശികളും സംഘടനകളും പരാതി നല്‍കിയ സാഹചര്യത്തിലാണ്‌ വിദേശകാര്യമന്ത്രാലയത്തിന്റെ നടപടി.

വിദേശസ്ഥാപനങ്ങള്‍ക്കെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നതോടെയാണ്‌ വിദേശകാര്യമന്ത്രാലയം സര്‍ക്കുലര്‍ ഇറക്കിയതെന്ന്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തിനുവേണ്‌ടി ഇന്ത്യന്‍ വീസാ, പാസ്‌പോര്‍ട്ട്‌ സംബന്ധിച്ച ജോലികള്‍ ചെയ്‌തിരുന്ന യുഎസ്‌ സ്ഥാപനമായ ട്രാവിസ അടക്കമുള്ള കമ്പനികള്‍ക്കെതിരെയാണ്‌ പരാതി ഉയര്‍ന്നത്‌. ഉദ്യോഗസ്ഥരുടെ കുറവിനെത്തുടര്‍ന്ന്‌ 2007ലാണ്‌ ഇന്ത്യന്‍ വീസാ, പാസ്‌പോര്‍ട്ട്‌ സംബന്ധിച്ച ജോലികള്‍ ഔട്ട്‌ സോഴ്‌സ്‌ ചെയ്യാന്‍ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ക്ക്‌ വിദേശകാര്യമന്ത്രാലയം അനുമതി നല്‍കിയത്‌.

വിനോദ സഞ്ചാരത്തിനും വാണിജ്യ ആവശ്യങ്ങള്‍ക്കുമായി ഇന്ത്യന്‍ വീസ സ്വന്തമാക്കാനെത്തുന്നവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നപ്പോഴായിരുന്നു ഇത്‌. എന്നാല്‍ ഇതിനുശേഷം ഇന്ത്യന്‍ വീസാ പാസ്‌പോര്‍ട്ട്‌ സംബന്ധിച്ച എല്ലാ ജോലികളും ഇന്ത്യന്‍ നയതന്ത്ര കാര്യാലയം ട്രാവിസയെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ തുടര്‍ച്ചായായി പരാതികള്‍ ഉയര്‍ന്നതോടെ അടുത്തിടെ യുഎസ്‌ സന്ദര്‍ശിച്ച സമയത്ത്‌ വിദേശകാര്യമന്ത്രി എസ്‌.എം.കൃഷ്‌ണ ഇന്ത്യന്‍ സ്ഥാനപതി നിരുപാ റാവുവുമായി കൂടിക്കാഴ്‌ച നടത്തി വിഷയം ചര്‍ച്ച ചെയ്‌തിരുന്നു. ഇതിനെത്തുടര്‍ന്നാണ്‌ ഭാവിയില്‍ വീസാ, പാസ്‌പോര്‍ട്ട്‌ സംബന്ധിച്ച ജോലികള്‍ വിദേശ കമ്പനികള്‍ക്ക്‌ ഔട്ട്‌സോഴ്‌സ്‌ ചെയ്യേണ്‌ടെന്ന തീരുമാനം. ട്രാവീസയുമായി നിലവിലുള്ള കരാര്‍ തുടരും. വീസാ നടപടികള്‍ക്കായുള്ള സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്‌ടാവുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്‌ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക