Image

പിണറായിയുടെ പ്രയോഗം ആര്‍ക്കെതിരെ? പി.പി.ചെറിയാന്‍

പി.പി.ചെറിയാന്‍ Published on 09 April, 2014
പിണറായിയുടെ പ്രയോഗം ആര്‍ക്കെതിരെ? പി.പി.ചെറിയാന്‍
കേരളത്തിലെ തിരഞ്ഞടുപ്പ് പ്രചരണത്തിന്റെ കൊട്ടികലാശത്തിനിടയില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി സ്വതസിദ്ധമായ ഭാഷയില്‍ നടത്തിയ പരനാറിപ്രയോഗം കേട്ട് ലോകമെമ്പാടുമുള്ള മലയാളികള്‍ മൂക്കത്ത് വിരല്‍വെച്ചു. പോളിറ്റ് ബ്യൂറോ അംഗവും, മുന്‍ മന്ത്രിയുമായ എം.എ.ബേബിയും, ആര്‍.എസ്.പി. നേതാവും, ഇടതുപക്ഷ സഹയാത്രികനും, മുന്‍മന്ത്രിയുമായ എം.കെ. പ്രേമചന്ദ്രനും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കൊല്ലത്തെ തിരഞ്ഞെടുപ്പു യോഗത്തില്‍ ശ്രീ. പിണറായി നടത്തിയ പ്രസ്താവന അവിടെ കൂടിയിരുന്ന ഇടതുപക്ഷ പ്രവര്‍ത്തകര്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. കേരളത്തിന്റെ ഭാവിമുഖ്യമന്ത്രിപദം സ്വപ്നം കണ്ട് കഴിയുന്ന പിണറായി വിജയനെ പോലെയുള്ളവര്‍ രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ ഇത്തരം ഭാഷാ പ്രയോഗങ്ങള്‍ നടത്തുന്നത് ഭൂഷണമല്ല എന്ന് വാര്‍ത്താമാധ്യമങ്ങളും, സോഷ്യല്‍ മീഡിയായും പ്രതികരിച്ചപ്പോള്‍ പിണറായിക്ക് എവിടെയോ പിഴച്ചതുപോലെ. ഉടനെ ഒരു തിരുത്തല്‍ നല്‍കി. മാധ്യമങ്ങള്‍ പറയുന്നതുപോലെ എം.കെ. പ്രേമചന്ദ്രനെ പേരെടുത്ത് പറഞ്ഞു. പരനാറി എന്ന പ്രയോഗം നടത്തിയിട്ടില്ലെന്ന് ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോള്‍ ജനങ്ങള്‍ക്ക് ഒരു സംശയം പിന്നെ ആരെ കുറിച്ചായിരിക്കും ഈ പരാമര്‍ശം? പാര്‍ട്ടിയിലെ ഒരു ഗ്രൂപ്പിന്റെ ശക്തനായ നേതാവ് എം.എ. ബേബിയെ കുറിച്ചാകുമോ? കാര്യങ്ങള്‍ കൈവിട്ടുപോകുന്നു എന്നറിഞ്ഞതോടെ കണ്ണൂരില്‍ ഒരു പത്രസമ്മേളനം വിളിച്ചു. വിശദീകരണം നല്‍കി. കൊല്ലത്ത് വെച്ചു നടത്തിയ പരനാറി പ്രയോഗം അബോധാവസ്ഥയിലായിരുന്നില്ലായെന്ന്. കൂടെ മറ്റൊന്നു കൂടി കൂട്ടിച്ചേര്‍ത്തു. തന്റെ ഈ പ്രയോഗത്തെ പ്രശംസിച്ചുകൊണ്ടു ധാരാളം ഫോണ്‍ കോളുകള്‍ ലഭിച്ചുവെന്നും, മാധ്യമങ്ങള്‍ 'പരനാറി' എന്ന് പ്രചരിപ്പിച്ച എം.കെ.പ്രേമചന്ദ്രനെ യൂദാസ് എന്നോ, പൊളിറ്റിക്കല്‍ പ്രോസ്റ്റിറ്റിയൂട്ടെന്നോ വിളിക്കണമായിരുന്നുവെന്ന്!!

'പരനാറി' പ്രയോഗം ആര്‍ക്കെതിരെയായിരുന്നു എന്ന് പിണറായിയുടെ മനസ്സിലിരുപ്പ് ഇപ്പോഴും വ്യക്തമല്ല. എം.കെ.പ്രേമചന്ദ്രനെ ഇടതുപാളയത്തില്‍ നിന്നും യു.ഡി.എഫിലേക്ക് സ്വീകരിച്ചു. ലോകസഭാ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചപ്പോള്‍ യൂദാസ് എന്നും, പൊളിറ്റിക്കല്‍ പ്രോസ്റ്റിറ്റിയൂട്ടെന്നും വിശേഷിപ്പിക്കുവാന്‍ ഫോണിലൂടെ ആവശ്യപ്പെട്ട സഖാക്കള്‍ ഇന്ന് കോണ്‍ഗ്രസ് രക്തം സിരകളിലൂടെ പ്രവഹിക്കുന്ന പത്തനംതിട്ട ഡി.സി.സി. പ്രസിഡന്റ്, എ.ഐ.സി.സി. അംഗം എന്ന നിലയില്‍ ഒരാഴ്ച മുമ്പുവരെ സജീവമായിരുന്ന ഫിലിപ്പോസ് തോമസിനെ എല്‍.ഡി.എഫിലേക്ക് സ്വീകരിച്ചു. ഖദര്‍ ഷാളിനു പകരം, ആയിരക്കണക്കിന് നിരപരാധികളുടെ രക്തം കലര്‍ത്തി ചുവപ്പിച്ച പതാകകൊണ്ട് പൊതിഞ്ഞ് ലോകസഭാ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചപ്പോള്‍ മുകളില്‍ പറഞ്ഞ വിശേഷണം അദ്ദേഹത്തിന് നല്‍കണമെന്ന് പിണറായി ആവശ്യപ്പെടുവാനുള്ള ധീരത കാണിക്കാത്തതെന്തുകൊണ്ടാണ്?

പിണറായി വിജയന്റെ പ്രസ്താവനയെക്കുറിച്ച് കേട്ടപ്പോള്‍ ആദ്യം മനസ്സില്‍ വന്നത് “ഹൃദയത്തില്‍ നിറഞ്ഞു തുളുമ്പുന്നതല്ലോ വായ് പ്രസ്താവിക്കുന്നത്” എന്ന ബൈബിള്‍ സൂക്തമാണ്
പശ്ചിമബംഗാളില്‍ നിന്നും പിണ്ഡം വെച്ച് പുറത്താക്കിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അവശേഷിക്കുന്ന കേരളത്തിലെ സംഘടനാ നേതാക്കള്‍ ഇത്തരത്തിലുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഈ തിരഞ്ഞെടുപ്പോടെ കേരളത്തിന്റെ ആറടി മണ്ണില്‍ പാര്‍ട്ടി കുഴിച്ചുമൂടപ്പെടുകതന്നെ ചെയ്യും.
ചുട്ടയിലെ ശീലം ചുടല വരെയെന്നും ശീലിച്ചതേ പാലിക്കൂ എന്നും മാത്രമേ നേതാവിന്റെ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കാനാവൂ.

പിണറായിയുടെ പ്രയോഗം ആര്‍ക്കെതിരെ? പി.പി.ചെറിയാന്‍
Join WhatsApp News
jep 2014-04-09 07:04:17

അല്ലെങ്കിൽ ഇപ്പോൾ  വാക്കുകള്ക്ക്  മലയാളികള് എന്ത് വില കൊടുക്കുന്നു . ഒട്ടു മിക്ക പദങ്ങളുടയും അർത്ഥങ്ങൾ ദൃശ്യാ മാധ്മങ്ങൾ വളച്ചു ഒടിച്ചു വികല മാക്കിയിരുക്കകയാണ് .മനോഹരം അല്ലെങ്കിൽ നല്ലത് എന്നാ പദം ഇപ്പോൾ "അടിപൊളി " എന്നാക്കി മാറ്റി ! (എഴുപതുകളിൽ ,സാധാരണക്കാരനായ   ഒരു പിതാവ് മകൾക്ക് ഒരു  കല്യാണ ആലോചന വന്നാൽ ചെരുക്കന്റെയ് സ്വഭാവം അന്നേഷിക്കാൻ പോകാറുണ്ട് .ബസ്സിൽ വന്നിറങ്ങി അടുത്ത ചായക്കടയിൽ കയറി ചായ കുടിച്ചു ,ചായക്കരനോട് ഇന്നടത്തേ പയ്യന് എങ്ങനുണ്ട് എന്ന് ചോദിക്കും .ഉത്തരം ,അവൻ ഒരു അടിപൊളി  ആണ് എന്ന് പറഞ്ഞാൽ പിതാവ് വന്ന ബസ്കിട്ടിയില്ലെങ്കിൽ അടുത്ത ബസിൽ കയറി സ്ഥലം വിടും !( കാലത്ത് ) വെഭിചാരം, ബലാല്സംഗം  എന്ന വാക്കുകളേ അടിപൊളിയാക്കി പീഠനം ആക്കി.എന്നാലല്ലേ ഇതു ചെയ്യുന്ന  മാന്യമ്മാർക്ക്സമൂഹത്തിൽ സ്റ്റാറ്റസ് നിലനിര്ത്താൻ പറ്റൂ .
രാഷ്ട്രിയത്തിൽ വാക്കിനും പ്രവത്തിക്കും ഉള്ള വില നമ്മൾ കണ്ണ് കൊണ്ടിരിക്കുന്നതല്ലേ.അധികാരം എന്നാൽ -കുടുംബ സ്വത്ത് ,അഴിമതി ,തോന്ന്യവാസം തുടങ്ങിഎന്തുവേണേലുംകൂട്ടിച്ചേർക്കാം.
സാധാരണക്കാര്ക്ക് പഴയ പാഠവും ഭരണ സ്രോതസ്സുകൾ അലങ്കരിക്കുന്നവർക്ക് പുതിയ പാഠവും ആണല്ലോ ഇപ്പോൾ .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക